കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പശുക്കൾ (ഫയൽ പടം )
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ കടുവ തൊഴുത്തിൽ കയറി നാലു പശുക്കളെ കടിച്ചുകൊന്നതിനെത്തുടർന്ന് ഉപജീവനമാർഗം നഷ്ടപ്പെട്ട് കഴിയുന്ന കുടുംബത്തിന് ബാങ്കിന്റെ ജപ്തി നോട്ടീസ്. പാലത്തുംകടവിൽ പുല്ലാട്ടുകുന്നേൽ സരസുവും മകൻ രൂപേഷുമാണ് കേരള ബാങ്കിന്റെ ജപ്തി നോട്ടീസിനു മുന്നിൽ പകച്ചുനിൽക്കുന്നത്.
ഫാം നിർമിക്കുന്നതിനായി 2024 മേയ് മാസത്തിലാണ് സരസുവും രൂപേഷും കേരള ബാങ്കിന്റെ ഇരിട്ടി ശാഖയിൽനിന്ന് നാലു ലക്ഷം രൂപ വായ്പയെടുത്തത്. ഇതിൽ 65,000 രൂപ തിരിച്ചടച്ചിരുന്നു. പശുക്കളെ കടുവ കൊന്നതോടെ വരുമാനം നിലച്ചതിനെത്തുടർന്ന് തുടർന്ന് തിരിച്ചടവ് മുടങ്ങി. പലിശയടക്കം 4,39,289 രൂപ പത്തു ദിവസത്തിനകം തിരിച്ചടച്ചില്ലെങ്കിൽ ജപ്തി നടപടിയിലേക്ക് നീങ്ങുമെന്നാണ് നോട്ടീസിൽ അറിയിച്ചത്. വൃക്കരോഗി കൂടിയായ രൂപേഷിന്റെയും അമ്മ സരസുവിന്റെയും ഏക ഉപജീവനമാർഗമായിരുന്നു പശുവളർത്തൽ.വന്യജീവി ആക്രമണത്തിൽ പശുക്കളെ നഷ്ടപ്പെട്ട കുടുംബത്തിന് വനംവകുപ്പ് മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയിരുന്നുവെങ്കിലും കുടുംബത്തിന്റെ സാന്പത്തിക പ്രതിസന്ധിക്ക് പരിഹാരമായിരുന്നില്ല.
2026 ജനുവരി ഒന്പതിനാണ് ഇവരുടെ ഫാമിൽ കടുവ കയറി നാലു പശുക്കളെ കടിച്ചുകൊന്നത്. പുലർച്ചെ പശുക്കളെ കറക്കാൻ എത്തിയപ്പോഴായിരുന്നു പശുക്കളെ ചത്ത നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലം സന്ദർശിച്ച അന്നത്തെ എംഎൽഎയും നിലവിലെ മന്ത്രിയുമായ സണ്ണി ജോസഫ് ബാങ്ക് അധികൃതരുമായി ചർച്ച നടത്തുകയും വായ്പാ തിരിച്ചടവിൽ ഇളവ് നൽകാമെന്ന് ബാങ്കുകാർ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ വായ്പാ തിരിച്ചവ് മുടങ്ങിയതോടെ ബാങ്ക് അധികൃതർ ജപ്തി നടപടികളിലേക്ക് നീങ്ങിയെന്നാണ് കുടുംബം പറയുന്നത്.
വായ്പയിൽ ഇളവ് നൽകാമെന്ന് എംഎൽഎക്ക് നൽകിയിരുന്ന ഉറപ്പിനെക്കുറിച്ച് ബാങ്ക് അധികൃതരോട് ചോദിച്ചപ്പോൾ ഇത്തരമൊരു കാര്യത്തെക്കുറിച്ച് തങ്ങൾക്കറയില്ലെന്ന് പറഞ്ഞ് കൈമലർത്തിയെന്നും വീട്ടുകാർ പറഞ്ഞു.വന്യജീവി ആക്രമണത്തിൽ ഉപജീവനമാർഗം നഷ്ടപ്പെട്ട കുടുംബത്തിന് നൽകിയ നഷ്ടപരിഹാരത്തിനപ്പുറം വായ്പാ തിരിച്ചടവിൽ ഇളവോ പുനഃക്രമീകരണമോ ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാണ്. അന്ന് കടുവയെ കൂടുവച്ച് വനം വകുപ്പ് പിടികൂടിയിരുന്നെങ്കിലും മേഖലയിൽ ഇപ്പോഴും വന്യജീവി സാന്നിധ്യമുള്ളത് ജനങ്ങളെ ഭീതിയിലാക്കുന്നുണ്ട്.
Tags :