ശുക്രിയ ദീദി; ഇന്ത്യൻ റെയിൽവേയുടെ അഭിമാനം സുരേഖ യാദവ് പടിയിറങ്ങുന്നു
Thursday, September 25, 2025 3:26 PM IST
കുട്ടിക്കാലത്ത് തന്റെ വീടിനടുത്തുകൂടി പാഞ്ഞു പോകുന്ന ട്രെയിനുകൾ സുരേഖ എന്ന കൊച്ചു കുട്ടി കൗതുകത്തോടെ നോക്കി നിന്നിരുന്നു. എന്നെങ്കിലും അതൊന്ന് ഓടിക്കാൻ കിട്ടുമോ എന്ന് അവളുടെ കുഞ്ഞുമനസിൽ ഒരു മോഹം തോന്നിയിരിക്കാം.
അതുകൊണ്ടാണല്ലോ ഏഷ്യയിലെ ആദ്യത്തെ വനിത ട്രെയിൻ ഡ്രൈവറായി സുരേഖ യാദവ് റെയിൽവേയുടെ ചരിത്രത്തിൽ തന്റെ പേര് അടയാളപ്പെടുത്തിക്കൊണ്ട് ഇന്ത്യയിൽ അങ്ങോളമിങ്ങോളം ട്രെയിനുകൾ ഓടിച്ചത്.
ഈ വരുന്ന മുപ്പതിന് ഇന്ത്യൻ റെയിൽവേയുടെ പടിയിറങ്ങുമ്പോൾ ഒരുപാട് മാറ്റങ്ങൾക്ക് വഴി തുറന്ന ഒരു ചരിത്ര വനിതയാണ് ഇന്ത്യൻ റെയിൽവേയുടെ ലോക്കോ പൈലറ്റിന്റെ ലോക്കോ മോട്ടീവ് ക്യാബിനിൽ നിന്ന് യാത്ര പറഞ്ഞിറങ്ങുന്നത്.
മഹാരാഷ്്ട്രയിലെ സത്താറയിലാണ് സുരേഖ ജനിച്ചത്. സാത്ത് താര ആണ് പിന്നീട് സത്താറ എന്നറിയപ്പെട്ടത്. സാത്ത് താര എന്നാൽ ഏഴു നക്ഷത്രങ്ങൾ എന്നർഥം. അവിടെ ജനിച്ച സുരേഖ പിന്നെ എങ്ങനെ താരമാകാതിരിക്കും. പഠിക്കാൻ മിടുക്കിയായിരുന്നു സുരേഖ.
കുട്ടിക്കാലത്ത് സ്കൂളിൽ പഠിക്കുമ്പോൾ ആരാകാനാണ് ആഗ്രഹം എന്ന് ടീച്ചർ ചോദിച്ചപ്പോൾ എനിക്ക് ട്രെയിൻ ഓടിക്കണം ടീച്ചർ എന്നൊരു പക്ഷേ കൊച്ചു സുരേഖ പറഞ്ഞിട്ടുണ്ടാകാം.
എന്നാൽ സുരേഖ അത് ഓർക്കുന്നില്ല. ലോക്കോ പൈലറ്റിന്റെ ട്രാക്കിലേക്ക് ഒരു കൗതുകത്തോടെ കടന്നുവന്നു എന്നാണ് സുരേഖ പറയുന്നത്. തികച്ചും യാദൃശ്ചികമായാണ് റെയിൽവേയുടെ ലോക്കോ പൈലറ്റ് പരീക്ഷ സുരേഖ എഴുതുന്നത്.
കറാഡിലെ ഗവ. പോളിടെക്നിക്കില്‍ നിന്ന് ഇലക്ട്രിക്കല്‍ എൻജിനീയറിംഗില്‍ ഡിപ്ലോമ നേടിയ ശേഷം ആയിരുന്നു ഈ പരീക്ഷ എഴുത്ത്. അതിൽ വിജയിച്ചു വൈവ വിജയിച്ചു സുരേഖയ്ക്ക് പോസ്റ്റിംഗ് ഓർഡർ ആയി.
ഒരിക്കലും കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ഇന്ത്യൻ റെയിൽവേയിൽ ലോക്കോ പൈലറ്റിന്റെ ജോലി ലഭിച്ചതോടെ ആദ്യം ടെൻഷനായി. സ്ത്രീകൾ ഇന്നേവരെ കടന്നു വന്നിട്ടില്ലാത്ത ഒരു ഫീൽഡ് ആണ് എന്നത് തന്നെയായിരുന്നു ടെൻഷന്റെ ഒരു കാരണം.
ഈ ജോലി തനിക്ക് പറ്റുമോ എന്ന ആശങ്ക മറ്റൊരു ട്രാക്കിൽ. എന്നാൽ നിനക്ക് ഇത് പറ്റുമെന്നും നീ എന്തായാലും ജോയിൻ ചെയ്യണമെന്നും വീട്ടുകാർ ഒന്നടങ്കം പച്ചക്കൊടി വീശി ശുഭയാത്ര നേർന്നതോടെ ടെൻഷന്റേയും സംശയങ്ങളുടെയും പ്ലാറ്റ്ഫോമിൽ നിന്ന് ലോക്കോ മോട്ടീവ് ക്യാബിനിലേക്ക് ദൃഢനിശ്ചയത്തോടെ സുരേഖ എന്ന പെൺകുട്ടി കയറി.
ഇന്ത്യൻ റെയിൽവേയുടെ ചരിത്രം ഇന്ന് പരിശോധിക്കുമ്പോൾ സുരേഖയ്ക്ക് പിന്നാലെ ആയി 1,500 ഓളം വനിതാ ലോക്കോ പൈലറ്റ് മാരാണ് ഇന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ട്രെയിനുകൾ ഓടിക്കുന്നത്. അവർക്ക് വഴികാട്ടി സുരേഖ ദീദിയാണ്.
അവർക്ക് ധൈര്യവും പ്രോത്സാഹനവും മാതൃകയും സുരേഖ ദീദി തന്നെ. നീണ്ട 36 വർഷത്തെ സേവനം സുരേഖ അവസാനിപ്പിക്കാൻ ഒരുങ്ങുമ്പോൾ അവർ തുറന്നിട്ട വഴിയിലൂടെ ഇത്രയേറെ വനിതകൾ അവർ തുറന്നിട്ട വഴിയിലൂടെ വന്നുചേർന്നു എന്നത് ചെറിയ കാര്യമല്ല.
തന്റെ 36 വർഷത്തെ ലോക്കോ പൈലറ്റ് ജീവിതത്തിൽ സുരേഖ ഒരുവിധം എല്ലാ ടൈപ്പ് ട്രെയിനുകളും ഓടിച്ചിട്ടുണ്ട്. ചരക്ക് ട്രെയിനുകള്‍ മുതല്‍ സബര്‍ബന്‍ ലോക്കലുകള്‍ വരെയും, സാധാരണ ദീര്‍ഘദൂര ട്രെയിനുകള്‍ മുതല്‍ രാജധാനി, വന്ദേ ഭാരത് പോലുള്ള പ്രീമിയം ട്രെയിനുകള്‍ വരെയും സുരേഖയുടെ കൈപ്പിടിയിൽ ഭദ്രമായി ഇന്ത്യൻ റെയിൽവേ ട്രാക്കുകളിലൂടെ ഓടിയിട്ടുണ്ട്.
1989-ല്‍ അസിസ്റ്റന്റ് ഡ്രൈവറായി കരിയര്‍ ആരംഭിച്ച അവര്‍ 1996-ല്‍ ഗുഡ്സ് ഡ്രൈവറായും 2000-ത്തില്‍ മോട്ടോര്‍ വുമണായും ഉയര്‍ന്നു. ഒരു കൗതുകത്തിന് റെയിൽവേയുടെ പരീക്ഷയെഴുതി നേടിയെടുത്ത ലോക്കോ പൈലറ്റിന്റെ ജോലി പിന്നീട് സുരേഖയുടെ ജീവനും ജീവിതവുമായി.

ജോലി കഠിനമാണെങ്കിലും വളരെ ആഹ്ലാദത്തോടെ എൻജോയ് ചെയ്ത് രാവും പകലുമെന്നില്ലാതെ സുരേഖ ട്രെയിൻ ഓടിച്ചു കൊണ്ടേയിരുന്നു . സുദീർഘമായ 36 വർഷം. അപകടം പിടിച്ച ഒരുപാട് റെയിൽവേ റൂട്ടുകൾ ഇന്ത്യയിലുണ്ട്.
അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മുംബൈയ്ക്കും പുണെയ്ക്കും ഇടയിലുള്ള ഭോര്‍ ഘട്ട് പാത. ഈ റൂട്ടിലൂടെ ട്രെയിൻ ഓടിക്കാൻ സുരേഖയെ ചുമതലപ്പെടുത്തുമ്പോൾ റെയിൽവേ അധികൃതർക്ക് ഒട്ടും ആശങ്കയുണ്ടായിരുന്നില്ല, സുരേഖ അത് ചെയ്യുമെന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു.
തന്റെ മേലധികാരികൾ തന്നെ ഏൽപ്പിച്ച ആ ദൗത്യം ഏറ്റവും ഭംഗിയായി സുരേഖ ചെയ്തുതീർക്കുമ്പോൾ രാജ്യത്തെ ഏറ്റവും കുത്തനെയുള്ള റെയില്‍വേ കയറ്റങ്ങളില്‍ ഒന്നായ ഭോര്ഘട്ട് റെയിൽവേ ട്രാക്കുകൾ ഈ പെൺകരുത്തിനു മുന്നിൽ തലകുനിച്ചു.
2018-ലെ അന്താരാഷ്ട്ര വനിതാദിനത്തില്‍, മോട്ടോര്‍വുമണ്‍, ഗാര്‍ഡ്, ടിക്കറ്റ് ചെക്കര്‍, ആര്‍പിഎഫ് സ്റ്റാഫ് എന്നിവരടങ്ങുന്ന സമ്പൂര്‍ണ്ണ വനിതാ സംഘത്തോടൊപ്പം സിഎസ്എംടിയില്‍നിന്ന് പന്‍വേലിലേക്ക് വനിതാ സ്പെഷല്‍ ലോക്കല്‍ ട്രെയിന്‍ ഓടിക്കാൻ ഇന്ത്യൻ റെയിൽവേ നിയോഗിച്ചതും സുരേഖയെ തന്നെ.
ഈയിടെ, മുംബൈ-പുണെ-സോലാപൂര്‍ റൂട്ടില്‍ അഭിമാനകരമായ വന്ദേ ഭാരത് എക്സ്പ്രസ് ഓടിക്കാനും ആര് നിയോഗിക്കണം എന്ന് കാര്യത്തിൽ ഇന്ത്യൻ റെയിൽവേക്കു സുരേഖയുടെ പേരല്ലാതെ മറ്റൊരു പേര് ചിന്തിക്കേണ്ടി വന്നില്ല.
നീണ്ടുകിടക്കുന്ന പാളങ്ങൾ പോലെ ഒരുപാട് അനുഭവങ്ങൾ സുരേഖക്ക് തന്റെ ഔദ്യോഗിക ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. പറയാനുണ്ട് ഒരുപാട് ഒരുപാട് കഥകൾ. അയാം റിട്ടയേർഡ് ബട്ട് നോട്ട് ടയേർഡ് എന്ന് നിശ്ചയദാർഢ്യവും ഇച്ഛാശക്തിയും കൈമുതലായുള്ള ഏതൊരാളെയും പോലെ സുരേഖയും പറയും.
1996-ല്‍ ഗുഡ്സ് ഡ്രൈവറായും 2000-ല്‍ മോട്ടോര്‍ വുമണായും പിന്നീട് 2010-ല്‍ ഘട്ട് ഡ്രൈവര്‍ എന്ന പോസ്റ്റിലും എത്തി. പഴയകാല ട്രെയിനുകൾ മുതൽ ആധുനിക ട്രെയിൻ വരെ ഓടിക്കാനുള്ള ഭാഗ്യം സുരേഖുണ്ടായി.
മുപ്പതിന് വിരമിക്കാൻ ഇരിക്കുന്ന സുരേഖ യാദവിനെ തേടി ഇന്ത്യയുടെയും ലോകത്തിന്റെയും പല ഭാഗങ്ങളിൽ നിന്ന് മാധ്യമപ്രവർത്തകർ ധാരാളം എത്തുന്നുണ്ട്. ഏഷ്യയിലെ ആദ്യത്തെ വനിതാ ലോക്കോ പൈലറ്റിനെ കുറിച്ച്, അവരുടെ ജീവിത വിജയത്തെക്കുറിച്ച്, ജീവിതത്തെക്കുറിച്ച് എഴുതാനും കാണിക്കാനും.
ഒരു കർഷക കുടുംബത്തിൽ ജനിച്ച് ഇന്ത്യൻ റെയിൽവേയുടെ ചരിത്ര വനിതയായി സുരേഖ മാറുമ്പോൾ സത്താറ എന്ന ഏഴു നക്ഷത്രങ്ങളുടെ നാട് കൂടി ചരിത്രത്തിലേക്ക് ഇടം പിടിക്കുകയാണ്.
തിക്കും തിരക്കും ചൂളം വിളിയും നിറഞ്ഞ 36 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിലും കുടുംബജീവിതം ട്രാക്ക് തെറ്റാതെ മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞുവന്നത് സുരേഖയുടെ വലിയ നേട്ടം. പോലീസ് ഉദ്യോഗസ്ഥനായ ഭർത്താവും എൻജിനീയർമാരായ രണ്ടു മക്കളും സുരേഖയ്ക്ക് എല്ലാ പിന്തുണയുമേകി എപ്പോഴും കൂടെയുണ്ട്.
ഇന്ന് ഇന്ത്യയിൽ ആയിരക്കണക്കിന് ട്രെയിനുകൾ ഏതൊക്കെയോ സ്ഥലങ്ങളിലൂടെ പാഞ്ഞു പോകുമ്പോൾ അതിന്റെ ലോക്കോ മോട്ടിവ് ക്യാബിനിൽ ഇരിക്കുന്ന വനിതാ ലോക്കോ പൈലറ്റുമാർ സ്നേഹത്തോടെ നന്ദിയോടെ അഭിമാനത്തോടെ തങ്ങളുടെ സുരേഖ ദീദിയെ ഓർക്കും.
തങ്ങൾക്ക് മുന്നേ ഈ ട്രാക്കുകൾ താണ്ടിയ സുരേഖ ദീദിയെ....