എഐടിയുസി ചേർത്തല മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ തൊഴിൽ സംരക്ഷണ മാർച്ച് പി. പ്രസാദ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
ചേർത്തല: ഗ്രാമീണമേഖലയിലെ പാവപ്പെട്ടവരുടെ ജീവനോപാധിയായ തൊഴിലുറപ്പ് പദ്ധതിയെ നരേന്ദ്ര മോദി സർക്കാർ അട്ടിമറിച്ച് ഇല്ലാതാക്കുകയാണെന്ന് പി. പ്രസാദ് എംഎൽഎ. എഐടിയുസി ചേർത്തല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില് സംഘടിപ്പിച്ച തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ തൊഴിൽ സംരക്ഷണ മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒന്നാം യുപിഎ സർക്കാരിന് ഇടതുപക്ഷം പുറത്തുനിന്ന് പിന്തുണ നൽകിയ വേളയിലാണ് തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കാൻ ആവശ്യപ്പെട്ടത്. ഇതേത്തുടർന്നാണ് വർഷത്തിൽ 100 ദിവസത്തെ തൊഴിൽ ഉറപ്പുനൽകുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാർലമെന്റ് പാസാക്കിയത്. നിലവിലെ സാമ്പത്തിക വർഷം ആരംഭിച്ചിട്ട് ഏഴര മാസത്തോളമായി.
എന്നാൽ, ഇതിനകം പലർക്കും 50 ദിവസത്തെ തൊഴിൽപോലും ലഭിച്ചിട്ടില്ല. ഇനി ബാക്കിയുള്ള നാല് മാസത്തിനുള്ളിൽ എത്ര ദിവസത്തെ പണി കിട്ടുമെന്നത് ചോദ്യചിഹ്നമാണ്. ഇതാണ് മോദി സർക്കാർ തൊഴിലുറപ്പ് മേഖലയോട് കാട്ടുന്ന ഏറ്റവും വലിയ ക്രൂരതയെന്ന് പി. പ്രസാദ് കുറ്റപ്പെടുത്തി.
തൊഴിലുറപ്പ് മേഖലയെ സംരക്ഷിക്കുക, തൊഴിൽ ദിനങ്ങളിൽ പ്രഖ്യാപിച്ച വേതനം നൽകുക, ബജറ്റ് വിഹിതം വർധിപ്പിക്കുക, അശാസ്ത്രീയമായ നിബന്ധനകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സി.കെ. കുമാരപ്പണിക്കർ സ്മാരക മന്ദിരത്തിന് സമീപത്തുനിന്ന് ആരംഭിച്ച പ്രകടനം ചേർത്തല ബിഎസ്എൻഎൽ ഓഫിസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണയിൽ എൻആർഇജി ചേർത്തല മണ്ഡലം പ്രസിഡന്റ് സി. രാജപ്പൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ടി.കെ. രാമനാഥൻ, എൻ.എസ്. ശിവപ്രസാദ്, എം.സി. സിദ്ധാർത്ഥൻ, കെ. ഉമയാക്ഷൻ, സന്ധ്യ ബെന്നി, എ.പി. പ്രകാശൻ, എൽ. വത്സലകുമാരി, എസ്. ഷിജി, ടി.എസ്. അജയകുമാർ എന്നിവർ പ്രസംഗിച്ചു.
Tags : Central Government attempting to sabotage the employment guarantee scheme: Nattuvishesham DistrictNews