ഡിവൈഎസ്പി പി.എം. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
പെരിന്തല്‍മണ്ണ: റോഡപകടങ്ങളിലോ മറ്റ് അടിയന്തര സാഹചര്യങ്ങളിലോ പെടുന്നവര്‍ക്ക് ഉടനടി വിദഗ്ധ പ്രഥമ ശുശ്രൂഷ നല്കി ജീവന് രക്ഷിക്കാന്‍ പൊലിസുകാരെ സജ്ജരാക്കുന്ന ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലന പരിപാടിക്ക് ജില്ലയില്‍ തുടക്കം. ജില്ലാ പൊലിസ് മേധാവി ചൈത്ര തെരേസ ജോണിന്റെ സാന്നിധ്യത്തില്‍ എസ്പി ഓഫിസില്‍ നടന്ന ചടങ്ങിലാണ് പദ്ധതിയുടെ സോഫ്റ്റ്ലോഞ്ച് നിര്‍വഹിച്ചത്. ബിഎല്‍എസ് കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് റോഷനില്‍ നിന്നും ജില്ലാ പൊലിസ് മേധാവി സോഫ്റ്റ്ലോഞ്ച് പോസ്റ്റര്‍ ഏറ്റുവാങ്ങി.
എംഇഎസ് മെഡിക്കല്‍ കോളജിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിശീലന പരമ്പരയിലെ ആദ്യ ക്ലാസ് പെരിന്തല്‍മണ്ണ ഡിവൈഎസ്പി ഓഫിസില്‍ നടത്തി. പെരിന്തല്‍മണ്ണ ഡിവൈഎസ്പി പി.എം. ഗോപകുമാര്‍ ക്ലാസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പെരിന്തല്‍മണ്ണ എസ്എച്ച്ഒ സുമേഷ് സുധാകരന് അധ്യക്ഷത വഹിച്ചു.
എംഇഎസ് മെഡിക്കല്‍ കോളജിലെ എമര്‍ജന്‍സി മെഡിസിന് വിഭാഗം വിദഗ്ധന്‍ ഡോ. അഷ്ഫാഖ് മജീദ് ക്ലാസെടുത്തു. ഇഎംടി അംഗം ഐനുല്‍ ആബിദ്, ഇആര്‍ നഴ്സ് അഖില്‍, ഹബീബ് എന്നിവരും പ്രായോഗിക പരിശീലനങ്ങള്‍ ഏകോപിപ്പിച്ചു. പെരിന്തല്‍മണ്ണ, മലപ്പുറം, തിരൂര്‍, താനൂര്‍, കൊണ്ടോട്ടി, നിലമ്പൂര്‍ എന്നീ പൊലിസ് ഡിവിഷനുകള്‍ക്ക് കീഴിലും ക്ലാസുകള്‍ നല്‍കുമെന്ന് എംഇഎസ് മെഡിക്കല്‍ കോളജ് സീനിയര്‍ എക്സിക്യുട്ടീവ് ശിവദാസ് പറഞ്ഞു. ഡിസംബറോടെ ജില്ലയിലെ എല്ലാ ഡിവിഷനുകളിലെയും പൊലിസുകാര്‍ക്ക് ഘട്ടംഘട്ടമായി പ്രായോഗിക പരിശീലനം നല്കി പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
Tags :