മലയാളക്കരയിലെ മഞ്ഞുകാല പച്ചക്കറികള്‍
മലയാളക്കരയിലെ മഞ്ഞുകാല പച്ചക്കറികള്‍
പച്ച പുതച്ച മലനിരകള്‍ക്കു നടുവില്‍ തണുപ്പിന്‍റെ മാസ്മരികലോകത്ത് കാരറ്റും കാബേജും കോളിഫ്‌ളവറും വെളുത്തുള്ളിയും ഒക്കെ നിരനിരയായി വളര്‍ന്നു നില്‍ക്കുന്നതു കണ്ടാല്‍ ആരും വിസ്മയം കൊള്ളും; കൊടുമുടികളും കിഴുക്കാം തൂക്കായ പാറകളും കുന്നുകളും താഴ്‌വരകളും ചെറിയ സമതലങ്ങളും നിറഞ്ഞ ഭൂപ്രകൃതി. സമുദ്രനിരപ്പില്‍ നിന്ന് 6500 അടി വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങള്‍ ഇവിടെയുണ്ട്.

ഹൈറേഞ്ചിലെ തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മൊട്ടക്കുന്നുകളും വനമേഖലയും പിന്നിട്ട് സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ഇവിടമാണ് വട്ടവട എന്ന പച്ചക്കറിഗ്രാമം. കമ്പുപാകി, മണ്ണുപൊത്തി, ചാണകം മെഴുകിയ വീടുകള്‍. പൊതുവെ വീടുകളെല്ലാം ഒരിടത്തു കേന്ദ്രീകരിച്ച് ബാക്കിയുള്ള ഭൂമിയില്‍ കൃഷി ചെയ്തിരിക്കുകയാണ് വട്ടവടക്കാര്‍.

തമിഴ്‌നാടിനോട് ചേര്‍ന്നു കിടക്കുന്നതിനാല്‍ ഒരര്‍ഥത്തില്‍ കേരളത്തേക്കാള്‍ തമിഴ് നാട്ടിലെ കാലാവസ്ഥയാണ് ഇവിടെ അധികവും അനുഭവപ്പെടുക. പകല്‍ ലഭിക്കുന്ന മിതമായ ചൂടും രാത്രിയിലെ നല്ല തണുപ്പും വര്‍ഷം മുഴുവന്‍ ഇടവേളകളായി കിട്ടുന്ന മഴയും വട്ടവടയെ ഉദാത്ത കൃഷിഭൂമിയായി മാറ്റിയിരിക്കുന്നു. ശീതകാല പച്ചക്കറികളുടെ കലവറ എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്.

നല്ല തണുപ്പില്‍ വളരുന്ന, വിളയുന്ന ഏതാണ്ടെല്ലാ പച്ചക്കറികളും പഴങ്ങളും ഇവിടെ അനായാസം വളരും. കേരളത്തില്‍ മറ്റെങ്ങും ദൃശ്യമല്ലാത്ത ഒരു കാര്‍ഷിക വിസ്മയം. അതുകൊണ്ടു തന്നെ ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് എന്നും വട്ടവടയും പരിസരഭൂമികയും പുതിയ കാഴ്ചകളാണ് സമ്മാനിക്കുന്നത്.

കാബേജ് മുതല്‍ സാക്ഷാല്‍ ഉള്ളിയും ഉരുളക്കിഴങ്ങും വരെ കേരളത്തില്‍ വളരും എന്നു പറഞ്ഞാല്‍ വിശ്വാസം വരാത്തവര്‍ക്ക് ഇടുക്കി ജില്ലയിലെ വട്ടവടയിലെത്തിയാല്‍ ഇവയെല്ലാം ഒന്നിനൊന്ന് നിറഞ്ഞു വളരുന്ന കൃഷിയിടങ്ങളും അവിടെ അധ്വാനിക്കുന്ന കര്‍ഷകരെയും കാണാം. ടിപ്പു സുല്‍ത്താന്റെ പടയോട്ടക്കാലത്ത് രക്ഷതേടി തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കുടിയേറിയവരാണ് വട്ടവട നിവാസികള്‍.

ഇവര്‍ പിന്തുടര്‍ന്നത് തമിഴ് സംസ്‌കാരവും സംസാരിക്കുന്നത് തമിഴും മലയാളവും ഇടകലര്‍ന്ന പ്രത്യേക ഭാഷയും; എങ്കിലും വന്നുചേര്‍ന്ന സ്ഥലത്തെ മണ്ണിനും കാലാവസ്ഥക്കും ചേര്‍ന്ന ശീതകാലവിളകള്‍ കൃത്യനിഷ്ഠയോടെ ദശാബ്ദങ്ങളായി വളര്‍ത്തിയും പരിപാലിച്ചും പോരുന്നവരാണിവര്‍. നെല്ലും ചെറുധാന്യങ്ങളും വിട്ട് നിലവിലെ മഞ്ഞുകാല പച്ചക്കറികളുടെ കൃഷിയിലേക്ക് ഇവിടത്തെ കര്‍ഷക സമൂഹം പൂര്‍ണമായും തിരിഞ്ഞിട്ട് ഏതാണ്ട് അഞ്ച് പതിറ്റാണ്ടാകുന്നു. ഹൈറേഞ്ചില്‍ അരങ്ങേറുന്ന ഈ വിസ്മയകൃഷിയുടെ വിശദാംശങ്ങളിലേക്ക് പോകാം.

മലയറിഞ്ഞ് കൃഷി

സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇടുക്കിയില്‍ കൃഷിചെയ്യുന്ന വിളകള്‍ നിശ്ചയിക്കുന്നത്. ഏറ്റവും താഴെ റബറും ഇഞ്ചിയും മഞ്ഞളും തെങ്ങും. സമുദ്രനിരപ്പില്‍ നിന്ന് 900 മീറ്റര്‍ വരെ ഉയരമുള്ള സ്ഥലങ്ങളാണ് കുരുമുളകുകൃഷിക്ക് അനുയോജ്യം.

ഇരട്ടയാര്‍, കാമാക്ഷി, പള്ളിവാസല്‍, രാജാക്കാട്, നെടുങ്കണ്ടം, വെള്ളത്തൂവല്‍, കട്ടപ്പന, തോപ്രാംകുടി, അടിമാലി തുടങ്ങിയ സ്ഥലങ്ങള്‍. 900 മുതല്‍ 1200 മീറ്റര്‍ വരെ ഉയരമുള്ള പ്രദേശങ്ങള്‍ക്കു യോജിച്ച വിളയാണ് ഏലം. ഉടുമ്പന്‍ചോല, ശാന്തമ്പാറ, മാലി, കല്‍ത്തൊട്ടി, ആനവിലാസം, വണ്ടന്‍മേട്, പുളിയന്‍മല തുടങ്ങിയ പ്രദേശങ്ങള്‍. ഏലം കൃഷി ചെയ്യുന്ന ഇടങ്ങളില്‍ ഉപവിളയായി കാപ്പിയും കൃഷി ചെയ്യാം.

സമുദ്രനിരപ്പില്‍ നിന്ന് 1200 മീറ്ററിലധികം ഉയരമുള്ള സ്ഥലങ്ങളില്‍ തേയിലയും കാപ്പിയും തഴച്ചു വളരും. ഇവക്കൊപ്പം പഴവര്‍ഗങ്ങളായ ലിച്ചി, അവക്കാഡോ, റംബുട്ടാന്‍, ആപ്പിള്‍, പ്ലം, പീച്ചസ്, ഓറഞ്ച്, ബ്ലാക്ക്‌ബെറി, സ്‌ട്രോബെറി, മരത്തക്കാളി, ചെറി എന്നിവയും വളരും. എല്ലാത്തരം ശീതകാല പച്ചക്കറികള്‍ക്കും അനുയോജ്യമാണിവിടം.

പ്രമുഖ ശീതകാല പച്ചക്കറികളും കൃഷിയറിവുകളും

ഏതാണ്ട് എല്ലാ ശീതകാലപച്ചക്കറികളുടെയും തൈകള്‍ ഇന്നിപ്പോള്‍ ലഭ്യമാണ്. പ്രത്യേകിച്ച് പ്രോ-ട്രേ തൈകള്‍. വിത്തുപാകി തൈകള്‍ മുളപ്പിച്ചും കൃഷി ചെയ്യാം. ഇവയുടെ വിത്തുകള്‍ പൊതുവെ ചെറുതാണ്. തൈ മുളയ്ക്കലിന് അനുയോജ്യമായ ട്രേകള്‍ ഇപ്പോള്‍ വിപണിയില്‍ കിട്ടും. ചകിരിച്ചോറ്, മണ്ണ്, ചാണകപ്പൊടി എന്നിവ 1:1:1 എന്ന അനുപാതത്തില്‍ ചേര്‍ത്തൊരുക്കിയ മിശ്രിതം ട്രേയില്‍ നിറച്ച് വിത്തു പാകാം.

ചെറുതായി ദിവസവും നനയ്ക്കണം. വിത്തു പാകാനുള്ള ട്രേയില്‍ വ്യത്യസ്ത മിശ്രിതങ്ങള്‍ നിറയ്ക്കുന്ന പതിവുമുണ്ട്. ചകിരിച്ചോറ്, വെര്‍മിക്കുലൈറ്റ്, പെര്‍ലൈറ്റ് എന്നിവ 3:1:1 എന്ന അനുപാതത്തില്‍ ചേര്‍ത്ത് നിറയ്ക്കാം ചിലര്‍ ഇതിലൊരു ചേരുവ മണ്ണിര കമ്പോസ്റ്റും ആക്കാറുണ്ട്.

കാബേജും കോളിഫ്‌ളവറും

ഹ്രസ്വകാല വിളകളാണ് കാബേജും കോളിഫ്‌ളവറും. തൈ നട്ട് 2-21/2 മാസം മതി വിളവെടുപ്പിന്. തുലാമഴ തീരുന്ന ഒക്‌ടോബര്‍-നവംബറോടുകൂടി കൃഷി തുടങ്ങാം. വിത്തുതൈകള്‍ മുളയ്ക്കാന്‍ 4-5 ദിവസം മതി. 20-25 ദിവസമാകുമ്പോള്‍ ഇളക്കിനടാം. നിലത്തോ ഗ്രോ ബാഗിലോ നേരിട്ട് നട്ടും വളര്‍ത്താം. ഗ്രോ ബാഗില്‍ മണ്ണ്, ചാണകപ്പൊടി (കമ്പോസ്റ്റ്), ചകിരിച്ചോറ് എന്നിവ 1:1:1 എന്ന അനുപാതത്തില്‍ കലര്‍ത്തിയെടുക്കുന്ന മിശ്രിതം ഉപയോഗിക്കാം.

നല്ല സൂര്യവെളിച്ചം കിട്ടുന്ന തുറസ്സായ സ്ഥലമാണ് അനുയോജ്യം. നിലത്തു നടുമ്പോള്‍ മണ്ണൊരുക്കി കാബേജ് 45 സെ. മീ. ഇടവിട്ടും കോളിഫ്‌ളവര്‍ 60 സെ. മീ. ഇടവിട്ടും നടണം. ഒരു സെന്റില്‍ 150 ഓളം തൈകള്‍ നടാം.

ഗ്രോ ബാഗില്‍ നടുമ്പോള്‍ വളപ്രയോഗം ഇങ്ങനെ: ഇളക്കി നടുമ്പോള്‍ ബാഗൊന്നിന് യൂറിയ, രാജ്‌ഫോസ്, പൊട്ടാഷ് എന്നിവ യഥാക്രമം 3, 20-25, 3 ഗ്രാം വീതം; രണ്ടാഴ്ച, നാലാഴ്ച, ആറാഴ്ച എന്നിങ്ങനെ കഴിയുമ്പോള്‍ ഇവ 3, 20, 3 ഗ്രാം വീതം ചേര്‍ക്കാം. കൂടാതെ മണ്ണിരകമ്പോസ്റ്റ്, കടലപ്പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക്, എല്ലുപൊടി തുടങ്ങിയ ജൈവവളങ്ങളും തുടര്‍വളര്‍ച്ചക്ക് ചേര്‍ക്കാം.


കോളിഫ്‌ളവര്‍ പൂ വിരിഞ്ഞു തുടങ്ങുമ്പോള്‍ ചെടിയില്‍ പൂവിനോടു ചേര്‍ന്ന ഇലകള്‍ കുട്ടിപ്പൊതിഞ്ഞാല്‍ പൂവില്‍ നേരിട്ടുവെയില്‍ അടിക്കാതെ അതിന്റെ വെളുത്ത നിറം നില നിര്‍ത്താം. 60-85 ദിവസം കൊണ്ട് വിളവെടുക്കാം ഇവ രണ്ടും അധികം വിടരും മുന്‍പ് വിളവെടുക്കാന്‍ ശ്രദ്ധിക്കണം.

പൂസ ഡ്രം ഹെഡ്, ഗോള്‍ഡന്‍ ഏക്കര്‍, ഗംഗ, കാവേരി, പ്രൈഡ് ഓഫ് ഇന്ത്യ എന്നിവ കാബേജിന്റെയും പൂസ ഏര്‍ളി സിന്തറ്റിക്ക്, പൂസ ദീപാളി എന്നിവ കോളിഫ്‌ളവറിന്റെയും ഇനങ്ങളാണ്.

കാരറ്റ്, ബീറ്റ്‌റൂട്ട്, റാഡിഷ്

നേരിട്ട് വിത്തുപാകി വളര്‍ത്തേണ്ട വിളകളാണ് കാരറ്റ്, ബീറ്റ്‌റൂട്ട്, റാഡിഷ് (മുള്ളങ്കി) എന്നിവ. കൃഷിയിടം നന്നായി ഉഴുതൊരുക്കി സെന്റിന് 100 കിലോ എന്ന തോതില്‍ ചാണകപ്പൊടി ചേര്‍ക്കണം. പുളിരസമുള്ള മണ്ണില്‍ സെന്റിന് ഒന്നര മുതല്‍ രണ്ടു കിലോ വരെ കുമ്മായം ചേര്‍ക്കാം. ഇതില്‍ 45 സെ. മീ. ഇടയകലത്തില്‍ 20 സെ. മീ. ഉയരത്തില്‍ പാത്തി കോരി അതില്‍ 10 സെ. മീ അകലത്തില്‍ വിത്ത് പാകണം. ഒരാഴ്ച കൊണ്ട് വിത്ത് മുളയ്ക്കും രണ്ടാഴ്ച കഴിഞ്ഞ് വളരെ അടുത്ത തൈകള്‍ ഇളക്കി നീക്കി അകലം ക്രമീകരിക്കണം.

സെന്റിന് 300 ഗ്രാം യൂറിയ, 300 ഗ്രാം രാജ്‌ഫോസ്, 250 ഗ്രാം പൊട്ടാഷ് എന്ന് കാരറ്റിനും ബീറ്റ്‌റൂട്ടിനും മുള്ളങ്കിക്കും ഇത് യഥാക്രമം 300-200-200 ഗ്രാം എന്ന തോതിലും വേണം. കാരറ്റിനും ബീറ്റ് റൂട്ടിനും 45 ദിവസമാകുമ്പോള്‍ മണ്ണ് കയറ്റിക്കൊടുക്കണം. മുള്ളങ്കിക്ക് 25-30 ദിവസമാകുമ്പോള്‍ ഇത് വേണ്ടിവരും.

55-60 ദിവസമാകുമ്പോള്‍ ഇവയുടെ വിളവെടുപ്പാകും. കാരറ്റിന്റെ പൂസ കേസര്‍, നാന്റിസ് പൂസ മേഘാലി; ബീറ്റ് റൂട്ടിന്റെ ഡ്രെട്രിയറ്റ്, ഡാര്‍ക്ക് റെഡ്; മുള്ളങ്കിയുടെ പൂസ ദേശി, പൂസ രശ്മി, പൂസ ചേതകി, ആര്‍ക്ക, നിഷാന്ത് എന്നിവ മികച്ച ഇനങ്ങളാണ്.

ഉള്ളിയും സവാളയും

കേരളത്തില്‍ ഉള്ളിയും സാവാളയും നന്നായി കൃഷി ചെയ്യാം എന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. കേരള കാര്‍ഷിക സര്‍വകലാശാലയാണ് ഇതിനും പരിഹാരം കണ്ടത്. അഗ്രി ഫൗണ്ട് ഡാര്‍ക്ക് ഹെഡ്, അര്‍ക്ക നികേതന്‍ എന്നീ സവാള ഇനങ്ങള്‍ നമ്മുടെ നികേതന്‍ എന്നീ സവാള ഇനങ്ങള്‍ നമ്മുടെ കാലാവസ്ഥയ്ക്ക് വളരെ അനുയോജ്യമാണ്. വിത്ത് പാകി 10 സെ. മീ. ഉയരമാകുന്ന തൈകള്‍ നല്ല സൂര്യപ്രകാശം കിട്ടുന്നിടത്ത് നടണം.

ചാണകപ്പൊടി, മണ്ണിര കമ്പോസ്റ്റ്, കോഴിക്കാഷ്ഠം, പുളിപ്പിനു നേര്‍പ്പിച്ച പിണ്ണാക്ക് ലായനി തുടങ്ങിയവ വളമായി ചേര്‍ക്കാം. തൈകള്‍ 10 സെ. മീ. അകലത്തില്‍ നടണം. ഗ്രോബാഗിലും മട്ടുപ്പാവിലും ഒക്കെ ഇങ്ങനെ നടാം. തൈകള്‍ നട്ട് 31/2-4 മാസമാകുമ്പോള്‍ വിളവെടുക്കാം.

ഒരു സെന്റില്‍ വളര്‍ത്തിയാല്‍ 25-30 കിലോ വരെ വിളവ് കിട്ടും. അര്‍ക്ക കല്യാണ്‍, അര്‍ക്ക പ്രഗതി എന്നീ ചെറിയ ഉള്ളിയിനങ്ങള്‍ കേരളത്തില്‍ വളര്‍ത്താം ആറു മുതല്‍ എട്ടാഴ്ച വരെ പ്രായമുള്ള തൈകളാണ് നടുക. തൃശൂര്‍ കൃഷിവിജ്ഞാന കേന്ദ്രമാണ് ഉള്ളി, സാവാള എന്നിവയുടെ ഏകീകൃതകൃഷിമുറകള്‍ തയാറാക്കി പ്രചരിപ്പിച്ചത്. ഒരു സെന്‍റില്‍ 1000-1500 ഉള്ളി തൈകള്‍ വരെ നടാം. ശാസ്ത്രീയ കൃഷിയില്‍ 35-40 കിലോ വരെ ഉള്ളി വിളവ് പ്രതീക്ഷിക്കാം.

ഹൈറേഞ്ചിലെ വെളുത്തുള്ളിപ്പാടങ്ങള്‍

ഇടുക്കി ഹൈറേഞ്ചിലെ ഉയര്‍ന്ന പ്രദേശങ്ങളായ കോവിലൂര്‍, കൊട്ടകാമ്പൂര്‍, ചിലന്തിയാര്‍, വട്ടവട എന്നിവിടങ്ങളിലാണ് കേരളത്തില്‍ വെളുത്തുള്ളി കൃഷിയുടെ കേന്ദ്രം. തൊണ്ണൂറു ദിവസം കൊണ്ട് മൂപ്പെത്തുന്ന മേട്ടുപ്പാളയം എന്ന ഇനമാണ് ഇവിടെ കൃഷിയിറക്കുന്നത്. കൃഷിരീതിയ്ക്ക് ഏതാണ്ട് ചുവന്നുള്ളി കൃഷിയോട് സാമ്യമുണ്ട്.

കേരളത്തിന്‍റെ ഉരുളക്കിഴങ്ങ്

40-45 ഗ്രാം തൂക്കമുള്ള നല്ല വിത്തുകിഴങ്ങാണ് നടുക. നിലമൊരുക്കി 45 സെ. മീ. അകലത്തില്‍ വരമ്പുകളും ചാലുകളും എടുക്കുന്നു. വരമ്പില്‍ 25-30 സെ. മീ ഇടവിട്ട് വിത്തു കിഴങ്ങ് പാകി മണ്ണുകൊണ്ട് മൂടണം. ചാലുകളിലൂടെ നനയ്ക്കാം. നിലമൊരുക്കുമ്പോള്‍ ഒരു സെന്റിന് 80-100 കിലോ കാലിവളം ചേര്‍ക്കാം. കൂടാതെ 500 ഗ്രാം യൂറിയ, 225 ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റ് 75 ഗ്രാം പൊട്ടാഷ് എന്നിവയും ചേര്‍ക്കണം.

ചെടികള്‍ വളര്‍ന്ന് 15-20 സെ. മീ. ഉയരുമാകുമ്പോള്‍ 500 ഗ്രാം യൂറിയ, 75 ഗ്രാം പൊട്ടാഷ് ഇവ മേല്‍വളമായി ചേര്‍ക്കാം; മണ്ണ് കൂട്ടിക്കൊടുക്കും. കുഫ്രി, ജ്യോതി, കുഫ്രി അലങ്കാര്‍, കുഫ്രി ദേവ എന്നിവയാണ് കേരളത്തില്‍ വളര്‍ത്താന്‍ യോജിച്ച ഇനങ്ങള്‍.

തൈകള്‍ എവിടെ കിട്ടും?

വി.എഫ്.പി.സി.കെ. കാസര്‍ഗോഡ് - 0499-4257061
എറണാകുളം - 0484-2881300
തിരുവനന്തപരും - 0471-2740480
കൃഷിഭവനുകള്‍, ജില്ലാ കൃഷിത്തോട്ടങ്ങള്‍, സീഡ് ഫാമുകള്‍
കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഇന്‍സ്ട്രക്ഷണല്‍ ഫാമുകള്‍, ജില്ലകളിലെ കൃഷിവിജ്ഞാന കേന്ദ്രങ്ങള്‍.

തൃശൂര്‍ കൃഷി വിജ്ഞാന കേന്ദ്രം സീഡ് പ്രോസസിംഗ് പ്ലാന്‍റ്, പാലക്കാട്. -0492-22222706
മോഡല്‍ ഹൈടെക് നഴ്‌സറി, മൂവാറ്റുപുഴ.-9447900025
ശീതകാല പച്ചക്കറിത്തൈകള്‍ക്ക് വി. എഫ്. പി. സി. കെ. ഔട്ട്‌ലൈറ്റുകളില്‍ 2.50 രൂപയാണ് തൈ ഒന്നിന് വില.
ഫോണ്‍ : 9446306909

സുരേഷ് മുതുകുളം
പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ആഫീസര്‍ (റിട്ട), ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ