മനോജിനു പശു ഇന്നും നിത്യജീവിതത്തിന്‍റെ ഭാഗം
മനോജിനു പശു ഇന്നും നിത്യജീവിതത്തിന്‍റെ ഭാഗം
പറന്പിലെ നാടൻ പുല്ലുകളാണിവിടെ പശുക്കളുടെ പ്രധാനാഹാരം. നാരുകൾ കൂടുതലുള്ള പുല്ലുകൾ അറത്തെടുത്തു മൂന്നു നേരവും കൊടുക്കുന്നു. വളർത്തു ചെലവും കുറവ്, പശുക്കളും ഹാപ്പി. കൂടാതെ കാലിത്തീറ്റയും വിറ്റാമിനുകളും ഡോക്ടറുടെ നിർദ്ദേശപ്രകാരം നൽകുന്നു.

പ്രതിരോധ മരുന്നുകൾ യഥാസമയം ലഭ്യമാക്കുന്നു. ചെറുപ്പകാലം മുതൽ കണ്ടും പരിചരിച്ചും പോന്ന പശുവിനെ ഇന്നും നിത്യജീവിതത്തിന്‍റെ ഭാഗമാക്കുകയാണ് ഇടുക്കി ചെപ്പുകുളം കല്ലറയ്ക്കൽ മനോജ് ജോസഫ്. എച്ച്എഫ്, ജേഴ്സി ഇനങ്ങളിലെ 15 പശുക്കളുടെ പരിപാലകനാണിന്ന് ഇദ്ദേഹം. 150 ലിറ്റർ പാലാണ് പ്രതിദിന ഉത്പാദനം.

ആദ്യകാലങ്ങളിൽ മിൽമയുടെ സൊസൈറ്റി വഴിയായിരുന്നു പാൽ വില്പന. പിന്നീട് സ്വകാര്യ പാൽ സംഭരണക്കാരിൽ നിന്നു ചില ആനുകൂല്യങ്ങൾ ലഭിച്ചതോടെ അവർക്കായി പാൽ വിൽപ്പന. നല്ല പ്രോത്സാഹനവും ആനുകൂല്യങ്ങളും ഉണ്ടെങ്കിലേ കർഷകർക്ക് ഈ മേഖലയിൽ ഇന്നു പിടിച്ചു നിൽക്കാനാവൂ. ക്ഷീരകർഷകർക്കുള്ള ഭൂരിഭാഗം ആനുകൂല്യങ്ങളും ഇപ്പോൾ സർക്കാർ അംഗീകൃതസൊസൈറ്റി വഴിയാണു ലഭിക്കുന്നത്. എന്നാൽ ഇതു ലഭിക്കാൻ തിര്യേ മിൽമയുടെ സൊസൈറ്റിയിൽ പാൽ നൽകണമെന്നുണ്ടെങ്കിലും ചിലർ അതു തടസപ്പെടുത്തുന്നതായി മനോജ് പറയുന്നു. ഇതിനെതിരേ കളക്ടർക്കുവരെ പരാതി നൽകി കാത്തിരിക്കുകയാണിദ്ദേഹം. ക്ഷീര സംഘത്തിൽ അംഗത്വം നൽകിയില്ലെങ്കിലും ക്ഷീരകർഷകർക്കുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കാനുള്ള വഴിയൊരുക്കണമെന്ന ആവശ്യമാണു മനോജിനുള്ളത്.

സമ്മിശ്രകൃഷിയും കുരുമുളകും

റബറിനു പുറമെ സുഗന്ധവിളയായ കുരുമുളകാണ് കൃഷിയിടത്തിലെ പ്രധാനതാരം. കരിമുണ്ട, നീലമുണ്ടി, വട്ടമുണ്ടി, ചെപ്പുകുളം കൊടി എന്നീ ഇനങ്ങളാണു പ്രധാനം. ഇതിനു പുറമെ ഹൈബ്രീഡ് ഇനത്തിൽപ്പെട്ട 60 ജാതിമരങ്ങളും മൂന്നേക്കർ കൃഷിയിടത്തിലുണ്ട്. കൂടാതെ കാപ്പി, തെങ്ങ്, കമുക്, പുളി തുടങ്ങിയവയും കപ്പ, കാച്ചിൽ, ചേന്പ് തുടങ്ങിയ കിഴങ്ങു വിളകളും കൃഷി ചെയ്യുന്നു. വീട്ടാവശ്യത്തിനായി വിവിധതരം പച്ചക്കറികളും വീടിനു ചുറ്റും കൃഷിചെയ്തിട്ടുണ്ട്.

എല്ലാ വിളകളും സ്വരുമയോടെ മൽസരിച്ചു വളരുന്ന കാഴ്ച. വൃക്ഷവിളകൾക്ക് വർഷത്തിൽ ഒരുതവണ ചാണക കന്പോസ്റ്റു നൽകുന്നു. നനപൊതുവേ ഇല്ല. കൃഷിയിടത്തിൽ കളകൾ വർധിച്ചാൽ വീശിയൊതുക്കുകയാണു ചെയ്യുന്നത്. ഇലകളും ചപ്പുചവറുകളും പറന്പിൽ കിടന്ന് അഴുകി മണ്ണോടു ചേരുന്നു. ഇതുതന്നെയാണ് ഈ മേഖലയിലെ കർഷകരുടെ പ്രധാനവളം. ചാണകത്തിന്‍റെ ഭൂരിഭാഗവും ഉണക്കിപൊടിയാക്കിയാണു വില്പന. ഒട്ടുപാലും കുരുമുളകുമെല്ലാം നല്ലവില കിട്ടുന്പോഴാണു വില്പന നടത്തുന്നത്.

രാസവളങ്ങളും കീടനാശിനികളും കൃഷിയിടത്തിൽ കയറ്റാതെ പരമാവധി പ്രകൃതി സൗഹൃദകൃഷി നടത്തിയാൽ ജീവിക്കാനുള്ള വരുമാനം ഉറപ്പാക്കാമെന്നാണ് മനോജ് ജോസഫിന്‍റെ കണ്ടെത്തൽ.

റബറിലെ ലാഭവഴി

കൃഷിക്കാർ റബറിനെ ഒഴിവാക്കുന്ന ഈ കാലഘട്ടത്തിൽ ചെലവു ചുരുക്കി റബറിൽ നിന്നു മികച്ച വരുമാനം നേടുന്നുമുണ്ട് ഇദ്ദേഹം. റബർപാൽ ഷീറ്റാക്കി ഉണക്കി വില്പന നടത്തുന്ന പതിവു രീതി വേണ്ടന്നു വച്ച് ഒട്ടുപാലായാണു വില്പന.


ഒട്ടുപാൽപ്രത്യേക പരിചരണങ്ങളൊന്നും നൽകാതെയാണ് റബർ മരങ്ങളെ ഈ കർഷകൻ സംരക്ഷിക്കുന്നത്. മൂന്നു ദിവസം കൂടുന്പോഴാണ് ടാപ്പിംഗ്. ടാപ്പിംഗ് കഴിഞ്ഞാൽ പിന്നീട് മൂന്നാം ദിവസം ടാപ്പിംഗിന് എത്തുന്പോഴാണ് ചിരട്ടകളിൽ നിന്ന് ഒട്ടുപാലെടുക്കുന്നത്. ഇതു നല്ല വെയിലിൽ ഒരാഴ്ചയിലേറെ ഉണക്കിയെടുക്കുന്നു. നല്ലപോലെ ഉണങ്ങിയശേഷം ചാക്കുകളിൽ ശേഖരിക്കും. വീടിന്‍റെ ടെറസിലാണ് ഒട്ടുപാൽ ഉണക്കുന്നത്. ഷീറ്റിനേക്കാൾ വില അല്പം കുറയുമെങ്കിലും ഷീറ്റാക്കി ഉണക്കിയെടുക്കുന്നതിനു വേണ്ട ചെലവു കണക്കാക്കുന്പോൾ ഒട്ടുപാലാണു ലാഭം. ഇപ്പോൾ കിലോയ്ക്ക് 85 രൂപയോളം കിട്ടുന്നുണ്ട്. 130 രൂപ വരെ ഉണ്ടായിരുന്ന ഒട്ടുപാലിന്‍റെ വില റബർ വിലയനുസരിച്ച് മാറിക്കൊണ്ടിരിക്കുകയാണ്. 110 രൂപ കിലോയ്ക്ക് ലഭിക്കുകയാണെങ്കിൽ മികച്ച വരുമാനമാകുമെന്നാണ് ചെപ്പുകുളത്തെ കർഷകരുടെയും അഭിപ്രായം. പുകപ്പുരയിലോ ചിമ്മിനിയിലോ ഉണക്കിയെടുക്കുന്ന ചെലവു ചുരുക്കാൻ ഇതുമൂലം സാധിക്കും.

ക്രീപ്പും ക്രംബും നിർമിക്കാനാണ് ഒട്ടുപാൽ പ്രധാനമായും ഉപയോഗിക്കുന്നത്. റബർ വ്യവസായത്തിൽ ഉയർന്ന ഡിമാൻഡാണ് ക്രീപ്പിനും ക്രംബിനുമുള്ളത്. വിവിധ റബർ കന്പനികൾ കിലോയ്ക്ക് 136 രൂപയ്ക്കാണ് ക്രംബ് ഇറക്കുമതി ചെയ്യുന്നത്. തായ്ലാൻഡ്, മലേഷ്യ, ഇന്തോനേഷ്യ, വിയറ്റ്നാം എന്നിവടങ്ങളിൽ നിന്നാണ് പ്രധാനമായും ഇറക്കുമതി. ഒട്ടുപാൽ അരച്ച് ക്രംബും ക്രീപ്പുമാക്കിയാണ് ആഭ്യന്തരമാർക്കറ്റിൽ വിറ്റഴിക്കുന്നത്. ഇതിനായി അന്പതോളം കന്പനികൾ സഹകരണമേഖലയിൽ ഉണ്ടായിരുന്നു. ഇതിൽ നല്ലൊരു ശതമാനവും അടച്ചുപൂട്ടി.

ഇതോടെയാണ് ഒട്ടുപാൽ വില ഇടിഞ്ഞു തുടങ്ങിയത്. റബർ മേഖലയിൽ ഉണ്ടായ വില തകർച്ചയും വിലയിടിവിനു കാരണമാണ്. സാന്പത്തിക നഷ്ടം ഉണ്ടാക്കുന്ന ഒരു വിളയായിട്ടാണിന്ന് റബറിനെ കർഷകർ കാണുന്നത്. പരിപാലന ചെലവുകൾ വർഷംതോറും കൂടുന്നതനുസരിച്ച് വില ഉയരാത്തതാണ് കർഷക മനോഭാവം മാറാൻ കാരണം. റബർ വളർന്നു തുടങ്ങിയാൽ പിന്നെ ഒരു പരിചരണവും നൽകരുതെന്നാണ് മനോജിന്‍റെ അഭിപ്രായം. പ്രകൃതിയോടു ചേർന്നു വളരുന്ന റബർ ചെടികളിൽ പന്ത്രണ്ട് ഇഞ്ച് തടിമുഴുപ്പാകുന്പോൾ ടാപ്പിംഗ് നടത്തുന്നു. ആഴ്ചയിൽ രണ്ടു ടാപ്പിംഗ്. പാല് ഒട്ടുപാലാക്കുന്നു. കൊഴുപ്പ് കൂടുതലുണ്ടെങ്കിൽ വേഗം ഉണങ്ങിക്കിട്ടും. കൊഴുപ്പ് കുറവാണെങ്കിൽ ഒന്നോ രണ്ടോ തുള്ളി ആസിഡ് ചിരട്ടകളിൽ ഒഴിച്ചാൽ മതി.

പരിചരണച്ചെലവുകൾ വളരെ കുറവായതിനാൽ കിട്ടുന്നതിൽ 25 ശതമാനത്തോളം ടാപ്പിംഗിനും മറ്റുമായി മാറ്റിവച്ചാലും ഒരു കർഷകനു ജീവിക്കാനുള്ള വരുമാനം റബറിൽ നിന്നു കിട്ടുമെന്നാണ് ഇദ്ദേഹത്തിന്‍റെ അഭിപ്രായം.

ഫോണ്‍: മനോജ്- 9744706007