വരുമാനമായി രണ്ടാംനിലയിലെ 'ആടുജീവിതം'
ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരാടുമായി തുടങ്ങിയതാണു ജയസൂര്യന്റെ ഈ സംരംഭം. പഠനം പന്ത്രണ്ടാം ക്ലാസിലെത്തി നില്‍ക്കുമ്പോഴും ആടിനെ കൈവിട്ടിട്ടില്ല ഈ വിദ്യാര്‍ഥി. തനിക്കൊപ്പം വളര്‍ന്നു വലുതായ ആടുകമ്പത്തിനൊപ്പം ആടുകളുടെ എണ്ണവും കൂടി. ജയസൂര്യനും കുടുംബത്തിനും ഉപജീവനത്തിനുള്ള വകകൂടി നല്‍കുന്നുണ്ട് ഇന്നീ ആടുകള്‍.

വീടല്ലിത്, ആടുജീവിതം

ആലപ്പുഴ മുട്ടത്തിപ്പമ്പിലെ 'ജയസൂര്യ' എന്ന വീടിന്റെ രണ്ടാം നില ഷീറ്റുപയോഗിച്ചു മനോഹരമാക്കിയിരിക്കുകയാണ്. എന്നാലിതു വീടിനു കൂടുതല്‍ സൗകര്യങ്ങളൊരുക്കാനാണെന്നു കരുതിയാല്‍ തെറ്റി. വീടിനോട് അല്‍പം കൂടി അടുക്കുമ്പോള്‍ ടെറസില്‍ നിന്ന് ആടുകളുടെ കരച്ചില്‍ കേള്‍ക്കാം. പുറത്തുകൂടിയുള്ള സ്റ്റെപ്പുകള്‍ കയറിച്ചെല്ലുമ്പോള്‍ കാണുന്നത് ഗ്രോബാഗിലെ പച്ചക്കറികൃഷിയാണ്. ഇവിടെ വിളവു സമൃദ്ധമാകുന്നതിനു പിന്നില്‍ ആട്ടിന്‍കാഷ്ഠമുണ്ട്. ഇവിടെനിന്ന് ഒന്നുരണ്ടു സ്റ്റെപ്പുകൂടി കയറിയാല്‍ കാണുന്നതു രണ്ടാംനിലയിലെ ആടുജീവിതമാണ്. ഒന്നും രണ്ടുമല്ല, ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ വാങ്ങിയ ആദ്യ ആടിനൊപ്പം 18 ആടുകളും അവയുടെ കുട്ടികളുമാണ് ഇവിടെ വളരുന്നത്. നല്ല വൃത്തിയുള്ള കൂടു സംവിധാനം. രണ്ടാം നിലയിലെ ഷീറ്റുമേല്‍ക്കൂരയ്ക്കടിയിലായി ഇരുമ്പുവലകള്‍കൊണ്ടു തീര്‍ത്ത കൂടിനുള്ളിലാണ് ആടുകള്‍ വളരുന്നത്. പ്ലാസ്റ്റിക് സ്‌ളോട്ടഡ് ഷീറ്റാണ് ആടുകള്‍ക്ക് നില്‍ക്കാനായി അടിഭാഗത്തു വിരിച്ചിരിക്കുന്നത്. ഇതിനാല്‍ തുരുമ്പിനെ പേടിക്കേണ്ട. കാഷ്ഠവും മൂത്രവും കൂടിനടിയില്‍ സ്ഥാപിച്ചിരിക്കുന്ന ഷീറ്റിലൂടെ ഒഴുകി സംഭരണ സ്ഥലങ്ങളിലെത്തുന്നു. കുറച്ചു സ്ഥലമുള്ളവര്‍ക്ക് അതുപയോഗിച്ച് കൃഷിയിലൂടെ എങ്ങനെ വരുമാനമുണ്ടാക്കാമെന്നതിന് ഒരു ഉദാഹരണം കൂടിയാണ് ജയസൂര്യന്‍ എന്ന പ്ലസ്ടു വിദ്യാര്‍ഥിയുടെയും കുടുംബത്തിന്റെയും ഈ ആടുസംരംഭം.

ചെലവു ചുരുക്കിയുള്ള പരിപാലനം

തീറ്റച്ചെലവു പരമാവധി ചുരുക്കി ലാഭമുണ്ടാക്കുക എന്നതാണ് ഇവിടത്തെ രീതി. രാവിലെയും രാത്രിയും പത്തിനും വൈകിട്ടു നാലിനും ആടുകള്‍ക്കു നല്‍കുന്ന പുല്ല് വീടിനു പിറകിലെ പാടത്തേതാണ്. അതിനാല്‍ ഇതിനു പ്രത്യേക ചെലവൊന്നും വരുന്നില്ല. പുഷ്ടി എന്ന കാലിത്തീറ്റ ഒരാടിന് അരക്കിലോ എന്ന തോതിലാണു നല്‍കുന്നത്. ഒരു കിലോയ്ക്ക് 20 രൂപ നിരക്കില്‍ ദിവസം 180 രൂപയുടെ പുഷ്ടി വേണ്ടിവരും. ഇതിനൊപ്പം ദിവസം മൂന്നു കിലോ പുളിയരി എല്ലാ ആടുകള്‍ക്കുമായി നല്‍കും. കിലോയ്ക്ക് 25 രൂപ നിരക്കില്‍ ഇതിന് ദിവസം വേണ്ടത് 75 രൂപ. എല്ലാ ആടുകള്‍ക്കുമായി ദിവസം അരക്കിലോ കടല അരച്ചു നല്‍കും. 22 രൂപ ഇതിനു വേണ്ടിവരും. സപ്ലേക്കോയില്‍ നിന്നു റേഷന്‍ കാര്‍ഡുപയോഗിച്ചു കടല വാങ്ങു ന്നതിനാലാണ് ഈ വിലയ്ക്കു ലഭിക്കുന്നത്. അയല്‍ ക്കാരുടെ റേഷന്‍ കാര്‍ഡിലെ കടലയും ഇവര്‍ക്കു നല്‍കും. എല്ലാംകൂടി 277 രൂപയാണ് ഒരു ദിവസത്തെ തീറ്റച്ചെലവ്.സമീകൃത തീറ്റക്രമം

ഒമ്പതു കിലോ പുഷ്ടി, മൂന്നുകിലോ പുളിയരി, അരക്കിലോ കടല അരച്ചത്, ഒരാടിന് അഞ്ചു ഗ്രാം ലഭിക്കത്തക്കവിധം 90 ഗ്രാം കാത്സ്യപ്പൊടി എന്നിവ പച്ചവെള്ളത്തില്‍ കലക്കും. ഉച്ചകഴിഞ്ഞ് ഒന്നിനും രാത്രി ഏഴിനുംരണ്ടു നേരമായി ഈ തീറ്റമിശ്രിതം നല്‍കും. മുട്ടനാടുകള്‍ക്ക് ഒന്നിനു ദിവസം 10 മില്ലിലിറ്റര്‍ മീനെണ്ണ ഇതിനൊപ്പം നല്‍കും. ലഭ്യതയനുസരിച്ചു പ്ലാവിലയും തീറ്റയില്‍ ഉള്‍പ്പെടുത്തും. മൃഗാശുപത്രിയില്‍ നിന്നു സൗജന്യമായി കാത്സ്യപ്പൊടിയും മീനെണ്ണയും ലഭിക്കും.

ദിവസ വരുമാനം

ദിവസം രണ്ടു ചാക്ക് ആട്ടിന്‍ കാഷ്ഠം ലഭിക്കും. ഇതിനു 100 രൂപ കിട്ടും. ആട്ടിന്‍പാല്‍ കുട്ടികള്‍ കുടിച്ചതിനും വീട്ടാവശ്യത്തിനും ശേഷം ഒരു ലിറ്റര്‍ മിച്ചം വരും. ഇത് 100 രൂപയക്കു വില്‍ക്കും. ഇതിലൂടെ ഇരുന്നൂറു രൂപ ദിവസ വരുമാനമുണ്ട്. ആറുമാസം വരെ പാല്‍കുടിപ്പിച്ച് 8-9 മാസമാകുമ്പോള്‍ കുട്ടികളെ വില്‍ക്കും. ആറുമാസമായ പെണ്ണാടിനെ 6,500 രൂപയ്ക്കും പത്തുമാസമായ മുട്ടനാടിനെ 10,000 രൂപയ്ക്കുമാണ് വില്‍ക്കുന്നത്. ശരാശരി നാല് ആടുകളെ ഒരുമാസം വില്‍ക്കും. 40,000 രൂപ ഇതിലൂടെ ലഭിക്കുന്നു. ഇടയ്ക്ക് ടെറസില്‍ നിന്നിറക്കി പാടത്തു കൊണ്ടുപോകാറുമുണ്ട്.

പേരുചൊല്ലി വിളിച്ച്

ജയസൂര്യന് ആടുകള്‍ കൂട്ടുകാരെപ്പോലെയാണ്. കൊച്ചാപ്പി, കറുത്തമ്മ തുടങ്ങി ഓരോന്നിനും വിളിപ്പേരുണ്ട്. ഇതു വിളിക്കുമ്പോള്‍ ആടുകള്‍ തിരിച്ചറിയുന്നുണ്ടെന്ന് കൗതുകത്തോടെ ജയസൂര്യന്‍ പറയുന്നു. ഒരു പ്രസവത്തില്‍ ശരാശരി മൂന്നു കുട്ടികളുണ്ടാകും. നല്ല പാട്ടും കേട്ട് ചെവിയാട്ടി ആടുകള്‍ ടെറസില്‍ തിമിര്‍ക്കുകയാണ്. രാത്രിയില്‍ ചൂടകറ്റാന്‍ ഫാനുമുണ്ട്. കൊതുകിനെ അകറ്റാന്‍ രാത്രി പുകകൊടുക്കുന്ന പതിവുണ്ട്. രോഗബാധകളൊന്നും തന്നെ ആടുകളെ അലട്ടിയിട്ടില്ല. മുട്ടത്തിപ്പറമ്പ് മൃഗാശുപത്രിയിലെ ഡോ. സ്മിതാ വില്‍സന്റെ പിന്തുണയും സംരംഭത്തെ വിജയത്തിലെത്തിക്കുന്ന ഘടകമാണ്. മൃഗാശുപത്രിയില്‍ നിന്ന് എല്ലാമാസവും വിരഗുളിക വാങ്ങി നല്‍കും. ഇതുപൊടിച്ച് വെള്ളത്തില്‍ കലക്കി സിറഞ്ചു വഴി ആടുകളുടെ വായില്‍ ഒഴിച്ചു കൊടുക്കുകയാണു ചെയ്യുന്നത്. തണ്ണീര്‍മുക്കം ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് ജയസൂര്യന്‍. അമ്മ സ്മിതയും അച്ഛന്‍ ജയച്ചന്ദ്രനും എല്ലാ സഹായവുമായി ജയസൂര്യന് ഒപ്പമുണ്ട്. ഫോണ്‍: 7025607604.

ടോം ജോര്‍ജ്
ഫോണ്‍: 93495 99023.