പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം.
കയ്പമംഗലം: കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡ് പൊളിച്ച് എട്ടുമാസം പിന്നിട്ടിട്ടും ടാറിംഗ് പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും രംഗത്ത്.കയ്പമംഗലം 12ൽനിന്ന് ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡിലേക്ക് പോകുന്ന ഭാഗത്താണ് പൈപ്പിടുന്നതിനായി റോഡ് കുഴിച്ചത്. പൈപ്പിടൽ പ്രവൃത്തി ഏതാണ്ട് പൂർത്തിയായെങ്കിലും റോഡ് പൂർവസ്ഥിതിയിലാക്കാത്തതിനാൽ ഇതുവഴിയുള്ള യാത്ര ദുരിതത്തിലായിരിക്കുകയാണ്. കയ്പമംഗലം 12ൽ നിന്ന് കിഴക്കോട്ട് വാഹനങ്ങളുമായി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
പൈപ്പ് സ്ഥാപിക്കൽ ഏതാണ്ട് പൂർത്തിയായെങ്കിലും പ്രഷർ ടെസ്റ്റിംഗ് ഉൾപ്പെടെയുള്ള പ്രവൃത്തികൾ ഇനിയും ബാക്കിയുണ്ട്. പൈപ്പിടൽ പ്രവൃത്തികൾ പൂർത്തിയാക്കിയശേഷം റോഡ് പൂർണമായും ടാർ ചെയ്ത് നൽകണമെന്നാണ് പഞ്ചായത്തിന്റെ ആവശ്യം.
എന്നാൽ പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിച്ച ഭാഗം മാത്രമേ ടാർ ചെയ്ത് നൽകാൻ കഴിയൂവെന്നാണ് കരാർ കമ്പനി അധികൃതരുടെ നിലപാട്. ഇതോടെയാണ് പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സ്ഥലത്തെത്തി പ്രവൃത്തി തടഞ്ഞത്. റോഡ് മുഴുവനായും ടാർ ചെയ്ത് നൽകാമെന്ന് വാട്ടർ അഥോറിറ്റിയും കരാർ കമ്പനിയും രേഖാമൂലം ഉറപ്പുനൽകിയാൽ മാത്രമേ തുടർപ്രവൃത്തികൾ അനുവദിക്കുകയുള്ളൂവെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രൻ വ്യക്തമാക്കി.
വൈസ് പ്രസിഡന്റ് കെ.കെ. സക്കരിയ, വാർഡ് മെംബർ രശ്മി ശ്രീജിത്ത്, ഡിസിസി സെക്രട്ടറി സി.ജെ. പോൾസൺ, ഉമർ തോട്ടുപറമ്പത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധവും പ്രവൃത്തി തടയലും.
Tags :