സാധ്യതകളുടെ "പുളിനോട്ടം'
സാധ്യതകളുടെ "പുളിനോട്ടം'
Monday, May 10, 2021 4:47 PM IST
രുചി മലയാളത്തിന്‍റെ അവിഭാജ്യ ഘടകമാണു വാളന്‍പുളി. സാമ്പാറിലും രസത്തിലും അവിയലിലും മീന്‍ കറിയിലും താരമായ വാളന്‍പുളി ആഫ്രിക്കയിലെ മഡഗാസ്‌കര്‍ സ്വദേശിയാണ്. എങ്കിലും ഇന്ത്യ, മ്യാന്മാര്‍, മലേഷ്യ, ശ്രീലങ്ക, തായ്‌ലാന്‍ഡ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍, തെക്കേ അമേരിക്ക മുതലായ രാജ്യങ്ങളാണ് പുളി ഉത്പാദനത്തില്‍ മുന്നില്‍. ഇന്ത്യന്‍ വംശജര്‍ ഏറെയുള്ള മൗറീഷ്യസ്, ഗയാന, സുരിനാം, ട്രിടിനാട് ആന്‍ഡ് ടുബോഗോ, ഫിജി തുടങ്ങിയ രാജ്യങ്ങളില്‍ പ്രത്യേക പരിചരണമൊന്നുമില്ലാതെ വളരുന്നു. ചില ആഫ്രിക്കന്‍ രാജ്യങ്ങളിലും പുളിമരങ്ങള്‍ വന്യമായി വളരുന്നുണ്ട്.

ഉത്തരമില്ലാത്ത പേര്

പുളിയുടെ ശാസ്ത്രനാമം "tamarindus indica" എന്നാണ്. സാധാരണ ഗതിയില്‍ ശാസ്ത്രനാമങ്ങളില്‍ പ്രത്യയമായി (suffix) വരുന്ന പദം ഒരു സൂചകമാണ്. ഇന്ത്യയില്‍ ഉത്ഭവിച്ച സസ്യങ്ങള്‍ക്കാണ് "indica" എന്ന പ്രത്യയം ചേര്‍ത്തു കാണാറുള്ളത്. എന്നാല്‍ ആഫ്രിക്കയില്‍ ഉത്ഭവിച്ചതെന്നു കരുതുന്ന പുളിക്ക് "indica' എന്ന പ്രത്യയം എങ്ങനെകിട്ടി എന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം.

പുളി ഉത്പാദനം ഇന്ത്യയില്‍

2018-ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 49,000 ഹെക്ടറില്‍ പുളി കൃഷി ചെയ്യുന്നു. തമിഴ്‌നാട്, കേരളം, കര്‍ണാടകം, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, ആന്ധ്ര, തെലുങ്കാന, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളാണ് പുളി വിളനിലങ്ങള്‍. ഉത്പാദനം ഏകദേശം രണ്ടുലക്ഷം ടണ്‍. 2017 ലെ കണക്കനുസരിച്ചു പുളി ഉത്പാദനത്തില്‍ തമിഴ്‌നാടാണ് (44.5 %) മുന്നില്‍. തൊട്ടു പിന്നാലെ കേരളവും (36.47%). കേരളത്തില്‍ 2015-16 കണക്കനുസരിച്ചു മൊത്തം 11,550 ഹെക്ടറില്‍ പുളി കൃഷിയുണ്ട്. പാലക്കാടാണ് മുന്നില്‍ (3584 ഹെക്ടര്‍) അടുത്തായി മലപ്പുറവും (1445 ഹെക്ടര്‍). എന്നാല്‍ ഇത് തോട്ടം അടിസ്ഥാനത്തിലുള്ള കൃഷിയാണോ എന്നറിയില്ല. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന 1.5 ലക്ഷം ടണ്‍ പുളിയുടെ സിംഹഭാഗവും ആഭ്യന്തരമായി തന്നെ ഉപയോഗിക്കുന്നു.

കൃഷിയും ഇനങ്ങളും

ഒട്ടു തൈകളും ബഡ്‌തൈകളും വിത്തുതൈകളും നടീല്‍ വസ്തുക്കളാണ്. ഒരേക്കറില്‍ 25-30 മരങ്ങള്‍ വരെ ഉള്‍ക്കൊള്ളിക്കാം. 1ഃ1ഃ1 മീറ്ററിലുള്ള വലിയ കുഴികളിലാണ് തൈകള്‍ നടേണ്ടത്. അത്ര മെച്ചമല്ലാത്ത മണ്ണിലും പുളിവളരും. തൈകള്‍ പിടിച്ചുകിട്ടാന്‍ ആദ്യവര്‍ഷങ്ങളില്‍ ജലസേചനം നല്‍കണം. മരമൊന്നിനു പ്രതിവര്‍ഷം 200 : 150 : 250 ഗ്രാം എന്‍പികെ വളങ്ങളും 25 കിലോ ഗ്രാം കാലിവളവും രണ്ടു കിലോഗ്രാം വേപ്പിന്‍ പിണ്ണാക്കും നല്‍കാം.

ഒട്ടു-ബഡ്ഡ് തൈകള്‍ 3-4 വര്‍ഷത്തിനുള്ളില്‍ കായ്ക്കുമ്പോള്‍, കുരു തൈകള്‍ പൂവിടാന്‍ 10-12 വര്‍ഷത്തോളമെടുക്കും. പുളിമരങ്ങള്‍ക്ക് 200 വര്‍ഷത്തിലധികം ആയുസുണ്ടെങ്കി ലും 50-60 വര്‍ഷമേ നല്ല വിളവു ലഭിക്കൂ. കാര്യമായ കീട-രോഗ ബാധകളൊന്നുമില്ലാത്ത ഒരുവിളയാണ് പുളി. പികെഎം-1, ഉറിഗാം, ഹസാനൂര്‍, തുംകൂര്‍ പ്രതിസ്ഥാന്‍, ഡിടിഎസ്-1, യോഗേശ്വര്‍, കുഭം സെലക്ഷന്‍, റായ്ചൂര്‍ സെലക്ഷന്‍, കരൂര്‍ ഉറിഗാം, കണ്‍ഗദേവനപള്ളി എന്നിവയൊക്കെയാണ് നല്ല ഇനങ്ങള്‍.

വിളവ്

ആദ്യ വര്‍ഷങ്ങളില്‍ ഒരു മരത്തില്‍ നിന്ന് 20-30 കിലോയും വളര്‍ച്ചയെത്തിയ ഒരു വൃക്ഷത്തില്‍ നിന്നു പ്രതിവര്‍ഷം 50-200 കിലോയും പുളി ലഭിക്കും.

മൂല്യവര്‍ധനയും സംസ്‌കരണവും

കുരുനീക്കിയ പുളി, ഉണക്കിയ പുളി സ്ലാബ്‌സ്, പുളി പള്‍പ്പ്, പുളി പള്‍പ്പ് പൊടി, പുളി കോണ്‍സെന്‍ട്രേറ്റ്, പുളിങ്കുരു പൊടി തുടങ്ങിയവയാണ് പ്രധാന മൂല്യവര്‍ധിത ഉത്പന്നങ്ങള്‍. പേസ്റ്റ്, ചട്ട്ണി, ചോക്ലേറ്റ്, കാന്‍ഡി, ജാം തുടങ്ങിമറ്റു ചില മൂല്യവര്‍ധിത ഉത്പന്നങ്ങളും പുളിയില്‍ നിന്നുണ്ടാക്കുന്നുണ്ട്. പുളിയുടെ പള്‍പ്പും പഞ്ചസാരയും ഉപ്പും ഗോതമ്പു പൊടിയും ചേര്‍ത്തുണ്ടാക്കുന്ന പുളിയുണ്ട സ്വാദിഷ്ടമാ യൊരു മധുര പലഹാരമാണ്. പുളിയില്‍ നിന്നു മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതില്‍ യന്ത്രവത്കരണം പ്രധാനമാണ്.
ഛത്തീസ്ഗഢിലെ ബസ്റ്റാര്‍ ജില്ലയില്‍ വനവിഭവമായാണ് പുളി അധികവും ശേഖരിക്കുന്നത്. ഇതിനായി രൂപീകരിച്ചിട്ടുള്ള സമിതികള്‍ വഴി ശേഖരിക്കുന്ന പുളി, തൊഴിലാളികളെ കൊണ്ട് തോടും കുരുവും കളയിപ്പിച്ചശേഷം തിരികെ സമിതികള്‍ തന്നെ വാങ്ങും. ഒരുകിലോ പുളിത്തോടും കുരുവും കളഞ്ഞു നല്കാന്‍ രണ്ടു രൂപയാണു നിരക്ക്. ഒരു പുളി സംസ്‌കരണ ഫാക്ടറി തുടങ്ങാന്‍ 50 ലക്ഷം മുതല്‍ ഒരു കോടി വരെ രൂപ വേണ്ടിവരും.

ആഭ്യന്തര വിപണിയിലെ പുളിവില
വര്‍ഷം -വില
2010-11 -47.80
2011-12 -79.01
2012-13 -64.30
2013-14 -69.45
2014-15 -86.99
2015-16 -94.17
2016-17 -120.00

ചെന്നൈയില്‍ 2018-ല്‍ 131.42 രൂപയും 2019-ല്‍ 161.26 രൂപയും ഒക്കെയായിരുന്നു ഒരു കിലോ പുളിയുടെ വില. പക്ഷെ കര്‍ഷകര്‍ക്ക് പലപ്പോഴും ലഭിക്കുന്നത് കിലോയ്ക്ക് പത്തും പതിനഞ്ചും രൂപമാത്രം. പുളി ഉത്പാദനത്തിലെ ഏറ്റക്കുറച്ചിലുകള്‍ വിലയിലും പ്രതിഫലിക്കാറുണ്ട്. ഒരു നല്ല വിളവിനു ശേഷം അടുത്ത രണ്ടുമൂന്നു സീസണില്‍ ഉത്പാദനം കുറവായിരിക്കും. അപ്പോള്‍ വില കൂടും.

ആന്ധ്രാപ്രദേശിലെ ഗിരിജന്‍ കോ ഓപ്പറേറ്റീവ് കോര്‍പ്പറേഷന്‍ കര്‍ഷകരില്‍ നിന്നു പുളി ശേഖരിക്കുന്നുണ്ടെങ്കിലും വന്‍ ഉത്പാദനമുണ്ടാകുന്ന വര്‍ഷങ്ങളില്‍ കമ്പനി വില കുറക്കുന്നെന്ന പരാതിയുണ്ട്. പുളിങ്കുരുവിനു കിലോയ്ക്ക് 3-4 രൂപ വിലയുണ്ട്. ഇതിന്റെ പൊടി, തുണി, പേപ്പര്‍, കോസ്‌മെറ്റിക്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് മേഖലകളിലും കാലീത്തീറ്റയായും ഉപയോഗിക്കുന്നു.

കയറ്റുമതി

80 കോടി രൂപ മൂല്യമുള്ള ഏകദേശം 17,500 ടണ്‍ വാളന്‍പുളി വിവിധ മൂല്യവര്‍ധിത ഉത്പന്നങ്ങളായി 2010-11 ഇന്ത്യയില്‍ നിന്നു കയറ്റുമതി ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.

നല്ലൂര്‍ പുളിത്തോപ്പ്

ബംഗളൂരുവിനടുത്ത നല്ലൂരില്‍ 54 ഏക്കറില്‍ 400 വര്‍ഷത്തോളം പഴക്കമുള്ള ഏതാനും വൃക്ഷങ്ങള്‍ ഉള്‍പ്പെടെ, 300 പുളി മരങ്ങളുള്ള ഒരു പുളി ജൈവവൈവിധ്യതോപ്പുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ രാജേന്ദ്ര ചോളരാജാവിന്റെ കാലത്തുള്ളതെന്നു കരുതുന്ന ഈ തോപ്പ് ഒരു പൈതൃക സ്വത്തായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബന്ധപ്പെട്ടവര്‍ കാര്യമായി ശ്രദ്ധിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഡോ. ബി. ശശികുമാര്‍
മുന്‍ പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ്, ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം
കോഴിക്കോട്. ഫോണ്‍: 94961 78142.