സ്വന്തം ലേഖകന്‍
കോഴിക്കോട്: ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ട്. കാട്ടുപന്നികളെ വെടിവച്ച് കൊല്ലുന്ന ഷൂട്ടര്‍മാര്‍ക്കുള്ള ഓണറേറിയം 1,500 രൂപയായും ചത്ത പന്നികളുടെ ജഡം സംസ്കരിക്കുന്നതിനുള്ള തുക 2,000 രൂപയായും സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിക്കുകയും ചെയ്തു. തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയുള്ള ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തെവിടെയും കാട്ടുപന്നികളെ വെടിവയ്ക്കാന്‍ വനംവകുപ്പ് അനുമതിയും നല്കി. എന്നിട്ടും കാട്ടുപന്നി ശല്യം ഒഴിവാക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയുന്നില്ല.
ഉത്തരവുകള്‍ പ്രകാരം കാര്യങ്ങള്‍ എളുപ്പമാണ്. പക്ഷെ പ്രായോഗികമായി ഒട്ടേറെ ബുദ്ധിമുട്ടുകളുണ്ടെന്നാണ് തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നത്. മാവോയിസ്റ്റ് ഭീഷണി ചൂണ്ടിക്കാട്ടി പുതിയ തോക്ക് ലൈസന്‍സുകള്‍ അനുവദിക്കാന്‍ ജില്ലാ ഭരണകൂടം മടിക്കുകയാണ്. ലൈസന്‍സുള്ള ഷൂട്ടര്‍മാരെ സംസ്ഥാനത്തെവിടെയും പോയി കാട്ടുപന്നികളെ വെടിവയ്ക്കാന്‍ പൊലിസും ജില്ലാഭരണകൂടവും അനുവദിക്കുന്നുമില്ല. ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം കാട്ടുപന്നികളെ വെടിവയ്ക്കാന്‍ അനുമതി നല്കിയാല് മാവോയിസ്റ്റുകള്‍ തോക്ക് തട്ടിയെടുക്കാന്‍ സാധ്യതയുണ്ടെന്നതടക്കമുള്ള സുരക്ഷാ പ്രശ്നങ്ങളാണ് പൊലിസ് ഉന്നയിക്കുന്നത്.
പൊലിസിന്റെ ഇത്തരം മുന്നറിയിപ്പുകളെ അവഗണിച്ച് ജില്ലാ മജിസ്ട്രേറ്റു കൂടിയായ ജില്ലാ കളക്ടര്‍ അനുമതി നല്കാന് ധൈര്യപ്പെടുന്നുമില്ല. വനത്തോടു ചേര്‍ന്നു കിടക്കുന്ന മലയോര കര്‍ഷിക മേഖലകളിലാണ് കാട്ടുപന്നിശല്യം കൂടുതല്‍. ഇത്തരം മേഖലകളിലാണ് മുമ്പ് മാവോയിസ്റ്റുകള്‍ തമ്പടിച്ചിരുന്നത്. സുരക്ഷ അടക്കമുള്ള സാങ്കേതികമായ കുരുക്കുകളാല്‍ കാട്ടുപന്നി വേട്ട മന്ദഗതിയിലാവുമ്പോള്‍ പ്രതിസന്ധിയിലാവുന്നത് കര്‍ഷക ജനതയാണ്. സ്വത്തിനു മാത്രമല്ല ജീവനുവരെ ഭീഷണിയുയര്‍ത്തുകയാണ് കാട്ടുപന്നികള്‍. താമരശേരിയില്‍ വീടിന്റെ സിറ്റൗട്ടില്‍ പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്ന ഗൃഹനാഥനെ കാട്ടുപന്നി പാഞ്ഞുവന്ന് ആക്രമിച്ചത് ഏതാനും മാസങ്ങള്‍ക്കു മുമ്പാണ്. കോഴിക്കോട് ടൗണിനടുത്തുള്ള മലാപറമ്പില്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ ലോട്ടറി വില്പനക്കാരനെ കാട്ടുപന്നി കുത്തിവീഴ്ത്തിയത് അടുത്തിടെയാണ്. മലാപറമ്പില്‍ കാട്ടുപന്നികളെ ആകര്‍ഷിക്കുന്ന കിഴങ്ങ് വര്‍ഗങ്ങളുടെ കൃഷിയില്ല. വീടുകള്‍ തിങ്ങിനിറഞ്ഞ ഈ മേഖലയിലും കാട്ടുപന്നികള്‍ എത്തിക്കഴിഞ്ഞു.
ഇങ്ങനെ പോയാല്‍ അധികം വൈകാതെ വാഹനങ്ങള്‍ ചീറിപ്പായുന്ന ആറുവരി ദേശീയപാതയിലേക്കടക്കം കാട്ടുപന്നികള്‍ എടുത്തുചാടിയേക്കാം. മുമ്പ് നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ഉല്പാദിപ്പിച്ചിരുന്ന പഴം-പച്ചക്കറികളാണ് പ്രാദേശിക വിപണികളില്‍ നിറഞ്ഞിരുന്നത്. രാസവള, കീടനാശിനി പ്രയോഗങ്ങളില്ലാത്ത ഇത്തരം ഭക്ഷ്യവസ്തുക്കള്‍ ഭക്ഷ്യസുരക്ഷയ്ക്കും ആരോഗ്യപരിപാലനത്തിലും വലിയ പങ്കാണ് വഹിച്ചിരുന്നത്. കാട്ടുപന്നികള്‍ അടക്കമുള്ള വന്യജീവികളുടെ ശല്യം രൂക്ഷമായതോടെ പ്രത്യേകിച്ച് കിഴങ്ങ്വിള കൃഷികള്‍ ഏറെക്കുറെ നിലച്ചു. അമിതമായ രാസവള, കീടനാശിനി പ്രയോഗത്തിലൂടെ ഇതര സംസ്ഥാനങ്ങളില്‍ ഉല്പാദിപ്പിക്കുന്ന പച്ചക്കറികളും ഭക്ഷ്യവസ്തുക്കളുമാണ് നാട്ടിന്‍പുറങ്ങളിലെ വിപണികളില്‍ വരെ ഇടംപിടിക്കുന്നത്. കപ്പയും ചേമ്പും കാച്ചിലും ചേനയുമെല്ലാം എത്തുന്നത് അയല്‍സംസ്ഥാനങ്ങളില്‍ നിന്നാണ്. എല്ലാവിധത്തിലും ഗുരുതരമായ ഭീഷണിയുയര്‍ത്തുന്ന കാട്ടുപന്നികളെ നിയന്ത്രിക്കാന്‍ കഴിയാതെ കുഴങ്ങുകയാണ് പഞ്ചായത്തുകള്‍.
ഒരു ഷൂട്ടറെക്കൊണ്ട് എന്തു ചെയ്യാനാവും?
കാട്ടുപന്നിശല്യം രൂക്ഷമായ കാവിലുംപാറ പഞ്ചായത്തില്‍ കാട്ടുപന്നി വേട്ടക്ക് ആകെ ഒരു ഷൂട്ടറുടെ സേവനം മാത്രമാണ് ലഭ്യമാകുന്നത്. പഞ്ചായത്തിലെ 17 വാര്‍ഡുകളിലും കാട്ടുപന്നി ശല്യം രൂക്ഷമാണ്.
ഈ പഞ്ചായത്തില്‍ ആകെ മൂന്നുപേര്‍ക്കാണ് തോക്ക് ലൈസന്‍സുള്ളത്. ഇതില്‍ രണ്ടെണ്ണം സ്വയംരക്ഷയ്ക്കാണ്. കാര്‍ഷികവിളകള്‍ സംരക്ഷിക്കാനായി തോക്ക് ലൈസന്‍സ് സമ്പാദിച്ചിട്ടുള്ള രാജന് കണ്ടമ്പത്തിന്റെ സേവനമാണ് കാട്ടുപന്നി വേട്ടക്ക് പഞ്ചായത്തിന് ലഭ്യമാകുന്നത്. നൂറുകണക്കിന് കാട്ടുപന്നികളാണ് രാപകലെന്യേ വിഹരിക്കുന്നത്. ഒറ്റയാളെക്കൊണ്ട് എങ്ങനെ പഞ്ചായത്തിലുടനീളം കാട്ടുപന്നി വേട്ട നടത്താനാവുമെന്ന് രാജന് ചോദിക്കുന്നു. 2021 ല്‍ രാജന് അടക്കം 22 പേര് തോക്ക് ലൈസന്‍സിന് അപേക്ഷ നല്‍കിയിരുന്നു. പൊലിസിന്റെ പ്രതികൂല റിപ്പോര്‍ട്ടിനെ തുടര്‍ന്ന് 21 ആളുകളുടെയും അപേക്ഷ ജില്ലാ ഭരണകൂടം നിരസിച്ചു. മൂന്നു വര്‍ഷത്തിനു ശേഷമാണ് രാജന് ലൈസന്‍സ് ലഭിച്ചത്. മറ്റു പഞ്ചായത്തുകളില്‍ നിന്നെല്ലാം പഞ്ചായത്ത് പ്രസിഡന്റുമാര്‍ കാട്ടുപന്നി വേട്ടക്ക് വിളിക്കുന്നുണ്ടെങ്കിലും നിയമക്കുരുക്ക് ഭയന്ന് പോകുന്നില്ലെന്ന് രാജന് പറഞ്ഞു. വില്ലേജ് പരിധിയിലാണ് ജില്ലാ കളക്ടര്‍ രാജന് തോക്ക് ലൈസന്‍സ് അനുവദിച്ചത്.
വനംവകുപ്പ് എന്ത് ഉത്തരവുകള്‍ ഇറക്കിയാലും വില്ലേജ് പരിധി വിട്ട് തോക്ക് കൊണ്ടുപോകാന്‍ പാടില്ലെന്നാണ് കളക്ടറേറ്റില്‍ നിന്നു രാജന് ലഭിച്ച നിര്‍ദ്ദേശം. സര്‍ക്കാര്‍ നല്കുന്ന ഓണറേറിയം തുച്ഛമാണെന്നും രാജന് ചൂണ്ടിക്കാട്ടുന്നു. ഒരു തിരയ്ക്ക് ശരാശരി 160 രൂപയാണ് വില. ചിലപ്പോള്‍ കാട്ടുപന്നികളെ കൊല്ലാന്‍ നാലും അഞ്ചും തിരകള്‍ ഉപയോഗിക്കേണ്ടിവരും. അതിന്റെ ചെലവ് വേറെ. തിരകള്‍ കിട്ടാനുള്ള ബുദ്ധിമുട്ട് വേറെ. കാടും മേടും തിരഞ്ഞുള്ള കാട്ടുപന്നി വേട്ട ദുഷ്കരവുമാണ്. ഒറ്റ വെടിക്ക് പന്നി ചത്തില്ലെങ്കില്‍ അവ ഷൂട്ടറുടെ നേരെ പാഞ്ഞുവരും. ജീവന് പണയം വച്ചുകൊണ്ടാണ് കാട്ടുപന്നി വേട്ട നടത്തേണ്ടി വരുന്നത്. നിലവില്‍ 15ലധികം കാട്ടുപന്നികളെ നിയമപ്രകാരം വെടിവച്ചുകൊന്നിട്ടുണ്ടെങ്കിലും അതിന്റെ ഓണറേറിയം ഇതുവരെ ലഭിച്ചിട്ടില്ലെന്നും രാജന് വെളിപ്പെടുത്തി. സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയാണ് ഓണറേറിയം പഞ്ചായത്തുകള്‍ക്ക് കൈമാറേണ്ടത്. എല്ലാ വിധത്തിലും കര്‍ഷകരുടെ ജീവിതം ദുസ്സഹമാക്കുന്ന കുരുക്കുകളാണുള്ളതെന്നും രാജന് അഭിപ്രായപ്പെട്ടു.
ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തെവിടെയും കാട്ടുപന്നികളെ വെടിവച്ചുകൊല്ലാനുള്ള ഉത്തരവ് സാങ്കേതിക തടസങ്ങള്‍ നീക്കി നടപ്പാക്കിയാലേ കാട്ടുപന്നി ശല്യം പരിഹരിക്കാന്‍ പഞ്ചായത്തുകള്‍ക്ക് കഴിയുകയുള്ളുവെന്ന് കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് മേഘ പൊയിലുംപറമ്പത്ത് അഭിപ്രായപ്പെട്ടു. കാട്ടുപന്നികളുടെ എണ്ണം കണക്കാക്കുമ്പോള്‍ ഒരു ഷൂട്ടറെ മാത്രം ഉപയോഗിച്ച് കാട്ടുപന്നി വേട്ട നടത്താന്‍ കഴിയില്ല. കൂടുതല്‍ ഷൂട്ടര്‍മാരെ കിട്ടാനില്ല. സംഘമായി കാട്ടുപന്നി വേട്ട നടത്താന്‍ നല്ല തുക ചെലവുവരും. ഇത് പഞ്ചായത്തിന് താങ്ങാന്‍ കഴിയില്ലെന്നും മേഘ ചൂണ്ടിക്കാട്ടി.
കാട്ടുപന്നികളെ കൊല്ലാന്‍ കര്‍ഷകരെ അനുവദിക്കണം: ജിതേഷ് മുതുകാട്
കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുകയും അവയെ കൊന്നൊടുക്കാനുള്ള അധികാരം കര്‍ഷകര്‍ക്ക് നല്‍കുകയും വേണമെന്ന് ചക്കിട്ടപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട് പറഞ്ഞു. അനുമതി ദുരുപയോഗം ചെയ്യാതിരിക്കാന്‍ ഓരോ വര്‍ഷവും നിശ്ചിത കാലയളവിലേക്ക് മാത്രം സ്ഥലമുടമകള്‍ക്ക് അനുവാദം നല്‍കുകയാണ് വേണ്ടത്. ഷൂട്ടര്‍മാരെ ഉപയോഗിച്ചു മാത്രം വെടിവച്ചുകൊന്ന് പൂര്‍ണമായ പ്രശ്നപരിഹാരം സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ചക്കിട്ടപാറ പഞ്ചായത്തില്‍ എംപാനല്‍ ലിസ്റ്റിലുള്ളത് അഞ്ച് ഷൂട്ടര്‍മാരാണ്. അതില്‍ ഒരു ലൈസന്‍സി മരണമടഞ്ഞു. ബാക്കിയുള്ളത് നാലുപേര്‍. വനംവകുപ്പിന്റെ ഉത്തരവുണ്ടെങ്കിലും ലൈസന്‍സ് അധികാര പരിധിക്ക് പുറത്ത് കാട്ടുപന്നിവേട്ടക്ക് തോക്ക് കൊണ്ടു പോകാന്‍ കഴിയുന്നില്ല.
ഒരു വാര്‍ഡില്‍ മാത്രം കാട്ടുപന്നി വേട്ട നടത്തുന്നത് കാര്യമായ ഗുണം ചെയ്യില്ല. കൂടുതല്‍ വാര്‍ഡുകളില്‍ ഒരേസമയം വേട്ട നടത്തണം.ഇതിന് 25,000 രൂപയോളം ചെലവാകും. ഇത് പഞ്ചായത്തിന്റെ ഫണ്ടില്‍ നിന്ന് കൊടുക്കാന്‍ നിയമപരമായി കഴിയില്ല.
നിവേദനം നല്‍കിയിട്ടും നടപടിയില്ല:
സിനി ജിനോ
ജില്ലാ ഭരണകൂടം അനുവദിക്കുന്ന പരിധിക്ക് പുറത്ത് കാട്ടുപന്നികളെ വെടിവച്ചുകൊല്ലുന്നതിനു തടസമായുള്ള നിലപാട് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്കി രണ്ടുമാസമായിട്ടും അനുകൂല നടപടിയുണ്ടായിട്ടില്ലെന്ന് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ പറഞ്ഞു. വനംവകുപ്പ് ഉത്തരവ് പ്രകാരം എംപാനല്‍ ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തെവിടെയും കാട്ടുപന്നികളെ വെടിവച്ച് കൊല്ലാന്‍ അനുമതിയുണ്ട്. എന്നാല്‍ പൊലിസും ജില്ലാ ഭരണകുടവും അതിനു വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നതിനാല്‍ മറ്റു പഞ്ചായത്തുകളില്‍ നിന്നുള്ള ഷൂട്ടര്‍മാര്‍ കൂരാച്ചുണ്ട് പഞ്ചായത്തില്‍ വേട്ടക്ക് തയാറാവുന്നില്ല. കൂരാച്ചുണ്ട് പഞ്ചായത്തില്‍ നാല് തോക്ക് ലൈസന്‍സികളാണുള്ളത്. ഇവരെക്കൊണ്ടുമാത്രം ഫലപ്രദമായി കാട്ടുപന്നി വേട്ട നടത്താനാവുന്നില്ല.
ഇടയ്ക്കിടക്ക് പഞ്ചായത്ത് കാട്ടുപന്നി വേട്ട നടത്താറുണ്ട്. എന്നാല്‍ നൂലമാലകള്‍ കാരണം കൃത്യമായ ഇടവേളകളില്‍ വേട്ട നടത്താനാവുന്നില്ലെന്നും കാട്ടുപന്നി വേട്ടക്ക് ഭാരിച്ച ചെലവുവരുന്നുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
കാട്ടുപന്നി വേട്ടയ്ക്ക് ജില്ലാതലത്തില്‍ തോക്ക് ലൈസന്‍സ്
അനുവദിക്കണം: കിഫ
കാട്ടുപന്നി വേട്ട ഫലപ്രദമായി നടത്തണമെങ്കില്‍ ജില്ലാ ഭരണകൂടം കൂടുതല്‍ ആളുകള്‍ക്ക് തോക്ക് ലൈസന്‍സ് അനുവദിക്കുകയാണ് വേണ്ടതെന്ന് കിഫ സംസ്ഥാന ചെയര്മാന് അലക്സ് ഒഴുകയില്‍ അഭിപ്രായപ്പെട്ടു.
പല ലൈസന്‍സുകളും വില്ലേജ് തലത്തിലാണ് കളക്ടര്‍ അനുവദിക്കുന്നത്. വനംവകുപ്പിന്റെ ഉത്തരവ് ണ്ടെങ്കിലും അതാത് വില്ലേജിനു പുറത്ത് തോക്ക് കൊണ്ടുപോകാന്‍ അധികൃതര്‍ അനുവദിക്കുന്നില്ല.
ഈ പ്രശ്നം പരിഹരിക്കാന്‍ ലൈസന്‍സ് ജില്ലാതലത്തിലാക്കണം. അങ്ങനെയെങ്കില്‍ ഒരു ജില്ലയിലെ ഷൂട്ടര്‍ക്ക് ആ ജില്ലയിലെവിടെയും കാട്ടുപന്നിയെ വെടിവയ്ക്കാന്‍ കഴിയും.
200 തിരയെങ്കിലും ഓരോ ലൈസന്‍സികള്‍ക്കും അനുവദിക്കണം.
നിലവില്‍ ഏകീകൃത രീതിയിലല്ല തിര അനുവദിക്കുന്നതെന്നും അലക്സ് ഒഴുകയില്‍ ചൂണ്ടിക്കാട്ടി.
Tags : f having an order Nattuvishesham Districtnews