പ്രതീകാത്മക ചിത്രം
നിലമ്പൂര്‍: വന്യജീവി സംഘര്‍ഷത്തിന് പരിഹാരം കാണാന്‍ കൂട്ടായ ഇടപെടല്‍ അനിവാര്യമെന്ന് പ്രിയങ്ക ഗാന്ധി എംപി. നിലമ്പൂര്‍ മുണ്ടേരിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
വയനാട് മണ്ഡല പരിധിയില്‍ വന്യജീവി ആക്രമണം സങ്കീര്‍ണമായ വിഷയമാണെന്നും ഇതിന് ഉടനടി പരിഹാരം കാണാനാകില്ലെന്നും എംപി വ്യക്തമാക്കി. പ്രശ്നപരിഹാരത്തിനായി ഈ ആഴ്ച തന്നെ വിദഗ്ധര്‍ പങ്കെടുക്കുന്ന യോഗം ചേരും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം നാട്ടുകാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും സാമുദായിക നേതാക്കളുടെയും കൂട്ടായ ഇടപെടലിലൂടെ മാത്രമേ പ്രശ്നത്തിന് ദീര്‍ഘകാല പരിഹാരം കണ്ടെത്താനാകൂവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
അതേസമയം, വിദൂര പ്രദേശങ്ങളിലും ആദിവാസി മേഖലകളിലും മൊബൈല്‍ നെറ്റ്വര്‍ക്ക് ലഭ്യമല്ലാത്തത് എംജിഎന്‍ആര്‍ഇജിഎ തൊഴിലാളികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായും എംപി പറഞ്ഞു. നെറ്റ്വര്‍ക്ക് സൗകര്യമില്ലാത്തത് തൊഴിലുറപ്പ് തൊഴിലാളികളെ ബാധിക്കുന്ന പ്രശ്നം മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ബന്ധപ്പെട്ട മന്ത്രിയുമായി സംസാരിക്കുകയും കുറിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ടെന്നും എംപി വ്യക്തമാക്കി.
പ്രദേശത്ത് പാലം വേണമെന്ന ആവശ്യവും നാട്ടുകാര്‍ ഉന്നയിച്ചിട്ടുണ്ടെന്നും അവരുടെ മറ്റ് അടിസ്ഥാന പ്രശ്നങ്ങളില്‍ ആവശ്യമായ സഹായം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ടി.കെ. നഗര്‍ മലവെള്ളപാച്ചിലില്‍ മരിച്ച സജിതയുടെ മുണ്ടേരി അപ്പന്‍കാപ്പ് നഗറിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷമായിരുന്നു പ്രിയങ്കാ ഗാന്ധി മാധ്യമങ്ങളെ കണ്ടത്. ആര്യാടന് ഷൗക്കത്ത് എംഎല്‍എയും കൂടെയുണ്ടായിരുന്നു.
Tags : Nattuvishesham DistrictNews DeepikaNews wildlife attacks