ജപ്പാന്‍ പഠിപ്പിക്കുന്ന അതിജീവന കൃഷിശാസ്ത്രം
പ്രകൃതിദുരന്തങ്ങളില്‍പ്പെട്ട് എന്തുചെയ്യണമെന്നറിയാതെ അന്ധാളിച്ചു നില്‍ക്കുന്ന നമുക്ക് ജപ്പാനില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്. വെള്ളപ്പൊക്കം, സുനാമി, തുടരെത്തുടരെയുള്ള ഭൂചലനങ്ങള്‍ തുടങ്ങി ഒട്ടനവധി ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും ജപ്പാന്‍ എന്ന രാജ്യത്തിന് ആവശ്യമായ മുഴുവന്‍ അരിയും ഉത്പാദിപ്പിക്കുന്നത് ഇവിടത്തെ കര്‍ഷകരാണ്. ഒരു മണി അരിപോലും മറ്റു രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നില്ല. ജപ്പാനില്‍ നിന്ന് കര്‍ഷകനുവേണ്ടി ഇവിടത്തെ കര്‍ഷകരുടെ അതിജീവന കൃഷി മാതൃകകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത് തൃശൂര്‍ ജില്ലയിലെ പഴയന്നൂര്‍ കൃഷി ഓഫീസറായ ജോസഫ് ജോണ്‍ തേറാട്ടിലാണ്.

'പച്ചക്കറി ഉത്പാദനത്തിലെ നൂതന സാങ്കേതികവിദ്യകള്‍ ചെറുകിട കര്‍ഷകരുടെ ഉന്നമനത്തിന്' എന്ന വിഷയത്തില്‍ ജപ്പാനില്‍ നടക്കുന്ന പരിശീലനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏക വ്യക്തിയാണ് ജോസഫ് ജോണ്‍. ആറു മാസമാണ് പരിശീലനം. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷന്‍ ഏജന്‍സി എന്ന ജാപ്പനീസ് ഗവണ്‍മെന്റ് സ്ഥാപനമാണ് പരിശീലനത്തിന്റെ പ്രായോജകര്‍.

ഏഷ്യയിലെ ആദ്യത്തെ വികസിതരാജ്യമെന്ന ബഹുമതി ജപ്പാന് ഉള്ളതാണ്. രണ്ടാംലോകമഹായുദ്ധത്തിനു ശേഷം ഒട്ടേറെ കഷ്ടതകളെയും വെല്ലുവിളികളെയും അതിജീവിച്ചാണ് ഈ കൊച്ചുരാജ്യം വികസനത്തിന്റെ പാതയിലെത്തിയത്. ഹൊക്കൈഡോ, ഹോണ്‍ഷു, ഷിക്കോക്കു, ക്യുഷു എന്നീ നാലു വലിയ ദ്വീപുകളും ഒപ്പം മറ്റു ചെറിയ ദ്വീപുകളുമടങ്ങിയ ഈ രാജ്യത്തിന്റെ ജനസംഖ്യ 12.5 കോടിയാണ്. കാര്‍ഷികമേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള ഒട്ടനവധി പദ്ധതികള്‍ ജപ്പാനില്‍ ഉടനീളം കാണാം. ആകെയുള്ള കരഭൂമിയുടെ 12-15 ശതമാനം മാത്രമാണ് കൃഷിക്കായി ഉപയോഗിക്കാന്‍ പറ്റിയത്. വന്‍തോതിലുള്ള വ്യാവസായിക വളര്‍ച്ചനേടി ഉന്നതിയിലെത്തിയപ്പോഴും കൃഷിയെ സംരക്ഷിക്കുന്ന രീതിയിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന. ജപ്പാനില്‍ നിന്ന് കേരളത്തിന് ഒട്ടനവധി കാര്യങ്ങള്‍ പഠിക്കാനുണ്ട്.

നെല്‍കൃഷി

ജപ്പാനിലെ നെല്‍കൃഷി മേഖലകളെല്ലാം കൃത്യമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. നഗരങ്ങളിലെ പാടശേഖരങ്ങള്‍ പോലും ഒട്ടും നികത്താതെ യും മികച്ച പരിപാലനത്തിലൂടെയുമാണ് സംരക്ഷിക്കപ്പെടുന്നത്. ലോകത്തില്‍ ഒരു ചതുരശ്രമീറ്ററിന് ഏറ്റവും വിലയേറിയ ടോക്കിയോ നഗരത്തിലെ വരെ ചെറിയ പാടങ്ങള്‍ പോലും നി കത്താതെ കൃഷിചെയ്യുന്നത് കാണുമ്പോള്‍ അദ്ഭുതം തോന്നും. ഇത്തരത്തില്‍ ജലസംരംക്ഷണമാര്‍ഗങ്ങള്‍ എല്ലാം തന്നെ കര്‍ശനമായി നടപ്പാക്കുന്നതുമൂലം വരള്‍ച്ച എന്നത് ജപ്പാനില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്.

കേരളത്തിലേതുപോലെ കര്‍ഷകര്‍ സംഘടിച്ച് പാടശേഖരങ്ങള്‍ക്ക് സമാനമായ സംവിധാനത്തിലൂടെയാണ് നെല്‍കൃഷി പുരോഗമിക്കുന്നത്. കൃഷി ചെയ്യുന്ന എല്ലാ പാടശേഖരങ്ങള്‍ക്കും ജല ലഭ്യമാകത്തക്കവിധം കനാലുകള്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്നു. വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം ഉണ്ടെങ്കിലും എപ്പോഴും ലഭ്യമാണ്. 67 ശതമാനം വനമുള്ള ഒരു ഒരു രാജ്യമാണ് ജപ്പാന്‍. ഇത്രയും ഉയര്‍ന്ന വനവിസ്തൃതി മറ്റൊരു രാജ്യങ്ങളിലും ഇല്ല എന്നു പറയാം. എങ്കിലും ഓരോ ഇഞ്ച് സ്ഥവവും മരങ്ങള്‍ വച്ച് പിടിപ്പിച്ച് മനോഹരമാക്കിയിരിക്കുന്നു.

നെല്‍കൃഷി 95 ശതമാനം യന്ത്രവത്കൃതമാണ്. മെയ്മാസത്തില്‍ ആരംഭിക്കുന്ന നെല്‍കൃഷിയ്ക്കായി ഏപ്രില്‍ ആദ്യം തന്നെ ഞാറ്റടി തയ്യാറാക്കും. മെയ്മാസത്തില്‍ ജപ്പാനിലെമ്പാടും ഞാറ് നടീല്‍ ഉത്സവമാണ്. മൂന്നുവയസ്സുള്ള കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാവരും ചളിയിലിറങ്ങി ഞാറ് നടും. ജപ്പാന്റെ സംസ്ഖാരവുമായി ഇഴചേര്‍ന്ന് നില്ക്കുകയാണ് നെല്‍കൃഷി

പച്ചക്കറികള്‍

പച്ചക്കറികളുടെ ഉല്പാദനത്തിലും ഉപയോഗത്തിലും ഈ കൊച്ചുരാജ്യം വേറിട്ടുനില്ക്കുന്നു. നമ്മുടെ സംസ്ഥാനത്ത് ഉല്പദിപ്പിക്കുന്ന ഒട്ടുമിക്ക പച്ചക്കറികളും ഇവിടെ കൃഷിചെയ്തു വരുന്നു. എന്നാല്‍ ഇലക്കറിവര്‍ഗ്ഗ പച്ചക്കറികളാണ് കൂടുതലായും ഉപയോഗപ്പെടുത്തുന്നത്. ജപ്പാനില്‍ ഒരാളുടെ പ്രതിദിനപച്ചക്കറി ഉപയോഗം 400-450 ഗ്രാം ആണ്. അതില്‍ തന്നെ 60 ശതമാനവും വേവിക്കാതെ സാലഡ് ആയി കഴിക്കുന്നു. ശരാശരി ആയുര്‍ദൈര്‍ഘ്യം 85 ആയി ഉയര്‍ന്നിരിക്കുകയാണ് ജപ്പാനില്‍.


പാരമ്പര്യമായി കൃഷിചെയ്യുന്നവര്‍ തുറസ്സായ സ്ഥലങ്ങളിലും, മഴമറയിലും പച്ചക്കറികൃഷിചെയ്യുന്നു. എന്നാല്‍ പുത്തന്‍ തലമുറ ഗ്രീന്‍ഹൗസുകളിലും. ഹൈഡ്രോപോണിക്‌സ് രീതികളിലുമാണ് കൂടുതലായും ഏര്‍പ്പെടുന്നത്. ചൈനയില്‍ നിന്നും വിയറ്റ്‌നാമില്‍ നിന്നും ധാരാളം പച്ചക്കറികള്‍ എത്തുന്നുണ്ടെങ്കിലും ജപ്പാന്റെ തനത് ഇനങ്ങള്‍ കഴിഞ്ഞിട്ട് മാത്രമെ അവയ്ക്ക് മാര്‍ക്കറ്റുകളില്‍ സ്ഥാമുള്ളു.

ഗുഡ് അഗ്രിക്കള്‍ച്ചറല്‍ പ്രാക്ടീസ് എന്നറിയപ്പെടുന്ന മികച്ച കാര്‍ഷിക പരിപാലനമുറകളാണ് 90 കര്‍ഷകരും അവലംബിക്കുന്നത് മണ്ണ് പരിശോധന, മികച്ച വിത്തുകള്‍/നടീല്‍ വസ്തുക്കള്‍, ഗ്രാഫ്റ്റിംഗ് പോലുള്ള രോഗനിയന്ത്രണമാര്‍ഗ്ഗങ്ങള്‍, പ്രത്യേകിച്ചും പച്ചക്കറികളിലെ വാട്ടരോഗത്തിനെതിരെ തുടങ്ങി എല്ലാ സാധ്യമായ രീതികളും അവലംബിച്ചുവരുന്നു. അതുപോലെ വിപണിയുടെ ആവശ്യം അറിഞ്ഞാണ് ഓരോ ഉല്പന്നവും ഉണ്ടാക്കുന്നത്. ഉദാ: തക്കാളിയില്‍-സലാഡിനുള്ളത് ജ്യൂസിനുള്ളത്, സോസിനുള്ളത്, മധുരം കൂടിയവ എന്നിങ്ങനെ വിവിധ ഇനങ്ങള്‍ കൃഷിചെയ്യുന്നു. ഏത് ആവശ്യത്തിന് കൃഷി ചെയ്യണമെന്ന് കര്‍ഷകര്‍ തീരുമാനിക്കുന്നിടത്ത് വിപണനം തുടങ്ങുകയായി.

വിപണനം വ്യത്യസ്ഥതയോടെ

വിപണനത്തില്‍ വളരെ വ്യത്യസ്ഥമാണ് ജപ്പാനിലെ കാര്യങ്ങള്‍. ഗ്രേഡുകള്‍ തിരിച്ചാണ് വില്പന. പ്രധാന നഗരങ്ങളിലെ മാര്‍ക്കറ്റുകള്‍ (സെന്‍ട്രല്‍ മാര്‍ക്കറ്റ്) പ്രദേശീക മാര്‍ക്കറ്റുകള്‍ എന്നിവ ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലാണ്. ലേലം ആയാണ് കച്ചവടം നടക്കുന്നതെങ്കിലും കച്ചവടക്കാര്‍ ഒത്തുചേര്‍ന്ന് വിലകുറയ്ക്കാനാകാത്തവിധമാണ് മാര്‍ക്കറ്റിന്റെ ഘടന. പച്ചക്കറി, നെല്ല്, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയുടെ സംഭരണം 80 ശതമാനവും സഹകരണമേഖലവഴിയാണ്. ജപ്പാന്‍ കോപ്പറേറ്റീവ്‌സ് എന്നറിയപ്പെടുന്ന കാര്‍ഷീക സഹകരണ മേഖല അതീവ ശക്തമാണ്. പഴം, പച്ചക്കറികള്‍ എന്നിവയെ ക്ലസ്റ്ററുകളായി തിരിച്ച് ഇത്തരം സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ജപ്പാനിലെ ഭൂരിഭാഗം കര്‍ഷകരും ഏതെങ്കിലും സഹകരണ സ്ഥാപനത്തിലെ അംഗങ്ങളായിരിക്കും. പച്ചക്കറി മേഖലയില്‍ 611 ലധികം ഇത്തരം സ്ഥാപനങ്ങള്‍ ഉണ്ട്. ഓരോന്നിനും 15 കോടിയിലധികം വിറ്റുവരവും ഉണ്ട്. കേരളത്തിലെ ശക്തമായ സഹകരണമേഖലയ്ക്ക് ഇത്തരത്തിലുള്ള ഒരു മാതൃക ആലോചിക്കാവുന്നതാണ്.

വിപണിവില തീരെകുറഞ്ഞ് പോയാല്‍ (സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന താങ്ങുവിലയേക്കാള്‍) ഇത്തരം സംഭരണകേന്ദ്രങ്ങള്‍ വഴി തുക കര്‍ഷകരുടെ അക്കൗണ്ടിലെത്തും. വിത്തും വളവുമെല്ലാം സഹകരണസ്ഥാപനങ്ങള്‍ മാന്യമായ വില കിട്ടിയാല്‍ മറ്റ് സബ്‌സിഡികള്‍ക്ക് ഒന്നും വലിയ പ്രാധാന്യമില്ലെന്ന് ജപ്പാന്‍ മോഡല്‍ നമ്മെ പഠിപ്പിക്കുന്നു. വിളനാശത്തിന് ഇന്‍ഷുറന്‍സ് ഏറ്‌പ്പെടുത്തിയിട്ടുണ്ട്. അതും സഹകരണ സ്ഥാപനങ്ങള്‍ വഴിയാണ് നടത്തുന്നത്. ഓരോ മേഖലയിലേയും കൃഷി ഉദ്യോസ്ഥര്‍ അതിന് മേല്‍നോട്ടം വഹിക്കുന്നു.

കൃഷി സംസാരമായി കരുതുന്ന കര്‍ഷകര്‍ സാസ്ത്രീയ സമീപനത്തോടെ കാര്‍ഷികമേഖലയെ സ്വീകരില്ലതാണ് ജപ്പാന്‍ എന്ന കൊച്ചുരാജ്യത്തെ വ്യത്യസ്ഥമാക്കുന്നത്. ഇത്തരം വിജയമാതൃകകള്‍ നമുക്കും അവലംബിക്കാന്‍ കഴിയുന്ന ഒന്നാണ്. പ്രകൃതിയെ പഴിക്കാതെ അതിന്റെ ചലനത്തിനൊപ്പം ചുവടുവെച്ചാല്‍ നമുക്കും ഇത് സ്വായത്തമാക്കാം.