സ്വന്തം ലേഖകൻ
തൃശൂർ: പീച്ചി ഡാം മാനേജ്മെന്റിലെ വീഴ്ചമൂലമുണ്ടായ പ്രളയത്തിന് ഒരുവർഷം തികയുന്പോഴും മതിയായ നഷ്ടപരിഹാരം അകലെ. ഇറിഗേഷൻ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു വീഴ്ചപറ്റിയെന്നു ജില്ലാ കളക്ടറുടെയും പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസറുടെയും അന്വേഷണത്തിൽ തെളിഞ്ഞെങ്കിലും നടപടിയില്ല. കെപിസിസി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്തിന്റെ പരാതിയിലായിരുന്നു അന്വേഷണം. കേന്ദ്ര സർക്കാരിന്റെ റൂൾ കർവ് മാനദണ്ഡങ്ങൾ പാലിച്ച് ഡാമിലെ വെള്ളത്തിന്റെ അളവു ക്രമീകരിക്കുന്നതിലുണ്ടായ വീഴ്ചയാണു വൻ നാശനഷ്ടത്തിന് ഇടയാക്കിയത്.
സബ് കളക്ടറുടെയും പീച്ചി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെയും റിപ്പോർട്ടിൽ ഇറിഗേഷൻ ഉദ്യോഗസ്ഥർ റൂൾ കർവ് പാലിക്കാത്തതിൽ ഉണ്ടായ വീഴ്ചയാണ് പ്രളയത്തിന് കാരണമായതെന്ന് കണ്ടെത്തി. കളക്ടറുടെ റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചെങ്കിലും ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാനോ മതിയായ നഷ്ടപരിഹാരം നൽകാനോ തയാറായിട്ടില്ല.
തൃശൂർ ജില്ലയിൽ 79 കോടിയുടെ നഷ്ടമുണ്ടായെന്നു കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, വീടൊന്നിന് 5,000 രൂപമാത്രമാണു സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽനിന്ന് അനുവദിച്ചത്. പ്രളയകാല നഷ്ടത്തിന്റെ വകുപ്പിൽ പെടുത്തിയാണ് തുക അനുവദിച്ചത്. അതും പലർക്കും പൂർണമായി ലഭിച്ചില്ലെന്ന പരാതിയുണ്ട്. പാണഞ്ചേരി വില്ലേജിൽ 189 വീടുകൾക്കും പീച്ചിയിൽ 69 വീടുകൾക്കും മാത്രമാണ് ഈ തുക നൽകിയത്.
പ്രളയം മനുഷ്യനിർമിതമാണെന്നും ജനങ്ങൾക്കുണ്ടായ നഷ്ടത്തിനു പരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു ഹൈക്കോടതിയിലും ഓംബുഡ്സ്മാനും നൽകിയ പരാതിയിൽ നടപടികൾ തുടരുകയാണ്.
വിവരാവകാശപ്രകാരം ലഭിച്ച മറുപടിയിൽ തൃശൂർ താലൂക്കിൽ 5,486, കൈനൂർ വില്ലേജിൽ 355, മരത്താക്കര വില്ലേജിൽ 299, കൊഴുക്കുള്ളി വില്ലേജിൽ 297, ആന്പല്ലൂർ വില്ലേജിൽ 228, പീച്ചി വില്ലേജിൽ 103, നടത്തറ വില്ലേജിൽ 170, പുത്തൂർ വില്ലേജിൽ 35, ചെന്പൂക്കാവ് വില്ലേജിൽ 15 എന്നിങ്ങനെ വീടുകൾക്ക് വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായി. അധികൃതരുടെ അനാസ്ഥകൊണ്ടുള്ള നഷ്ടത്തിന് ഉടനടി പരിഹാരം നൽകണമെന്നും ഷാജി കോടങ്കണ്ടത്ത് ആവശ്യപ്പെട്ടു.
മുന്നറിയിപ്പ് കിട്ടിയിട്ടും
നടപടിയെടുത്തില്ല
തൃശൂർ: കനത്ത മഴയുണ്ടാകുമെന്നു മുന്നറിയിപ്പു നൽകിയിട്ടും മഴ കനക്കുന്നതുവരെ കാത്തിരുന്ന് ഒറ്റയടിക്കു ഷട്ടറുകൾ 72 ഇഞ്ചു തുറന്നതാണു പ്രളയത്തിനു സമാനമായ സാഹചര്യമുണ്ടാക്കിയത്.
പാണഞ്ചേരി, പുത്തൂർ, നടത്തറ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. മണലിപ്പുഴയിലെ ജലനിരപ്പ് ഉയർന്ന് കോർപറേഷനിലെ 12 ഡിവിഷനുകളിലും ആറു പഞ്ചായത്തുകളിലും കനത്ത നാശമുണ്ടായി. ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്നും വെള്ളം അശാസ്ത്രീയമായി തുറന്നുവിട്ടതിലൂടെ ജനങ്ങൾക്കുണ്ടായ കെടുതികൾക്കു നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കടക്കം പരാതി നൽകി.
2024 ജൂലൈ 27ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് കേരളത്തിൽ കനത്ത മഴയുണ്ടാകുമെന്നു പ്രവചിച്ചിരുന്നു. പീച്ചി ഡാമിൽ 27ന് 77.78 മീറ്ററും 28ന് 77.89 മീറ്ററും 29ന് 79.04 മീറ്ററും ആയി ജലനിരപ്പ്.
കേന്ദ്ര സർക്കാരിന്റെ റൂൾകർവ് പ്രകാരം 77.10 മീറ്ററാണു നിശ്ചയിച്ചിരുന്നത്. 27നുതന്നെ ഷട്ടറുകൾ തുറന്ന് വെള്ളം ഒഴുക്കാമായിരുന്നു. എന്നാ ൽ 29 നാ ണ് ഷട്ടറുകൾ തുറന്ന ത്. കണ്ണാറ, പീച്ചി, മൂർക്കനിക്കര, പുത്തൂർ, കൈനൂർ, നടത്തറ, മരോട്ടിച്ചാൽ, മാന്ദാമംഗലം, തൃശൂർ കോർപറേഷനിലെ ചെന്പൂക്കാവ്, കുണ്ടുവാറ, ഗാന്ധിനഗർ, മ്യൂസിയം ക്രോസ് ലെയിൻ, അയ്യന്തോൾ എന്നിവിങ്ങളിലും മാടക്കത്തറ പഞ്ചായത്തിലെ വിവിധയിടങ്ങളിലും വെള്ളം കുതിച്ചുയർന്നു. നൂറുകണക്കിനു വീടുകൾ വെള്ളത്തിലായി. നിരവധി കർഷകരുടെ കൃഷി നശിച്ചു.
ശക്തമായ വെള്ളപ്പാച്ചിലിൽ വാട്ടർ അഥോറിറ്റിയുടെ പന്പിംഗ് ലൈൻ അടക്കം തകർന്നു. ഉച്ചകഴിഞ്ഞു മൂന്നോടെ 72 ഇഞ്ചാക്കി ഷട്ടറുകൾ ഉയർത്തിയതോടെ മണലിപ്പുഴയുടെ തീരപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കണ്ണാറ പാലത്തിനു മുകളിലൂടെയും വെള്ളം കുതിച്ചൊഴുകി. രാത്രി കൂടുതൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് പകൽ ഷട്ടറുകൾ കൂടുതൽ ഉയർത്തിയത്.
കെഎൽഡിസി കനാലിന്റെ പുല്ലഴിയിലുള്ള ബണ്ട് പൊട്ടിച്ചാൽ വെള്ളമൊഴിവാക്കാമെന്ന നിർദേശവും ഉദ്യോഗസ്ഥർ ചെവിക്കൊണ്ടില്ല.