എംസി റോഡിൽ വടക്കടത്തുകാവിൽ നിയന്ത്രണംവിട്ടെത്തിയ വാൻ ബൈക്കിലിടിച്ചുണ്ടായ അപകടം
അടൂർ: എംസി റോഡിൽ അടൂർ വടക്കടത്തുകാവിൽ ദിശതെറ്റിയെത്തിയ വാൻ ഇടിച്ച് ബൈക്ക് യാത്രികനായ പൊലിസ് ഉദ്യോഗസ്ഥന് പരിക്ക്. പത്തനംതിട്ട എ.ആർ. ക്യാമ്പിലെ എഎസ്ഐയും കൊട്ടാരക്കര കരിപ്ര അനിതാഭവനിൽ താമസക്കാരനുമായ ബി. സുരേഷ് കുമാർ (51) നാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച രാവിലെ എട്ടിന് വടക്കടത്തുകാവ് ജംഗ്ഷനു സമീപമായിരുന്നു അപകടം. ശബരിമല നടതുറപ്പുമായി ബന്ധപ്പെട്ട് പന്തളം ഭാഗത്തെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സുരേഷ് കുമാറിന്റെ ബൈക്കിൽ എതിർദിശയിൽ എത്തിയ വാൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സുരേഷ് കുമാർ റോഡരികിലേക്ക് തെറിച്ചുവീണു.
അപകടത്തിനുശേഷം വാനിലുണ്ടായിരുന്നവർ വാഹനത്തിൽനിന്ന് ഇറങ്ങി ഓടി രക്ഷപെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്ന് നാട്ടുകാരാണ് പരിക്കേറ്റ സുരേഷ് കുമാറിനെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Tags : Police officer injured after a van Nattuvishesham DistrictNews