കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തുന്ന കെ.രാധാകൃഷ്ണൻ എംപി.
കേന്ദ്രമന്ത്രിയുമായി കെ.രാധാകൃഷ്ണൻ എംപി കൂടിക്കാഴ്ച നടത്തി
തിരുവില്വാമല: പാലക്കാട്-വാണിയമ്പാറ ദേശീയപാത 544-ലെ സർവീസ് റോഡുകളുടെയും മേൽപ്പാലങ്ങളുടെയും നിർമാണ പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആവശ്യമുന്നയിച്ച് ആലത്തൂർ എംപി കെ. രാധാകൃഷ്ണൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. മണ്ഡലത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവിധ പ്രശ്നങ്ങളും നിർമാണത്തിലെ പുരോഗതിയും കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ദേശീയപാതയിലെ നിർമാണ പ്രവൃത്തികൾ കൃത്യസമയത്ത് പൂർത്തിയാക്കുന്നത് ഉറപ്പാക്കണമെന്നും ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയുള്ള നടപടികൾ വേഗത്തിലാക്കണമെന്നും എംപി ആവശ്യപ്പെട്ടു.
ആലത്തൂർ സ്വാതി ജംഗ്ഷൻ മേൽപ്പാലം, വാണിയമ്പാറ മേൽപ്പാലം എന്നിവയുടെ നിർമാണം ഈ വർഷം ഡിസംബറിനകം പൂർത്തിയാക്കുക. വടക്കഞ്ചേരി മേൽപ്പാലത്തിന്റെ കേടുപാടുകൾ തീർക്കുന്ന പ്രവർത്തികൾ 15 ദിവസത്തിനകം പൂർത്തിയാക്കുക, മംഗലം പാലം, പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപമുള്ള ഭാഗങ്ങൾ, കുഴൽമന്ദം, തേനിടുക്ക് എന്നിവിടങ്ങളിലെ സർവീസ് റോഡ് നിർമാണം എത്രയും വേഗം പൂർത്തിയാക്കുക, നിരന്തരം അപകടങ്ങൾ സംഭവിക്കുന്ന അഞ്ചുമൂർത്തി മംഗലം ഭാഗത്ത് അടിയന്തരമായി ബസ് ബേയും ബസ് സ്റ്റോപ്പും നിർമിക്കുക,ദേശീയപാതയിൽ വെള്ളക്കെട്ട് രൂപപ്പെടുന്ന സ്ഥലങ്ങളിൽ സംയുക്ത പരിശോധന നടത്തി അടിയന്തര പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ആണ് പ്രധാനമായും ഉന്നയിച്ചത്.
ദേശീയപാത 544-ലെ വികസന പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് ആവശ്യമായ കർശന നിർദേശം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർക്ക് നൽകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി ഉറപ്പുനൽകിയതായി കെ. രാധാകൃഷ്ണൻ എംപി അറിയിച്ചു.
Tags : Nattuvishesham DistrictNews DeepikaNews construction work