ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ പത്തനംതിട്ട പുരുഷ ടീം.
തിരുവല്ല: വാശിയേറിയ ഡബിൾ ഓവർടൈം പോരാട്ടത്തിൽ കണ്ണൂരിനെ 85-76 ന് കീഴടക്കി 70-ാമത് സംസ്ഥാന സീനിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പത്തനംതിട്ട പുരുഷ ടീം കിരീടം ചൂടി.
ബംഗളൂരുവിലെ ഇന്ത്യൻ ക്യാമ്പിൽ നിന്ന് നേരിട്ടെത്തി പത്തനംതിട്ട ടീമിനൊപ്പം ചേർന്ന ദേശീയ ക്യാമ്പ് അംഗങ്ങളായ ജോഷ്വ സുനിൽ ഉമ്മൻ (സെൻട്രൽ ജിഎസ്ടി ആൻഡ് കസ്റ്റംസ്), സെജിൻ മാത്യു (കെഎസ്ഇബി) എന്നിവരുടെ നേതൃത്വത്തിലാണ് തലശേരിയിൽ നടന്ന ചാന്പ്യൻഷിപ്പിൽ ടീം സുവർണ നേട്ടത്തിലേക്ക് കുതിച്ചത്.
തിരുവല്ല സ്വദേശികളായ ഇരുവരും കിരീട വിജയത്തിന് ശേഷം തിരികെ ദേശീയ ക്യാമ്പിലേക്ക് മടങ്ങും. നോയിഡയിലെ എൻബിഎ അക്കാഡമിയിൽ നിന്ന് ബാസ്കറ്റ്ബോൾ കരിയർ ആരംഭിച്ച സെജിൻ മാത്യു, കേരള യൂത്ത് ടീമിന്റെയും സീനിയർ നാഷണൽ ടീമിന്റെയും ക്യാപ്റ്റനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കൂടാതെ ഫിബ ഏഷ്യാ കപ്പ് ക്വാളിഫയേഴ്സിൽ ഇന്ത്യൻ സീനിയർ ടീമിനെ പ്രതിനിധീകരിച്ച അന്താരാഷ്ട്ര താരം കൂടിയാണ് അദ്ദേഹം.
ഫൈനലിൽ പത്തനംതിട്ടയ്ക്കായി എ, അഭിനന്ദു23 പോയിന്റും മുഹമ്മദ് ഷിറാസ് നൗഷാദ് 21 പോയിന്റും ജോഷ്വ സുനിൽ ഉമ്മൻ 17 പോയിന്റും സെജിൻ മാത്യു 11 പോയിന്റും നേടി. ഷാൻസിൽ മുഹമ്മദ് സെനി, പി. സുദർശൻ എന്നിവരും മികച്ച പിന്തുണ നൽകി. ലീഗ് ഘട്ടത്തിൽ വയനാട്, കാസർഗോഡ് ടീമുകളെയും പ്ലേ-ഓഫിൽ കണ്ണൂരിനെയും പത്തനംതിട്ട പരാജയപ്പെടുത്തിയിരുന്നു. തുടർന്ന് ക്വാർട്ടറിൽ തൃശൂരിനെയും സെമിയിൽ തിരുവനന്തപുരത്തെയും തകർത്താണ് ടീം ഫൈനലിലെത്തിയത്.
ചാമ്പ്യൻഷിപ്പിലെ ഏറ്റവും മൂല്യമേറിയ താരത്തിനുള്ള മോസ്റ്റ് വാല്യുബിൾ പ്ലെയർ പുരസ്കാരവും കായികരംഗത്തെ പ്രശസ്തമായ ഫീസ്റ്റോ ക്ലബ് മോഡൽ അവാർഡും പത്തനംതിട്ടയുടെ ജോഷ്വ സുനിൽ ഉമ്മൻ സ്വന്തമാക്കി. കോഴിക്കോട്ടു നടക്കാൻ പോകുന്ന പ്രത്യേക ചടങ്ങിൽ ഈ സുവർണ മെഡൽ പിന്നീട് വിതരണം ചെയ്യും.