ആലപ്പുഴ: നഗരസഭാ ബജറ്റ് അവതരണവേളയിലുണ്ടായ പ്രശ്നത്തിലും പോലീസ് അതിക്രമത്തിലും നഗരസഭാധ്യക്ഷയുടെ വിശദീകരണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ഇടപെടലിനെത്തുടർന്ന് ഇന്നലെ ചേർന്ന നഗരസഭായോഗം വാഗ്വാദവും ബഹളവുമായി പിരിഞ്ഞു. ബഹളത്തിനിടെ അജൻഡകൾ വായിച്ചു പാസാക്കിയതായി പ്രഖ്യാപിച്ച് നഗരസഭാധ്യക്ഷ മോളി ജേക്കബ്.
നഗരസഭയുടെ ബജറ്റിന് പൊതുസമൂഹത്തിൽനിന്നു ലഭിക്കുന്ന പിന്തുണയിൽ സമനില തെറ്റിയ പ്രതിപക്ഷം കൗൺസിൽ നടപടികൾ അകാരണമായി തടസപ്പെടുത്തുന്നത് അവരുടെ രാഷ്ട്രീയ പാപ്പരത്തത്തിനു തെളിവാണെന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. ആർ.ആർ. ജോഷി രാജ്, ഡെപ്യൂട്ടി ലീഡർ എ.എം. നൗഫൽ എന്നിവർ ആരോപിച്ചു.
നഗരത്തിലെ രൂക്ഷമായ കുടിവെള്ളപ്രശ്നം ചർച്ച ചെയ്യാൻപോലും തയാറാകാതെ പ്രതിപക്ഷം കൗൺസിൽ വിട്ടുപോവുകയായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. പുതിയ കൗൺസിലിന്റെ ആദ്യ ബജറ്റ് അവതരണവേളയിലുണ്ടായ സംഘർഷമാണ് വെള്ളിയാഴ്ച ചേർന്ന കൗണ്സിൽ യോഗത്തെയും കലുഷിതമാക്കിയത്. ബിജെപി. അംഗങ്ങൾ തർക്കത്തിൽനിന്നുവിട്ടുനിന്നു.
കൗൺസിൽ നടപടിയുടെ ഭാഗമായി അജൻഡ വായിക്കാൻ തുടങ്ങിയപ്പോൾ എൽ ഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ വി.ജി. വിഷ്ണു സംസാരിക്കാൻ എഴുന്നേറ്റു. അജൻഡകൾക്കു ശേഷം സംസാരിക്കാമെന്നായി നഗരസഭാധ്യക്ഷ. നഗരസഭാംഗങ്ങൾ സംസാരിക്കാൻ എഴുന്നേൽക്കുമ്പോൾ ചെയറിന്റെ ഭാഗത്തുനിന്നു തടസപ്പെടുത്തുന്ന നടപടി ശരിയല്ലെന്ന് വിഷ്ണു പറഞ്ഞു.
ബജറ്റ് ദിവസം ഒരു ജനപ്രതിനിധിക്കും അംഗീകരിക്കാനാകാത്ത സംഭവങ്ങളാണ് കൗൺസിൽ ഹാളിലിൽ സംഭവിച്ചത്. സംസാരിക്കാൻ സമയം ചോദിച്ചതിന് ജനപ്രതിനിധികളെ വലിച്ചിഴച്ചാണ് കൗൺസിൽ ഹാളിൽനിന്നു കൊണ്ടുപോയത്. എൽഡിഎഫിന്റെ 22 കൗൺസിലർമാർക്കെതിരേയാണ് പോലീസ് കേസെടുത്തത്.
പ്രതിപക്ഷത്തുനിന്ന് മായാ രാജേന്ദ്രൻ സംസാരിച്ചതോടെ ഭരണപക്ഷത്തുനിന്നുള്ള കൗൺസിലർമാർ ബഹളുമായി രംഗത്തെത്തി. തുടർന്ന് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചതിനിടെയാണ് അജൻഡ വായിച്ചു പാസാക്കിയതായി നഗരസഭാധ്യക്ഷ പ്രഖ്യാപിച്ചത്.
മാർച്ച് നാലിന് ബജറ്റ് അവതരണത്തിനുശേഷം ബജറ്റ് ചർച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനെത്തുടർന്നുണ്ടായ തർക്കത്തെയും ബഹളത്തെയും തുടർന്ന് നഗരസഭാദ്ധ്യക്ഷ പോലീസിനെ വിളിക്കുകയായിയിരുന്നു. ഈ വിഷയത്തിലാണ് ഇന്നലത്തെ യോഗത്തിൽ പ്രതിപക്ഷം വിശദീകരണംആവശ്യപ്പെട്ടത്. അവകാശങ്ങൾക്കായുള്ള പോരാട്ടം പ്രതിപക്ഷം തുടരുമെന്ന് എൽ ഡി എഫ് പാർലിമെന്ററി പാർട്ടി ലീഡർ വി.ജി. വിഷ്ണു പറഞ്ഞു.