പ്രതീകാത്മക ചിത്രം
വലിയതുറ: ശബരിമല തീർഥാടകർക്ക് സുഗമവും സുരക്ഷിതവുമായി യാത്ര ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ വിപുലപ്പെടുത്തുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് നേരിട്ട് പമ്പയിലേക്കുള്ള കെഎസ്ആർടിസി എയർ കണ്ടീഷൻ ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
തീർഥാടകർക്ക് കേവലം 340 രൂപ ടിക്കറ്റ് നിരക്കിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പമ്പയിലേക്ക് എ.സി ബസിൽ യാത്ര ചെയ്യാം. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് 380 മാത്രമാണ് ടിക്കറ്റ് നിരക്ക്. മണ്ഡല -മകര വിളക്ക് തീർഥാടന കാലം മുഴുവൻ ഈ സർവീസ് തുടരും.
ഇനി മുതൽ ഇരുമുടിക്കെട്ട് നിറച്ച് തീർഥാടകർ ബസ് സ്റ്റേഷനുകളിലേക്ക് എത്തുന്നതിന് പകരം അവരുടെ വീടിനോ ക്ഷേത്രത്തിനോ സമീപത്ത് നിന്ന് തന്നെ കെഎസ്ആർടിസി ബസിൽ യാത്ര തുടങ്ങാനുള്ള ചാർട്ടേഡ് ട്രിപ്പും ഒരുക്കിയിട്ടുണ്ട്. വ്യക്തികൾക്കും കുടുംബങ്ങൾക്കും ഭക്തസംഘങ്ങൾക്കും വിവിധ സംഘടനകൾക്കും ആവശ്യങ്ങൾക്കനുസരിച്ച് കെഎസ്ആർടിസി ബസുകൾ മുൻകൂട്ടി ബുക്ക് ചെയ്ത് യാത്ര ചെയ്യാൻ ഈ സംവിധാനം വഴി സാധ്യമാകും. രാത്രി ഒൻപതരയ്ക്ക് പമ്പയിലേക്കും വൈകിട്ട് ഏഴ് മണിക്ക് തിരികെ വിമാനത്താവളത്തിലേക്കും എത്തുന്ന രീതിയിലാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. നെടുമ്പാശ്ശേരിയിൽ നിന്ന് രാത്രി എട്ടരയ്ക്ക് പമ്പയിലേക്കും തിരികെ വൈകിട്ട് ഏഴുമണിക്ക് വിമാനത്താവളത്തിലേക്കുമാണ് സർവീസ്.
വിവിധ വിമാനങ്ങളിൽ വന്നിറങ്ങുന്ന ഭക്തർക്ക് വിരിവെയ്ക്കുവാനും വിശ്രമിക്കുവാനും പ്രത്യേക സൗകര്യം ഇരു വിമാനത്താവളങ്ങളിലും ഒരുക്കിയിട്ടുണ്ട്.
കെഎസ്ആർടിസി ബുക്കിംഗ് സൈറ്റ് വഴിയും വിമാന ബുക്കിങ് സൈറ്റുകൾ വഴിയും ബുക്ക് ചെയ്യാനാകും.
Tags : AC bus Nattuvishesham DistrictNews Pamba