പ്രതീകാത്മക ചിത്രം
കരുവാരകുണ്ട്: രാസവളങ്ങളുടെ വില വർധനവിനെത്തുടർന്ന് വളപ്രയോഗം നടത്താനാകാതെ കർഷകർ പ്രതിസന്ധിയിലാകുന്നു. റബർ, തെങ്ങ്, കമുക്, കൊക്കോ, ജാതി തുടങ്ങിയ നാണ്യവിളകളും വാഴ, കപ്പ, ഇഞ്ചി, മഞ്ഞൾ വിവിധ തരം പച്ചക്കറികൾ എന്നിവയ്ക്കെല്ലാം രാസവള പ്രയോഗം അത്യാവശ്യ ഘടകമാണ്.
പൊട്ടാഷിന്റെയും 20.20.20 ഫാക്ടം ഫോസിന്റെയും 18.9.18 കൂട്ടുവളങ്ങളുടെയും ലഭ്യതക്കുറവും വില വർധനവും കർഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചിരിക്കുകയാണ്.
50 കിലോയോളം പൊട്ടാഷ് ചാക്കിന് നേരത്തേ1,950 രൂപയായിരുന്നു വില. എന്നാൽ ഇന്നത്തെ വില 2,200നും മുകളിലെത്തി. അതേ തൂക്കത്തിന് പൊതുവിപണികളിൽ 20.20.20 ഫാക്ടം ഫോസിന് നേരത്തേ 1,750 രൂപയായിരുന്നു വില.
എന്നാൽ അടിക്കടി വില വർധിച്ച് 2,300നും മുകളിലെത്തി. 18.9.18 കൂട്ടുവളം മാസങ്ങൾക്ക് മുന്പ് 50 കിലോ പാക്കറ്റിന് 1,260 രൂപ വിലയുണ്ടായിരുന്നത് 1,460നും മുകളിലെത്തി. പൊട്ടാഷും നൈട്രജനും ഫോസ്ഫറസും ചേർന്ന കൂട്ടുവളങ്ങൾക്കും വില കൂടി.
രാസവളങ്ങൾക്ക് വില വർധിച്ചെങ്കിലും യൂറിയ ഒഴികെ മറ്റൊന്നും ആവശ്യത്തിന് ലഭ്യവുമല്ല. കാലവർഷം അവസാനിക്കാറായിട്ടും പല കൃഷികൾക്കും സമയബന്ധിതമായി വളപ്രയോഗം നടത്താനായിട്ടില്ല. മഴയുടെ കുറവും കലാവസ്ഥാ വ്യതിയാനവും നേരത്തേ തന്നെ കർഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചിരിക്കുകയാണ്. ജലസേചനത്തിന് മാർഗമില്ലാത്ത തോട്ടങ്ങളിലെ തെങ്ങ്, കമുക്, റബർ തുടങ്ങിയ നാണ്യവിളകൾക്ക് തുലാമാസത്തിനു മുന്പു തന്നെ അവസാന ഘട്ട വളപ്രയോഗം നടത്തേണ്ടിയിരുന്നത് വളത്തിന്റെ ലഭ്യതക്കുറവിനെത്തുടർന്ന് ഈ സീസണിൽ മുടങ്ങുമോയെന്ന ആശങ്കയിലാണ് കർഷകർ.
ഒരു തെങ്ങിന് വർഷം മൂന്നു മുതൽ അഞ്ച് കിലോഗ്രാംവരെ രാസവളം വേണ്ടി വരും. ഒരേക്കറിൽ 75 തെങ്ങിന് വളമിടാൻ 23,000 രൂപയാകും. വർഷം നാലായിരത്തിലധികം രൂപ അധികം കണ്ടെത്തണം പച്ചക്കറികൾക്ക് ഏക്കറിന് 600 ഗ്രാം വളം മൂന്നു നാലു തവണയായി നൽകണം. ഏക്കറിന് 46,000 രൂപയുടെ വളം വേണം. വർഷം അയ്യായിരം രൂപ അധികമാകും.
റബറിന് ഒരേക്കറിൽ 180 മരങ്ങൾക്ക് വർഷം രണ്ടു തവണയായി 650 ഗ്രാം മുതൽ ഒരു കിലോഗ്രാം വരെ വളം നൽകണം. 15,000 രൂപയുടെ വളം വേണം. ഏക്കറിന് മൂവായിരത്തിലധികം രൂപ അധികം ചെലവാകും.
ഒരു ഹെക്ടർ വയലിലെ നെല്ലിന് ഫാക്ടംഫോസ്, പൊട്ടാഷ്, യൂറിയ എന്നിവ മൂന്ന് തവണയായി ഇടുന്നതിനു രണ്ടു വിളയ്ക്കുമായി വർഷം ഏക്കറിന് രണ്ടായിരം രൂപ അധികം ചെലവ് വരും.
കേന്ദ്ര സർക്കാർ രാസവളങ്ങൾക്ക് നൽകുന്ന സബ്സിഡിയിൽ കുറവ് വരുത്തിയതോടെയാണ് വില കുതിച്ചുയരുന്നത്. 2023-24 വർഷത്തിൽ 65,199 കോടി സബ്സിഡി നൽകിയത് 2024-25ൽ 52,310 കോടിയായും 2025-26ൽ 49,000 കോടിയായും വെട്ടിക്കുറച്ചു.
2017 മുതൽ വളം സബ്സിഡി കർഷകർക്ക് നേരിട്ട് നൽകാതെ രാസവളം കന്പനികൾക്കാണ് നൽകുന്നത്. കഴിഞ്ഞ മാർച്ച് മാസം മുതൽ ഭൂവിസ്തൃതിക്കനുസരിച്ച് രജിസ്റ്റർ ചെയ്യുന്ന കർഷകർക്ക് ആധാർ മുഖേന കർഷകന് നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് സബ്സിഡി നൽകുന്ന സംവിധാനം വരുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല.
വളത്തിന്റെ പ്രധാന ഘടകമായ ഫോസ്ഫോറിക് ആസിഡിന് അന്താരാഷ്ട്ര വിപണിയിൽ വിലകൂടിയതാണ് വില വർധിക്കുവാൻ മറ്റൊരു കാരണം പറയുന്നത്.
പൂർണമായി ഇറക്കുമതി ചെയ്യുകയാണിത്. ചൈന, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ് പ്രധാനമായും വളം ഇറക്കുമതി. യുദ്ധ സാഹചര്യങ്ങളും വില വർധനയ്ക്ക് മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നു.
Tags : Nattuvishesham DistrictNews DeepikaNews Rising prices