ജനകീയ പ്രതിഷേധ സംഗമത്തില്‍ ഫാ. ജോര്‍ജ് കളപ്പുരക്കല്‍ പ്രസംഗിക്കുന്നു.
പരിയാപുരം: ജനസാന്ദ്രതയേറിയ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ ഉള്‍പ്പെട്ട പരിയാപുരം കിഴക്കേമുക്കില്‍ മാലിന്യ സംഭരണ കേന്ദ്രം സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്.
പഞ്ചായത്ത് അംഗത്തെ പോലും അറിയിക്കാതെ, നിക്ഷിപ്ത താത്പര്യത്തോടെയാണ് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഈ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് പരിയാപുരം ഫാത്തിമ മാതാ പാരിഷ് ഹാളില്‍ ചേര്‍ന്ന ജനകീയ പ്രതിഷേധ സംഗമം വിലയിരുത്തി. ഫൊറോന വികാരി ഫാ. ജോര്‍ജ് കളപ്പുരക്കല്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു.
പരിയാപുരത്ത് എംസിഎഫ് സ്ഥാപിക്കാനോ പ്രവര്‍ത്തിപ്പിക്കാനോ അനുവദിക്കില്ലെന്ന് യോഗം ഏകകണ്ഠമായി തീരുമാനിച്ചു. ജനഹിതം തിരിച്ചറിയാതെ പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും മുന്നോട്ടുപോയാല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യോഗം അംഗീകരിച്ച പ്രമേയം മുന്നറിയിപ്പ് നല്കി.
നാനൂറോളം കര്‍ഷക കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്താണ് പഞ്ചായത്ത് ഇതിനായി സ്ഥലം ഏറ്റെടുത്തിരിക്കുന്നത്. പഞ്ചായത്തിന്റെ ബഡ്സ് സ്കൂളില്‍ നിന്ന് 300 മീറ്റര്‍ മാത്രം അകലെയാണ് ഈ പ്രദേശം. കൂടാതെ, അങ്കണവാടി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിവിധ വിദ്യാലയങ്ങളിലായി 3000-ത്തോളം കുട്ടികള്‍ പഠിക്കുന്ന സ്കൂളുകള്‍, ആരാധനാലയങ്ങള്‍, ബാലമന്ദിരം, സന്യസ്ത ഭവനങ്ങള്‍, ഹോമിയോ ആശുപത്രി, ക്ഷീരോത്പാദന കേന്ദ്രം, പോസ്റ്റോഫിസ്, മൃഗാശുപത്രി, നീന്തല്‍കുളം എന്നിവയെല്ലാം ഒരു കിലോമീറ്റര്‍ ചുറ്റളവിലുണ്ട്.
ഈ പ്രദേശത്തുകൂടി ഒഴുകുന്ന നീര്‍ച്ചാലുകളിലൂടെ മാലിന്യം സമീപപ്രദേശങ്ങളിലേക്ക് പടരുമെന്ന് നാട്ടുകാര്‍ ആശങ്കപ്പെടുന്നു. പാരിസ്ഥിതിക-ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഈ കേന്ദ്രം കാര്‍ഷിക വിളകളെയും കുടിവെള്ള സ്രോതസുകളെയും മലിനമാക്കുമെന്നും പ്രദേശവാസികളുടെ സൈ്വര്യജീവിതം തകരുമെന്നും യോഗം ചൂണ്ടിക്കാട്ടി. നാടിന്റെ നിലനില്‍പ്പിന് ഭീഷണിയായ തീരുമാനത്തില്‍ നിന്ന് അധികൃതര്‍ അടിയന്തരമായി പിന്മാറുക, എംസിഎഫ് സ്ഥാപിക്കാനുള്ള തീരുമാനം റദ്ദാക്കിയതായി പഞ്ചായത്ത് അധികൃതര്‍ രേഖാമൂലം അറിയിപ്പ് നല്‍കുക, ഏറ്റെടുത്തിരിക്കുന്ന ഭൂമിയില്‍ ജനവാസത്തിന് യോഗ്യമല്ലാത്ത യാതൊരു പ്രവര്‍ത്തനവും നടത്തില്ലെന്ന് ഉറപ്പുനല്‍കുക എന്നീ ആവശ്യങ്ങളാണ് പ്രദേശവാസികള്‍ ഉന്നയിക്കുന്നത്. ഇക്കാര്യത്തില്‍ ഒരിഞ്ചുപോലും പിന്നോട്ടില്ലെന്നും ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനുമാണ് നാട്ടുകാരുടെ തീരുമാനം.