തങ്കപ്പൻ കൃഷിയിടത്തിൽ.
കാക്കയങ്ങാട്: നഷ്ടക്കണക്കുകൾ മാത്രമുള്ള കാർഷിക പുസ്തകത്തിൽ കഠിനാധ്വാനം കൊണ്ട് അതിജീവനത്തിന്റെ പുതിയ അധ്യായം കുറിക്കുകയാണ് കാക്കയങ്ങാട് ഉളീപ്പടിയിലെ ഇ.എൻ. തങ്കപ്പൻ. കൈയിൽനിന്ന് പതിനായിരങ്ങൾ മുടക്കി ടാങ്കറുകളിൽ വെള്ളമെത്തിച്ചാണ് തങ്കപ്പന്റെ കൃഷി. ഒരു പൈസ പോലും ലാഭമില്ലെന്ന് അറിഞ്ഞിട്ടും തങ്കപ്പൻ കൃഷിയിറക്കുന്ന വാഴയും കപ്പയും പച്ചക്കറിയുമെല്ലാം തളരാത്ത ആത്മവീര്യത്തിന്റെ അടയാളം കൂടിയാണ്.
പ്രദേശത്തെ അറിയപ്പെടുന്ന മേസ്തിരിപ്പണിക്കാരനായിരുന്നു തങ്കപ്പൻ. വർഷങ്ങൾക്കു മുന്പ് കാലുകളെ ബാധിച്ച വെരിക്കോസ് വെയിൻ ജീവിതത്തിന്റെ താളം തെറ്റിച്ചു. നിൽക്കാൻ പോലും കഴിയാതെ, സിമന്റ് ജോലികൾ ചെയ്യാൻ പറ്റാതായതോടെ ജീവിതമാർഗമായിരുന്ന മേസ്തിരിപ്പണി ഉപേക്ഷിക്കേണ്ടി വന്നു.
സ്വന്തമായി ഒരു സെന്റ് ഭൂമിപോലുമില്ലാത്ത തങ്കപ്പൻ ഒരു സ്വകാര്യവ്യക്തി താത്കാലികമായി താമസിക്കാൻ നൽകിയ വീട്ടിലാണ് കഴിയുന്നത്. പക്ഷേ, കിടപ്പാടമില്ലെന്നോ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നോ പറഞ്ഞ് കണ്ണീർ വാർക്കാൻ തങ്കപ്പൻ തയ്യാറല്ല. താമസിക്കാൻ കിട്ടിയ വീടിനോട് ചേർന്നുള്ള ഒരേക്കറോളം സ്ഥലത്ത് കൃഷിയിറക്കി ജീവിതം തിരിച്ചുപിടിക്കാനുറച്ചു. കർഷക കുടുംബത്തിൽ ജനിച്ചുവളർന്ന പഴയ ഓർമകൾ കൃഷിയിൽ കരുത്തായി.
കൃഷിയിറക്കിയപ്പോൾ ഏറ്റവും വലിയ തടസം ജലലഭ്യതയായിരുന്നു. കിണറോ മറ്റ് ജലസ്രോതസുകളോ ഇല്ല. അതിനും സ്വന്തമായി ഒരു വഴി കണ്ടെത്തി. പറമ്പിൽ വലിയ രണ്ടു കുഴികൾ കുഴിച്ച് അതിൽ പ്ലാസ്റ്റിക് ഷീറ്റുകൾ വിരിച്ച് മഴവെള്ളം ശേഖരിച്ചു. തുടക്കത്തിൽ ഈ വെള്ളം ഉപയോഗിച്ച് നേന്ത്രവാഴയും മറ്റ് വിവിധയിനം വാഴകളും കപ്പയും പച്ചക്കറികളും നനച്ചുവന്നു. എന്നാൽ, വേനൽ കടുക്കുന്നതോടെ കുളങ്ങൾ വറ്റിവരളും.
അവിടെയും തങ്കപ്പൻ തളർന്നില്ല. കൈയിൽനിന്ന് വൻതുക മുടക്കി ടാങ്കറുകളിൽ വെള്ളമെത്തിച്ച് കൃഷിയിടത്തിലേക്ക് ജീവന്റെ തുള്ളികൾ പകർന്നു. 2000 ലിറ്ററിന്റെ ടാങ്കിൽ വൻതുക കൊടുത്ത് വെള്ളമെത്തിച്ച് ഓരോ വാഴച്ചുവട്ടിലും ഒഴിച്ചുകൊടുക്കുന്ന കർഷകന്റെ കാഴ്ച ഏതൊരാളുടെയും കണ്ണുനിറയ്ക്കും.
വന്യജീവികളുടെ ശല്യവും വിളവുകൾക്ക് ന്യായവില ലഭിക്കാത്തപ്പോഴും കർഷകർ നിരാശരായി കൃഷി നിർത്തുന്നത് സാധാരണ കാഴ്ചയാണ്. എന്നാൽ, ഉള്ളിൽത്തട്ടിയ കാർഷിക സംസ്കാരവും സ്വന്തം അധ്വാനത്തിലുള്ള വിശ്വാസവുമായി ഒരേക്കറിൽ ഹരിതവസന്തം തീർക്കുന്ന തങ്കപ്പന്റെ ആത്മവീര്യം കൃഷിയെ നെഞ്ചോടു ചേർക്കുന്ന ഏവർക്കും വലിയൊരു പ്രചോദനമാണ്.
Tags :