എടനാട് ഈസ്റ്റ് എല്‍പി സ്കൂള്‍ വിദ്യാര്ഥികള്കൃഷിയിറക്കിയപ്പോള്.
പയ്യന്നൂര്‍: ഉച്ചഭക്ഷണത്തിനുള്ള ധാന്യ സമാഹരണത്തിനായി വിദ്യാര്‍ഥികള്‍ കൃഷിയിറക്കി. കാര്‍ഷിക സംസ്കാരവും മണ്ണിനെ അറിയാനുംകൂടി ലക്ഷ്യമിട്ട് എടനാട് ഈസ്റ്റ് എല്‍പി സ്കൂള്‍ വിദ്യാര്‍ഥികളാണ് കുഞ്ഞിമംഗലം കോറവയലില് രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും കര്‍ഷകര്‍ക്കുമൊപ്പം കൃഷിയിറക്കിയത്.
എല്ലാവര്‍ക്കുമൊപ്പം വയലില്‍ ഞാറുനട്ട് കുഞ്ഞിളം കൈകള്‍ മണ്ണിനെ അറിഞ്ഞപ്പോള്‍ അതൊരു നടീല്‍ ഉത്സവമായി മാറുകയായിരുന്നു. രക്തശാലി നെല്ലിനമാണ് എം. രഘൂത്തമന്റെ പാടത്ത് കൃഷിയിറക്കിയത്. ഇതിന്റെ വിളവ് വിദ്യാര്‍ഥികള്‍ക്കുള്ള ഉച്ചഭക്ഷണത്തിന് ഉപയോഗിക്കും. കൃഷി ഓഫീസര്‍ അമിത സിസില്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ. സുജിത്ത്കുമാര്‍ അധ്യക്ഷത വഹിച്ചു. മാതൃകാ കര്‍ഷക പുരസ്കാര ജേതാവ് എം. രഘൂത്തമന് ക്ലാസെടുത്തു.
കോറവയല് പാടശേഖര സമിതി പ്രസിഡന്റ് യു. ഭാസ്കരന്, തെക്കേവയല്‍ പാടശേഖര സമിതി സെക്രട്ടറി പി.വി. ദിനേശന്, എടാട്ട് പാടശേഖര സമിതിയിലെ എം. പദ്മനാഭന്, പറമ്പത്ത് എകെജി വായനശാല സെക്രട്ടറി ജയന് മേലത്ത്, മുഖ്യാധ്യാപിക പി.എസ്. മായ, കൃഷി അസിസ്റ്റന്റ് ടി.വി. ബിന്ദു, എം. ജുമൈല എന്നിവര്‍ പ്രസംഗിച്ചു.
Tags :