നാറാണംമൂഴിയിൽ നിർമാണത്തിലിരിക്കുന്ന ശബരിമല ഇടത്താവളം.
റാന്നി: ശബരിമല തീർഥാടകരുടെ സൗകര്യങ്ങൾ ലക്ഷ്യമിട്ട് നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന ശബരിമല ഇടത്താവളത്തിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിവിധ നിർമാണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.
ഇടത്താവളത്തിന്റെ ഭാഗമായുള്ള റോഡിന്റെ ഇരുവശങ്ങളും വൃത്തിയാക്കി ലോക്ക്കട്ടകൾ പാകുന്ന ജോലികളാണ് നിലവിൽ പുരോഗമിക്കുന്നത്. തീർഥാടനകാലം ആരംഭിക്കാൻ ഇനി ഏകദേശം 65 ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്.
ഇടത്താവളത്തിൽ നിർമിക്കുന്ന ടോയ്ലറ്റ് കോംപ്ലക്സിന്റെയും വിശ്രമമുറികളുടെയും എസ്റ്റിമേറ്റ് തയാറാക്കി ടെൻഡർ നടപടികൾ നടന്നുവരികയാണ്. ടെൻഡർ നടപടികൾ പൂർത്തിയാക്കി എത്രയും വേഗം നിർമാണം ആരംഭിക്കാനാണ് പഞ്ചായത്തിന്റെ ശ്രമം. എന്നാൽ ശേഷിക്കുന്ന കുറഞ്ഞ സമയത്തിനുള്ളിൽ ഈ രണ്ട് നിർമാണ പ്രവർത്തനങ്ങളും പൂർണമായി പൂർത്തീകരിക്കാൻ കഴിയുമോ എന്ന ആശങ്കയുണ്ടെങ്കിലും പരമാവധി വേഗത്തിൽ നടപടികൾ മുന്നോട്ടു കൊണ്ടുപോകുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ശബരിമല ഹെൽപ് ഡെസ്ക്, ഇടത്താവളത്തിലെ വെളിച്ച സംവിധാനം, കടവ് നിർമാണം തുടങ്ങിയ പ്രവർത്തനങ്ങളും തീർഥാടനത്തിനു മുമ്പായി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
വരുന്ന തീർഥാടനകാലത്ത് നാറാണംമൂഴി ഇടത്താവളത്തിലെത്തുന്ന അയ്യപ്പഭക്തർക്ക് സൗജന്യ ലഘുഭക്ഷണം, 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ സേവനം, ഭക്ഷണശാല എന്നിവ ഉൾപ്പെടെയുള്ള കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനും പഞ്ചായത്ത് ലക്ഷ്യമിടുന്നു.