പ്രതീകാത്മക ചിത്രം
സുല്‍ത്താന്‍ ബത്തേരി: ബസ് ടെര്‍മിനല്‍ പദ്ധതി യാഥാര്‍ഥ്യമാക്കുന്നതില്‍ മുനിസിപ്പല്‍ അധികൃതര്‍ ശുഷ്കാന്തി കാട്ടണമെന്ന് ബിജെപി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.മുന്‍ എല്‍ഡിഎഫ് ഭരണസമിതിയുടെ കാലത്ത് ബസ് ടെര്‍മിനല്‍ പദ്ധതിക്ക് കരാറുകാരെ നിശ്ചയിച്ചു. അന്നത്തെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ടെര്‍മിനല്‍ പ്രവൃത്തി ഉദ്ഘാടനം നടത്തി.
എന്നാല്‍ പുതിയ യുഡിഎഫ് ഭരണസമിതി പദ്ധതിയുമായി ബന്ധപ്പെട്ട കരാര്‍ റദ്ദാക്കുകയാണ് ചെയ്തത്. ഇതിന്റെ കാരണം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ അധികൃതര്‍ തയാറാകുന്നില്ല. പുതിയ കരാറുകാരെ കണ്ടെത്തിയോ, അതോ പദ്ധതി ഉപേക്ഷിച്ചോ എന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ടൗണില്‍ രണ്ട് ബസ് സ്റ്റാന്‍ഡുകളാണുള്ളത്. ചുള്ളിയോട് റോഡിലെ സ്റ്റാന്‍ഡില്‍ ബസുകള്‍ക്ക് സുഗമമായി കയറിയിറങ്ങാന്പോലും പറ്റാത്ത സാഹചര്യമാണ്.
ടൗണിലെ തിരക്കുമൂലം ചുങ്കം സ്റ്റാന്‍ഡില്‍ ബസുകള്‍ക്ക് സമയം പാലിച്ച് ഓടിയെത്താന്‍ കഴിയുന്നില്ല. എന്നിരിക്കേയാണ് ബസ് ടെര്‍മിനല്‍ പദ്ധതിയിലെ അനിശ്ചിതത്വമെന്ന് യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് എ.എസ്. കവിത അധ്യക്ഷത വഹിച്ചു. ജെ.പി. ജയേഷ്, സനീഷ് റഹ്മാന്, ശ്രീജിത്ത്, ബിജു ചെല്ലപ്പന്, അര്ജുനന്, ഷീല സുബ്രഹ്മണ്യന് എന്നിവര്‍ പ്രസംഗിച്ചു.