നിലമ്പൂര്‍: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ നവകിരണം പദ്ധതിയില്‍ ഭൂമി വിട്ടുനല്‍കിയ കുടുംബങ്ങള്‍ പണം ലഭിക്കാതെ പെരുവഴിയില്‍.
പദ്ധതിയെ വിശ്വസിച്ച് വനംവകുപ്പുമായി കരാറിലേര്‍പ്പെടുകയും രേഖകള്‍ കൈമാറുകയും ചെയ്തവരാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്നത്. വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന കുടുംബങ്ങളുടെ ഭൂമിയാണ് വനംവകുപ്പ് ഏറ്റെടുത്തത്. ഭൂമി വിട്ടുനല്‍കിയാല്‍ ഉടന്‍ പണം നല്‍കുമെന്ന വാഗ്ദാനം വിശ്വസിച്ചാണ് അഞ്ച് സെന്റ് മുതല്‍ അഞ്ച് ഏക്കര്‍ വരെ സ്ഥലമുള്ള കുടുംബങ്ങള്‍ ഭൂമി കൈമാറിയത്. നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷന് പരിധിയില്‍ അപേക്ഷ നല്കിയ 370 പേരില്‍ 98 പേര്‍ക്ക് മാത്രമാണ് ഇതുവരെ പണം ലഭിച്ചത്. ഇതില്‍ 24 കുടുംബങ്ങള്‍ക്ക് രണ്ടാം ഗഡു കൂടി ലഭിക്കാനുണ്ട്. ഒരു കുടുംബത്തിന് 15 ലക്ഷം രൂപ നിരക്കിലായിരുന്നു ഭൂമി ഏറ്റെടുക്കല്‍.
പ്രതിസന്ധി രൂക്ഷം: ഫണ്ട് ലഭ്യതയില്‍ അനിശ്ചിതത്വം
നിലമ്പൂര്‍: കിഫ്ബി ഫണ്ട് ഉപയോഗിച്ചായിരുന്നു ഇതിനു മുന്‍പ് ഭൂമിവിട്ടുനല്‍കിയവര്‍ക്ക് പണം നല്‍കിയിരുന്നത്. എന്നാല്‍ കിഫ്ബിയില്‍ നിന്ന് ഇനി ഫണ്ട് ലഭിക്കാന്‍ സാധ്യത കുറഞ്ഞതും പദ്ധതിക്ക് പണം അനുവദിക്കാന്‍ നബാര്‍ഡ് തയ്യാറാകാത്തതും പ്രതിസന്ധി രൂക്ഷമാക്കി.
പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെങ്കിലും ഭൂവുടമകള്‍ക്ക് നല്‍കാനുള്ള തുക ബജറ്റില്‍ വകയിരുത്തിയിട്ടുമില്ല. അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍, അപേക്ഷ നല്‍കിയവര്‍ക്ക് വേണമെങ്കില്‍ പദ്ധതിയില്‍ നിന്ന് പിന്മാറാമെന്ന ന്യായമാണ് വനംവകുപ്പ് ഇപ്പോള്‍ മുന്നോട്ടുവെക്കുന്നത്.
വനംവകുപ്പിന് രേഖകള്‍ കൈമാറിയതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ ഈ കുടുംബങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടു. 2021 മുതല്‍ പണത്തിനായി കാത്തിരിക്കുന്ന കുടുംബങ്ങളുടെ ബാങ്ക് വായ്പകളും പലിശയും പെരുകുകയാണ്. വനംവകുപ്പില്‍ നിന്ന് പണം വൈകിയാല്‍ ജപ്തി ഭീഷണിയിലാകും പല കുടുംബങ്ങളും. വനംവകുപ്പിനെ വിശ്വസിച്ച് വാടക വീടുകളിലേക്ക് മാറിയവരുടെ സ്വന്തം സ്ഥലങ്ങള്‍ കാടുപിടിച്ച് ചെറിയ വനമായി മാറിയിരിക്കുകയാണ്. നിലവില്‍ ഈ ഭൂമികളില്‍ കാട്ടാനകളാണ് വിഹരിക്കുന്നത്. സര്‍ക്കാര്‍ മാറിയതോടെ നീതി ലഭിക്കുമെന്ന യുഡിഎഫ് സര്‍ക്കാരിലെ പ്രതീക്ഷയും മങ്ങുകയാണെന്ന് ഇവര്‍ പറയുന്നു. വനവിസ്തൃതി കൂട്ടാന്‍ ലകഷ്യമിട്ട് തുടങ്ങിയ പദ്ധതി, വിശ്വസിച്ചിറങ്ങിയ പാവപ്പെട്ട കര്‍ഷക കുടുംബങ്ങളെ കടുത്ത ദുരിതത്തിലാക്കിയിരിക്കുകയാണ്