അറിയുമോ? ഈ ചേമ്പുകളെ
കുറെയേറെ വര്‍ഷങ്ങള്‍ മുമ്പ് നമ്മുടെ നാട്ടില്‍ വ്യാപകമായി കൃഷിചെയ്തിരുന്ന പല കാര്‍ഷിക വിളകളും ഇന്നു നമുക്കന്യമാണ്. ഒട്ടനവധി പോഷകമേന്മകളുള്ള ഇത്തരം വിളകളെ കണ്ടെത്തി സംരക്ഷിക്കേണ്ടത് വരും തലമുറയോടുള്ള കരുതല്‍ കൂടിയാണ്. പതിറ്റാണ്ടുകളായി ആരാലും ശ്രദ്ധിക്കപ്പെടാതെ, കൃഷിചെയ്യാതെ അന്യംവന്ന രണ്ടിനം ചേമ്പുകളുണ്ട് നമ്മുടെ നാട്ടില്‍. ഇവയ്ക്ക് ഭേദപ്പെട്ട വിളവു ലഭിക്കുമെന്നു മാത്രമല്ല, വിത്തും തടയും ഭക്ഷ്യയോഗ്യവുമാണ്. രുചിയില്‍ കേമന്‍മാര്‍. മറ്റൊരിനം ചേമ്പിന്റെയും തടയ്ക്ക് ഈ മേന്മ അവകാശപ്പെടാനാകില്ല. പലയിനങ്ങളുടെയും തട ചൊറിച്ചില്‍ ഉണ്ടാക്കുന്നവയാണ്. ഇതില്‍ നിന്നെ ല്ലാം വ്യത്യസ്തമാണിവ. കൂടാതെ ഈ രണ്ടിനത്തിന്റെയും ഇലയും കറിയാക്കാം. സമൂലം ഭക്ഷ്യയോഗ്യമാണിവ. നനച്ചേമ്പും സുശീലന്‍ ചേമ്പുമാണീയിനങ്ങള്‍.

നനചേമ്പ്

പേരു സൂചിപ്പിക്കുന്നതുപോലെ തന്നെയാണ് ഇതിന്റെ പ്രകൃതം. പൂര്‍വികര്‍ വര്‍ഷത്തില്‍ രണ്ടുതവണയായാണ് ഇത് കൃഷി ചെയ്തിരുന്നത്. നന്നായി നനച്ചാല്‍ കൃഷി വര്‍ഷത്തില്‍ മൂന്നു തവണയാക്കാം. തണ്ടിനും ഇലയ്ക്കും കടും പച്ചനിറമെന്നു പറയാനാകില്ല. വെറും മൂന്നര-നാലു മാസം കൊണ്ട് വിളവെടുക്കാം.

സുശീലന്‍ ചേമ്പ്

തണ്ടിന് വയലറ്റ് നിറം. വര്‍ഷത്തില്‍ ഒരു തവണയായിരുന്നു കൃഷി. നാലഞ്ചുമാസം കൊണ്ട് വിളവെടുക്കാവുന്ന ഇനമായതിനാല്‍ വര്‍ഷത്തില്‍ രണ്ടുതവണ വേണമെങ്കിലും കൃഷി നടത്താം.


എങ്ങനെ വളര്‍ത്താം

രണ്ടിനത്തിന്റെയും കൃഷി രീതികളും വളപ്രയോഗവും പരിചരണവും ഒരുപോലെയാണ്. കാലവര്‍ഷാരംഭത്തോടെ നടാം. മണ്ണില്‍ ചെറു കുഴികളെടുത്തോ വരമ്പിലോ ആകാം കൃഷി. രണ്ടടി അകലത്തില്‍ വിത്തുനടണം. ഉണങ്ങിയ കാലിവളം, കമ്പോസ്റ്റ് ഇവയിലേതെങ്കിലും ചേര്‍ത്ത് അല്പം മണ്ണിട്ട് വാരം കോരാം. അതിനുമുകളില്‍ കരിയിലയോ ചപ്പുചവറുകളോ നേരിയ ഘനത്തില്‍ പുതയായിടാം. മഴയില്ലെങ്കില്‍ മൂന്നുനാലു ദിവസത്തേക്ക് വൈകുന്നേരം നേരിയ നന കൊടുക്കണം. തുടര്‍ന്നു നനച്ചാല്‍ നല്ല വിളവു പ്രതീക്ഷിക്കാം. മഴകിട്ടിയാല്‍ ചേമ്പ് കരുത്തോടെ വളരും. ഈ സമയം ചുവട്ടിലെ കളകള്‍ നീക്കിക്കൊടുക്കണം. രണ്ടു മാസത്തിനുള്ളില്‍ മുഴുവന്‍ കളകളും പറിച്ച് ചുവട്ടിലിടണം. ഇതിനു മുകളില്‍ ജൈവവളങ്ങളും ചേര്‍ക്കാം. കുറെ ചപ്പുചവറുകള്‍ കൂടി മുകളില്‍ ഇട്ടുകൊടുത്താല്‍ ചേമ്പ് ഗംഭീര വളര്‍ച്ചയിലേക്കു പോകും. ചുവട്ടില്‍ കുറേശെ മണ്ണിട്ടുകൊടുക്കണം.

കോഴിവളപ്രയോഗം മിക്കവാറും ചേമ്പിനങ്ങള്‍ക്ക് വളരെ ഗുണകരമാണ്. എന്നാല്‍ ഈ രണ്ടിനത്തിനും ഇതുപാടില്ല. എത്ര മഴയുള്ള സമയത്താണെങ്കിലും കോഴിവളം ഇട്ടാല്‍ ഇലകള്‍ അഴുകി ചേമ്പിന്റെ വളര്‍ച്ച മുരടിക്കും. കാര്യമായ വിളവു കിട്ടുകയുമില്ല. അതുകൊണ്ട് കോഴിവളം ഉപയോഗിക്കാനേ പാടില്ല.

ജോസ് മാധവത്ത്
ഫോണ്‍: 96450 33622.