പ്രവാസശേഷം കൃഷി ലോക്ഡൗണില്‍ വിളസമൃദ്ധി
പ്രവാസശേഷം കൃഷി ലോക്ഡൗണില്‍ വിളസമൃദ്ധി
Saturday, June 27, 2020 4:08 PM IST
കൊറോണ വരുന്നതിനും ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനുമൊക്കെ മുമ്പു തന്ന മാഹി ഒളവിലത്തെ സമറില്‍ ഷംസുദ്ദീന്‍ കൃഷി തുടങ്ങി. ഗള്‍ഫില്‍ ബിസിനസുകാരനായിരുന്ന ഇദ്ദേഹം പ്രവാസം അവസാനിപ്പിച്ച് കഴിഞ്ഞ ഫെബ്രുവരിയിലാണ് നാട്ടിലെത്തിയത്. തിരുവാങ്കളം എല്‍പി സ്‌കൂളിനു സമീപത്തെ 17 സെന്റുള്ള വീട്ടുവളപ്പില്‍ അഞ്ചുസെന്റ് മണ്ണൊക്കെയിട്ട് ശരിയാക്കി കൃഷിഒരുക്കങ്ങള്‍ ആ മാസം തന്നെ തുടങ്ങി. മണ്ണിട്ട് ക്രമപ്പെടുത്തിയ തോട്ടത്തില്‍ പതിവുപോലെ കുമ്മായ പ്രയോഗം നടത്തി. മൂന്നുനാലു ദിവസത്തിനു ശേഷം ചാണകപ്പൊടി മണ്ണില്‍ കുഴച്ച് അടിവളമൊരുക്കി. ഈ ലോക്ഡൗണ്‍ കാലം, പലരെയും പോലെ തന്നെയും പല പുതിയ പാഠങ്ങളും പഠിപ്പിച്ചെന്ന് ഷംസുദ്ദീന്‍ പറയുന്നു.

പ്രവാസ ജീവിതത്തിനിടയില്‍ പലപ്പോഴും സമയം കണ്ടെത്താതിരുന്ന സംഗതികളിലേക്ക് എത്തിനോക്കാനായി എന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. സ്വന്തം പുരയിടവും, തൊടിയുമൊക്കെ ശരിക്കും കാണാന്‍ തുടങ്ങി. കൈയില്‍ കൃഷിയായുധങ്ങള്‍ പിടിക്കാനും മണ്ണിലേക്കിറങ്ങാനുമൊക്കെ മടിയില്ലാതായി. അന്യസംസ്ഥാനങ്ങളില്‍ നിന്നു വരുന്ന വിഷലിപ്തമായ പച്ചക്കറി കള്‍ക്ക് പിറകെ ഓടാതെ നമ്മുടെ മണ്ണില്‍ തന്നെ അതൊക്കെ വിളയി ക്കാമെന്നു മനസിലാക്കി. വ്യാവ സായികാടിസ്ഥാനത്തിലല്ലെങ്കിലും സ്വന്തം വീട്ടാവശ്യത്തിനുള്ള തക്കാളി, പച്ചമുളക്, കറിവേപ്പില, വെണ്ട, വെള്ളരി, വഴുതിനിങ്ങ, പാവയ്ക്ക, ചെറുപയര്‍, മല്ലിയില, പുതിനയില തുടങ്ങിയ അത്യാവശ്യ സാധങ്ങ ളൊക്കെ ഞങ്ങളും വീട്ടുമുറ്റത്തു ണ്ടാക്കാന്‍ തുടങ്ങി.


മണ്ണിനോട് അല്‍പം സ്‌നേഹം കാട്ടി തുടങ്ങിയപ്പോഴേക്കും, അത് പതിന്മടങ്ങ് തിരികെ തരാന്‍ തുടങ്ങി. കേവലം രണ്ടര വര്‍ഷം കൊണ്ടു തന്നെ വീട്ടു വളപ്പിലെ തേന്‍വരിക്ക പ്ലാവില്‍ നിറയെ ചക്കയുണ്ടാ യിരിക്കുന്നു. നമ്മള്‍ മാര്‍ക്കറ്റുകളില്‍ മാത്രം കണ്ടു വന്നിരുന്ന ബദാമി മാങ്ങയും മണ്ണില്‍ തൊട്ടുതൊട്ടില്ലെന്ന നിലയില്‍ തൂങ്ങി കിടക്കുന്നു. പാകമായ പഴുത്തമാങ്ങയ്ക്ക് മനം മയക്കും സ്വാദും.

വെള്ള ജാംബയ്ക്ക ചെടി നിറയെ കാഴ്ചു നില്‍കുന്നതും കണ്ണിന് കുളിര്‍മയേകുന്ന ഒരു ലോക്ഡൗണ്‍ കാഴ്ചയാണ്. മനസിന്റെ കോണില്‍ എവിടെയോ കോവിഡ് തീര്‍ക്കുന്ന ആശങ്കകള്‍ക്ക് മേലെയായി നമ്മള്‍ തീര്‍ക്കേണ്ടത് ആത്മവിശ്വാസത്തിന്റെ പുതിയ രീതികളായിരിക്കണമെന്നാണ് ഈ പ്രവാസിയുടെ അഭിപ്രായം. കൃഷിയിലും പ്രതിസന്ധികളെത്തി. രോഗങ്ങളായി വന്ന അവയെ പുകയില കഷായം കൊണ്ട് തുരത്താനായി. പച്ചക്കറി വിത്തുകള്‍ സുഹൃത്തുക്കള്‍ തന്നു സഹായിച്ചു. അങ്ങനെ കൃഷിയിലൂടെ പുതിയൊരു സൗഹൃദവും വളര്‍ന്നുവന്നെന്നും ഷംസുദ്ദീന്‍ പറയുന്നു.

പ്രദീഷ് ഒളവിലം
ഫോണ്‍: ഷംസുദീന്‍-98460 98383.