മണ്ണ് വളക്കൂറുള്ളതാക്കാന്‍ ആമസോണ്‍ ഗോത്രചികിത്സ
പ്രളയം ഘടനമാറ്റിയ മണ്ണില്‍ ഉത്പാദനം സാധ്യമാക്കാന്‍ കാര്‍ഷിക കേരളം ഏറെ പണിപ്പെടുന്നുണ്ട്. ഉരുള്‍ പൊട്ടലിനും മണ്ണിടിച്ചിലിനും പ്രളയത്തിനും ശേഷം ജാതി, കൊ ക്കോ, ഗ്രാമ്പൂ, റബര്‍, കാപ്പി, തെങ്ങ്, തേക്ക്, മഹാഗണി മുതലായവ പലയിടത്തും ഉണങ്ങി. എന്നാല്‍ കാര്യമായി ആരും ശ്രദ്ധിക്കാതെ പോയ ഒരു കാര്യമുണ്ട്. വനങ്ങളില്‍ ഇത്തരം പ്രതിഭാസങ്ങളുണ്ടായില്ലെന്നത്. എന്തുകൊണ്ടാണിത്?

വനമണ്ണിലെ ജൈവാംശത്തിന്റെ (Humus) അളവും കൃഷിസ്ഥലത്തേതും തമ്മിലുള്ള വ്യത്യാസമാണിതിനു പിന്നില്‍. കൃഷിസ്ഥലങ്ങളില്‍ പൊതുവേ ജൈവാംശം ഒരു ശതമാനം കുറവായിരിക്കും. വനമണ്ണില്‍ ഇതിന്റെ തോത് ഹെക്ടറില്‍ അഞ്ചു ശതമാനം മുതല്‍ ഏഴു ശതമാനം വരെയാകാം. നമ്മുടെ മണ്ണില്‍ ജൈവാംശം ആവശ്യത്തിനുണ്ടായിരുന്നെങ്കില്‍ പ്രളയശേഷമുണ്ടായ പല പ്രശ്‌നങ്ങളും മണ്ണിനെ ബാധിക്കില്ലായിരുന്നു. മണ്ണിന്റെ വളക്കൂറ് നിലനിര്‍ത്തുന്ന പ്രധാന ഘടകം ജൈവാംശമാ ണെന്ന് അമേരിക്കയിലെ ഡോ. വില്ല്യം ഓള്‍ബ്രൈറ്റും ഓസ്‌ട്രേലിയയിലെ ഡോ. ക്രിസ്റ്റീന ജോണ്‍ സും നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ജൈവാംശമെന്നാല്‍ മണ്ണിലുള്ള സ്ഥായിയായ കാര്‍ബ ണാണ്. ആഗോളതാപനം ചെറുക്കുന്നതിലും ഇതിന് പ്രധാന സ്ഥാനമുണ്ട്.

ഹൈറേഞ്ച് മേഖലയില്‍ പലരുടെയും ഏലച്ചെടികള്‍ പ്രളയത്തില്‍ നശിച്ചു. എന്നാല്‍ ജൈവകൃഷിയിലൂടെ മണ്ണില്‍ ജൈവാം ശം നിലനിര്‍ത്തിയവര്‍ക്ക് നല്ല വിളവു ലഭിച്ചു. ചെടികളുടെ വളര്‍ച്ചയ്ക്കും കാര്‍ഷിക ഉത്പാദനത്തിനും അഞ്ചു ശതമാനം ജൈവാംശമെങ്കിലും മണ്ണിലുണ്ടാകണം.

ജൈവാംശത്തിന്റെ പ്രാധാന്യം മനസിലാക്കണമെങ്കില്‍ അത് മണ്ണിനു ചെയ്യുന്ന ഗുണങ്ങളെക്കുറിച്ചറിയണം. പോഷകങ്ങളെയും ധാതുക്കളെയും പിടിച്ചുനിര്‍ത്താനുള്ള കഴിവ് കളിമണ്ണിനേക്കാള്‍ ജൈവാം ശത്തിനുണ്ട്. ഏകദേശം അഞ്ചിരട്ടിയാണിത്. ഈ കഴിവിന് സിഇസി cation exchange capacity) എന്നു പറയും. കളി മണ്ണിനെ അപേക്ഷിച്ച് ക്ലേദം എന്നറിയപ്പെടുന്ന ജൈവാംശത്തിന് പോസിറ്റീവും നെഗറ്റീവുമായ അയോണുകളെ സ്വാംശീകരിക്കാനുള്ള കഴിവുള്ളതിനാല്‍ മണ്ണിലെ പിഎച്ച് സന്തുലിതാവസ്ഥയില്‍ നിലനിര്‍ത്തുന്നു.

ജൈവാംശത്തില്‍ പോഷകമൂലകങ്ങള്‍ എത്ര കൂടിയാലും ഒലിച്ചു പോകില്ല. മണ്ണിലുള്ള ക്ലേ, സില്‍ട്ട്, മണല്‍ എന്നിവയെ യോ ജിപ്പിച്ച് ചെറിയ കണികകള്‍ ഉണ്ടാക്കുന്നതിനാല്‍ ജൈവാംശം മണ്ണിന്റെ ഘടന നിലനിര്‍ത്തുന്നു. ഇപ്രകാരം നല്ല നീര്‍വാര്‍ച്ചയും വായൂസഞ്ചാരവും മണ്ണില്‍ സാധ്യമാക്കുന്നു.

ജൈവാംശം സ്ഥായിയായ കാര്‍ബ ണായതിനാല്‍ ഇത് ഒരു ശതമാനം വര്‍ധിപ്പിച്ചാല്‍ 1,68,000 ലിറ്റര്‍ മഴവെള്ളം ഒരു ഹെക്ടറില്‍ സംഭരിച്ചു വയ്ക്കാമെന്നാണ് കണക്ക്. ഇതുമൂലം ജലസേചനത്തിന്റെ അളവു കുറയ്ക്കാം. ജൈവാംശം ഊര്‍ജസ്രോതസായതിനാല്‍ അണുജീവികളുടെ പ്രവര്‍ത്തനം കൂടുന്നതു മൂലം പോഷക, ധാതുക്കള്‍ ചെടികള്‍ ക്കു ലഭ്യമാകുന്നു.

പാറ പൊടിഞ്ഞ് മണ്ണുണ്ടാകുന്നുണ്ടെങ്കിലും മേല്‍മണ്ണ് വര്‍ധിക്കുന്നത് ജൈവാംശം ഉണ്ടാക്കുന്ന പ്രക്രിയയുടെ അനന്തരഫലമാണ്. മണ്ണിന് കറുത്തനിറം പ്രദാനം ചെയ്യുന്നതും ജൈവാംശമാണ്.

സസ്യജന്യവസ്തുക്കള്‍ ധാരാളം നല്‍കി മണ്ണില്‍ ജൈ വാംശം വര്‍ധിപ്പിക്കുന്നത് പ്രായോഗികമല്ല. പുല്ലു വര്‍ഗത്തില്‍പ്പെട്ട ചെടികളുടെ വേരുകളില്‍ കാണു ന്ന 'മൈക്കോറൈസ' എന്ന കുമിള്‍ ഉത്പാദിപ്പിക്കുന്ന 'ഗ്ലോമലില്‍' എന്ന വസ്തുവാണ് ജൈ വാംശ വര്‍ധനയ്ക്ക് സഹായിക്കുന്നത്.ഇത് ഓസ്‌ട്രേലിയയിലെ ഡോ.ക്രിസ്റ്റീന ജോണ്‍സിന്റെ പഠനത്തിലുമുണ്ട്. പക്ഷെ ഈ പ്രക്രിയ വളരെ സാവധാനമാണ് നടക്കുന്നത്. ഇതിന് പ്രകാശസംശ്ലേഷണം ഊര്‍ജിതമായി നടക്കണം. സൂര്യപ്രകാശവും ജല വും സൂക്ഷ്മമൂലകങ്ങളുടെ സമൃദ്ധിയും അണുജീവികളുടെ പ്രവര്‍ത്തനവും നല്ലതോതിലു ണ്ടെങ്കിലേ പ്രകാശസംശ്ലേഷണം ഉത്തമമാകൂ. ഇതിന് എന്‍പികെ മാത്രം കൊടുത്താല്‍മതിയെന്ന ചിന്താഗതി ശരിയല്ല. പ്രകാശസംശ്ലേഷണവുമായി ബന്ധപ്പെട്ട എന്‍സൈമുകളുടെയും മറ്റു രാസസംയുക്തങ്ങളുടെയും പ്രവര്‍ത്തനത്തിന് സൂക്ഷ്മ മൂലകങ്ങള്‍ ആവശ്യമാണ്.

കേരളത്തിലേതിനു സമാനമായ മണ്ണാണ് ബ്രസീലിലെ ആമസോണ്‍ പ്രദേശങ്ങളിലുള്ളത്. സ്പാനീഷ് യാത്രികനായ ഫ്രാന്‍സിസ്‌കോ ഡി ഓറല്ലാന 16-ാം നൂറ്റാണ്ടില്‍ രചിച്ച യാത്രാവിവരണത്തില്‍ ആമസോണ്‍ നദീതീരങ്ങളിലെ ജനനിബിഡമായ ഗ്രാമങ്ങളെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ ജനവാസകേന്ദ്രങ്ങള്‍ക്കു സമീപം 'ടെറാപ്രെട്ട' എന്ന വളക്കൂറുള്ള കറുത്തമണ്ണ് കാണപ്പെട്ടിരുന്നു എന്നദ്ദേഹം പറയുന്നു. ഇന്നും ഈ മണ്ണ് വളക്കൂറുള്ളതായി നിലനില്‍ ക്കുന്നെന്നാണ് ഗവേഷകര്‍ പറയുന്നത്. ടെറാപ്രെട്ട ഒരു പോര്‍ച്ചുഗീസ് പേരാണ്. കറുത്തമണ്ണ് എന്നാണ് ഇതിനര്‍ഥം. ആമസോണ്‍ കറുത്തമണ്ണ്, ഇന്ത്യന്‍ കറുത്തമണ്ണ് എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. ഇന്ത്യന്‍ ഗോത്രവര്‍ഗക്കാര്‍ വികസിപ്പിച്ചെടുത്തതാണ് ഈ കറുത്ത മണ്ണെ ന്നാണ് അനുമാനം. ഇത്തരം മണ്ണ് പെറു, ഫ്രഞ്ച് ഗയാന, ദക്ഷിണ ആഫ്രിക്ക എന്നീ പ്രദേശങ്ങളിലും കാണപ്പെടുന്നു.

കറുത്തമണ്ണിന്റെ രഹസ്യങ്ങള്‍ അറിയുന്നതിന് ധാരാളം ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. ഈ മണ്ണ് പ്രകൃതിദത്തമല്ല, മനുഷ്യനിര്‍മിതമാണെന്നതാണ് ഇതിന്റെ പ്രത്യേകത. നദീതീരങ്ങളില്‍ 20 ഹെക്ടര്‍ മുതല്‍ 890 ഹെക്ടര്‍ വരെ വിസ്തീര്‍ണമുള്ള തുരുത്തുകളായിട്ടാണ് കറുത്ത മണ്ണ് കാണപ്പെടുന്നത്. ഏകദേശം രണ്ടു മീറ്ററില്‍ കൂടുതല്‍ ആഴത്തില്‍ ഇത് കാണപ്പെട്ടിരുന്നു. കറുത്ത മണ്ണ് നാലായിരമോ അതില്‍ കൂടുതലോ വര്‍ഷങ്ങള്‍ക്കുമുമ്പ് വികസിപ്പിച്ചെടുക്കപ്പെട്ടു എന്നാണ് നിഗമനം.


ജൈവക്കരി (Biochar) മൂലമാണ് മണ്ണിന് കറു ത്ത നിറം വന്നതെന്നാ ണ് പഠനങ്ങള്‍ തെ ളിയിക്കുന്നത്. ആയിരം വര്‍ ഷം ജീര്‍ണിക്കാതിരിക്കാനുള്ള കഴിവ് ജൈവക്കരിക്കുണ്ട്. പോഷക ങ്ങളും ധാതുക്കളും വെ ള്ളവും പിടിച്ചു നിര്‍ ത്താനുള്ള കഴിവുമുണ്ടിതിന്. അണുജീവികളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുകയും ചെ യ്യും. കാര്‍ഷിക മേഖലയ്ക്കു ഗുണം ചെയ്യു ന്ന സുപ്രധാന കണ്ടുപിടിത്തമാണിത്. അണുജീവികളുടെ പ്രവര്‍ത്തനം മൂലം ഈ മണ്ണ് ഓരോ വര്‍ഷവും വളര്‍ന്നുകൊണ്ടിരിക്കുന്നു.


കറുത്ത മണ്ണില്‍ ഒമ്പതു മുതല്‍ 14 ശതമാനം വരെ കാര്‍ബണുണ്ട്. ജനവാസ കേന്ദ്രങ്ങളിലെ മണ്ണില്‍ കാര്‍ബണ്‍ കൂടുതലാണ്. ഈ മണ്ണ് വികസിപ്പിച്ചെടുക്കാന്‍ ഗോത്രവംശജര്‍ ജൈവക്കരി കൂടാതെ മനുഷ്യ, മൃഗ വിസര്‍ജ്യങ്ങള്‍, അടുക്കള മാലി ന്യം, എല്ല്, മുള്ള്, ചാരം, കമ്പോ സ്റ്റ്, ചെടികള്‍ എന്നിവയാണ് ഉപയോഗിച്ചിരുന്നത്.

അന്നത്തെ കാലത്ത് മണ്‍ചട്ടികളില്‍ മനുഷ്യന്‍ വിസര്‍ജനം നടത്തിയതിനു ശേഷം ജൈവക്കരികൊണ്ട് മൂടിയിരുന്നു. ചട്ടി നിറയുമ്പോള്‍ ചട്ടിയോടുകൂടി ഉടച്ച് മണ്ണില്‍ ചേര്‍ക്കുകയാണ് ചെയ്തിരുന്നത്. ഇക്കാരണത്താല്‍ ഇവിടത്തെ കറുത്ത മണ്ണില്‍ ചട്ടിയുടെ കഷണങ്ങളുണ്ടാകും. വര്‍ഷങ്ങളോളമുള്ള അണുജീവികളുടെയും കാലാവസ്ഥ, മറ്റുഘടകങ്ങള്‍ എന്നിവയുടെയും പ്രവര്‍ ത്തനം കൊണ്ട് വളക്കൂറ് കൂടുതലുള്ള മണ്ണ് രൂപപ്പെട്ടു. ഇത്തരം ഗോത്രരീതി ഇന്ന് പ്രാവര്‍ത്തികമല്ല. എങ്കിലും ഈ രീതി നമുക്ക് മറ്റൊരു തരത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയും. എല്ലു കഷണങ്ങള്‍, ഉണങ്ങിയ രക്തം, ചാണകം, കമ്പോസ്റ്റ്, ജൈവകരി എന്നിവ ഉപയോഗിച്ച് വളക്കൂറില്ലാത്ത മണ്ണിനെ ഫലഭൂയിഷ്ഠമാക്കാം. പുതിയ രീതികളും വികസിപ്പിച്ചെടുക്കാം. ആഫ്രിക്കയില്‍ മിഷണറി പ്രവര്‍ത്തനം നടത്തുന്ന ഒരു മലയാളി വൈദികന്‍, ജൈവക്കരി ഉപയോഗിച്ച് ഹോസ്റ്റലിലെ കുട്ടികളുടെ മൂത്രം ദുര്‍ഗന്ധമില്ലാതെ സംസ്‌കരിച്ച കാര്യം സന്ദര്‍ഭവശാല്‍ ഓര്‍ത്തുപോകുകയാണ്. കമ്പോസ്റ്റാക്കിയാല്‍ ഒന്നാന്തരം വളമാണിതെന്ന് ഞാന്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തി.

നമ്മുടെ നാട്ടിലെ തൊഴുത്തുകളിലും കോഴിഫാമുകളിലും 20 ശതമാനം മുതല്‍ 50 ശതമാനം വരെ ചാണകത്തിന്റെ കൂടെയോ ലിറ്ററിന്റെ കൂടെയോ ജൈവക്കരി ചേര്‍ത്താല്‍ ദുര്‍ഗന്ധമുണ്ടാവില്ല. മാത്രമല്ല പല രോഗങ്ങളും വരാതിരിക്കുകയും ചെയ്യും. കരി ചേര്‍ത്ത വിസര്‍ജ്യവസ്തുക്കള്‍ കമ്പോസ്റ്റാക്കിയാല്‍ ഉത്തമമായ വളം കിട്ടും. ഈ വളം വര്‍ഷം തോറും മണ്ണിലിട്ടുകൊണ്ടിരുന്നാല്‍ വളക്കൂറുവര്‍ധിച്ചുകൊണ്ടേയിരിക്കും. വിളവും മെച്ചപ്പെടും.

ജൈവക്കരിയും ഗുണങ്ങളും

സസ്യജന്യവസ്തുക്കള്‍ വായുവിന്റെ അഭാവത്തില്‍ 400-500 ഡിഗ്രി സെല്‍ഷ്യസില്‍ കരിക്കുമ്പോള്‍ ജൈവക്കരി ലഭിക്കുന്നു. ഈ കരിയുടെ ഉള്ളറകളില്‍ പെട്രോളിയം കണികകള്‍ കാണപ്പെടുന്നു. കൂടാതെ മറ്റു വസ്തുക്കളും. ഇത് അണുജീവികള്‍ക്കും കുമിളുകള്‍ക്കും ഭക്ഷണമായിത്തീരുകയും ആവാസവ്യവസ്ഥയായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. ചീയാതെ കിടക്കുന്ന ജൈവ വസ്തുക്കള്‍ ജൈവക്കരിയുടെ സാന്നിധ്യത്തില്‍ എളുപ്പം വിഘടിക്കും. ഇത് കൂടുതല്‍ കാര്‍ബണുണ്ടാക്കും. ജൈവാംശം വര്‍ധിപ്പിക്കുകയും ചെയ്യും. ഇങ്ങനെയാണ് കറുത്ത മണ്ണ് വര്‍ഷംതോറും വളരുന്നത്. ജൈവക്കരിക്ക് പോഷക,ധാതുക്കളെ സ്വാംശീകരിക്കാനുള്ള കഴിവു കൂടുതലാണ്. ഇതിനാല്‍ പോഷകാംശങ്ങള്‍ ഒലിച്ചു പോകില്ല. അഞ്ചിരട്ടി ജല സംഭരണശേഷിയുള്ളതിനാല്‍ മണ്ണില്‍ മഴവെള്ളം ഫലപ്രദമായി സംഭരിച്ചുവയ്ക്കാനും കഴിയും. ജൈവാംശം വര്‍ധിക്കുന്നതിനാല്‍ മണ്ണിന്റെ ഘടന ഉഷാറാകുന്നു. വായുസഞ്ചാരവും നീര്‍വാര്‍ച്ചയും കൂടുന്നു. കൂടാതെ പിഎച്ച് സന്തുലിതമാകുന്നു. കാര്‍ഷിക ആവശ്യത്തിന് ഏറ്റവും പറ്റിയത് മുളക്കരിയാണെങ്കിലും മറ്റുസ്രോതസുകളെ അവഗണിക്കേണ്ടതില്ല. പൊടിച്ച ജൈവക്കരിയേക്കാള്‍ തരിരൂപത്തില്‍ അരിയുടെ വലിപ്പമുള്ള കരിയാണ് നല്ലത്.

അതിവര്‍ഷമുള്ള ഉഷ്ണമേഖല പ്രദേശങ്ങളില്‍ വളക്കൂറ് നിലനിര്‍ത്തുന്നതിന് ജൈവക്കരി ഒന്നാന്തരമാണ്. മണ്ണില്‍ നേരിട്ടുചേര്‍ക്കുന്നതിനു മുമ്പ് 20 ശതമാനം കമ്പോസ്റ്റുണ്ടാക്കുമ്പോള്‍ ചേര്‍ക്കുകയോ രണ്ടു മുതല്‍ നാലാഴ്ചവരെ ഏതെങ്കിലും പോഷക ദ്രാവകത്തില്‍ (മൂത്രം മുതലായവ) മുക്കിയിട്ട് റീചാര്‍ജ് ചെയ്യുകയോ വേണം. നേരിട്ടുപയോഗിച്ചാല്‍ ചെടികള്‍ക്ക് താല്കാലികമായി പോഷക ദാരിദ്ര്യം അനുഭപ്പെടും. ഫലം ഉദ്ദേശിച്ചതുപോലെ കിട്ടുകയുമില്ല.

ജൈവക്കരി എങ്ങനെ?

ജൈവകരി ഉണ്ടാക്കുന്നതിനു പല മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും കൃഷിക്കാര്‍ക്ക് യോജിച്ചത് ജൈവക്കരി അടുപ്പുകളാണ്. പാചകവും നടക്കും കരിയും കിട്ടും. ഇന്ത്യയില്‍ ഇത്തരം സ്റ്റൗകള്‍ വികസിപ്പിച്ചത് തെലുങ്കാനയിലെ എന്‍ജിനിയറായ ഡോ. സായിബാസ്‌കര്‍ എന്‍. റെഡ്ഡിയാണ്. പക്ഷെ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോയി. ചെന്നൈയിലെ സെര്‍വല്‍സ് ഓട്ടോമേഷന്‍, ചാമ്പ്യന്‍ സ്റ്റൗ വില്‍ക്കുന്നുണ്ട്. കേരളത്തില്‍ ജൈവക്കരിയെക്കുറിച്ച് കാര്‍ഷിക യൂണിവേഴ്‌സിറ്റി ഒരു ചെറിയ പഠനം നടത്തിയതല്ലാതെ പുരോഗതിയൊന്നും കാണുന്നില്ല. മഹാരാഷ്ട്രയില്‍ ബയോസാറ്റ് എന്ന പേരില്‍ പ്രത്യേകതരം ജൈവക്കരി വില്ക്കപ്പെടുന്നുണ്ട്. അവിടത്തെ ആവ ശ്യം നിറവേറ്റാന്‍ പോലും അവര്‍ ക്കു സാധിക്കുന്നില്ല.

ജൈവക്കരി സ്റ്റാര്‍ട്ടപ്പാക്കാം

സ്റ്റാര്‍ട്ടപ്പുകളുടെ കാലമാണല്ലോ ഇപ്പോള്‍. ജൈവക്കരിയും അടുപ്പുകളുമുണ്ടാക്കി കര്‍ഷകരിലെത്തിക്കാന്‍ കഴിഞ്ഞാല്‍ ഉത്പാദനക്ഷമത നിലനിര്‍ത്താന്‍ കഴിയും. പല വിവരങ്ങളും ഇന്റര്‍നെറ്റിലൂടെ ലഭ്യമാണ്. എങ്കിലും നമ്മുടെ സാഹചര്യങ്ങള്‍ക്ക് ഉതകുന്നരീതികള്‍ വികസിപ്പിക്കേണ്ടിയിരിക്കുന്നു. നമ്മുടെ നാട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന ചകിരിച്ചോറും ഉമിയും ജൈവക്കരിസ്രോതസുകളായി ഉപയോഗിക്കാം. കാലടിഭാഗത്തുള്ള അരിമില്ലുകളില്‍ നിന്നും തള്ളിക്കളയുന്ന പാഴ് വസ്തുവായ ഉമിക്കരി, ചാരം നീക്കി പഠനങ്ങള്‍ നടത്തി പ്രചരിപ്പിക്കേണ്ടിയിരിക്കുന്നു. എറണാകുളത്തുള്ള ഇങഎഞക കൃഷിവിജ്ഞാന കേന്ദ്രം മീന്‍വളര്‍ത്തലില്‍ ഉമിക്കരി വിജയകരമായി ഉപയോഗിക്കുന്നു. കേരളത്തിലെ മണ്ണ് ഫലഭൂയിഷ്ഠമാക്കാന്‍ നല്ല ഒരു മാര്‍ഗമാണ് ജൈവക്കരിയുടെ ഉപയോഗം. ജൈവക്കരി വളക്കൂറ് വര്‍ധിപ്പിക്കുന്നതല്ലാതെ കുറയ്ക്കുന്നില്ല എന്ന് ടെറാപ്രെട്ട എന്ന മണ്ണ് നമ്മെ പഠിപ്പിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഡോ. പി. എ. മാത്യു
മുന്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച്
ഫോണ്‍: 04862-288202