തൃശൂര്‍: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിനു മുന്നോടിയായുള്ള ട്രോഫി ടൂര്‍ വാഹനപര്യടനത്തിനു ജില്ലയിലെ കേന്ദ്രങ്ങളിൽ ഊഷ്മള വരവേല്പ്.
പാവറട്ടി സിഎംഐ പബ്ലിക് സ്കൂളില്‍നിന്ന് മൂന്നുദിവസംമുന്പ് ആരംഭിച്ച ജില്ലയിലെ പര്യടനത്തിന് ഇന്നു ചാലക്കുടി ഓട്ടോ സ്റ്റാന്‍ഡില്‍ സമാപനമാകും. പൂവത്തൂര്‍, ഐഇഎസ് എൻജിനീയറിംഗ് കോളജ്, കാഞ്ഞാണി, റോയല്‍ കോളജ്, തേജസ് കോളജ്, വിദ്യ കോളജ്, ശോഭ മാള, ശക്തന് ബസ് സ്റ്റാന്‍ഡ്, കേരളവര്‍മ കോളജ്, ബിനി ഹെറിറ്റേജ് ജംഗ്ഷന്, ഹൈലൈറ്റ് മാള്‍ എന്നിവിടങ്ങളിൽ ട്രോഫി ടൂര്‍ പര്യടനം നടത്തി.
ഇന്നു ചേതന കോളജ്, ഗവ. എൻജിനീയറിംഗ് കോളജ്, വിമല കോളജുകൾ സന്ദർശിച്ചശേഷമാണു ചാലക്കുടിയിൽ എത്തുക. കെസിഎയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ മുതല്‍ തിരുവനന്തപുരംവരെയാണു ട്രോഫി ടൂര്‍ വാഹനപര്യടനം നടത്തുന്നത്. തൃശൂരിന്റെ സ്വന്തം ടീമായ ഫിനസ് തൃശൂര്‍ ടൈറ്റന്‍സ് പ്രചാരണപരിപാടികളുടെ ഭാഗമായുണ്ട്.
പര്യടനത്തിന്റെ ഫ്ലാഗ് ഓഫ് പാവറട്ടി സിഎംഐ പബ്ലിക് സ്കൂളില്‍ സ്കൂള്മാനേജര് ഫാ. ജോസഫ് ആലപ്പാട്ട് സിഎംഐ, ഹെഡ് മാസ്റ്റര്‍ പി.എഫ്. ജോസ്, പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് എം.എം. റെജീന, കായികാധ്യാപകരായ ജോബി ജോസ്, സജിത്ത് ജോര്‍ജ്, തൃശൂര്‍ ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന് എക്സിക്യൂട്ടീവ് മെമ്പര്‍ ആനന്ദ്, ഫാ. പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നാണു നിർവഹിച്ചത്.