കേരളം ഏറ്റെടുക്കേണ്ട "ഉള്ളി ചലഞ്ച്'
കുടുംബ ബജറ്റ് താളംതെറ്റിച്ച് ഉള്ളിവില കൈപൊള്ളിക്കുന്ന രീതിയിലേക്കു കുതിച്ചുയരുന്നതിന് ഇനി കടിഞ്ഞാണിടാം. അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് ഉള്ളിയെത്തിയില്ലെങ്കില്‍ നമ്മുടെ വിഭവങ്ങളുടെ രുചികുറയുന്ന അവസ്ഥയും മാറ്റാം. ഉള്ളി നമ്മുടെ മണ്ണിലും വിളയിക്കാമെന്നു തെളിയിച്ചിരിക്കുകയാണ് കഞ്ഞിക്കുഴി പഞ്ചായത്ത് ആറാം വാര്‍ഡില്‍ സ്വാമിനിര്‍ത്തില്‍ എസ്.പി. സുജിത്ത് എന്ന യുവകര്‍ഷകന്‍. ഒപ്പം മലയാളിയുടെ ഇലക്കറി വിഭവങ്ങളിലേക്ക് ഉള്ളിയിലയേയും എത്തിക്കുന്നു എന്ന പ്രത്യേകതയും സുജിത്തിന്റെ കൃഷിക്കുണ്ട്. ഉള്ളി പറിച്ച് ഇലയോടു കൂടി 60 രൂപയ്ക്കാണു വില്‍ക്കുന്നത്. 700 ഗ്രാം ഉള്ളിയും 300 ഗ്രാം ഇലയും ഒരു കിലോ ഇലയോടുകൂടിയ ഉള്ളിയില്‍ നിന്നു ലഭിക്കും. ഉള്ളിയിലയ്ക്കും ഉള്ളിക്കും നല്ല മാര്‍ക്കറ്റാണ്.

നെല്ലിനു വേണ്ട പരിചരണം പോലും ആവശ്യമില്ല

ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴിയിലെ ചൊരിമണലിലാണ് സുജിത്ത് ഈ ഉള്ളി കൃഷി വിജയിപ്പിച്ചതെന്നത് പ്രത്യേകതയാണ്. നെല്ലിനു വേണ്ട പരിചരണം പോലും ആവശ്യമില്ലാത്ത കൃഷിയാണ് ഉള്ളിയുടേത്. കളപറിക്കലിലും ജലസേചനത്തിലും മാത്രം ശ്രദ്ധിച്ചാല്‍ മതി. ചൂടുള്ള വളങ്ങള്‍ ഒഴിവാക്കണം. ആര്‍ക്കും ഉള്ളികൃഷിയുടെ അടിസ്ഥാന പാഠങ്ങള്‍ പകര്‍ന്നു നല്‍കാന്‍ തയാറാണ് സുജിത്ത്. കേരളത്തില്‍ മുഴുവനും ഉള്ളി കൃഷി വ്യാപിപ്പിക്കുക എന്നതാണ് ലക്ഷ്യം. വെള്ളക്കെട്ടില്ലാത്ത സ്ഥലത്ത് അധികം താഴ്ന്നു പോകാതെ നട്ടാല്‍ ഉള്ളി വിളയും. വിളഞ്ഞ ഉള്ളി വിത്താക്കി മാറ്റി അടുത്ത കൃഷിക്കുപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. 50 സെന്റ് സ്ഥലത്ത് 150 കിലോ ഉള്ളി നട്ടാല്‍ 1000 കിലോ വിളയിക്കാമെന്നും സുജിത്ത് പറയുന്നു. ഇല ഉള്‍പ്പെടെ വില്‍ക്കുമ്പോള്‍ വന്‍ ഡിമാന്‍ഡാണ്. ചേര്‍ത്തല മതിലകം പ്രത്യാശ കാന്‍സര്‍ സെന്ററിന്റെ പാട്ടത്തിനെടുത്ത അരയേക്കറിലാണ് പരീക്ഷണാടിസ്ഥാന ത്തില്‍ 36 കിലോ ഉള്ളി വിത്തു പാകിയത്. ഏകദേശം 500 കിലോ ഉളളി വിളവെടുത്തു കഴിഞ്ഞു. നല്ലമഴക്കാലം ഒഴിച്ച് ആറുമാസം കേരളത്തില്‍ ഉള്ളി വിളയുമെന്നു സുജിത്ത് പറയുന്നു. വര്‍ഷത്തില്‍ അഞ്ചുതവണ ഉള്ളി കൃഷി ചെയ്യാം. വിളവെടുപ്പും പ്രയാസമില്ലാതെ നടത്താം. വ്യാവസായികാടിസ്ഥാനത്തിലും അടുക്കളത്തോട്ടങ്ങളിലും ഉള്ളി വിളയിക്കാം. അടിവളവും നനവും കൃത്യമായിരിക്കണമെന്നു മാത്രം. വിളഞ്ഞു പാകമായി മുളപൊട്ടി നിന്ന നല്ലയിനം ഉള്ളിയാണ് നടാന്‍ ഉപയോഗിച്ചത്.പ്രത്യേകം തയാറാക്കിയ വരമ്പില്‍ ഡ്രിപ്പ് ഇറിഗേഷന്‍ മാതൃകയില്‍ ഉള്ളി നേരിട്ടു കുത്തി കിളിര്‍പ്പിച്ചു. ഒരു ഉള്ളില്‍ നിന്ന് എട്ടു ചുവടു വരെ മുളപൊട്ടി. 45 മുതല്‍ 60 വരെ ദിവസം മതി ഉള്ളി വിളവെടുക്കാന്‍. സുജിത്ത് തന്റെ യൂടൂബ് ചാനലായ 'വെറൈറ്റി ഫാര്‍മറിലൂടെയാണ്' ചൊരിമണ ലിലെ ഉള്ളി കൃഷിയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തുമായി ചേര്‍ന്ന് വിപുല മായ ഉള്ളി കൃഷിക്കുള്ള തയാറെടുപ്പിലാണ് ഈ യുവ കര്‍ഷകന്‍. ഈ മാതൃകയില്‍ വാണിജ്യ കൃഷി യിലേക്ക് ഉള്ളി മാറിയാല്‍ മറുനാടന്‍ ഉള്ളി നമുക്ക് ഉപേക്ഷിക്കാ ന്‍ കഴിയും. തണ്ണീര്‍മുക്കം, കഞ്ഞിക്കു ഴി, ചേര്‍ ത്തല തെക്ക്, ചേര്‍ത്തല നഗരസഭ എന്നിവിടങ്ങളിലായി പതിന ഞ്ചോളം ഏക്കര്‍ സ്ഥലത്ത് വിപുല മായ പച്ചക്കറികൃഷി നടത്തിവരി കയാണ് സുജിത്ത്.

കൃഷി രീതി

ആദ്യം മണ്ണ് ഇളക്കും. അടിവള മായി ചാണകപ്പൊടിയും കോഴി വളവും പച്ചില കമ്പോസ്റ്റുമാണ് ചേര്‍ക്കുന്നത്. വളത്തിന്റെ ചൂടുമാറാനായി തടം നന്നായി നനച്ച് രണ്ടാഴ്ച വെറുതേയിടും. ഇതിനു ശേഷം ഉള്ളി നടാം. ഉള്ളിയുടെ അഗ്രം മണ്ണിനു മുകളില്‍ കാണും വിധമാണ് നടേണ്ടതെന്ന് സുജിത്ത് പറയുന്നു. മാര്‍ക്കറ്റില്‍ നിന്നു വാങ്ങുന്ന മൂത്തഉള്ളി നടീല്‍ വസ്തുവായി ഉപയോഗിക്കാം. പുട്ടിനു പൊടിനനയ്ക്കുന്ന പരുവത്തിലുള്ള ഈര്‍പ്പം ലഭിക്കത്തക്ക രീതിയില്‍ നന ക്രമീകരിക്കണം. വളര്‍ന്ന ശേഷം അധിക ജലസേചനം ഒഴിവാക്കണം. ഉള്ളി അഴുകി പോകാതെ നോക്കണം. ഉള്ളിക്ക് ഇടവിളയായി നട്ട ചീരയും നന്നായി വിളവു നല്‍കി. ചീര 25- 30 ദിവസം കൊണ്ട് വിളവെടുപ്പിനു പാകമായി. രണ്ടര ഏക്കറിലേക്കു കൂടി ഉളളി കൃഷി വ്യാപിപ്പിച്ചിരിക്കുകയാണ് സുജിത്ത്. ഇനിയും പരീക്ഷണങ്ങള്‍

നടത്താനുള്ള തയാറെടുപ്പിലാണ് ഈ 'വെറൈറ്റി ഫാര്‍മര്‍'. യുവാക്കള്‍ റിസ്‌കുകളുള്ള കൃഷിയിലേക്കു വരണമെന്നും പുതിയ വിളകളും വിഭവങ്ങളും മലയാളിക്കു സമ്മാനിക്കണമെന്നുമാണ് സുജിത്തിന്റെ ആഹ്വാനം. സുജിത്ത്- 94959 29729, 97445 81016.

അഡ്വ. എം. സന്തോഷ് കുമാര്‍
വൈസ് പ്രസിഡന്റ്, കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത്