എന്താ കാലാവസ്ഥ ഇങ്ങനെ ? മനസിലാക്കണം മാറണം
കേരളം കാലാകാലങ്ങളായി പാലിച്ചുപോന്ന കാര്‍ഷിക കലണ്ടര്‍ ക്രമം തെറ്റുകയാണ്. ആഗോളതാപനത്തിന്റെ ഫലമായുള്ള അപൂര്‍വ കാലാവസ്ഥാ വ്യതിയാനങ്ങളിലൂടെയാണ് കേരളവും കടന്നുപോകുന്നതെന്നു വിദഗ്ധര്‍. കാലവര്‍ഷക്കാറ്റിനെ എതിര്‍ചുഴലിക്കാറ്റുകള്‍ കേരളത്തില്‍ കയറ്റാതെ വഴിതിരിച്ചുവിട്ടതിനാല്‍ ജൂണ്‍-ജൂലൈ മാസങ്ങളിലെ കാലവര്‍ഷത്തില്‍ 32 ശമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഓഗസ്റ്റ് ഒന്നിനു ശേഷം വന്ന പേമാരി കേരളത്തിനു സമ്മാനിച്ചത് കാര്‍ഷിക ദുരന്തങ്ങള്‍. ഉരുള്‍പൊട്ടലില്‍ കൃഷിയിടങ്ങള്‍ നാമാവശേഷമായി. വെള്ളക്കെട്ടില്‍ കീടങ്ങളുടെ ആക്രമണവും കൃഷിനാശവുമുണ്ടായി. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന തീവ്രസ്വഭാവമുള്ള ന്യൂനമര്‍ദ്ദങ്ങളാണ് പേമാരിക്ക് കാരണമായത്. ഇത് തെക്കുപടിഞ്ഞാറന്‍ കാറ്റിനെ ശക്തമാക്കി. അറബിക്കടലില്‍ നിന്നുള്ള നീരാവിയെ പശ്ചിമഘട്ടത്തിലെത്തിച്ചു. പശ്ചിമഘട്ടത്തിനു പടിഞ്ഞാറ് മഴ രൂക്ഷമാകാന്‍ കാരണമിതാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദം വടക്കന്‍ കേരളത്തിലാകും മഴ ശക്തമാക്കുന്നത്.

കേരളത്തിനു സമാനമായ കാലാ വസ്ഥാ വ്യതിയാനം ഇന്തോനേഷ്യ, വിയറ്റ്‌നാം തുടങ്ങിയ തെക്കുകിഴക്ക് ഏഷ്യന്‍ രാജ്യങ്ങളിലും ലോകം മുഴുവനിലും അനുഭവപ്പെടുന്നുണ്ട്. കേരളത്തില്‍ 2000 മുതല്‍ തന്നെ മഴകുറയുന്ന പ്രതിഭാസം ദൃശ്യമായിരുന്നെങ്കിലും ഇത്രയും രൂക്ഷമാകുന്നത് ഇതാദ്യമാണ്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസൃതമായി ബദല്‍ കാര്‍ഷിക മാതൃകകളും കൃഷി സമീപനവുമൊക്കെ ഊര്‍ജിതമാക്കേണ്ട സമയമാണിത്. സര്‍ക്കാര്‍ തലത്തില്‍ തന്നെ ഇതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുകയും ഇത് കര്‍ഷകരില്‍ എത്തിക്കുകയും വേണം.

ജൂണ്‍- ജൂലൈയില്‍ മഴയില്‍ 449.2 മില്ലിമീറ്ററിന്റെ കുറവ്

1384 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട ജൂ ണ്‍- ജൂലൈ മാസങ്ങളില്‍ ലഭിച്ചത് 934.8 മില്ലിമീറ്റര്‍ മഴയാണ്. 449.2 മില്ലിമീറ്ററിന്റെ കുറവ്. ലഭിക്കേണ്ട മഴയുമായി താരതമ്യം ചെയ്യുമ്പോള്‍ 32 ശതമാനത്തിന്റെ കുറവുണ്ടെങ്കിലും കഴിഞ്ഞ അഞ്ചുവര്‍ഷം ശരാശരി ലഭിച്ച മഴയുമായി താരതമ്യം ചെയ്യുമ്പോള്‍ 19 ശതമാനത്തിന്റെ കുറവാണുണ്ടാ യത്. കാലവര്‍ഷം കുറഞ്ഞതോടെ ഈ സമയത്തെ താപനില വര്‍ധിച്ചു. ഇതിനാല്‍ കൃഷിതടസപ്പെട്ട് കളകള്‍ വളര്‍ന്നു, പ്രത്യേകിച്ച് നെല്‍പ്പാടങ്ങളില്‍. കീടങ്ങളുടെ ആക്രമണവും രൂക്ഷമായി. പുതിയ കളകളുടെയും കീടങ്ങളുടെയും ആവിര്‍ഭാവവും സംഭവിക്കുന്നുണ്ട്. കാലാവസ്ഥയിലെ വ്യതിയാനം ഉത്പാദനത്തേയും പിന്നോട്ടടിക്കുന്നു.

കേരളത്തിന്റെ അന്നം മുട്ടിച്ച്...

ജലലഭ്യതയില്ലാത്തതിനാല്‍ പാലക്കാടുള്‍പ്പെടെയുള്ള പച്ചക്കറി, നെല്‍കൃഷിമേഖലകളില്‍ കൃഷി പകുതിയായി കുറഞ്ഞിട്ടുണ്ട്. കേരളത്തിലേക്ക് പച്ചക്കറിയെത്തുന്ന തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ കൃഷിയെയും ജൂണ്‍-ജൂലൈയിലെ മഴക്കുറവ് കാര്യമായി ബാധിച്ചു. ഡാമുകളിലെ ജലനിരപ്പ് താഴ്ന്നത് ഇവിടങ്ങളിലെ ഉത്പാദനത്തെ പിറകോട്ടടിച്ചു. പിന്നീടുവന്ന പ്രളയം തുടങ്ങിവച്ച കൃഷി നശിപ്പിച്ചു. തെക്കേ ഇന്ത്യയില്‍ നിന്ന് മഴമാറിയപ്പോള്‍ മധ്യ ഇന്ത്യ പ്രളയത്തിലേക്കു നീങ്ങി. കേരളത്തിലേക്ക് അരിയെത്തുന്ന സംസ്ഥാനങ്ങളിലുണ്ടാകുന്ന പ്രളയം കേരളത്തിലേക്കുള്ള അരി ലഭ്യതയിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. മഴയെത്താത്തതിനാല്‍ കേരളത്തിലെ ഭൂരിഭാഗം നെല്‍പ്പാടങ്ങളിലും വിത താമസിച്ചിട്ടുണ്ട്. രണ്ടുകൃഷി നടക്കുന്ന പാലക്കാട്ടെ പാടങ്ങളില്‍ നെല്‍ക്കൃഷി ഒന്നിലേക്ക് ഒതുങ്ങുന്ന സ്ഥിതിയുണ്ട്. ജൂണ്‍ ആദ്യം ലഭിക്കുന്ന മഴയാണ് ഉപ്പുരസം മാറ്റി വിതയ്ക്കാന്‍ നെല്‍പ്പാടങ്ങളെ സജ്ജമാക്കുന്നത്. ദിവസവും തൃല്യഅളവില്‍ മഴ ലഭിച്ചാലേ കൃഷി നടക്കൂ. എന്നാല്‍ ഒറ്റപ്പെട്ട ദിവസങ്ങളില്‍ തോരാതെ പെയ്യുന്ന മഴ മണ്ണിന്റെ വളക്കൂറ് നഷ്ടപ്പെടുത്തുന്നു.

ഹൈറേഞ്ചിനെ പിടിച്ചു കുലുക്കി...

കാലാവസ്ഥാ വ്യതിയാനം ഏറ്റ വും കൂടുതല്‍ ബാധിച്ചത് ഹൈറേഞ്ചിനെയാണ്. ജൂണ്‍-ജൂലൈ മാസങ്ങളില്‍ 28 ഡിഗ്രി സെല്‍ഷ്യസിനു താഴെ താപനില നിന്നാലെ ഏലം ഉള്‍പ്പെടെയുള്ളവിളകള്‍ പൂക്കുകയും കായ്ക്കുകയും ചെയ്യൂ. എന്നാല്‍ ഇവിടങ്ങളിലെ താപനില 32 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ പോയി. ഇതിനാല്‍ പുതുതായുണ്ടാകുന്ന ശരങ്ങളിലെ ഏലക്കായകള്‍ ഭൂരിഭാഗവും കൊഴിഞ്ഞു. കഴിഞ്ഞ മേയില്‍ അനുഭവപ്പെട്ട 38 ഡിഗ്രി താപനിലയില്‍ പലയിടത്തും ഏലം കിഴങ്ങുസഹിതം വെന്ത് നശിച്ചിരുന്നു. ഇതിനു പകരം പുതിയ തട്ടകള്‍ നട്ടെങ്കിലും മഴയില്ലാത്തതിനാല്‍ ഇവ കരിഞ്ഞു. പിന്നീടുണ്ടായ പേമാരി കൃഷിയിടങ്ങള്‍ തന്നെ നാമാവശേഷമാക്കി. കുരുമുളകിനും ഇതു തന്നെ സംഭവിച്ചു.

കാടുകളിലെ കാലാവസ്ഥ താളം തെറ്റുന്നതിനാല്‍ കുരങ്ങ്, കാട്ടുപോത്ത്, ആന തുടങ്ങിയ വന്യജീവികളെല്ലാം കൃഷിയിടങ്ങളിലേക്കിറങ്ങുന്നതും കര്‍ഷകര്‍ക്കുണ്ടാക്കുന്ന തലവേദന ചില്ലറയല്ല.

കാരണമെന്ത്?

പണ്ടും ഒരു ദിവസം പോലും തോരാത്ത മഴപെയ്തിട്ടുണ്ട്. അന്നും പുഴകളും കായലുകളുമൊക്കെ നിറ ഞ്ഞു കവിഞ്ഞിരുന്നെങ്കിലും ഇന്ന ത്തേതു പോലത്തെ പ്രളയത്തിലേക്ക് വഴുതി വീണിരുന്നില്ലെന്ന് പഴമക്കാര്‍. 2000 മുതല്‍ മഴയില്‍ പ്രകടമായ കുറവു കണ്ടുതുടങ്ങി. അത്യാവശ്യം വര ള്‍ച്ചയും വന്നു. ഇപ്പോള്‍ കാലാവസ്ഥ അതിന്റെ അതിന്റെ രൂക്ഷ അവസ്ഥയിലേക്കു വരികയാണ്. കൊടും വരള്‍ച്ച, പ്രളയം, അതിശൈത്യം ഈ രീതിയിലേക്ക് കാലാവസ്ഥ മാറുന്നു. ഇതു തുടരാനും രൂക്ഷമാകാനുമാണ് സാധ്യതയെന്ന് വിവിധ പഠനങ്ങളും വരുന്നു. 1960 കളിലൊക്കെ ഒരു ദിവസം ലഭിച്ചിരുന്ന പരമാവധി മഴ 100 മില്ലി മീറ്ററില്‍ വളരെ താഴെയായിരുന്നു. എന്നാല്‍ ഇന്ന് പലയിടത്തും 200 മില്ലി മീറ്ററില്‍ കൂടുതലാണ് ലഭിക്കുന്ന മഴയുടെ അളവ്. ദിവസം 100 മില്ലിമീറ്ററില്‍ കൂടുതല്‍ പെയ്യുന്നത് അസാധാരണ മഴയാണ്. ഇത്തരത്തില്‍ മൂന്നു മാസം പെയ്യുന്ന മഴ അഞ്ചോ എട്ടോ ദിവസങ്ങളിലേക്ക് ചുരങ്ങിയതാണ് പ്രളയത്തിനു കാരണം.

എന്താണ് മണ്‍സൂണ്‍?

'മൗസം' എന്ന അറബിപദത്തില്‍ നിന്നാണ് 'മണ്‍സൂണ്‍' എന്ന വാക്കി ന്റെ ഉത്ഭവം. 'കാലത്തിനൊത്ത് ദിശമാറുന്ന കാറ്റുകള്‍' എന്നാണ് ഇതിന്റെ അര്‍ഥം. അറബി പണ്ഡിതനായ ഹിപ്പാലസാണ് മണ്‍സൂണ്‍ കാറ്റുകളുടെ ഗതിമാറ്റം ആദ്യമായി നിരീക്ഷിച്ചത്. വര്‍ഷത്തിലൊരിക്കാല്‍ കാറ്റി ന്റെ ഗതി വിപരീതമാകുന്ന പ്രതിഭാസമാണ് മണ്‍സൂണ്‍.

കാറ്റുകള്‍ ഉണ്ടാകുന്നത് എങ്ങനെ?

അന്തരീക്ഷമര്‍ദ്ദത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് കാറ്റുകളു ണ്ടാക്കുന്നത്. ഇതനുസരിച്ച് കാറ്റിന്റെ ശക്തിയിലും മാറ്റങ്ങളുണ്ടാകും. ഇതില്‍ പ്രധാനപങ്കുവഹിക്കുന്നത് താപനിലയിലുള്ള വ്യത്യാസമാണ്. തണുപ്പു കാലാവസ്ഥയില്‍ അന്തരീക്ഷമര്‍ദ്ദം കൂടും. ചൂടേറുമ്പോള്‍ വായു വികസിച്ച് സാന്ദ്രത(മര്‍ദം)കുറഞ്ഞ് മുകളിലേക്കു പോകും. മര്‍ദ്ദം കൂടിയ തണുത്ത അന്തരീക്ഷത്തില്‍ നിന്ന് മര്‍ദ്ദം കുറഞ്ഞ ചൂടുള്ള അന്തരീക്ഷത്തിലേക്കുള്ള വായൂ പ്രവാഹമാണ് കാറ്റ്.

ന്യൂനമര്‍ദം രൂപപ്പെടുന്നത്?

കാറ്റുണ്ടാകുന്ന രീതിതന്നെയാണ് ന്യൂനമര്‍ദ്ദം എന്ന പ്രതിഭാസം. ന്യൂനമര്‍ദ്ദമെന്നാല്‍ കുറഞ്ഞമര്‍ദ്ദം എന്ന ര്‍ഥം. കടലില്‍ ചൂട് കൂടുമ്പോള്‍ ഇവിടത്തെ അന്തരീക്ഷമര്‍ദം കുറയുന്നു. ഇവിടേക്ക് മര്‍ദ്ദം കൂടിയ തണുത്ത പ്രദേശത്തുനിന്നുള്ള വായൂപ്രവാഹമുണ്ടാകുന്നതാണ് കടലിലെ ന്യൂനമര്‍ദ്ദം. ഈ പ്രവാഹത്തിന്റെ ശക്തിയനുസരിച്ച് കാറ്റിന്റെ വേഗവും വര്‍ധിക്കും.

മഴയുണ്ടാകുന്നത്?

മഴയുടെ തീവ്രത തന്നെയാണ് പ്രകൃതി ദുരന്തങ്ങളിലെ ഒന്നാം പ്രതി. മഴയെന്ന പ്രതിഭാസം പ്രധാനമായും അന്തരീക്ഷ താപനിലയുമായി ബന്ധ പ്പെട്ടതാണ്. സമുദ്രജലം ചൂടില്‍ നീരാവിയായി മുകളിലേക്കുയര്‍ന്ന് ചെറു ജലകണികകളുള്ള മഴമേഘങ്ങള്‍ രൂപപ്പെടും. ഇതിനെ കൊണ്ടുപോകുന്ന കാറ്റുകളുടെ രൂപാന്തരീകരണം, വളര്‍ച്ച, മേഘങ്ങളെ വഹിക്കു ന്ന കാറ്റുകള്‍ പോകുന്ന ഉയരം, വരു ന്ന ദിശ, ഒക്കെ തീരുമാനി ക്കപ്പെടുന്ന ത് അന്തരീക്ഷ താപനില അനുസരി ച്ചാണ്. ഈ മേഘങ്ങള്‍ ഘനീഭവിച്ച് മഴയായി താഴേക്കു വീഴുന്നു.

ഉരുള്‍പൊട്ടല്‍ എങ്ങനെ?

തുടര്‍ച്ചയായി മഴ പെയ്യുന്ന മലമ്പ്ര ദേശങ്ങളില്‍ സംഭവിക്കുന്ന പ്രതിഭാ സമാണ് ഉരുള്‍പൊട്ടല്‍. മണ്ണൊലിപ്പി ന്റെ ഒരു ഭീകരമുഖമായി ഉരുള്‍പൊ ട്ടലിനെ വിശേഷിപ്പിക്കാറുണ്ട്. മണ്ണി നടിയില്‍ പാറയോ ഉറപ്പുള്ള പ്രതല മോ ഉണ്ടെങ്കില്‍ മഴ പെയ്യുമ്പോള്‍ മുകള്‍ ഭാഗത്തുള്ള മണ്ണില്‍ വെള്ളം നിറഞ്ഞ് പ്രത്യേകതരം ഭൂഗര്‍ഭ ജല ശേഖരമുണ്ടാവുന്നു ( perched aquifer). ജലസമ്മര്‍ദ്ദം കൂടുന്നതോ ടെ ഭൂസ്ഥിരത നഷ്ടപ്പെട്ട് അത്രയും ഭാഗത്തെ മണ്ണ് തള്ളി നീങ്ങും. നിര ങ്ങി നീങ്ങുന്ന മണ്ണിനോടൊപ്പം പാറ യും ചരലും ഉരുളന്‍കല്ലുകളും വെള്ള വും ചേര്‍ന്ന് ശക്തിയോടെ താഴോട്ടൊഴുകി നാശനഷ്ടങ്ങള്‍ വിതയ്ക്കും. ഇതിനെയാണ് 'ഉരുള്‍ പൊട്ടല്‍' എന്നു വിളിക്കുന്നതെന്ന് കേരളകാര്‍ഷികസര്‍വകലാശാലയിലെ പ്രഫസറും ഡീനുമായിരുന്ന ഡോ. സി. ജോര്‍ജ് തോമസ് പറഞ്ഞു. ഇന്ന് നാം അനുഭ വിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഒന്നാമത്തെ കാരണം ആഗോളതാപനം എന്ന മനുഷ്യ നിര്‍മിത പ്രതിഭാസമാണ്.

എന്താണ് ആഗോളതാപനം?

ഭൂമിയില്‍ ജീവിക്കാനാവശ്യമായ ചൂടു നിലനിര്‍ത്തുക എന്നതാണ് ഭൂമിയുടെ ഉപരിതലത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ (Green House GasesþGHG) ധര്‍മം. എന്നാല്‍ മനുഷ്യ ഇടപെടലിലൂടെ പരിസ്ഥിതിയിലേക്കുള്ള ഇവയുടെ അമിതമായ പ്രവാഹം ഭൂമിയുടെ ശരാശരി താപനില ദീര്‍ഘകാലത്തേക്ക് വര്‍ധിപ്പിക്കുന്നതാണ് ആഗോളതാപനം. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, മീഥൈന്‍, നൈട്രസ് ഓക്‌സൈഡ്, ഫ്‌ളൂറിനേറ്റഡ് ഗ്യാസുകള്‍, സള്‍ഫര്‍ ഹെക്‌സാഫ്യൂറൈഡ് എന്നിവയൊക്കയാണ് അന്തരീക്ഷ താപനില വര്‍ധിപ്പിക്കുന്ന ഹരിതഗൃഹ വാതകങ്ങളില്‍ പ്രധാനികള്‍.


ഇവ എങ്ങനെ ഉണ്ടാകുന്നു?

കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് (CO2): എന്തു കത്തിച്ചാലും കാര്‍ബ ണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളപ്പെടും. ഫോസില്‍ ഇന്ധനങ്ങളായ പെ ട്രോളിയവും കല്‍ക്കരിയും കത്തിക്കുമ്പോഴും ഉണ്ടാകുന്നത് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആ ണ്. വാഹനങ്ങളും വ്യവസായ സ്ഥാപനങ്ങളും പുറംതള്ളുന്നതില്‍ ഭൂരിഭാഗ വും ഇതുതന്നെ. ഭൂമിയുടെ ചൂടുവര്‍ധിപ്പിക്കുന്നതില്‍ 55 ശതമാനം പങ്കുവഹിക്കുന്നതും കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ്. അതിനാല്‍ ഇതി നെ നി യന്ത്രിച്ച് അന്തരീക്ഷ താപനിലയിലെ വര്‍ധനവ് തടയാനാണ് ലോകരാഷ്ട്രങ്ങളുടെ ശ്രമം.

മീഥൈന്‍ (CH4): കന്നുകാലികളുടെ ദഹനവ്യവസ്ഥയില്‍ നിന്നാണ് മീഥൈന്റെ 40 ശതമാനവും പുറംതള്ളപ്പെടുന്നത്. എണ്ണ, കല്‍ക്കരി, പ്രകൃതി വാതക ഖനനമേഖലകളില്‍ നിന്നും മീഥൈന്‍ പുറത്തുവരുന്നു. ജൈവവസ്തുക്കള്‍ അഴുകുന്നതും മണ്ണിലെ സൂക്ഷ്മ ജീവികളുടെ പ്രവര്‍ത്തനവും മീഥൈന്‍ പുറന്തള്ളലിനു വഴിയൊരുക്കും. ബയോഗ്യാസുകളും മീഥൈന്‍ ആണ്. ഇവയുടെ ലീക്കേജ് ഗുരുതര പ്രശ്‌നമാണ്. ആഗോളതാപനം രൂക്ഷമാക്കുന്നതില്‍ നിലവില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ് പ്രധാന പങ്കുവഹിക്കുന്നത്. എന്നാല്‍ അടുത്ത 20 വര്‍ഷത്തിനുള്ളില്‍ മീഥൈന്‍ ഇതിന്റെ 80 മടങ്ങ് ശക്തിയില്‍ ചുടുവര്‍ധിപ്പിക്കുമെന്ന് അമേരിക്കന്‍ പരിസ്ഥിതി സംരക്ഷണ ഏജന്‍സി പറയുന്നു.

നൈട്രസ് ഓക്‌സൈഡ് (N2O/NOx)):- കൃഷിയില്‍ നൈട്രജന്‍ കൂടുതലുള്ള യൂറിയ, ചാണകം മറ്റു വളങ്ങള്‍ എന്നിവയുടെ ക്രമാതീതമായ ഉപയോഗം, ഇന്ധനങ്ങളുടെയും കാര്‍ഷികവസ്തുക്കളുടെയും ജ്വലനം, ചില രാസവസ്തുക്കളുടെയും രാസവളങ്ങളുടെയും ഉത്പാദനം തുടങ്ങി വിവിധ രീതികളില്‍ നൈട്രസ് ഓക്‌സൈഡ് ഭൂമിയിലെത്തുന്നു. ഇത് ശ്വസിച്ചാല്‍ വേദനഅറിയാതിരിക്കുമെന്നതിനാല്‍ (അനസ്‌തെറ്റിക്) 'ചിരിക്കുന്ന വാതകം' എന്ന അപരനാമത്തിലും അറിയപ്പെടുന്നു.

ഫ്‌ളൂറിനേറ്റഡ് ഗ്യാസുകള്‍: അലുമിനിയം, മഗ്നീഷ്യം, സെമികണ്ടക്ടര്‍ ഉത്പാദന മേഖലകള്‍, എസി, റഫ്രിജറേറ്റര്‍, കീടനാശിനികള്‍, ക്ലീനിംഗ് വസ്തുക്കള്‍, പെര്‍ഫ്യൂം, ഷേവിംഗ് ഫോം, പ്ലാസ്റ്റിക്ക് ബേസ് വസ്തുക്കള്‍ എന്നിവയെല്ലാം ഉപയോഗിക്കുന്ന ഹൈഡ്രോഫ്യൂറോ കാര്‍ബണുകള്‍, ഓസോണ്‍ പാളിയെ നശിപ്പിക്കുന്ന ക്ലോറോ ഫ്യൂറോ കാര്‍ബണായും (ഇഎഇ)ഹൈഡ്രോക്ലോറോഫ്യൂറോ കാര്‍ബണായും(ഒഇഎഇ) രൂപമാറ്റം സംഭവിക്കാന്‍ പോന്നതാണ്. ഇവയെ ല്ലാം തന്നെ താപനില ഉയര്‍ത്താന്‍ പര്യാപ്തമാണ്.

സള്‍ഫര്‍ ഹെക്‌സാഫ്യൂറൈഡ് (SF6): ട്രാന്‍സ്‌ഫോര്‍മറുകള്‍, ഇലക്ട്രിക്കല്‍ സര്‍ക്യൂട്ട് ബ്രേക്കറുകള്‍ തുടങ്ങി നിരവധി ഉപകരണങ്ങളില്‍ ഉപയോഗിക്കുന്നു. ഇതും ചൂട് വര്‍ധിപ്പിക്കും.ഓസോണ്‍ പാളിയും ആഗോളതാപനവും

ഭൂമിക്കു മുകളില്‍ 15 കിലോമീറ്ററിനും 35 കിലോമീറ്ററിനും ഇടയ്ക്ക് ഒരു കവചമായി കുടപോലെ നില്‍ക്കുന്നതാണ് ഓസോണ്‍ പാളി. സൂര്യനില്‍ നിന്നു പ്രവഹിക്കുന്ന മാരകമായ അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ 98 ശതമാനത്തേയും ഭൂമിയില്‍ കയറ്റാതെ ഈ പാളി ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നു. എന്നാല്‍ സിഎഫ്‌സി പോലുള്ള ക്ലോറിന്‍ അടങ്ങിയ വാതകങ്ങള്‍ ഇതില്‍ സുഷിരങ്ങളുണ്ടാക്കുന്നതോടെ അള്‍ട്രാ വയലറ്റ് കിരണങ്ങള്‍ നേരിട്ട് ഭൂമിയിലെത്തുന്നു. തൊലിപ്പുറത്തുള്ള കാന്‍സര്‍, സൂര്യാഘാതം എന്നിവ ഓസോണ്‍ പാളിതകര്‍ത്ത് അള്‍ട്രാവയലറ്റ് രശ്മികള്‍ നേരിട്ട് ഭൂമിയില്‍ പതിക്കുന്നതിന്റെ പ്രത്യാഘാതങ്ങളാണ്. സിഎഫ്‌സി തന്‍മാത്രകള്‍ ഓസോണ്‍പാളിക്കടുത്തെത്തുന്നു. ഇവയിലെ രണ്ട് ക്ലോറിന്‍ ആറ്റങ്ങളില്‍ ഒന്ന് അള്‍ട്രാവയലറ്റ് കിരണങ്ങളേറ്റ് വേര്‍പെടുന്നു. ഇത് മുന്ന് ഓക്‌സിജന്‍ ആറ്റങ്ങള്‍ ചേര്‍ന്ന ഓസോണ്‍ തന്‍മാത്രയിലെ ഒന്നുമായി ചേരുന്നു. ഇങ്ങനെ വേര്‍പെടുത്തപ്പെടുന്ന ഓസോണ്‍ തന്‍മാത്ര രണ്ട് ഓ ക്‌സിജന്‍ ആറ്റങ്ങളുള്ള ഓക്‌സിജനായി മാറുന്നു. ക്ലോറിന്‍ സ്വന്തമാക്കിയ ഓക്‌സിജന്റെ ഒരു ആറ്റം സ്വതന്ത്രമായ മറ്റൊരു ഓക്‌സിജന്‍ ആറ്റമെത്തുമ്പോള്‍ അതുമായി ചേര്‍ന്ന് ഓക്‌സിജന്‍ ആയി മാറുന്നു. ഇങ്ങനെ ഓസോണിന്റെ നാശം തുടരുന്നു.

ഭൂമി ചൂടുപിടിക്കുന്നതെങ്ങനെ?

അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ഭൂമിയിലെത്തിയാലും ഓസോണ്‍ അതി നെ തിരിച്ച് ബഹിരാകാശത്തേക്കു തന്നെ വിടും. ഇതിനാല്‍ ഭൂമിയിലെ താപനിലയില്‍ അത് പ്രശ്‌നങ്ങളുണ്ടാക്കില്ല. എന്നാല്‍ ഓസോണ്‍ പാളി തകര്‍ത്ത് വര്‍ധിച്ചതോതില്‍ ഭൂമിയിലെത്തുന്ന അള്‍ട്രാവയലറ്റ് കിരണങ്ങളെ ഇവിടെ ധാരാളമുള്ള ഹരിതഗൃഹ വാതകങ്ങള്‍ ആഗിരണം ചെയ്ത് പിടിച്ചു നിര്‍ത്തുന്നു. ഇതിനെ യാണ് ഗ്രീന്‍ ഹൗസ് ഇഫെക്ട് എന്നുപറയുന്നത്.

ഇതുവഴി അന്തരീക്ഷതാപം വര്‍ധി ക്കും. രാത്രിയിലും ചൂടനുഭവപ്പെടുന്നത് അള്‍ട്രാവയലറ്റ് രശ്മികളെയും സൂര്യതാപത്തെയും ഗ്രീന്‍ഹൗസ് വാതകങ്ങള്‍ ഇവിടെ പിടിച്ചു നിര്‍ത്തുന്നതിനാലാണ്. നെ ല്‍വയലുകളുടെ മുകളില്‍ രാവിലെ നാം കാണുന്ന മഞ്ഞുപാളി പോലുള്ള തണുത്ത പ്രതലമൊക്കെ പണ്ട് ഭൂമിയെ തണുപ്പിച്ചിരുന്നു. എന്നാല്‍ ഹരിതഗൃഹ വാതകങ്ങളുടെ ആധി ക്യം ചൂടുകൂട്ടി മഞ്ഞുരുക്കി ഈ ത ണുപ്പിക്കല്‍ പ്രക്രിയ തടസപ്പെടുത്തുന്നു.

ഈ പ്രശ്‌നം കേരളത്തിന്റെ മാത്ര മല്ല, ലോകം മുഴുവന്റേതുമാണ്. ഇത്തരത്തില്‍ ഭൂമിയില്‍ താപനില ഉയരുമ്പോള്‍ അത് സമുദ്രതാപനില ഉയര്‍ത്തുന്നു. ഉയര്‍ന്ന സമുദ്രതാപനില ഗ്രീന്‍ലാന്‍ഡ്, അന്റാര്‍ട്ടിക് മേഖലയിലെ ഐസിനെ ഉരുക്കും. ഇത് സമുദ്രജലനിരപ്പ് ഉയര്‍ത്തും. ചൂടുകൂടുന്നതിനാല്‍ വര്‍ധിച്ചതോതില്‍ നീരാവിയുണ്ടാകും. താരതമ്യേന തണുത്ത കാലാവസ്ഥയും മഞ്ഞുമുള്ള അന്റാ ര്‍ട്ടിക് മേഖലയില്‍ നിന്ന് നിന്ന് മര്‍ദ്ദം കുറഞ്ഞ ചൂടുകൂടിയ പ്രദേശങ്ങളിലേക്ക് കാറ്റിന്റെ ഗതി തിരിയും. ഇത് കാലാവസ്ഥയുടെ താളം തെറ്റിക്കുകയും ചുഴലിക്കാറ്റ്, പേമാരി എന്നിവയായി നമ്മിലേക്കു തന്നെയെത്തുകയും ചെയ്യും.

ഇനിയെന്ത്?

ആഗോള താപനില കൂടിക്കൊണ്ടേ യിരിക്കുന്നു. അതിനാല്‍ തന്നെ പ്രള യവും കൊടുംകാറ്റും ഒന്നും കുറയാനും സാധ്യതയില്ല. പ്രകൃതിയുടെ ചൂടുവര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കുകയും മാറുന്ന കാലാവസ്ഥയ്ക്കനുസരിച്ച് കൃഷി രീതികള്‍ മാറ്റുകയുമാണ് നാം ചെയ്യേണ്ടത്.

മണ്ണിടിച്ചില്‍ രൂക്ഷമാക്കുന്ന ക്വാറികളുടെ അശാസ്ത്രീയ പ്രവര്‍ത്തനങ്ങള്‍, തോടുകളുടെയും പുഴകളുടെയും ആഴംകുറഞ്ഞ് ഒഴുക്കു തടസപ്പെടുന്നത്, തീരങ്ങള്‍ ഇടിക്കുന്ന തരത്തിലുള്ള അമിത മണല്‍വാരല്‍, പ്ലാസ്റ്റിക് മലിനീകരണം, നിര്‍ദ്ദേശങ്ങള്‍ മറികടന്ന് അമിതമായി നടത്തുന്ന രാസവള, കീടനാശിനിപ്രയോഗം, വ്യവസായസ്ഥാപനങ്ങളും വാഹനങ്ങളും പുറംതള്ളുന്ന കാര്‍ബ ണ്‍ എന്നിവയെല്ലാം ഈ അവസ്ഥയ്ക്ക് കാരണമാണ്.

എന്തൊക്കെയാണ് പ്രതിവിധി?

റോഡ്, കെട്ടിട നിര്‍മാണം, കൃഷി, വ്യവസായ വികസനം എല്ലാം വര്‍ധിക്കുന്ന ജനസംഖ്യയ്ക്ക് ആനുപാതികമായി നടത്തേണ്ടി വരും. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ പരിസ്ഥിതി സൗഹൃദ രീതികള്‍ ആവിഷ്‌കരിക്കണം. ഇവ പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ നിബന്ധനകള്‍ വയ്ക്കുകയും നടപ്പാക്കുകയും വേണം. ബോധവത്കരണ പ്രവര്‍ത്തനങ്ങളും ആവശ്യമാണ്.

മരങ്ങള്‍ വെട്ടിയാല്‍ ഒന്നിനു പത്തെന്ന രീതിയിലെങ്കിലും ഇവ നട്ടുപിടിപ്പിക്കാന്‍ മറ്റു രാജ്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. അധിക കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ അന്തരീക്ഷത്തില്‍ നിന്നു മാറ്റാന്‍ ഇത് ഇവിടെയും പ്രാവര്‍ത്തികമാക്കണം. കെട്ടിടങ്ങളും റോഡുകളും നിര്‍മിക്കുമ്പോള്‍ ജലം ഉള്‍ക്കൊള്ളാനും ഒഴുകിപ്പോകാനുമുള്ള സൗകര്യങ്ങള്‍ ഉണ്ടാക്കണം. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുകയും വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍പോലെ ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ കുറയ്ക്കുന്ന സാങ്കേതിക വിദ്യകള്‍ രൂപപ്പെടുത്തുകയും വേണം. രാസവള, കീടനാശിനികളുടെ ഉപയോഗം ആവശ്യത്തിനനുസരിച്ച് പുനര്‍ക്രമീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഉണ്ടാക്കണം. മീഥൈന്‍ വില്ലനാകുമെന്നു പ്രവചനമുള്ളതിനാല്‍ ജൈവരീതികളിലും ഇതിന്റെ പുറംതള്ളല്‍ കുറയ്ക്കുന്ന സാങ്കേതികവിദ്യകളും ആവശ്യമാണ്.

കാര്‍ഷികമേഖലയില്‍...

കാര്‍ഷികമേഖലയില്‍ പ്രകൃതിയുടെ മാറ്റത്തിനനുസരിച്ച് ശാസ്ത്രീയമായ കൃഷി രീതികള്‍ കൊണ്ടുവരണം. ഭൂശേഷി അനുസരിച്ച് കാര്‍ഷികമേഖലയെ തരംതിരിച്ച് കൃഷി ചെയ്യുന്നത് ഉരുള്‍പൊട്ടല്‍പോലുള്ള പ്രകൃതിദുരന്തങ്ങളില്‍ കൃഷി നശിക്കുന്നത് തടയും. ഇതേക്കുറിച്ച് വിശദമായി മറ്റൊരു ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.

സ്ലോപ്പിംഗ് അഗ്രിക്കള്‍ച്ചറല്‍ ലാന്‍ഡ് ടെക്‌നോളജി (SALT)

കേരളത്തിനു സമാനകാലാവസ്ഥയുള്ള ഫിലിപ്പീന്‍സ് പോലുള്ള രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന കൃഷിസാങ്കേതികവിദ്യയാണിത്. അഗ്രോ ഫോറസ്ട്രി, അലേ സിസ്റ്റം തുടങ്ങിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ചെരിവുള്ള പ്രദേശങ്ങളില്‍ മരങ്ങളെക്കൂടി ഉള്‍പ്പെടുത്തി കൃഷി വിജയിപ്പിക്കുന്ന സാങ്കേതിക വിദ്യയാണിത്.

നമ്മുടെ നാട്ടില്‍ സമുദ്ധമായുള്ള പീലിവാകമരങ്ങളാണ് ഫിലിപ്പീന്‍സില്‍ സാള്‍ട്ട് സിസ്റ്റത്തില്‍ ഉപയോഗിക്കുന്നത്. കുന്നിന്‍ചരിവുകളില്‍ കോണ്ടൂര്‍ രീതിയില്‍ തട്ടുകള്‍ തിരിച്ച് ഈ തട്ടുകളുടെ ഇരുവശത്തും പീലിവാക വളര്‍ത്തുന്നു. ഇത് വെയില്‍മറയ്ക്കാത്തരീതിയില്‍ മുറിച്ച് കൃഷിക്ക് വളമാക്കുന്നു. വര്‍ഷകാലത്ത് ഇലപൊഴിയുന്നതിനാല്‍ കൃഷിയെ ഇത് സംരക്ഷിക്കുന്നു.

ടോം ജോര്‍ജ്
എഡിറ്റര്‍ ഇന്‍ ചാര്‍ജ്, കര്‍ഷകന്‍