കോൺഗ്രസ് പ്രവർത്തകർ പന്നിയങ്കര ടോൾ പ്ലാസ ഇന്നലെ രാവിലെ ഉപരോധിച്ചപ്പോൾ.
വടക്കഞ്ചേരി: വടക്കഞ്ചേരി മേൽപാലത്തിൽ ഉൾപ്പെടെ വടക്കഞ്ചേരി- മണ്ണുത്തി ആറുവരി ദേശീയപാതയിൽ മാസങ്ങളേറെയായി വാഹനഗതാഗതം ഭാഗികമായതിനാൽ പന്നിയങ്കരയിലെ ടോൾ പിരിവ് നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ടോൾ ബൂത്തുകളുടെ പ്രവർത്തനം തടഞ്ഞു.
ഇരുദിശകളിലേക്കുമുള്ള മുഴുവൻ പാതകളും പൂർണമായും ഗതാഗത യോഗ്യമാക്കിയതിനുശേഷംമാത്രം ടോൾ പിരിവ് അനുവദിക്കു എന്നമുദ്രാവാക്യവുമായിട്ടായിരുന്നു ഇന്നലെ രാവിലെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ടോൾ ബൂത്തുകൾ ഉപരോധിച്ചത്.
ട്രാക്കുകളിലെ സ്റ്റോപ്പ് ബാറുകൾ ബലമായി നീക്കിയായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. വടക്കഞ്ചേരി സിഐ ടി.എൻ. ഉണ്ണികൃഷ്ണൻ, എസ്ഐ വിവേക് നാരായണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് ഇടപ്പെട്ട് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കി.
തുടർന്ന് കരാർ കമ്പനിയുടെ പ്രോജക്ട് മാനേജർ ജി. സതീഷ്, സൈറ്റ് മാനേജർ മുകുന്ദൻ എന്നിവരുമായി നേതാക്കൾ നടത്തിയ ചർച്ചയിൽ ഒരു മാസത്തിനുള്ളിൽ പാതയിലെ മുഴുവൻ വർക്കുകളും പൂർത്തിയാക്കുമെന്ന് ഉറപ്പു നൽകി.ഇതേ തുടർന്നാണ് സമരക്കാർ പിന്മാറിയത്. സമരത്തെ തുടർന്ന് വടക്കഞ്ചേരി റോയൽ ജംഗ്ഷനിലെ ചെറിയ അണ്ടർപാസ് തുറന്നു കൊടുക്കാനും നടപടിയായി. കെപിസിസി മെംബർ പാളയം പ്രദീപ് സമരപരിപാടികൾ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എം. ദിലീപ് അധ്യക്ഷത വഹിച്ചു.പുതുക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഉദയൻ മറ്റു നേതാക്കളായ കെ.എം. ശശീന്ദ്രൻ, സി. ചന്ദ്രൻ, എൻ. രവി, സുദേവൻ കൊട്ടേക്കാട്, കാരയങ്കാട് ശിവരാമകൃഷ്ണൻ, വിജയമോഹൻ, എം.എൻ. സോമൻ, വി.എ. മൊയ്തു, സാദിക് ജയരാജ്, ഐ. ഷാഹിദ, അജിത, ബിനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags :