നിർമാണം പൂർത്തിയാക്കാതെ അലങ്കോലപ്പെട്ടുകിടക്കുന്ന ആലപ്പുഴ നഗരചത്വരം.
ആലപ്പുഴ: 15 വര്‍ഷമായിട്ടും നിർമാണം പൂര്‍ത്തിയാകാതെ മലിനമായിക്കിടക്കുന്ന ആലപ്പുഴ നഗരചത്വരം എത്രയും വേഗം പൊതുജനങ്ങള്‍ക്ക് വിശ്രമത്തിനും വിനോദത്തിനും വ്യായാമത്തിനും ഉതകുംവിധം വൃത്തിയാക്കി പ്രയോജനപ്രദമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
പട്ടണഹൃദയത്തിലുള്ള നഗരചത്വരമാകെ കാടുപിടിച്ച് ശോചനീയമായിക്കിടക്കുകയായാണ്. തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടെയും വിഹാരകേന്ദ്രവുമാണിന്നിവിടം. ഗാലറിയുടെ വശങ്ങളും ജീർണിച്ചുതുടങ്ങി. നിര്‍മിതികളുടെയും സമീപ കെട്ടിടങ്ങളുടെയും ഭിത്തികള്‍ പൊട്ടിയും പൊളിഞ്ഞും മരങ്ങള്‍ വളര്‍ന്നും നില്ക്കുന്നു. തുടക്കത്തില്‍ വെട്ടിമാറ്റിയ മരങ്ങളുടെയും പൊളിച്ച നിർമിതികളുടെയും കുറ്റികൾ ഇപ്പോഴും ഇവിടെ നിലനില്‍ക്കുന്നുണ്ട്.
കുട്ടികളുടെ കളിസ്ഥലത്തെ കളിയുപകരണങ്ങള്‍ പൊട്ടിയും തകർന്നും കിടക്കുകയാണ്. ലൈറ്റുകള്‍ പ്രകാശിക്കാത്തതിനാല്‍ രാത്രിയായാല്‍ അന്ധകാരം നിറയും. അതുകൊണ്ടുതന്നെ രാത്രിയായാല്‍ ഇവിടം അനാശ്യാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ താവളമായിമാറിയിരിക്കുകയാണ്.
ജില്ലാ കോടതി പാലം നിർമാണത്തെത്തുടർന്ന് താത്കാലിക വഴി ചത്വരത്തിനുള്ളിലൂടെ അനുവദിച്ചിട്ടുണ്ടെങ്കിലും അതിന് ഒരു സൗകര്യവും ഒരുക്കിനൽകിയിട്ടില്ലെന്നു മാത്രമല്ല അപകടകരമായ രീതിയിലാണെന്നും നാട്ടുകാർ പറയുന്നു.
Tags : Alappuzha Town Square remains incomplete Nattuvishesham DistrictNews