തലനാടിനു തലപ്പൊക്കമായി ഗ്രാമ്പൂ
തലനാടിനു തലപ്പൊക്കമായി ഗ്രാമ്പൂ
Saturday, April 9, 2022 2:56 PM IST
പേരുപോലെ തന്നെ തലനാടിന് അല്പം തലപ്പൊക്കം കൂടുതലുണ്ട്. അതിലൊന്നു മലയുടെ പൊക്കമാണ്. മറ്റൊന്നു ഭൗമസൂചിക അവകാശപ്പെടുന്ന ഗ്രാമ്പൂ തോട്ടങ്ങളുടെയും. ഗ്രാമ്പുവിനൊപ്പം ജാതിയും റബറും തെങ്ങും വാഴയുമെല്ലാം സമൃദ്ധമായി വിളയുന്ന കാര്‍ഷിക ഗ്രാമമാണു തലനാട്.

കോട്ടയം ജില്ലയില്‍ പാലായോടു ചേര്‍ന്നാണു കിടപ്പ്. പുലര്‍കാലങ്ങളില്‍ കോടമഞ്ഞില്‍ പുതച്ചു നല്‍ക്കുന്ന മലഞ്ചെരുവുകള്‍. വൈകുന്നേരങ്ങളില്‍ അന്തിസൂര്യന്റെ ചെങ്കതിര്‍ പതിക്കുന്ന മലയോരങ്ങള്‍. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ അപൂര്‍വത വേണ്ടുവോളം.

മലനാട്ടിലെ ഏതുവീടന്റെ തൊടിയിലും ഒരു ഗ്രാമ്പൂ മരമെങ്കിലും കാണും. ഡിസംബറായാല്‍ ഏതു മുറ്റത്തും ഉണങ്ങാനിട്ടിരിക്കുന്ന ഗ്രാമ്പുവും. വീട്ടിലും പുറത്തും എപ്പോഴും എരിവുള്ള സുഗന്ധം. മെല്ലെ വീശുന്ന കാറ്റിനുമുണ്ട് ആ മണം.

നല്ല ആയുസുണ്ട് ഗ്രാമ്പൂ മരങ്ങള്‍ക്ക്. 100 വര്‍ഷം വരെ പ്രായമുള്ള മരങ്ങളുണ്ടിവിടെ. 50 വര്‍ഷമുള്ളവ ധാരാളം. 15 അടി അകലത്തിലാണു തൈകള്‍ നടുന്നത്. ആദ്യം ചാണകപ്പൊടിയും എല്ലുപൊടിയുമിട്ടു കുഴി മൂടും. പിന്നീടാണു തൈ നടുന്നത്.

മഴക്കാലത്ത് സ്റ്റെറാമില്ലും പൊട്ടാഷും ഇട്ടു കൊടുക്കും. വേനല്‍ക്കാലത്ത് നനച്ചു കൊടുക്കണം. എന്നാല്‍, വെള്ളക്കെട്ട് പാടില്ല. നല്ല പരിചരണമുണ്ടെങ്കില്‍ മൂന്നാം വര്‍ഷം മുതല്‍ പൂവിട്ടു തുടങ്ങും.

സാധാരണ ഒക്‌ടോബറിലാണ് പൂവിട്ടു തുടങ്ങുന്നത്. മൂന്നു മാസത്തെ മൂപ്പുണ്ട്. നവംബര്‍ അവസാനം മുതല്‍ പറിച്ചു തുടങ്ങും. മുട്ടു വിടരുന്നതിനു മുമ്പ് പറിച്ചെടുക്കണം. ഉണങ്ങിക്കഴിയുമ്പോള്‍ ബള്‍ബ് പോലിരിക്കണം. മുട്ടു വിടര്‍ന്നാല്‍ കമ്മല്‍ പോലിരിക്കും. അതിനു വില കുറയും. ഞെട്ടു കൂട്ടിയാണ് പറിച്ചെടുക്കുന്നത്. അതിനുശേഷം കായും ഞെട്ടും വെവ്വേറെ ഉണങ്ങും. ഉണങ്ങിയ ഞെട്ടിനും നല്ല വിലയുണ്ട്.


ഒരു മരത്തില്‍ നിന്നു 53 കിലോ വരെ പച്ച ഗ്രാമ്പു പറിച്ചെടുത്തിട്ടുണ്ടെന്നു റിട്ട. അധ്യാപകനും പരമ്പരാഗത ഗ്രാമ്പൂ കര്‍ഷകനുമായ ഗുരുഭവന്‍ വി. തങ്കപ്പന്‍ പറഞ്ഞു. ഉണങ്ങിയപ്പോള്‍ 12 കിലോ കിട്ടി. നല്ല വെയിലുണ്ടെങ്കില്‍ മൂന്നു ദിവസത്തെ ഉണക്കു മതി. നിറമാണു വില നിശ്ചയിക്കുന്ന പ്രധാന ഘടകം. നല്ല ചെമ്പു നിറത്തില്‍ വിടരാത്ത മുട്ടോടുകൂടിയ ഗ്രാമ്പുവാണ് ഒന്നാംതരം.

നിറം കുറയുകയോ മുട്ടു വിരിയുകയോ ചെയ്താല്‍ അതനുസരിച്ചു വില കുറയും. ചുവട്ടില്‍ കൊഴിഞ്ഞു വീഴുന്ന പൂക്കള്‍ പെറുക്കിയെടുക്കും. പെറുക്ക് പൂവ് എന്നു പറയുന്ന ഇതിനും വില കുറവാണ്. പഴുത്തു വീഴുന്ന കായ്കള്‍ പാകിയാണു തൈകള്‍ മുളപ്പിക്കുന്നത്.

ഗ്രാമ്പുവിന്റെ വിളവെടുപ്പ് ശ്രമകരമാണ്. പൊക്കത്തിന് അനുസരിച്ചുള്ള ഏണി മരത്തില്‍ ചാരിയ ശേഷം മൂന്നു വശങ്ങളിലേക്കും കയര്‍ ഉപയോഗിച്ച് വലിച്ചു കെട്ടും. പിന്നീട് ഏണിയില്‍ കയറി ചെറിയ കമ്പ് ഉപയോഗിച്ച് കൈയാത്താവുന്ന അകലത്തില്‍ ചില്ലകള്‍ വളച്ചാണു ഗ്രാമ്പു പറിക്കുന്നത്.

കേടുകളെ പ്രതിരോധിക്കാന്‍ തുരിശ് അടിക്കുകയാണു പ്രധാന പ്രതിവിധി. പുതുമഴ തുടങ്ങുമ്പോഴാണ് തുരിശടിക്കുന്നത്. തുരിശിനു പകരം ഇപ്പോള്‍ പുതിയ മരുന്നുകളൊക്കെ വിപണിയിലിറങ്ങിയിട്ടുണ്ടെന്ന് തങ്കപ്പന്റെ മകന്‍ ടി. ജ്യോതിസ് പറഞ്ഞു.

15 വര്‍ഷം മുമ്പ് കിലോയ്ക്ക് 2000 രൂപ വരെ വിലയുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ 700 രൂപ മാത്രം. കൃഷിച്ചെലവ് വര്‍ധിച്ചതോടെ കര്‍ഷകരുടെ കാര്യം തീരെ പരുങ്ങലിലായി. വിളവെടുപ്പിന് ദിവസം ആയിരം രൂപ വരെ കൂലി കൊടുക്കണം. ഫോണ്‍: 9744798406

ബിജു കൂട്ടപ്ലാക്കല്‍