ബയോഫ്‌ളോക്ക് ഉയര്‍ത്തുന്ന വെല്ലുവിളികള്‍
ബയോഫ്‌ളോക്ക് ഉയര്‍ത്തുന്ന വെല്ലുവിളികള്‍
Wednesday, September 1, 2021 4:39 PM IST
ഊര്‍ജിത പച്ചക്കറി ഉത്പാദനത്തിനായി പോളിഹൗസ് സാങ്കേതികവിദ്യ ആവിഷ്‌കരിച്ചപ്പോഴുണ്ടായ അതേ പ്രശ്‌നങ്ങള്‍ ഊര്‍ജിത മത്സ്യോത്പാദനത്തിനായി കൊണ്ടുവന്ന ബയോഫ്‌ളോക്കിലും ആവര്‍ത്തിക്കുന്നു. സാങ്കേതികവിദ്യയെക്കുച്ച് അതു നടപ്പാക്കുന്നവര്‍ക്കു തന്നെയുള്ള ഗ്രാഹ്യക്കുറവാണ് ആദ്യപ്രശ്‌നം.

വ്യക്തമായ നിരീക്ഷണങ്ങളോ കൃഷിയിട പരീക്ഷണങ്ങളോ നടത്താത്തതിനാല്‍ ഇതിലെ പ്രയോഗിക പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ പലര്‍ക്കുമാകുന്നില്ല. മത്സ്യം വളര്‍ത്തലിനാവശ്യമായ സാങ്കേതികസഹായം, യഥാസമയം മത്സ്യക്കുഞ്ഞുങ്ങളെ ലഭ്യമാക്കുക, വിപണി കണ്ടെത്തുക എന്നിവയിലൊന്നും കൃത്യമായ ഇടപെടലുകളില്ലാത്തതിനാല്‍ കര്‍ഷകര്‍ കിതക്കുകയാണ്.

പദ്ധതിച്ചെലവായി സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്ന തുകയുടെ നിശ്ചിതശതമാനമാണ് സബ്‌സിഡി. എന്നാല്‍ യഥാര്‍ഥത്തില്‍ പദ്ധതി പൂര്‍ത്തിയായി വരുമ്പോള്‍ ഇതിന്റെ ഇരട്ടിയിലധികം ചെലവാകും. മത്സ്യടാങ്കുകള്‍ നിര്‍മിക്കുന്നതിനെക്കുറിച്ചുള്ള പരിശീലനം കര്‍ഷകര്‍ക്കു നല്‍കാത്തതിനാല്‍ ഏജന്‍സികളെ ആശ്രയിക്കുകയാണു പലരും.

ഇവര്‍ കര്‍ഷകരെ പിഴിഞ്ഞു കൊള്ളലാഭത്തിനു ശ്രമിക്കുന്നതു മൂലമാണു ചെലവു വര്‍ധിക്കുന്നത്. ഈ ചെലവിന്റെ നിശ്ചിതശതമാനം സബ്‌സിഡി ലഭിക്കുമെന്നോര്‍ത്തു കാര്യങ്ങള്‍ നീക്കുന്ന കര്‍ഷകര്‍ പെട്ടതുതന്നെ. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഉപകരണങ്ങള്‍ വാങ്ങിയില്ലെങ്കില്‍ അതിന്റെ സബ്‌സിഡിയും ലഭിക്കില്ല. ഇതൊന്നുമറിയാതെ പണം മുടക്കുന്ന കര്‍ഷകരാണു വെട്ടിലാകുന്നത്.

40 ശതമാനം സബ്‌സിഡി ലഭിക്കുമെന്നും ആറുമാസം കൂടുമ്പോള്‍ ലക്ഷങ്ങള്‍ വരുമാനമുണ്ടാകുമെന്നുമുള്ള വാഗ്ദാനത്തില്‍ മയങ്ങിയതു നിരവധിപ്പേരാണ്. ലോക്ക്ഡൗണ്‍ കാലത്ത് നിരവധി കര്‍ഷകരും പ്രവാസി ജീവിതം അവസാനിപ്പിച്ചെത്തിയവരും ബയോഫ്‌ളോക്ക് മത്സ്യകൃഷി ആരംഭിച്ചിരുന്നു. എന്നാല്‍ ഉയര്‍ന്ന ഉത്പാദന ചെലവും മത്സ്യകുഞ്ഞുങ്ങളുടെ ലഭ്യതക്കുറവും വിപണിയുടെ അഭാവവുമെല്ലാം ഈ മേഖലയുടെ ഭാവി തന്നെ അനിശ്ചിത ത്വത്തിലാക്കിയിരിക്കുകയാണ്.

സര്‍ക്കാര്‍ പറയുന്നതല്ല ഉത്പാദന ചെലവ്

സാധാരണ 20,000 ലിറ്റര്‍ ടാങ്കില്‍ 50-80 തിലാപ്പിയ മാത്രമേ വളരു കയുള്ളൂവെങ്കില്‍ ബയോഫ്‌ളോക്ക് ടാങ്കില്‍ 1250 എണ്ണത്തെ വളര്‍ത്താം. സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയില്‍ ഒരു ടാങ്കു മാത്രമേയുള്ളു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി മത്സ്യ സംപാദ യോജന, ഏഴു ടാങ്കു കളുടെ പദ്ധതിയാണ്. വാട്ടര്‍ പമ്പ്, ജനറേറ്റര്‍, സിസിടിവി, ടാങ്കുകളുടെ റൂഫിംഗ് എന്നിവ യ്ക്കായി 4.80 ലക്ഷം രൂപയാണു പദ്ധതിയുടെ നിര്‍മാണച്ചെലവായി സര്‍ക്കാര്‍ കണക്കാക്കുന്നത്.

എന്നാല്‍ ഇതിനായി ഏഴു മുതല്‍ 12 ലക്ഷം വരെ ചെലവഴിച്ച കര്‍ഷകരുണ്ട്. ഒരു വര്‍ഷത്തേക്ക് 25,000 രൂപയാണ് വൈദ്യുതി ചാര്‍ജായി സര്‍ക്കാര്‍ കണക്കാക്കുന്നത്. എന്നാല്‍ 42,000 രൂപയില്‍ കുറയാത്ത കറണ്ടു ബില്‍ തങ്ങള്‍ക്കു വരുന്നതായി കര്‍ഷകര്‍ പറയുന്നു. ഒരു കിലോഗ്രാം തീറ്റയ്ക്ക് 38 രൂപയാണു സര്‍ക്കാര്‍ കണക്ക്. എന്നാല്‍ ഇതിന് 60 രൂപയെങ്കിലും ചെലവു വരുമെന്നു കര്‍ഷകര്‍ പറയുന്നു.

ഗുണനിലവാരം കുറഞ്ഞ മത്സ്യകുഞ്ഞുങ്ങള്‍

നല്‍കുന്ന കുഞ്ഞുങ്ങളില്‍ 20 ശതമാനം വേണ്ടത്ര വളര്‍ച്ച പ്രാപിച്ചേക്കില്ലെന്നാണു ഫിഷറീസ് വകുപ്പു പറയുന്നത്. എന്നാല്‍ കാസര്‍ ഗോഡ് പെരിയ സ്വദേശിയായ മത്സ്യകര്‍ഷകന്‍ പി.വി. ബാലചന്ദ്രന്റെ അനുഭവം നേരെ തിരിച്ചായിരുന്നു. ഏഴു ടാങ്കുകള്‍ സ്ഥാപിച്ച് ജനുവരി മുതല്‍ കാത്തിരുന്ന ബാലചന്ദ്രനു മാര്‍ച്ചിലാണ് 2500 കുഞ്ഞുങ്ങളെ ലഭിച്ചത്. വെറും രണ്ടു ദിവസത്തി നുള്ളില്‍ ഇതില്‍ 2000 എണ്ണവും ചത്തുപോയി. ട്രോളിംഗ് സമയത്ത് വിളവെടുക്കുന്നതിനായാണു ജനുവരിയില്‍ പണിയെല്ലാം പൂര്‍ത്തിയാക്കിയത്.


എന്നാല്‍ കുഞ്ഞുങ്ങളെ ലഭിക്കാന്‍ താമസിച്ചതിനാല്‍ ആ വിപണി നഷ്ടമായി. ഏഴുലക്ഷം രൂപയാണ് അടിസ്ഥാന സൗകര്യമൊരുക്കാന്‍ ബാലചന്ദ്രനു ചെലവായത്.

മുന്നാട് സ്വദേശി അനില്‍കുമാറിന് തന്റെ ടാങ്കില്‍ നിക്ഷേപിക്കാന്‍ 2020 സെപ്റ്റംബറില്‍ 1250 മത്സ്യക്കുഞ്ഞുങ്ങളെയാണു ലഭിച്ചത്. എന്നാ ല്‍ ഇട്ട ഉടനെതെന്ന ഇതില്‍ 850 എണ്ണവും ചത്തുപോയി. 400 എണ്ണത്തെ നഴ്‌സറി ടാങ്കില്‍ മാറ്റിയിട്ടെങ്കിലും ഇതില്‍ നിന്നും കാര്യമായ ഉത്പാദനമൊന്നുമുണ്ടായില്ല.

ഇത് അറിയിച്ചതിനെ തുടര്‍ന്ന് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നു 1250 കുഞ്ഞുങ്ങളെക്കൂടി പകരം നല്‍കി. ആറു മാസത്തിനു ശേഷം വിളവെടുക്കാന്‍ ചെന്നപ്പോള്‍ നിരാശയായിരുന്നു ഫലം. 500 കിലോഗ്രാം മത്സ്യം പ്രതീക്ഷിച്ച അനിലിനു ലഭിച്ചത് വെറും 170 കിലോഗ്രാം മാത്രം.

ചില മത്സ്യങ്ങള്‍ 700 ഗ്രാം തൂക്കം വന്നു. എന്നാല്‍ ഭൂരിഭാഗം മീനുകളും ശരാശരി 200 ഗ്രാമില്‍ കൂടുതല്‍ തൂക്കം വച്ചില്ലെന്നും അനില്‍ പറയുന്നു. 2.04 ലക്ഷം രൂപയായിരുന്നു ഇദ്ദേഹത്തിന്റെ മുതല്‍ മുടക്ക്. വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം മത്സ്യകൃഷി ചെയ്യാം എന്നൊക്കെയാണു പദ്ധതിയില്‍ പറയുന്നത്.

ഇങ്ങനെ വിളവെടുപ്പു സാധ്യമാകണമെങ്കില്‍ മത്സ്യം പടിച്ച് 15 ദിവസത്തിനകം ടാങ്കൊരുക്കി വീണ്ടും കുഞ്ഞുങ്ങളെയിടണം. ഇദ്ദേഹത്തിന്റെ വിളവെടുപ്പ് ഏപ്രില്‍ മാസം കഴിഞ്ഞതാണങ്കിലും ജൂലൈ അവസാനമായിട്ടും രണ്ടാമതിടാനുള്ള കുഞ്ഞുങ്ങളെ സര്‍ക്കാര്‍ നല്‍കിയിട്ടില്ല. പിന്നെങ്ങനെ വര്‍ഷത്തില്‍ രണ്ടുകൃഷി സാധ്യമാകുമെന്നും അനില്‍ ചോദിക്കുന്നു.

ലഭിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വളര്‍ച്ച നന്നേ കുറവാണ്. ഗുണേന്മയുള്ള കുഞ്ഞുങ്ങളെ ലഭിച്ചാലേ സംരംഭം വിജയിക്കൂ. മത്സ്യകുഞ്ഞുങ്ങളുടെ പരിപാ ലനം സംബന്ധിച്ച് ഫിഷറീസ് വകുപ്പ് കര്‍ഷകര്‍ക്ക് പരിശീലനമൊന്നും നല്‍കുന്നില്ല. രാജ്യം മൊത്തം മത്സ്യകുഞ്ഞുങ്ങളുടെ ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നാണു ഫിഷറീസ് അധികൃതരുടെ വിശദീകരണം. ആവശ്യത്തിനു ജീവന ക്കാര്‍ ഇല്ലാത്തതു കൊണ്ടാണു കര്‍ഷകര്‍ക്കു പരിശീലനം നല്‍ കാന്‍ കഴിയാത്തതെന്നും അവര്‍ പറയുന്നു.

എവിടെ വിപണി?

ഇത്രയെല്ലാം വെല്ലുവിളികളെ അതിജീവിച്ച് മത്സ്യങ്ങളെ വളര്‍ത്തി വിളവെടുത്താലും ഇതിനു വിപണി ഉറപ്പുവരുത്താനുള്ള യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. പ്രാദേശിക തലത്തിലുള്ള കൂട്ടായ്മകളിലൂടെ യാണ് ഇപ്പോഴത്തെ വില്‍പന. എന്നാല്‍ ഇതു ശാശ്വതമല്ലെന്നു കര്‍ഷകര്‍ക്കു നല്ല ബോധ്യമുണ്ട്. കിലോഗ്രാമിനു 300 രൂപയെങ്കിലും കിട്ടിയാല്‍ മാത്രമേ കര്‍ഷകര്‍ക്കു ലാഭം കിട്ടൂ. അതേ സമയം ആന്ധ്ര യില്‍ നിന്നുമെത്തുന്ന തിലാ പ്പിയ കിലോഗ്രാമിന് 100 രൂപയ്ക്കു വരെ ലഭ്യമാണ്. ഇതും ഇവിടത്തെ കര്‍ഷകര്‍ക്ക് കനത്ത വെല്ലുവിളിയാണുയര്‍ത്തുന്നത്.

വിളയിക്കുന്ന മത്സ്യം ഏറ്റെടുക്കാന്‍ ജില്ലാ തലത്തില്‍ സംവിധാനം വേണമെന്നാണു കര്‍ഷകരുടെ ആവശ്യം. ഒപ്പം നല്ല മത്സ്യക്കുഞ്ഞുങ്ങളെ സമയത്തു ലഭ്യമാക്കണം. ചെലവു കുറച്ചുള്ള മത്സ്യോത്പാദനത്തില്‍ പരിശീലനം നല്‍കേണ്ടതും സംരംഭം ലാഭത്തിലാകാന്‍ അത്യാവശ്യമാണ്.
അനില്‍ മുന്നാട്- 62382 58647
ബാലചന്ദ്രന്‍ -94473 71814

ഷൈബിന്‍ ജോസഫ്
കാഞ്ഞങ്ങാട്, കാസര്‍ഗോഡ്‌