മിയാവാക്കി വനം മുതൽ ഒക്സിജൻ സ്പോട്ട് വരെ
ജോണ്സണ് വേങ്ങത്തടം
Saturday, June 1, 2024 12:25 PM IST
ലോകം ചർച്ച ചെയ്യാൻ തുടങ്ങിയപ്പോൾ തന്നെ അഡ്വ. ബിജു കളപ്പുരയിൽ തൊടുപുഴ മടുക്കത്താനത്തെ പുരയിടത്തിൽ കാർബണ്‍ ന്യൂട്രൽ കൃഷി തുടങ്ങി.
അഞ്ച് ഏക്കറോളം ഭൂമിയിലാണു കാർബണ്‍ ന്യൂട്രൽ ഫാമിംഗ്. കൃഷിയിടത്തിലെങ്ങും മരങ്ങളുടെ പച്ചപ്പ്. നിറയെ മുളകളും പഴമരങ്ങളും.
മീനുകൾ നീന്തിത്തുടിക്കുന്ന കുളങ്ങൾ. വീടിനു ചുറ്റുമായി ഒഴുകുന്ന തൊടുപുഴ ആറിലേക്കു ചാഞ്ഞുനിൽക്കുന്ന മുളക്കൂട്ടങ്ങളിൽ നിന്നു സദാ ഉയരുന്ന മർമരശബ്ദം.
കാർബണ്‍ ന്യൂടൽ കൃഷിക്ക് ഏറ്റവും അവശ്യമായ നിരവധി ഇനം മുളകൾ. 60 വർഷത്തിലേറെ പ്രായമുള്ള ജാതിമരങ്ങൾ.
കൃഷിയെകുറിച്ച്, നാട്ടുമാവുകളെകുറിച്ച്, ഓക്സിജൻ സ്പോട്ടിനെക്കുറിച്ച്, മിയാവാക്കി വനത്തെക്കുറിച്ചൊക്കെ പഠിക്കാവുന്ന പ്രകൃതിക്കിണങ്ങിയ ക്ലാസ് റൂം തന്നെയാണ് ഈ കൃഷി ഭൂമി.
യാത്രയ്ക്കിടെ ലഭിക്കുന്ന അപൂർവയിനം ചെടികളും ഫലവൃക്ഷങ്ങളും സ്വന്തം കൃഷിയിടത്തിൽ നട്ടു പിടിപ്പിക്കുക ബിജുവിന്റെ രീതിയാണ്. ഒരു ചെടിയുടെ തന്നെ നിരവധി ഇനങ്ങൾ അദ്ദേഹം സംരക്ഷിച്ചിട്ടുണ്ട്. നാട്ടുമാവുകൾ തന്നെ 53 ഇനമുണ്ട്. മുളകൾ 15 ഇനം.
വിവിധയിനം റന്പൂട്ടാൻ, മിറക്കിൾ ഫ്രൂട്സ്, അബിയു, മിൽക് ഫ്രൂട്ട്, ജംബോട്ടിക്കാബ, സപ്പോട്ട, നാരങ്ങ, പേരക്ക, ചാന്പ, ഞാവൽപ്പഴം, കാരംന്പോള, ലോങ്ങൻ, വെള്ള ഞാവൽ, ബൊളീവിൻ മാങ്കോസ്റ്റിൻ, പുലാസാൻ, പുളി, മേമി സപ്പോട്ട, ബ്ലാക്ക് സപ്പോട്ട തുടങ്ങി ഇവിടെ ഇല്ലാത്തതൊന്നുമില്ല.
മിയാവാക്കി വനം
വീടിനു ചുറ്റും ഒരു ഒരു മിയാവാക്കി വനം ഒരുക്കുന്ന തിരക്കിലാണു ബിജു. അതിനുവേണ്ടി പ്രാദേശിക ആവാസ വ്യവസ്ഥയിൽ വളരുന്ന വലുതും ചെറുതുമായ ഫലവൃക്ഷങ്ങൾ നട്ടു പിടിച്ചാണ് അദ്ദേഹം വനം ഒരുക്കുന്നത്.
ഇതിനായി പുലാസാൻ, ഒലോസപ്പോ, മട്ടോവ, മാവ്, സപ്പോട്ട, ളൂവി, അഭിയു, വെൽവറ്റ് ആപ്പിൾ, പേര തുടങ്ങിയവയെല്ലാം വളർത്തിത്തുടങ്ങി.
ഒക്സിജൻ സ്പോട്ടും മുളയും
ഒക്സിജൻ സ്പോട്ടുകൾക്കു ബലം പകരുന്ന മുളകളെ ആറ്റുതീരത്ത് വളർത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം. അതുവഴി ടൂറിസത്തിനുള്ള വലിയ സാധ്യതയും ബിജു കണക്കുകൂട്ടുന്നു.
ആനമുള, ലാത്തിമുള, അലങ്കാര മുള, വള്ളിമുള, ഹുണ്ടുവാ, ഒലിവെറി തുടങ്ങിയ അദ്ദേഹം നട്ടു വളർത്തിത്തുടങ്ങി. വലിപ്പം കൂടിയ ഇനങ്ങളായ ബാംബുസയും ഡെൻഡ്രോകലാമസും വലുപ്പം നന്നേ കുറഞ്ഞ ഓക്ലാൻഡ്രയും ഈ ശേഖരണത്തിലുണ്ട്.
മുളകൾക്കു കാര്യമായ പരിചരണം ആവശ്യമില്ല. മൂന്നു വർഷത്തിൽ വിളവെടുക്കാം. നല്ലമാർക്കറ്റുമുണ്ട്.
നാട്ടുമാവുകൾ
കാസർഗോഡ് മുതൽ കന്യാകുമാരിവരെ സഞ്ചരിച്ചാണ് അദ്ദേഹം വിവിധ ഇനം നാട്ടുമാവുകൾ ശേഖരിച്ചത്. കാലപ്പാടി, കുറുക്കൻ, ഭയങ്കരവല്ലി, നെയ്യാർ, കിളിച്ചുണ്ടൻ, കടുക്കാച്ചി, മഞ്ഞ കടുക്കാച്ചി, മൊരംപുളിയൻ, പവിഴരേഖ,
വരിക്ക മാങ്ങ, കൽക്കണ്ട വെള്ളരി, കപ്പ മാങ്ങ, പേരയ്ക്കാ മാങ്ങ, കൊളന്പ് മാങ്ങ, മൂവാണ്ടൻ, കോട്ടുക്കോണം വരിക്ക (ചെങ്ക വരിക്ക), കസ്തൂരി മാങ്ങ, താളി മാങ്ങ, കർപ്പൂര വരിക്ക, മൂവാണ്ടൻ, അരിയുണ്ട, കർപ്പൂരം, കപ്പമാൻ, ചിങ്കിരി,
കല്ലുക്കെട്ടി, കാക്കൊത്തി, സിന്ദൂരരേഖ, സിന്ദൂരപുളിയൻ, ചെന്പൻ മധുരം, കരിമീൻ കൊക്കൻ, തേനുണ്ട, മഞ്ഞക്കൽക്കണ്ടം, മഞ്ഞ ബപ്പായി, സുലോചന, അന്നപൂർണ തുടങ്ങിയവയെല്ലാം കളപ്പുരയിലുണ്ട്.
വെച്ചൂർ പശുവും മീൻവളർത്തലും
നാടൻപശു പ്രേമികളുടെ ഇഷ്ടയിനമായ വെച്ചൂർ പശുവും കിടാവും കൃഷിയിടത്തിന് അലങ്കാരമായി മേഞ്ഞു നടക്കുന്നു. മീൻകുളത്തിൽ സ്വന്തം ആവശ്യത്തിനുള്ള മത്സ്യങ്ങളെ വളർത്തുന്നുണ്ട്.
അഡ്വ. ബിജുവിന്റെ ഭാര്യ പ്രഫ. നാൻസിയും മക്കളായ നവ്യയും ഗ്രേസും ജോസും കട്ടസപ്പോർട്ടുമായി കൂടെയുണ്ട്.