നിലമ്പൂര്‍: വനം വകുപ്പും കര്‍ഷകരും ഗോത്രവിഭാഗവും തമ്മിലുള്ള ബന്ധം കൂടുതല്‍ സുതാര്യവും സഹകരണാത്മകവുമാക്കാന് ഊരുണര്‍വ് പദ്ധതിക്ക് തുടക്കമിട്ടതായി മന്ത്രി ഷിബുബേബി ജോണ്‍.
സംസ്ഥാനത്തെ 36 ആദിവാസി വിഭാഗങ്ങളെയും നേരിട്ട് കാണും. നിലമ്പൂര്‍ മണ്ഡലത്തിലെ വിവിധ ഊരുകളില്‍ പദ്ധതി തുടങ്ങിയിട്ടുണ്ട്. വനത്തിനുള്ളില്‍ താമസിക്കുന്ന ഗോത്രവിഭാഗങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുകയും കാടിനെക്കുറിച്ചുള്ള അവരുടെ പരമ്പരാഗത അറിവുകള്‍ വനസംരക്ഷണത്തിനും വന്യജീവി ആക്രമണങ്ങള്‍ ലഘൂകരിക്കുന്നതിനും പ്രയോജനപ്പെടുത്തുകയുമാണ് ഊരുണര്‍വ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
വന്യജീവി ആക്രമണം ലഘൂകരിക്കാന്‍ വനം ഉദ്യോഗസ്ഥരെയും പൊതു ജനങ്ങളെയും പങ്കാളികളാക്കി പദ്ധതി നടപ്പാക്കും. പ്രളയത്തെ തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നവര്‍ക്ക് ഭൂമി നല്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും വാണിയമ്പുഴയിലെ അര്‍ഹരായവര്‍ക്ക് ഉടന്‍ ഭൂമി അനുവദിക്കുമെന്നും രണ്ട് കുടുംബങ്ങള്‍ക്ക് ഒരു മാസത്തിനകം പുനരധിവാസം സാധ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
വനത്തിനുള്ളില്‍ താമസ സൗകര്യം ഒരുക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തി സുരക്ഷിതമായ മേഖലകളില്‍ ഭൂമി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്പെഷല്‍ റിസര്‍വ് ഫോഴ്സില്‍ ആദിവാസി യുവാക്കള്‍ക്ക് മുന്‍ഗണന
നിലമ്പൂര്‍: വനം വകുപ്പിലേക്ക് പുതുതായി നിയമിക്കുന്ന 500 അംഗ സ്പെഷല്‍ റിസര്‍വ് ഫോഴ്സില്‍ കായികക്ഷമതയുള്ള ആദിവാസി യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് മന്ത്രി ഷിബുബേബി ജോണ്‍. വനമേഖലകളില്‍ ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രാദേശിക ആദിവാസി യുവാക്കളെ ഗൈഡുമാരായും ഗാര്‍ഡുമാരായും നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.
വനംവകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ വേഗത്തില്‍ തീര്‍പ്പുണ്ടാക്കുന്നതിനായി ഓഗസ്റ്റില്‍ മൂന്ന് ഘട്ടങ്ങളിലായി വനം അദാലത്തുകള്‍ നടത്തും. കര്‍ഷകര്‍ക്കുള്ള ആനുകൂല്യ വിതരണത്തിനായി കര്‍ഷക അദാലത്ത്, അനുമതികള്‍ വേഗത്തിലാക്കാന്‍ എന്‍ഒസി അദാലത്ത്, നിസാര വനകുറ്റകൃത്യങ്ങള്‍ കോമ്പൗണ്ട് ചെയ്ത് തീര്‍പ്പാക്കുന്നതിനായി വനകുറ്റകൃത്യ അദാലത്ത് എന്നിവയാണ് സംഘടിപ്പിക്കുക.
തടസങ്ങളില്ലാത്ത എന്‍ഒസി അപേക്ഷകള്‍ മൂന്നു മുതല്‍ ആറ് മാസങ്ങള്‍ക്കുള്ള തീര്‍പ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആദിവാസി സമൂഹത്തിന്റെ ആവശ്യങ്ങളും ആശങ്കകളും നേരിട്ട് മനസിലാക്കി നിയമപരിധിക്കുള്ളില്‍ വനംവകുപ്പും പട്ടികവര്‍ഗ വികസന വകുപ്പും സംയുക്തമായി പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Tags : Nattuvishesham DistrictNews DeepikaNews Shibu Baby John