പാലുത്പാദനംകൂട്ടണോ? ഇതാ ചില ടെക്‌നിക്കുകള്‍
പാലുത്പാദനംകൂട്ടണോ? ഇതാ ചില ടെക്‌നിക്കുകള്‍
Tuesday, January 21, 2020 4:47 PM IST
പത്തുലിറ്റര്‍ ചുരത്തുന്ന പശു 20 ലിറ്റര്‍ പാല്‍ ചുരത്തിയാലോ? നിസാരകാര്യമല്ല അല്ലേ? രണ്ടു പശുവിനെ വളര്‍ത്തുന്ന ചെലവില്‍ ഒന്നില്‍ നിന്ന് ഉത്പാദനം ലഭിച്ചാല്‍ ലാഭമല്ലാതെ മറ്റെന്തുണ്ടാകാന്‍. ഇതിനൊരു സാങ്കേതിവിദ്യയുണ്ട്. ഒന്നു പഠിച്ചാലോ? ഇതിന് പശുവിന്റെ ജീവിതത്തെക്കുറിച്ചറിയണം.

പശുക്കുട്ടി പൂര്‍ണവളര്‍ച്ചയെത്തി പശുവാകുന്നു, ഇവ പ്രസവിച്ച് പാല്‍ ഉത്പ്പാദിപ്പിച്ചു വീണ്ടും ഗര്‍ഭിണിയാകുന്നു. ഒരു പശുവിന്റെ ഈ ജീവിതചക്രത്തില്‍ അനുവര്‍ത്തിക്കുന്ന ആഹാരക്രമമാണ് പാല്‍ ഉത്പാദനം നിര്‍ണയിക്കുന്ന ഒന്നാമത്തെ ഘടകം. മൊത്തം ചെലവിന്റെ 80 ശതമാനവും തീറ്റയ്ക്കു മാത്രം വരുന്ന ഒരുമേഖലയില്‍ തീറ്റയുടെ പ്രസക്തി പ്രത്യേകം പറയേണ്ടതില്ലല്ലോ?. ശാസ്ത്രീയ ആഹാരക്രമത്തിലൂടെ സംസ്ഥാനത്തെ 99 ശതമാനം വരുന്ന സങ്കരയിനം പശുക്കളുടെയും ഉത്പാദനശേഷി വര്‍ധിപ്പിക്കാം.

ഇന്നത്തെ കിടാരി നാളത്തെ പശു

ഇന്നത്തെ പശുക്കുട്ടികളാണ് നാളത്തെ പശുക്കള്‍. കന്നുകുട്ടി സംരക്ഷണം ഇവ ജനിച്ചു വീഴുമ്പോള്‍ തുടങ്ങുന്നു. പ്രസവിച്ച് അരമണിക്കൂറിനുള്ളില്‍ തന്നെ പശുക്കുട്ടിയെ കന്നിപ്പാല്‍ കുടിപ്പിക്കണം. ആദ്യനാലുദിവസം പശു നല്‍കുന്ന പാലാണ് കന്നിപ്പാല്‍. അതിനാല്‍ ആദ്യ നാലുദിവസത്തെ കന്നിപ്പാല്‍ കിടാവിന് നിര്‍ബന്ധമായും നല്‍കണം. തുടര്‍ ദിവസങ്ങളില്‍ സാധാരണ പാലായിരിക്കും ലഭിക്കുക. കന്നിപ്പാലില്‍ സാധാരണ പാലിലനേക്കാള്‍ 20 ഇരട്ടി മാംസ്യവും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് കന്നുകുട്ടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തും. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. എളുപ്പം ദഹിക്കുന്ന കന്നിപ്പാല്‍ നല്ല ശോധനയു ണ്ടാക്കും.

കന്നുകുട്ടിക്ക് ആദ്യത്തെ ഒരുമാസം ശരീരഭാരത്തിന്റെ പത്തിലൊന്ന് എന്ന അളവിലാണ് പാല്‍ കൊടുക്കേണ്ടത്. അതായത് 25 കിലോയുള്ള ഒരു കന്നുകുട്ടിക്ക് ആദ്യമാസം ദിവസേന രണ്ടര ലിറ്റര്‍ (25/10 = 2.5) പാല്‍ കൊടുക്കണം. കന്നുകുട്ടി വളരുന്നതനുസരിച്ച് പാലിന്റെ അളവു ക്രമേണ കുറയ്ക്കാം. അതായത് രണ്ടാം മാസം ശരീരഭാരത്തിന്റെ പതിനഞ്ചിലൊന്ന്, മൂന്നാം മാസം ശരീരഭാരത്തിന്റെ ഇരുപതിലൊന്ന് എന്ന അളവില്‍ പാല്‍ കുടിപ്പിച്ചാല്‍ മതിയാകും. ഇത്തരത്തില്‍ അളന്നു തൂക്കി പാലു കൊടുക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാല്‍ എട്ടു ലിറ്റര്‍ പാല്‍ തരുന്ന ഒരു പശുവിന്റെ ഒരു മുലക്കാമ്പ് കന്നുകുട്ടിക്കായി കുടിക്കാന്‍ വിട്ടുകൊടുക്കുന്നതാണ് ഉത്തമം. മൂന്നുമാസമായ പശുക്കുട്ടിക്ക് പാലിന്റെ ആവശ്യമില്ല. മൂന്നുമാസം നിര്‍ദ്ദേശാനുസരണം പാല്‍ നല്‍കിയാല്‍ ശരീരവലിപ്പം കൃത്യമാകും.

15 ദിവസമായ പശുക്കുട്ടിക്ക് കുറേശേ ഇളംപുല്ല്, കാലിത്തീറ്റ എന്നിവ കൊടുത്തു ശീലിപ്പിക്കാം. ആമാശയത്തിലെ ഒന്നാമത്തെ അറയായ റൂമന്റെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ഇതു സഹായിക്കും. പ്രത്യേകം തയാറാക്കിയ സാന്ദ്രീകൃതാഹാര മിശ്രിതമായ കാഫ് സ്റ്റാര്‍ട്ടറും ഈ പ്രായത്തില്‍ കൊടുത്തു തുടങ്ങണം. ഗുണനിലവാരം കൂടിയ മാംസ്യസ്രോതസായ മത്സ്യപ്പൊടി ചേര്‍ന്ന തീറ്റയാണിത്. നാരുകുറഞ്ഞ എളുപ്പം ദഹിക്കുന്ന ഘടകങ്ങള്‍ ചേര്‍ന്ന കാഫ്സ്റ്റാര്‍ട്ടര്‍ കന്നുകുട്ടികള്‍ക്ക് പ്രിയങ്കരമാണ്. കാഫ്സ്റ്റാര്‍ട്ടര്‍ പാലില്‍ കുഴച്ചാണ് നല്‍കേണ്ടത്. പുല്ലിന്റെയും കാഫ്സ്റ്റാര്‍ട്ടറിന്റെയും അളവു ദിവസവും കൂട്ടണം. ആറുമാസം വരെയേ കാഫ്സ്റ്റാര്‍ട്ടര്‍ നല്‍കേണ്ടതുള്ളൂ. ശേഷം സാധാരണ കാലിത്തീറ്റ നല്‍കിയാല്‍ മതി. ആറാം മാസം മുതല്‍ അഞ്ചു കിലോ പച്ചപ്പുല്ലും ഒന്നേകാല്‍ കിലോ കാലിത്തീറ്റയും കൊടുക്കാം.



കിടാരി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?

ആറാംമാസം മുതല്‍ 16 മാസം വരെ പ്രായമുള്ള വളരുന്ന പശുക്കളെയാണ് കിടാരി എന്നു പറയുന്നത്. ആറു മാസമാകുമ്പോള്‍ പശുക്കുട്ടികളെ കാളക്കുട്ടികളില്‍ നിന്നു വേര്‍തിരിക്കണം. വേലിക്കുള്ളില്‍ അഴിച്ചുവിടുകയോ തൊഴുത്തില്‍ കെട്ടിയിടുകയോ ചെയ്യാം. ധാരാളം മേച്ചില്‍ സ്ഥലമോ പുല്ലോ ഉണ്ടെങ്കില്‍ പശുക്കുട്ടിക്ക് ദിവസേന അരക്കിലോ കാലിത്തീറ്റ നല്‍കിയാല്‍ മതി. പുല്ലുകുറവായ സ്ഥലങ്ങളില്‍ കാലിത്തീറ്റ അതിനനുസരിച്ചു നല്‍കണം. ഇത്തരം സാഹചര്യങ്ങളില്‍ ആറു മാസം പ്രായമുള്ള കന്നുകുട്ടിക്ക് ഒന്നേകാല്‍ കിലോ കാലിത്തീറ്റയും അഞ്ചുകിലോ പച്ചപ്പുല്ലും നല്‍കണം. ക്രമേണ കാലിത്തീറ്റയുടെയും പച്ചപ്പുല്ലിന്റെയും അളവു കൂട്ടിക്കൊണ്ടിരിക്കണം. 18 മാസമാകുമ്പോള്‍ രണ്ടു കിലോ കാലിത്തീറ്റയും 10 കിലോ പച്ചപ്പുല്ലും ആവശ്യമാണ്. ഈ രീതിയില്‍ പരിചരിച്ചാല്‍ 18-ാം മാസം പശു മദിലക്ഷണം കാണിക്കും.

വളരുന്ന കിടാരികള്‍ക്കാവശ്യമുള്ള ഊര്‍ജവും മാംസ്യവും ലഭിക്കാതെ വന്നാല്‍ വളര്‍ച്ചയെ ബാധിക്കും. പ്രായപൂര്‍ത്തിയെത്താന്‍ വൈകും. പച്ചപ്പുല്ല് ലഭ്യമല്ലാത്ത അവസരത്തില്‍ വൈക്കോല്‍ കൊടുക്കാവുന്നതാണ്. എന്നാല്‍ വൈക്കോല്‍ പ്രധാന പരുഷാഹാരമാകുമ്പോള്‍ മീനെണ്ണ പ്രത്യേകമായി നല്‍കണം. ഒരു ടീസ്പൂണ്‍ വീതം രാവിലെയും വൈകിട്ടുമായി വേണം ഇതു നല്‍കാന്‍.

പാലിനുവേണ്ടി ആഹാരം

പശുവിന്റെ ശാരീരികപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട എല്ലാ പോഷകങ്ങളും അടങ്ങിയ ആഹാരത്തേയാണ് സന്തുലിതാഹാരം എന്നു പറയുന്നത്. സങ്കരയിനം പശുക്കളുടെ സന്തുലിതാഹാരത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

1. കറവപ്പശുക്കളുടെ തീറ്റയില്‍ 60 ശതമാനം കാലിത്തീറ്റയും 40 ശതമാനം പച്ചപ്പുല്ല്, വൈക്കോല്‍ തുടങ്ങിയ പരുഷാഹാരവും ആയിരിക്കണം. കറവയില്ലാത്ത പശുക്കളുടെ തീറ്റയില്‍ ഇതില്‍ കൂടുതല്‍ പരുഷാഹാരം ഉള്‍പ്പെടുത്താം.

2. വിലകുറവുള്ള പരുഷാഹാരം വാങ്ങാന്‍ ശ്രദ്ധിക്കണം. 20 കിലോ ഗിനി, നേപ്പിയര്‍ മുതലായ നല്ലയിനം പച്ചപ്പുല്ല്, എട്ടു കിലോ വന്‍പയര്‍, തോട്ടപ്പയര്‍ തുടങ്ങിയ പയര്‍ ചെടികള്‍ എന്നിവ ഒരു കിലോ കാലിത്തീറ്റയ്ക്കു പകരമാക്കാം. ഒരു കിലോ വൈക്കോലിനു പകരം നാലഞ്ചു കിലോ പച്ചപ്പുല്ലു നല്‍കാം.

ഗുണനിലവാരമുള്ള കാലിത്തീറ്റ, ആവശ്യമായ അളവില്‍ കൊടുക്കുകയും പച്ചപ്പുല്ലും വൈക്കോലും തീറ്റയില്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ പാലുത്പാദനം താനെ ഉയരും. ഫോണ്‍: ഡോ. ബിജു- 94472 71487.

കാലിത്തീറ്റ നിങ്ങള്‍ക്കുമുണ്ടാക്കാം

പശുക്കള്‍ക്കുള്ള തീറ്റ നിങ്ങള്‍ക്കു തന്നെ തയാറാക്കാം. ഇതിനായി എന്തൊക്കെയാണ് കാലിത്തീറ്റയിലെ ചേരുവകള്‍ എന്നു മനസിലാക്കണം. കടലപ്പിണ്ണാക്ക്, തേങ്ങാപ്പിണ്ണാക്ക്, അരി, ഗോതമ്പു തവിട്, ചോളം, മരച്ചീനിപ്പൊടി എന്നിവയൊക്കെച്ചേര്‍ത്താണ് കാലിത്തീറ്റ ഉണ്ടാക്കുന്നത്. ഇത്തരം തീറ്റയില്‍ 14 മുതല്‍ 16 ശതമാനമെങ്കിലും മൊത്ത പചനീയ ഊര്‍ജം ഉണ്ടായിരിക്കണമെന്നാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് നിഷ്‌കര്‍ഷിക്കുന്നത്. ഒന്നോ രണ്ടോ പശുക്കളെ വളര്‍ത്തുന്നവര്‍ തവിടും പിണ്ണാക്കും വാങ്ങി തീറ്റയുണ്ടാക്കുമ്പോള്‍ വിപണിയിലെ കാലിത്തീറ്റയേക്കാള്‍ വില കൂടും. എന്നാല്‍ എട്ടോ പത്തോ അതിലധികമോ പശുക്കളെ വളര്‍ത്തുന്നവര്‍ സ്വന്തമായി കാലിത്തീറ്റ തയാറാക്കിയാല്‍ നഷ്ടമുണ്ടാകില്ല.

ഡോ. ബിജു ചാക്കോ, ഡോ. ശ്രീജ എസ്. ജെ.
അനിമല്‍ ന്യൂട്രീഷന്‍ വിഭാഗം, വെറ്ററിനറി കോളജ്, പൂക്കോട്, വയനാട്