പ്രതിഷേധ കൂട്ടായ്മ സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു.
അടൂർ: ഭരണത്തണലിൽ കേരളത്തിൽ കോൺഗ്രസുകാർക്ക് എന്തും ചെയ്യാമെന്ന അവസ്ഥയാണെന്നും സ്റ്റേഷനിൽപോലും അക്രമം നടത്താൻ അവർക്ക് അവസരമൊരുക്കുന്ന സമീപനമാണ് പൊലിസിന്റേതെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. സിപിഎം അടൂരിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായശേഷം സംസ്ഥാനത്ത് നടക്കുന്ന അതിക്രമങ്ങളോടുള്ള പൊലിസിന്റെ സമീപനത്തിൽ മാറ്റമുണ്ടായെന്നും ജയരാജ് പറഞ്ഞു. അടൂർ പൊലിസ് സ്റ്റേഷനിൽ നടന്നത് ഒറ്റപ്പെട്ട സംഭവമല്ല. കോൺഗ്രസുകാർക്ക് പൊലിസ് സ്റ്റേഷനിൽ അതിക്രമം കാണിക്കാൻ അവകാശം നൽകുകയാണ് ചെന്നിത്തലയുടെ പൊലിസ്. അക്രമം നടത്തിയ കോൺഗ്രസിന്റെ കുറുവാ സംഘത്തെ അടിച്ചോടിക്കുന്നതിനു പകരം വീഡിയോ പകർത്തുകയായിരുന്നു പൊലിസ് ചെയ്തത്. സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുമ്പോൾ യുഡിഎഫ് ഭരണം അവർക്ക് കവചമൊരുക്കുകയാണെന്നും ജയരാജൻ പറഞ്ഞു.
യുഡിഎഫ് ഭരണത്തിൽ മന്ത്രിമാർ അറിയാതെയാണ് വകുപ്പുകളിൽ കാര്യങ്ങൾ നടക്കുന്നത്. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട സ്ഥിതിയാണെന്നും അദ്ദേഹം ആരോപിച്ചു.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.ഡി. ബൈജു അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനു, ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.ബി. ഹർഷകുമാർ, സി. രാധാകൃഷ്ണൻ, അടൂർ ഏരിയാ സെക്രട്ടറി എസ്. മനോജ്, ആർ.ബി. രാജീവ് കുമാർ, എ.എൻ. സലീം, കൃഷ്ണകുമാർ, തുളസീധരൻ പിള്ള, ബി. നിസാം തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Congress members Nattuvishesham Districtnews