ചെരുവിൽ സി.എൻ. ഷിനു കുടുംബത്തോടൊപ്പം.
വടക്കഞ്ചേരി: നടനഭാവങ്ങളും ചുവടുകളുമായി ഒരു കലാകുടുംബം. അച്ഛനും അമ്മയും മൂന്നു മക്കളും നർത്തകിമാരും നർത്തകരും. മംഗലം അഞ്ചുമൂർത്തി ക്ഷേത്രത്തിനടുത്ത് ചെരുവിൽ സി.എൻ. ഷിനുവിന്റെ കുടുംബമാണ് നടനചുവടുകളിലൂടെ വിസ്മയങ്ങൾ തീർക്കുന്നത്. ഷിനുവിന് പാശ്ചാത്യ നൃത്ത കലയിലാണ് കമ്പം. ഭാര്യ സന്ധ്യക്കും മക്കളായ അമേയക്കും ആദിയക്കും ആദിഷിനും ഭരതനാട്യം പോലെയുള്ള ക്ലാസിക്കൽ ഇനങ്ങളിലാണ് താത്പര്യം.
ചിതലി ഭവൻസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ മൂത്തമകൾ അമേയ ഷിനുവും ഇതേ സ്കൂളിലെ എട്ടാം ക്ലാസുകാരിയായ ആദിയ ഷിനുവും നേരത്തെ ക്ലാസിക്കൽ ഡാൻസിൽ അരങ്ങേറ്റം നടത്തിയിരുന്നു.
അമ്മ സന്ധ്യയും ഇളയ മകൻ ചിതലി സ്കൂളിലെ തന്നെ മൂന്നാം ക്ലാസുകാരനായ ആദിഷ് ഷിനുവും കഴിഞ്ഞ ദിവസമാണ് ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ അരങ്ങേറ്റം നടത്തിയത്. അച്ഛൻ ഷിനുവിന്റെ പശ്ചാത്യ നൃത്താവിഷ്കാരത്തിൽ നാലുപേരുടെയും ഒന്നിച്ചുള്ള നൃത്തവിരുന്നും നടത്തിയിരുന്നു.
ഇടുക്കി സ്വദേശിയായ ഷിനുവിനും ആലത്തൂർ സ്വദേശിനിയായ ഭാര്യ സന്ധ്യയ്ക്കും കലയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് മക്കൾക്കും പ്രചോദനമായത്.
ദിവസവുമുള്ള ചേച്ചിമാരുടെ നൃത്തപരിശീലനം കണ്ട് മൂന്നാമത്തെ വയസിൽ തന്നെ നൃത്ത കലയുടെ ബാലപാഠങ്ങളെല്ലാം മനഃപാഠമാക്കിയിരുന്നു ആദിഷ്.
കലയെ സ്വന്തമാക്കുന്നതിനൊപ്പം ഏറ്റവും നല്ല വ്യായാമ മുറയാണ് നൃത്തമെന്ന് വീടിനടുത്ത് തന്നെ പ്രവർത്തിക്കുന്ന കൺസ്ട്രക്ഷൻ കെമിക്കൽ ഡിസ്ട്രിബ്യൂട്ടർ കമ്പനി ഉടമ കൂടിയായ ഷിനു പറയുന്നു.
കൃഷി സ്നേഹി കൂടിയാണ് ലയൺസ് ഭാരവാഹിയായിരുന്ന ഷിനു. വീടിനു മുന്നിലെ പാടത്ത് ഒന്നര ഏക്കർ നെൽകൃഷിയും മറ്റു വിളകളുടെ സംരക്ഷണവുമുണ്ട്. വീട്ടിൽ എല്ലാവരും കലാസ്നേഹികളായതിനാൽ വീട്ടിലെ ക്രമീകരണങ്ങളിലും ഈ കലാസ്പർശം കാണാനാകും. താളവും ചുവടുകളും നടന മുദ്രകളും നിറഞ്ഞതാണ് ഗൃഹാന്തരീക്ഷം. നാട്ടിലും സ്കൂളിലും സുഹൃത്ത് സംഗമങ്ങളിലും ഷിനുവിന്റെ കുടുംബത്തിന് കിട്ടുന്ന അംഗീകാരങ്ങളും പ്രോത്സാഹനങ്ങളും ചെറുതല്ല.
കഴിഞ്ഞ ദിവസം വടക്കഞ്ചേരി ലയൺസ് ക്ലബ് നടന കുടുംബത്തെ അനുമോദിക്കുകയുണ്ടായി. തെന്നിലാപുരത്തുള്ള അലമേലു നാരായണസ്വാമിയാണ് ഇവരുടെ നൃത്ത പരിശീലക.
ഒഴിവുദിവസങ്ങളിലും മറ്റും ഇവർ വീട്ടിലെത്തി പരിശീലനം നൽകും. നിരന്തരമായ പരിശ്രമങ്ങളിലൂടെ കടന്നുപോയാൽ മാത്രമേ നല്ലൊരു നർത്തകിയോ കലാകാരനോ ആകാനാകുവെന്ന് ഇവർ പറയുന്നു. ചുവടുകളും മുദ്രകളും കൈവിടാതെ കാക്കണമെന്നും ഷിനു പറഞ്ഞു.
Tags :