ന്യൂസിലാന്‍ഡിലെ ചെമ്മരിയാടുകളും സംരംഭ പാഠങ്ങളും
ന്യൂസിലാന്‍ഡിലെ ചെമ്മരിയാടുകളും സംരംഭ പാഠങ്ങളും
ഒരു കാര്‍ഷിക സംരംഭം എങ്ങനെ വിജയകരമാക്കണമെന്നു പഠിക്കണമെങ്കില്‍ ന്യൂസിലാന്‍ഡിലെ ചെമ്മരിയാടു ഫാമുകളിലെത്തണം. കൃഷിയിലും മൃഗപരിപാലത്തിലും സംരംഭങ്ങള്‍ തുടങ്ങുന്നതിനു മുമ്പ് ഇവര്‍ ഇതിനേക്കുറിച്ച് വിശദമായി പഠിക്കുന്നു. വിജയകരമായി മുന്നോട്ടുപോകാന്‍ സാധിക്കുമെന്നു പഠനങ്ങളുള്ള മേഖലകളിലേക്കാണിവിടെ കര്‍ഷകര്‍ തിരിയുന്നത്. ന്യൂസിലാന്‍ഡ് സര്‍ക്കാരാണ് ഇത്തരം പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സംരംഭകരുടെ പണം നഷ്ടപ്പെടരുതെന്ന കാഴ്ചപ്പാടോടെ സര്‍ക്കാര്‍ കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നു. അതുകൊണ്ട് കാര്‍ഷിക രംഗം എന്നും ലാഭകരമായി പ്രവര്‍ത്തിക്കുന്നു.

ചെമ്മരിയാടുഫാമുകള്‍ നല്‍കുന്ന പാഠം

പതിനാറായിരത്തില്‍പരം ചെമ്മരിയാടു ഫാമുകളാണ് ഇവിടു ള്ളത്. വെള്ള, ബ്രൗണ്‍ നിറങ്ങളിലുള്ള പത്തിലേറെ ആടിനങ്ങള്‍ ഇവിടുണ്ട്. മൂന്നു തരത്തിലുള്ള പരിപാലന രീതിയാണ് കര്‍ഷകര്‍ പിന്‍തുടരുന്നത്. രോമത്തിനും തുകലിനും വേണ്ടിയാണ് ഒരു വിഭാഗം ആടു വളര്‍ത്തുന്നത്. മാംസത്തിനും പാലിനും വേണ്ടി വളര്‍ത്തുന്നവരുമുണ്ട്. വേലികള്‍കെട്ടിയ വിശാലമായ മേച്ചില്‍പ്പുറങ്ങളില്‍ അഴിച്ചുവിട്ടു വളര്‍ത്തുന്ന രീതി. രാത്രി മാത്രം ആടുകളെ കൂടുകളില്‍ കയറ്റും. ആടുകളുടെ എണ്ണത്തിനനുസരിച്ച് മേയാനുള്ള സ്ഥലമുണ്ടണ്ടെങ്കിലേ ഫാം തുടങ്ങാന്‍ അനുമതി ലഭിക്കൂ.

ഷീപ് ബ്രീഡേഴ്‌സ് അസോസിയേഷന്‍ അംഗീകാരം നല്‍കുന്ന ഇനങ്ങളെ മാത്രമേ വളര്‍ത്താവൂ. ബ്രിട്ടീഷ് ഇനങ്ങളാണു കൂടുതല്‍. നീളം കൂടിയ രോമങ്ങളുണ്ടാകുന്ന സങ്കരയിനത്തില്‍പ്പെട്ട ചെമ്മരിയാടുകളും തിളക്കവും മിനുസവുമുള്ള ആകര്‍ഷകമായ ചെറുരോമങ്ങളോടുകൂടിയ ആടുകളും പ്രാദേശിക ഇനമായ റോംനി ഷീപ്പുമെല്ലാം മനോഹര കാഴ്ചകളാണൊരുക്കുന്നത്. വിവിധയിനം പുല്ലുകള്‍ നട്ടുപിടിപ്പിച്ചു തയാറാക്കിയ മേച്ചില്‍ സ്ഥലങ്ങളില്‍ ഇവ സൈ്വരവിഹാരം നടത്തുന്നു. ഇവിടത്തെ ടാങ്കുകളില്‍ ആവശ്യത്തിനു കുടിവെള്ളം. വിശ്രമിക്കാന്‍ മേച്ചില്‍സ്ഥലത്തെ തണല്‍മരത്തണലുകള്‍. നല്ല സൂര്യപ്രകാശവും മഴയും മഞ്ഞും കൊണ്ടുവളരുന്ന ആടുകള്‍ക്ക് ആരോഗ്യവും പോഷക ഗുണങ്ങളും കൂടുതലാണ്. രാത്രിയില്‍ കൂടുകളില്‍ കയറ്റിയാലും പുല്ലും വെള്ളവും അവിടെയുമുണ്ടാകും. കൂടാതെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പോഷകാഹാരങ്ങളും നല്‍കുന്നു. എല്ലാമാസവും പരിശോധനയ്ക്കുശേഷം രോഗപ്രതിരോധ മരുന്നുകള്‍ കൊടുക്കുന്നതും പതിവാണ്.

അഞ്ഞൂറ് ആടിന് ഒരാള്‍, നാലു പട്ടി

അഞ്ഞൂറ് ആടുകളെ നോക്കാന്‍ ഒരാളാണുള്ളത്. കൂടാതെ മൂന്നോ നാലോ കാവല്‍പട്ടികളും. സംരംഭത്തില്‍ എങ്ങനെ ചെലവുകുറച്ച് ലാഭം വര്‍ധിപ്പിക്കാമെന്നതിന്റെ ഉദാഹരണമാണ് ഇതെല്ലാം. രാവിലെ കൂടുതുറന്നു പുറത്തേക്ക് ആടുകളെ ഇറക്കുന്നു. ശേഷം കൂടും പരിസരവും വൃത്തിയാക്കും. അവശിഷ്ടങ്ങളും കാഷ്ഠവുമെല്ലാം ഒരു പ്രത്യേക സ്ഥലത്ത് കൂട്ടിയിടുന്നു. ഇതു വളമായിട്ടു പിന്നീടു വില്‍ക്കും. പറമ്പില്‍ മേഞ്ഞുനടക്കുമ്പോള്‍ ആടുകളിടുന്ന കാഷ്ഠവും മൂത്രവുമാണ് പുല്ലുകളുടെ വളര്‍ച്ചയ്ക്കുള്ള പ്രധാനവളം. വേനല്‍ക്കാലത്ത് മേച്ചില്‍ സ്ഥലങ്ങളെല്ലാം ആഴ്ചയില്‍ മൂന്നു ദിവസം നനയ്ക്കും. കടുത്ത ചൂടുമൂലം ഭൂമി വരണ്ടു പോകാതിരിക്കാന്‍ ചിലപ്പോള്‍ ദിവസവും നനക്കേണ്ടിവരും. ഒരു ചെറിയഫാമില്‍ കുറഞ്ഞത് അഞ്ഞൂറ് ആടുകളുണ്ടാകും. 5000 വരെ ആടുകളുള്ള ഫാമുകളുമുണ്ട്.

ചെമ്മരിയാടുകളെ വളര്‍ത്താന്‍ മറ്റു മൃഗങ്ങള്‍ക്കുള്ളപോലെ ചെലവേറിയ കൂടുകളൊരുക്കേണ്ടതില്ല. കാറ്റും വെളിച്ചവും ധാരാളമായി കിട്ടുന്നരീതിയില്‍ നിര്‍മിക്കുന്ന ഷെഡുകളിലാണ് അന്തിയുറക്കം. പല വിധത്തിലുള്ള പുല്ലുകള്‍ ഭക്ഷിക്കുന്നതുകൊണ്ട് പരിപാലനചെലവ് വളരെ കുറവാണ്. പ്രാദേശിക പുല്ലിനങ്ങളാണ് ചെമ്മരിയാടുകള്‍ക്കായി കര്‍ഷകര്‍ നട്ടു വളര്‍ത്തുന്നത്. ശീതകാല വിളകളും ഔഷധച്ചെടികളുമെല്ലാം വളര്‍ത്തി, ആടുകള്‍ക്കു നല്‍കുന്ന രീതിയുമിവിടുണ്ട്. പരിപാലനചെലവുകള്‍ വളരെ കുറവായതിനാല്‍ ആടുവളര്‍ത്തല്‍ കൂടുതല്‍ ലാഭകരമാകുന്നു.

കുട്ടികള്‍ തദ്ദേശീയമായി

കൂടുതല്‍ ഉത്പാദനക്ഷമതയുള്ള മുട്ടനാടുകളെ സംരക്ഷിച്ചാണ് വംശോത്പാദനം നടത്തുന്നത്. നല്ല വര്‍ഗങ്ങളെ ഉത്പാദിപ്പിച്ചെടുക്കുന്ന ഫാമുകളില്‍ മുട്ടനാടുകളെ പെണ്ണാടുകള്‍ക്കൊപ്പം മേയാന്‍ വിടുന്ന രീതിയില്ല. മുട്ടനാടുകളുടെ ബീജം സൂക്ഷിച്ച് കൃത്രിമ ബീജദാനം നടത്തുന്ന രീതിയുമുണ്ട്. അഞ്ചു മാസമാണ് ഗര്‍ഭകാലഘട്ടം. സാധാരണഗതിയില്‍ ഒന്നോരണ്ടോ കുട്ടികളാണുണ്ടാവുന്നത്. ചിലപ്പോള്‍ കൂടുതലുണ്ടാകും. ഗര്‍ഭകാലത്തും പ്രസവാനന്തരവും പ്രത്യേക പരിചരണം നല്‍കുന്നുണ്ട്. കുട്ടികളെ ആറാഴ്ച വരെ പ്രത്യേകം സംരക്ഷിക്കും. പിന്നീട് ഖരാഹാരം കൊടുത്തു തുടങ്ങും. അതോടൊപ്പം തള്ള ആടുകളുടെ കൂടെ മേച്ചില്‍ സ്ഥലങ്ങളിലേക്ക് ഇറക്കിവിടും. ഒരുവയസിനു മുമ്പ് ആട്ടിന്‍കുട്ടികളുടെ വാലു മുറിച്ചുമാറ്റും. ആരോഗ്യപരമായ വളര്‍ച്ചയ്ക്കും രോമ ഉത്പാദനത്തിനും ഈ രീതി കൂടുതല്‍ സഹായകമാണ്.

കൊറിഡേല്‍, ഈല്‍ ദ ഫ്രാന്‍സ്, മെറിനോ, റംബൂലാ, ഓള്‍ഡന്‍ബര്‍ഗ്, വൈറ്റ് ഹെഡ്, മൊന്താദേല്‍, കറാകുല്‍, ഈസ്റ്റ് ഫ്രീഷ്യന്‍, റോമല്‍ ഡേന്‍, റൈലാന്‍ഡ്, ടാര്‍ഗീ, ടെക്‌സല്‍, ഓക്‌സ്‌ഫോര്‍ഡ്, സ്റ്റാറാസഗോറാ, പനാമ, ടാര്‍ഗി, സ്റ്റത്ത് ഡൗണ്‍, ലിങ്കണ്‍, പെല്‍വിന്‍ തുടങ്ങിയവയാണ് പ്രധാന ആടിനങ്ങള്‍. ന്യൂസിലാന്‍ഡില്‍ ഉത്ഭവിച്ച കൊമ്പില്ലാത്ത ഇനമാണ് കൊറിഡേല്‍. ന്യൂസിലാന്‍ഡിലെ നാടന്‍ ഇനമായ റോംനി മുട്ടാടുകളെ മെറിനോ പെണ്ണാടുകളുമായി ഇണചേത്തതാണ് കൊറിഡേല്‍. 10-15 വര്‍ഷമാണ് ചെമ്മരിയാടുകളുടെ ആയുസ്.


വിപണിയിലെ ആട്

മാംസവും കമ്പിളിയും പാലും ലക്ഷ്യമിട്ടു വളര്‍ത്തുന്ന ചെമ്മരിയാടുകളുടെ മാംസം നാലുതരത്തിലാണ് മാര്‍ക്കറ്റുകളിലെത്തുന്നത്. മൂന്നു മാസം വരെ പ്രായമുള്ള ആടിന്റെ മാംസത്തിന് 'സ്പ്രിംഗ് ലാംപ്' എന്നാണു പറയുന്നത്. ഇതിനു ഗുണങ്ങളേറെയുണ്ട്. രുചിയും കൂടുതലാണ്. അതുകൊണ്ട് വിലയും കൂടുതല്‍ തന്നെ. മൂന്നു മാസം മുതല്‍ ഒരു വയസുവരെ പ്രായമുള്ള ആട്ടിന്‍ കുട്ടികളുടെ മാംസത്തിന് 'ലാംപ്' എന്നാണു പറയുന്നത്. ഒരു വയസിനു മുകളില്‍ രണ്ട് ഉളിപ്പല്ലുകളുള്ള ആടുകളുടെ മാംസം 'ഹോഗ്‌ജെറ്റ്' എന്നും ഇതിനു മുകളിലുള്ള ആടുകളുടെ മാംസത്തിന് 'മട്ടന്‍' എന്നുമാണു പറയുന്നത്. ഇവയ്ക്ക് പുറമെ ആറാഴ്ചവരെ പ്രായമുള്ള ആടുകളുടെ മാംസവും ലഭ്യമാണ്. ഇത് 'മില്‍ക്ക് ഫീഡ് ലാംപ്' എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയില്‍ പ്രായവ്യത്യാസവും വര്‍ഗ വ്യത്യാസവും ഇല്ലാതെ ആടുകളുടെയും ചെമ്മരിയാടുകളുടെയും മാംസത്തിന് 'മട്ടണ്‍' എന്നാണു പറയുന്നത്. എല്ലാത്തിനും വിലയും ഒന്നുതന്നെ. എന്നാല്‍ പ്രായവും ഇനവുമനുസരിച്ച് വിലകൂട്ടി വില്‍ക്കുന്ന ഇവരുടെ വിപണന തന്ത്രം നമുക്ക് മാതൃകയാക്കാവുന്നതാണ്.

പൊതുവേ ശാന്തശീലരായ ചെമ്മരിയാടുകളുടെ മാംസത്തിനും പാലിനും ഔഷധഗുണങ്ങള്‍ ഏറെയുണ്ട്. വിവിധ തരത്തിലുള്ള പുല്ലുകള്‍ ഭക്ഷിക്കുന്ന ആടുകളുടെ മാംസവും പാലും മൂത്രവും വിവിധ ചികിത്സകള്‍ക്ക് ഉപയോഗിക്കുന്നുമുണ്ട്. ആട്ടിന്‍കൊമ്പ് ആയുര്‍വേദമരുന്നു നിര്‍മാണത്തിന് നമ്മുടെ നാട്ടില്‍ ഉപയോഗിക്കുന്നപോലെ. ന്യൂസിലാന്‍ഡിലും ഓസ്‌ട്രേലിയയിലും ബ്രിട്ടണിലുമെല്ലാം പാലിനായി പ്രത്യേക ഇനങ്ങളെ വളര്‍ത്തുന്നുണ്ട്. കറവയ്ക്കു ശേഷം ചെമ്മരിയാടുകളെ പറമ്പിലേക്ക് അഴിച്ചു വിടുന്നു.

കേരളത്തിലുമാകാം, ചെമ്മരിയാടു വളര്‍ത്തല്‍

നമ്മുടെ നാടിനിണങ്ങിയ പലയിനം ചെമ്മരിയാടുകളുണ്ട്. വലിയ ബുദ്ധിമുട്ടോ കഷ്ടപ്പാടുകളോ ഇല്ലാതെ ഇവയെ പരിപാലിക്കാന്‍ കഴിയും. ഇവിടത്തെ കാലാവസ്ഥയ്ക്ക് സങ്കരയിനങ്ങളാണ് കൂടുതല്‍ ഉത്തമം. ഒന്നര വയസായ ആടുകളെ തെരഞ്ഞെടുത്ത് വളര്‍ത്തല്‍ ആരംഭിക്കാം. രോമവും തുകലും ആദായം നല്‍കും. മാംസത്തിനായിട്ടുള്ള വളര്‍ത്തലാണെങ്കില്‍ വിദേശ രാജ്യങ്ങളിലേതുപോലെ തരംതിരിച്ച് മാംസവില്പന സജീവമാക്കിയാല്‍ കൂടുതല്‍ നേട്ടം കൈവരിക്കാനാവും. സര്‍ക്കാരിന്റെ പിന്‍തുണയും പ്രോത്‌സാഹനവുമുണ്ടെങ്കില്‍ നമ്മുടെ നാട്ടിലും ചെമ്മരിയാട്ടിന്‍ ഫാമുകള്‍ സജീവമാകും. കര്‍ഷകരില്‍ നിന്ന് വാങ്ങുന്നതെല്ലാം മാര്‍ക്കറ്റില്‍ എത്രശതമാനം വില വര്‍ധിപ്പിച്ച് വില്പന നടത്താമെന്നും സര്‍ക്കാര്‍ നിശ്ചയിക്കണം. ഈ രീതിയിലൂടെ മാത്രമേ കര്‍ഷകര്‍ക്ക് എന്നും നേട്ടങ്ങളുണ്ടാകൂ.

ഇന്ത്യയില്‍ ഏഴുകോടി ചെമ്മരിയാടുകള്‍ ഉണ്ടെന്നാണ് കണക്ക്. ജമ്മു-കാശ്മീര്‍, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ്, ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ പ്രദേശങ്ങളിലാണ് ചെമ്മരിയാടുകളെ കൂടുതലായി വളര്‍ത്തുന്നത്. കേരളത്തില്‍ പാലക്കാട് ജില്ലയില്‍ ചിലര്‍ ചെമ്മരിയാടുകളെ വളര്‍ത്തുന്നുണ്ട്. അങ്കോറ, കാശ്മീരി എന്നീ ഇനങ്ങളില്‍പ്പെട്ട ആടുകളെയാണ് ഇന്ത്യയില്‍ രോമത്തിനായി പ്രധാനമായും വളര്‍ത്തുന്നത്. കാശ്മീരിലെ പര്‍വത പ്രദേശങ്ങളില്‍ വളര്‍ത്തുന്ന കാശ്മീരി ആടുകളുടെ രോമം ലോകപ്രശസ്തമാണ്. മൃദുവും നേര്‍ത്തതുമായ രോമങ്ങള്‍ക്കു തിളക്കവും കൂടുതലുണ്ട്. ഈ ചെമ്മരിയാടിന്റെ കമ്പിളി രോമം 'പഷ്മിന' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇതുപോലെ പ്രശസ്തമാണ് നീലഗിരിയാടിന്റെ രോമവും. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ മാത്രം കണ്ടുവരുന്ന പ്രത്യേക ഇനം ചെമ്മരിയാടാണിത്. ഗുണമേന്മയുള്ള രോമമുള്ള ഇവയിന്ന് വംശനാശത്തിന്റെ വക്കിലാണ്. ഇവയുടെ സംരക്ഷണത്തിനായുള്ള പദ്ധതികള്‍ നടക്കുന്നുണ്ട്. ഇവയ്ക്കു പുറമെ കോയമ്പത്തൂര്‍ മേഖലയിലാണ് ചെമ്മരിയാടു ഫാമുകളുള്ളത്.

കുട്ടികള്‍ക്ക് ആട്ടിന്‍പാല്‍പ്പൊടി

പാല്‍പ്പൊടി നിര്‍മാണത്തിനാണ് പാല്‍ കൂടുതലായി ഉപയോഗിക്കുന്നത്. കുട്ടികളുടെ ആരോഗ്യവളര്‍ച്ചയ്ക്ക് ഈ പാല്‍പ്പൊടിയാണ് കൊടുക്കുന്നത്. മറ്റു പാല്‍പ്പൊടികളേക്കാള്‍ വിലയും കൂടുതലാണിതിന്.

കാലാവസ്ഥാ മാറ്റങ്ങളും അപകടങ്ങളും മണത്തറിയാനുള്ള ശേഷി ആടുകള്‍ക്ക് കൂടുതലുണ്ട്. ഏതു സാഹചര്യത്തോടും പെട്ടന്ന് ഇണങ്ങിച്ചേരുന്നവയാണ് ആടുകള്‍. പ്രായപൂര്‍ത്തിയായ ശേഷമാണു രോമം വേര്‍പെടുത്തുന്നത്. ഒരാടില്‍ നിന്ന് കുറഞ്ഞത് എട്ടു പ്രാവശ്യം രോമമെടുക്കും. രോമോത്പാദനം കഴിയുമ്പോഴാണ് തുകലെടുക്കുന്നത്. ചെമ്മരിയാടുകളുടെ പരിപാലനത്തിലൂടെ കാര്‍ഷിക ആവശ്യത്തിനുള്ള വളവും ലഭിക്കുന്നു. ആടുകളുടെ കാഷ്ഠവും മൂത്രവും പ്രത്യേകം വേര്‍തിരിച്ചെടുത്ത് വളമാക്കിയുള്ള വില്പനയും ഇവിടെ സജീവമാണ്.

നെല്ലി ചെങ്ങമനാട്
ന്യൂസിലാന്‍ഡ്‌