വിസ്മയവിത്ത് കസ്‌കസ്
വിസ്മയവിത്ത് കസ്‌കസ്
Saturday, January 25, 2020 5:04 PM IST
സര്‍ബത്തിലും ഐസ്‌ക്രീമിലും ഫലൂദയിലുമൊക്കെ നിത്യസാന്നിധ്യം. ഇവയുടെ സവിശേഷ രൂപഭാവങ്ങള്‍ക്ക് കണ്ണു കിട്ടാതിരിക്കാന്‍ തീരെ ചെറിയ കറുത്ത അരിമണിപോലെ ഒരുതരം വിത്തുകള്‍ വിതറിയിരിക്കുന്നത് നമുക്കെല്ലാം പരിചിതമാണ്. ഒറ്റ നോട്ടത്തില്‍ ഏത് മധുരവിഭവത്തിന്റെയും മുകള്‍ത്തട്ടില്‍ ഇവയുണ്ടാകും. എന്നാല്‍ ഒന്നു കൊറിക്കാമെന്നുവച്ചാല്‍ ഒട്ടു പിടിതരികയുമില്ല. നാവിലെ രസമുകുളങ്ങളെ തട്ടിയും തലോടിയും ഓടിനടക്കുന്ന ഇവ ത്രസിപ്പിക്കുന്ന സ്വാദിനോടൊപ്പം അറിയാതെ മനസ് ഓടിമറയുകയും ചെയ്യും. ഇതാണ് കസ്‌കസ് അഥവാ 'കശകശ' എന്ന സുഗന്ധവിത്തുകളുടെ മുഖമുദ്ര.

വിത്ത് എത്ര ചെറുതാണെന്നറിയണമെങ്കില്‍ ഇതാ നോക്കൂ- 3300 കസ്‌കസ് വിത്തു വേണം ഒരു ഗ്രാം തൂങ്ങാന്‍. ഒരുപൗണ്ട് വിത്ത് എന്നു പറയുമ്പോള്‍ ഒന്നു മുതല്‍ രണ്ടുദശലക്ഷം കശ കശ വിത്തു വേണ്ടിവരും.

രുചിവിഭവങ്ങളിലെ താരമാണിത്. വിവിധരാജ്യങ്ങളില്‍ കശ കശ വിത്ത് ചേര്‍ത്ത നിരവധി വിഭവങ്ങള്‍ സുലഭമാണ്. ഇവയെല്ലാം ബ്രഡ്, ഐസ്‌ക്രീം, കുക്കി, നൂഡില്‍സ്, സീഡ് റോള്‍, ഡസേര്‍ട്ട്, നട്ട് റോള്‍, കേക്ക്, പേസ്ട്രി, ക്രീം, ചീസ് ഡിഷ്, ബിസ്‌കറ്റ് തുടങ്ങിയ മധുരപലഹാരങ്ങളിലെ അവിഭാജ്യചേരുവയുമാണ്. തീരെ ചെറിയ കശകശ വിത്തുകള്‍ക്ക് പരസ്പരം ഒട്ടിപ്പിടിക്കാന്‍ കഴിവുണ്ട്. ഇന്നിപ്പോള്‍ വിവിധ ഭക്ഷ്യവിഭവങ്ങള്‍ തയാറാക്കുന്നതിന് കുശിനികളിലെയും നിറസാന്നിധ്യമാണ് കശകശ.

സസ്യപരിചയം

സുഗന്ധവിള എന്നു പേരെടുത്ത കറുപ്പുചെടിയുടെ വിത്താണ് കശകശ. സുഗന്ധവിള എന്നതിനേക്കാളുപരി ഒരുവേള മയക്കുമരുന്ന് എന്ന നിലയ്ക്കുകൂടി കുപ്രസിദ്ധി നേടി. ചെടിയുടെ പേര് ഓപ്പിയം പോപ്പി. 'പപ്പാവര്‍ സോമ്‌നിഫെറം' എന്ന് സസ്യനാമം. ചികിത്സക്കുള്ള കറുപ്പ് വേര്‍തിരിച്ചെടുക്കുന്നത് ഇതില്‍ നിന്നാണ്. ബേക്കറി പലഹാരങ്ങളില്‍ ഉപയോഗിക്കുന്നത് എന്ന അര്‍ഥത്തില്‍ 'ബ്രഡ് സീഡ് പോപ്പി' എന്നും പേരുണ്ടിതിന്. ഒരലങ്കാരപ്പൂച്ചെടി കൂടിയാണ് ആകര്‍ഷകമായ പൂക്കള്‍ വിടര്‍ത്തുന്ന കറുപ്പ്. കിഴക്കന്‍ മെഡിറ്ററേനിയന്‍ പ്രദേശങ്ങളാണ് ജന്‍മദേശം.

വാര്‍ഷിക വളര്‍ച്ചാസ്വഭാവമുള്ള ചെടിയാണു കറുപ്പ്. 100 സെന്റീ മീറ്റര്‍ വരെ ഉയരത്തില്‍ വളരും. ചെടിക്ക് പൊതുവേ ഇളം തവിട്ടു കലര്‍ന്ന പച്ചനിറമാണ്. ഇലകളും തണ്ടും രോമാവൃതം. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയാണ് പൂക്കാലം. പൂക്കള്‍ക്ക് 30 മുതല്‍ 100 മില്ലിമീറ്റര്‍ വരെ വലിപ്പം. ഇളംവയലറ്റ്, ചുവപ്പ്, വെള്ള എന്നീ നിറങ്ങളില്‍ നാലിതള്‍ വീതം ഉണ്ടാകും. ഇതളുകളുടെ താഴ്ഭാഗത്ത് കടുംനിറത്തില്‍ അടയാളങ്ങള്‍ കാ ണാം. ഉരുണ്ട കായ്കള്‍. ചെടിയുടെ ഏതു ഭാഗത്ത് മുറിവുണ്ടാക്കിയാലും വെളുത്ത കറ ചാടുന്നതു കാണാം.

കറുപ്പ് യുദ്ധവും കറുപ്പ് ഗുഹകളും

തെക്കു- കിഴക്കന്‍ ഏഷ്യയിലെ മെസപ്പൊട്ടോമിയയില്‍ 3400 ബിസിയില്‍ കറുപ്പുചെടികള്‍ കൃഷി ചെയ്തിരുന്നതിന് രേഖകളുണ്ട്. ഇവിടെ നിന്ന് ഈ ചെടിയുടെ സവിശേഷസിദ്ധികളറിഞ്ഞ് ഇത് അനായാസം പ്രചരിക്കുകയും ആവശ്യം കൂടി വരികയും ചെയ്തു. കറുപ്പു വളര്‍ത്താനും സംസ്‌കരിക്കാനും ശ്രമങ്ങള്‍ നടത്തിയ വിവിധ രാജ്യങ്ങള്‍ ഇതിന്റെ കൃഷിച്ചെലവ് പരമാവധി കുറയ്ക്കാനും നോക്കിയിരുന്നു.

ലോകത്തിന്റെ വിദൂരമേഖലകളിലെ ദരിദ്ര കര്‍ഷകരാണ് ചെറിയ കൃഷിയിടങ്ങളില്‍ കറുപ്പുകൃഷി നടത്തിയിരുന്നത്. വരണ്ട കാലാവസ്ഥയില്‍ ഇത് സുഗമമായി വളര്‍ന്നിരുന്നു. മധ്യഏഷ്യയിലെ തുര്‍ക്കി മുതല്‍ പാക്കിസ്ഥാന്‍, ബര്‍മ്മ തുടങ്ങിയവ യുടെ പര്‍വത പ്രാന്തങ്ങളിലും കൊളംബിയ മെക്‌സിക്കോ തുടങ്ങിയ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും ഇതു തഴ ച്ചു വളരുന്നു. ഉത്പന്നം വിളയിക്കുന്ന കര്‍ഷകര്‍ നല്ല വില നല്‍കുന്ന വ്യാപാരികള്‍ക്ക് കറുപ്പ് വില്‍ക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ കറുപ്പ് ചൈനയിലേക്ക് കടത്തി ചീനരെ കറുപ്പിന്റെ അടിമകളാക്കി. 1800 കളുടെ മധ്യകാലത്ത് കറുപ്പുയുദ്ധം ഉണ്ടായതും ചരിത്രം. ചൈനയിലും തെക്കുകിഴക്കന്‍ ഏഷ്യയിലും അമേരിക്കയിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലുമൊക്കെ കറുപ്പ് വില്‍ക്കാനും വാങ്ങാനും പറ്റിയ കറുപ്പ് ഗുഹകള്‍ ഉണ്ടായിരുന്നു. 'ഹല്‍ഗില്‍' എന്നായിരുന്നു കറുപ്പുചെടിക്ക് സുമേറിയന്‍മാര്‍ നല്‍കിയ പേര്. 'ഹല്‍' എന്നാല്‍ സന്തോഷം, 'ഗില്‍' എന്നാല്‍ ചെടി.

കൃഷിയറിവുകള്‍

നീണ്ട പകലുകളും ദൈര്‍ഘ്യം കുറഞ്ഞ രാത്രികളും ഇഷ്ടപ്പെടുന്ന ചെടിയാണ് പോപ്പി. അന്തരീക്ഷ ആര്‍ദ്രത കുറ ഞ്ഞ സമശീതോഷ്ണ പ്രദേശത്ത് നന്നായി വളരും. ചെളിമണ്ണ്, കളിമണ്ണ്, മണല്‍ മണ്ണ് തുടങ്ങി വിവിധയിടങ്ങളില്‍ ഇതു വളര്‍ത്താം. മണല്‍ കലര്‍ന്ന കളിമണ്ണ് ഏറ്റവും ഉത്തമം. സമുദ്ര നിരപ്പില്‍ നിന്ന് 1000 മീറ്ററോളം ഉയരമുള്ള പര്‍വത നിരകളിലാണ് തെക്കുകിഴക്കന്‍ ഏഷ്യയിലെ കറുപ്പു കൃഷിയധികവും. മാര്‍ച്ചു മാസത്തോടെ കൃഷിയിടമൊരുക്കുന്നു. എന്നിട്ട് ചപ്പുചവറുകളും ഇലകളും ശിഖരങ്ങളുമൊക്കെ കൂട്ടി തീയിട്ട് മണ്ണ് ചുടുന്നു. ചാരം അടങ്ങിയ മണ്ണ് ഓഗസ്റ്റ്-സെപ്റ്റംബറിലെ മഴ തീരുന്നതോടെ കൃഷിക്കു പാകമാകും. നിലം ഒന്നുകൂടി കിളച്ചൊരുക്കി കല്ലുകളും ഇലകളും നീക്കി നിരപ്പാക്കുന്നു. അടിവളമായി കോഴിക്കാഷ്ഠം, മനുഷ്യ വിസര്‍ജ്യം, വവ്വാലുകളുടെ കാഷ്ഠം എന്നിവ ഉപയോഗിക്കുക പതിവാണ്. ഒക്‌ടോബര്‍ അവസാനത്തോടെ നടീല്‍ പൂര്‍ത്തിയായിരിക്കണം. നവംബര്‍-ഡിസംബര്‍ മാസങ്ങളിലെ നീണ്ടപകലുകളുടെ സാന്നിധ്യം ഉപയോഗിക്കാനാണിത്.



കറുപ്പു വിത്തുകള്‍ വീശിവിതയ്ക്കുകയോ നുരിയിടുകയോ ചെയ്യാം. ഒരേക്കര്‍ സ്ഥലത്ത് കൃഷിയിറക്കാന്‍ ഒരു പൗണ്ട് വിത്തു വേണം. കറുപ്പിനോടൊപ്പം ഇടവിളകളായി ബീന്‍സ്, കാബേജ്, പരുത്തി, സ്പിനാച്ച്, പുകയില, ചോളം തുടങ്ങിയവയും വളര്‍ത്തുന്ന പതിവുണ്ട്. അധികവരുമാനത്തിന് ഇവ ഉപകരിക്കും. 20-40 സെന്റീമീറ്ററാണ് ചെടികള്‍ക്ക് അനുകൂലമായ ഇടയകലം. ഒരു ചതുരശ്ര മീറ്ററില്‍ എട്ടു മുതല്‍ 12 ചെടികള്‍ എന്നര്‍ഥം. നട്ട് 3-4 മാസം കഴിയുമ്പോള്‍ അതായത് ഡിസംബര്‍ അവസാനം മുതല്‍ ഫെബ്രുവരി ആദ്യം വരെയുള്ള കാലയളവില്‍ ചെടികള്‍ നിറയെ പൂ ചൂടും. വളര്‍ന്ന ചെടി 3-5 അടി വരെ ഉയരാം. ഒരു ചെടിയില്‍ നിന്ന് മൂന്നു മുതല്‍ അഞ്ചുകായ് വരെ കിട്ടും. ഒരു ഹെക്ടറില്‍ 60,000 മുതല്‍ 1,20,000 ചെടികള്‍ വരെയുണ്ടാകും. ഇതില്‍ നിന്നാകട്ടെ 1,20,000 മുതല്‍ 2,75,000 വരെ കായ്കളും കിട്ടും. കായില്‍ നിന്ന് പൂവിതളുകള്‍ കൊഴിഞ്ഞ് ഏതാണ്ട് രണ്ടാഴ്ച കഴിയുമ്പോള്‍ വിളവെടുപ്പിന്റെ ഭാഗമായ ടാപ്പിംഗ് തുടങ്ങാം. വിളഞ്ഞ കായ്ക ള്‍ കടുംപച്ച നിറമാകും. തടിച്ചു വീര്‍ക്കും. കായിലെ മുനകള്‍ നേരെ മുകളിലേക്കാണ് നില്‍ക്കുന്നതെങ്കില്‍ വിളവെടുക്കാം.


ചെറിയ ബ്ലേഡോ, കണ്ണാടിക്കഷണമോ കൊണ്ട് കായ്കളുടെ വശം കോറുന്നു. ഒരു മില്ലിമീറ്റര്‍ താഴ്ചയിലേ വരയാവൂ. ഉച്ചതരിഞ്ഞുവേണം കായ്കള്‍ വരയാന്‍. രാത്രി കായ്കളുടെ പുറത്ത് ഇവ ഉറഞ്ഞു കൂടി കട്ടിയാകും. അടുത്ത ദിവസം അതിരാവിലെ ഇത് ഒരു ബ്ലേഡു കൊണ്ട് ചുരണ്ടിയെടുത്ത് ശേഖരിക്കും. കായ്കള്‍ ഈ വിധത്തില്‍ ദിവസങ്ങളോളം കറ ചുരത്തിക്കൊണ്ടേയിരിക്കും. കഴുത്തിലോ അരയിലോ തൂക്കിയ ഒരു പാത്രത്തിലാകും കറ ശേഖരിക്കുക. ഒറ്റക്കായില്‍ നിന്നു തന്നെ 10 മുതല്‍ 100 മില്ലി ഗ്രാം വരെ കറുപ്പു കിട്ടും. ശരാശരി വിളവ് 80 മില്ലിഗ്രാം ആണ്. ഒരു ഹെക്ടറില്‍ നിന്ന് എട്ടു മുതല്‍ 15 കിലോഗ്രാം വരെയാണ് കറുപ്പു കിട്ടുക.

ഏറ്റവും കൂടുതല്‍ കറ തരുന്ന കായ്കള്‍ വേര്‍തിരിച്ച് അടയാളപ്പെടുത്തി തണ്ടില്‍ നിന്ന് മുറിച്ച് കീറി വെയിലത്തുണക്കും. ഈ വിത്തുകള്‍ അടുത്ത കൃഷിക്കുപയോഗിക്കും. ചെടികളില്‍ നിന്നെടുക്കുന്ന കറുപ്പ് ദിവസങ്ങളോളം ഉണക്കി വേണം ഈര്‍പ്പമുക്തമാക്കാന്‍. മികച്ച കറുപ്പിന് ബ്രൗണ്‍ നിറമായിരിക്കും. കറുപ്പ് എത്ര നാള്‍ വേണമെങ്കിലും കേടാകാതെ സൂക്ഷിക്കാം.

ഉത്പാദനവിശേഷങ്ങള്‍

മയക്കുമരുന്ന് എന്ന കുപ്രസിദ്ധി ഉള്ളതിനാല്‍ കറുപ്പ് കൃഷി നിയമ വ്യവസ്ഥയുടെ കര്‍ശന മേല്‍നോട്ടത്തിലാണ് എക്കാലവും. എങ്കിലും ഔഷധനിര്‍മാണത്തിലെ അവിഭാജ്യചേരുവ എന്ന നിലയ്ക്ക് കറുപ്പിന്റെ നിയമവിധേയമായ കൃഷി നടക്കുന്നത് ഇന്ത്യ, തുര്‍ക്കി, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലാണ്. 2000 ടണ്‍ കറുപ്പാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ഇത് ഔഷധ നിര്‍മിതിക്കാവശ്യമായ അസംസ്‌കൃത പദാര്‍ഥമായി ഉപയോഗപ്പെടുന്നു.

അഫ്ഗാനിസ്ഥാനാണ് ആഗോളതലത്തില്‍ കറുപ്പ് ഉത്പാദനത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. 2001 മുതലാണ് ഇവര്‍ മുന്‍നിരയില്‍ എത്തിയത്. ഇവിടെ കൊക്കോ കൃഷി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ സ്ഥലം കറുപ്പു ചെടികള്‍ വളര്‍ത്താനാണ് ഉപയോഗിക്കുന്നത്.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലെ അംഗീകൃത മേഖലകളില്‍ മാത്രമേ നിലവില്‍ കറുപ്പുകൃഷി അനുവദിച്ചിട്ടുള്ളു. ഇവിടങ്ങളില്‍ ഫെബ്രുവരി-മാര്‍ച്ചിലാണ് കറുപ്പ് വളര്‍ത്തി വേര്‍തിരിക്കുന്നത്. കശകശ വിത്തും വെള്ളവും നാരങ്ങാനീരും ചേര്‍ത്ത് തയാറാക്കുന്ന കശകശ ചായ (പോപ്പി സീഡ് ടീ) ഏറെ പ്രസിദ്ധമാണ്.

കറുപ്പുചെടി വളര്‍ത്തുന്നതിന് മൂന്നു കാരണങ്ങള്‍

പ്രധാനമായും മൂന്നു കാര്യങ്ങള്‍ക്കാണ് കറുപ്പുചെടി വളര്‍ത്തുന്നത്. ഇതിലൊന്ന് മനുഷ്യന്‍ കഴിക്കാനിഷ്ടപ്പെടുന്ന കശകശ വിത്ത് ഉത്പാദിപ്പിക്കാന്‍. ഇനിയൊന്ന് ഔഷധവ്യവസായത്തിലെ പ്രധാന ചേരുവയായ കറുപ്പ് ഉത്പാദിപ്പിക്കാന്‍. മൂന്നാമത്തേത് ആല്‍ക്കലോയിഡുകളുടെ നിര്‍മാണത്തിന്.

കശകശയുടെ ഔഷധമേന്മകള്‍

* കാണാന്‍ ചെറുതെങ്കിലും വിസ്മയകരമായ നിരവധി ഔഷധമേന്മകള്‍ കശകശ വിത്തിനുണ്ട്.

* കാര്‍ബോഹൈഡ്രേറ്റ്, മാംസ്യം, കൊഴുപ്പ്, ഭക്ഷ്യയോഗ്യമായ നാര് എന്നിവയ്ക്കുപുറമേ നിയാസിന്‍, പാന്റോതെനിക് ആസിഡ്, പിറി ഡോക്‌സിന്‍, റിബോഫ്‌ളാവിന്‍, തയമിന്‍, ജീവകം എ,സി,ഇ,കെ എന്നി വയും സോഡിയം, പൊട്ടാസ്യം, കാത്സ്യം, കോപ്പര്‍, ഇരുമ്പുസത്ത്, മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്, സെലേനിയം, സിങ്ക് എന്നീ ധാതുക്കളും കശകശ വിത്തില്‍ അടങ്ങിയിരിക്കുന്നു.

* സ്ത്രീകളില്‍ പ്രത്യുത്പാദനശേഷി വര്‍ധിപ്പിക്കുന്നു.
* നാരിന്റെ സാന്നിധ്യം ദഹനം വര്‍ധിപ്പിക്കുന്നു. ശരീരത്തിലെ കോര്‍ട്ടിസോള്‍ നിലവാരം കുറച്ച് ഉറക്കം നല്‍കുന്നു.
* വായിലുണ്ടാകുന്ന വ്രണങ്ങള്‍ക്ക് (അള്‍സര്‍) പരിഹാരമാണ്. ശരീരത്തിന്റെ ഊര്‍ജനില ഉയര്‍ത്തുന്നു.
* എല്ലുകളുടെ ശക്തി വര്‍ധിപ്പിക്കുന്നു.
* രക്തസമ്മര്‍ദ്ദം ക്രമീകരിക്കുന്നു.
* രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു.
* കൊളസ്‌ട്രോള്‍ തോത് കുറയ്ക്കുക വഴി ഹൃദയാരോഗ്യം സംരക്ഷിക്കുന്നു.
* പ്രമേഹ ബാധിതര്‍ക്ക് ആശ്വാസമാകുന്നു.
* കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു.
* അര്‍ബുദപ്രതിരോധശേഷി നല്‍കുന്നു.
* വൃക്കയിലെ കല്ലുകളുടെ ചികിത്സയില്‍ ഉപകരിക്കുന്നു.
* തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നു.
* ചര്‍മ്മത്തെ സംരക്ഷിക്കുന്നു, താരന്‍ നശിപ്പിക്കുന്നു, മുടിവളര്‍ച്ച ത്വരിതപ്പെടുത്തുന്നു.

സുരേഷ് മുതുകുളം
മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
ഫോണ്‍: 9446 30 6909.