ഉന്മേഷത്തിനും വരുമാനത്തിനും സസ്യനഴ്‌സറി
ഉന്മേഷത്തിനും വരുമാനത്തിനും സസ്യനഴ്‌സറി
സൗന്ദര്യശാസ്ത്രത്തിന്‍റെ പരിധിയില്‍ തന്നെയാണ് ഉദ്യാനവൃത്തിയും. സുഗന്ധവാഹിയും വര്‍ണാഭവുമായ പുഷ്പങ്ങളും ചാരുതയാര്‍ന്ന അലങ്കാര ഇലകളും പൂക്കള്‍ വാരിച്ചൊരിയുന്ന പൂമരങ്ങളും ഹരിതകമ്പളം വരിച്ചപോലെ പുല്‍ത്തകിടിയും നിറവും ഗുണവും ഉള്ളിലൊതുക്കിയ പഴച്ചെടികളും എന്നു വേണ്ട, അവയുടെ സ്ഥാനനിര്‍ണയവും പരിചരണവുമെല്ലാം ഉദ്യാന വൃത്തിയുടെ വിശാലമായ കാന്‍വാസിലാണു പെടുന്നത്. ഇന്ദ്രിയങ്ങള്‍ക്ക് ഉണര്‍വും മനസിന് ഉന്മേഷവും പകരാന്‍ ഉദ്യാനവൃത്തിയോളം പോന്ന മറ്റൊരു പ്രവര്‍ത്തനമേഖല ഇല്ലതന്നെ.

ഉദ്യാനം കണ്ണിന് ആനന്ദവും മനസിന് സാന്ത്വനവും എന്നാണ് ചൊല്ല്. അതുകൊണ്ടു തന്നെ സൗന്ദര്യബോധം ഇഴുകിച്ചേര്‍ന്ന പ്രവര്‍ത്തനമേഖല എന്ന് ഉദ്യാനനിര്‍മിതിയെ വിശേഷിപ്പിക്കാം. മനസിന് അവാച്യമായ ആനന്ദം പകരുന്നതോടൊപ്പം മടിശീല നിറയ്ക്കാനും ഉദ്യാനവൃത്തി സഹായകമാണ്.

പൂന്തോട്ടങ്ങള്‍ ഒരുക്കാനും ഗൃഹാലങ്കാരം നടത്താനും പുല്‍ത്തകിടി തീര്‍ക്കാനുമൊക്കെ ഇപ്പോള്‍ ധാരാളം പേര്‍ മുന്നോട്ടു വരുന്നുണ്ട്. ഈ താത്പര്യം യാഥാര്‍ഥ്യമാക്കാനുള്ള സാധ്യതകളാണ് സസ്യനഴ്‌സറികളെ ആദായകരമായ സംരംഭമാക്കി മാറ്റുന്നതും നിലനിര്‍ത്തുന്നതും. വളരെ പ്രധാനപ്പെട്ട ഒരു സ്വയം തൊഴില്‍ മേഖലയായി നഴ്‌സറി പരിപാലനം മാറിയിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ വളരുന്ന പൂച്ചെടികളും പഴ്‌ച്ചെടികളുമൊക്കെ എന്തു വില കൊടുത്തും വാങ്ങി നടണം എന്നാഗ്രഹിക്കുന്നര്‍ നിരവധിയാണ്.

നഴ്‌സറി-രൂപരേഖ പ്രധാനം

ഒരു സംരംഭം എന്ന നിലയ്ക്ക് നഴ്‌സറി ആരംഭിക്കുന്നതിനു മുമ്പ് വ്യക്തമായ രൂപരേഖ നിര്‍ബന്ധമാണ്. സ്ഥലലഭ്യതയും മുതല്‍ മുടക്കാനുള്ള സൗകര്യവും വളരെ പ്രധാനം. സ്വന്തമായി സ്ഥലമുള്ളവര്‍ക്ക് അങ്ങനെയും അല്ലാത്തവര്‍ക്ക് സ്ഥലം പാട്ടത്തിനെടുത്തും നഴ്‌സറി തുടങ്ങാം. സ്ഥലം നഴ്‌സറിക്ക് അനുയോജ്യമായിരിക്കണം. ജനശ്രദ്ധ കിട്ടുന്നതും ഗതാഗത സൗകര്യമുള്ളതുമാകണം എന്നര്‍ത്ഥം. നിരപ്പായ സ്ഥലമെങ്കില്‍ നന്ന്. നല്ല വെള്ളം കിട്ടുന്ന ജലസ്രോ തസ് അത്യാവശ്യം.

നഴ്‌സറിയില്‍ നല്ല വെയില്‍ കിട്ടുന്ന കുറച്ചു സ്ഥലം ഉണ്ടാകണം. അവിടെ റോസ്, മുല്ല, കനകാബരം, സീനിയ, ബാള്‍സം, മഞ്ഞക്കോളാമ്പി, ചെണ്ടുമല്ലി തുടങ്ങി നിറയെ പൂക്കളുണ്ടാകുന്ന ചെടികള്‍ വയ്ക്കാം. സ്ഥല ത്തിന്റെ അതിരുകളിലും മറ്റും മരങ്ങളുണ്ടെങ്കില്‍ അവ നിലനിര്‍ത്തുന്നതു നല്ലതാണ്. ഇവിടെ തണലിഷ്ടപ്പെടുന്ന ഇലച്ചെടികളോ ആന്തൂറിയം പോലുള്ള പൂച്ചെടികളോ വയ്ക്കാം. മരങ്ങളില്ലെങ്കില്‍ തണല്‍ വലകള്‍ (ഷെയിഡ് നെറ്റ്) ഉപയോഗിച്ച് തണല്‍പ്പുരകള്‍ തീര്‍ക്കേണ്ടിവരും. 50 ശതമാനം പ്രകാശം കടത്തിവിടുന്ന ഗ്രീന്‍ ഷെയിഡ് നെറ്റാണു നല്ലത്. ആന്തൂറിയം, ഓര്‍ക്കിഡ്, തണല്‍ ഇഷ്ടപ്പെടുന്ന അലങ്കാരച്ചെടികള്‍ മുതലായവയും അവയുടെ അമ്മച്ചെടികളും ഈ തണല്‍പ്പുരകളിലാണ് സൂക്ഷിക്കേണ്ടത്.

അപ്രോച്ച് റോഡിന്റെ കിടപ്പനുസരിച്ചാണ് നഴ്‌സറിയുടെ പ്ലാന്‍ തയാറാക്കേണ്ടത്. വില്പനശാല, പോട്ടിംഗ് ഷെഡ്, തണല്‍പ്പുരകള്‍, പോളിത്തീന്‍ ഷീറ്റിട്ട ഷെഡ്, മിസ്റ്റ് ചേംബര്‍, മണ്ണിര കമ്പോസ്റ്റും ചകിരിച്ചോര്‍ കമ്പോസ്റ്റും ഉണ്ടാക്കുന്ന സ്ഥലം, ജൈവവളക്കൂട്ടുകള്‍ തയാറാക്കാനും സൂക്ഷിക്കാനുമുള്ള ഷെഡ്, അമ്മച്ചെടികള്‍ (മദര്‍ പ്ലാന്റ്‌സ്) വളര്‍ത്തുന്ന സ്ഥലം, വില്പനക്കുള്ള ചെടികള്‍ പ്രദര്‍ശിപ്പിക്കുന്ന സ്ഥലം, തണലിടങ്ങള്‍ എന്നിവയെല്ലാം പ്ലാനില്‍ ഉള്‍പ്പെടുത്തിയിരിക്കണം.

ചെറിയ തോതിലാണ് നഴ്‌സറി തുടങ്ങുന്നതെങ്കില്‍ അലങ്കാരച്ചെടികളുടെ നഴ്‌സറി മാത്രമായി തുടങ്ങാം. ആദ്യം വളരെ അത്യാവശ്യമുള്ള ഷെഡ്ഡുകള്‍ മാത്രം പണിയുക. പിന്നീട് പരിചയസമ്പത്തും വരുമാനവും ലഭ്യമാകുന്നതനുസരിച്ചു വിപുലീകരിച്ചാല്‍ മതിയാകും.

ആകര്‍ഷണീയമായ ഒരു പേര് നഴ്‌സറിക്ക് നല്‍കാന്‍ ശ്രദ്ധിക്കണം. നഴ്‌സറിയുടെ പേര് പ്രദര്‍ശിപ്പിക്കുന്ന ഭാഗം ന്യൂജെന്‍ പൂച്ചെടികളോ വര്‍ണക്കുടകളോ വച്ച് മോടിപിടിപ്പിക്കാം. നഴ്‌സറിയുടെ ഏതാണ്ട് മധ്യഭാഗത്തായി വില്പനക്കുള്ള കൗണ്ടര്‍ (സെയില്‍സ് കൗണ്ടര്‍) ഒരുക്കാം. ഓല കൊണ്ട് പരമ്പരാഗത ശൈലിയില്‍ പ്രകൃതിസൗഹൃദ രീതിയില്‍ സെയില്‍സ് കൗണ്ടര്‍ തയാറാക്കുന്ന പതിവുണ്ട്. വില്പനയ്ക്ക് നഴ്‌സറിയില്‍ ലഭ്യമായ നടീല്‍ വസ്തുക്കളുടെ ആകര്‍ഷകമായ സാമ്പിളുകള്‍ വൃത്തിയിലും വെടിപ്പിലും കൗണ്ടറിനു മുന്നില്‍ ക്രമീകരിക്കണം. ചന്തമുള്ള പൂക്കള്‍ വിടര്‍ന്നു പൂച്ചെടികളും കായ്പിടിച്ച ഒട്ടുതൈകളുമെല്ലാം ഇവിടെ സജ്ജീകരിക്കാം.

വില്പന കൗണ്ടറിനടുത്ത് തണല്‍ ഇഷ്ടപ്പെടുന്ന ചെടികള്‍ വയ്ക്കാന്‍ തണല്‍പ്പുരകള്‍ നിര്‍മിക്കാം. നേരിട്ട് വെയിലടിക്കുന്നത് ഇഷ്ടപ്പെടാത്ത ബിഗോണിയ, ആഫ്രിക്കന്‍ വയലറ്റ്, പെപ്പറോമിയ, ഫിറ്റോണിയ, കള്ളിച്ചെടികള്‍ തുടങ്ങിയവയുടെ തൈകള്‍ തയാറാക്കാന്‍ യു.വി. സ്റ്റെബിലൈസ്ഡ് പോളിത്തീന്‍ കൊണ്ടുള്ള ഷെഡ്ഡുകള്‍ നല്ലതാണ്. ഇതില്‍ നിന്ന് 2-3 മീറ്റര്‍ ദൂരെ പെട്ടെന്ന് കണ്ണെത്താത്ത സ്ഥലത്ത് പോട്ടിംഗ് ഷെഡ് നിര്‍മിക്കാം. ഇവിടെയാണ് വളക്കൂട്ടുകളും പേട്ടിംഗ് മിശ്രിതം തയാറാക്കാനുള്ള ചേരുവകളും സൂക്ഷിക്കേണ്ടത്.

ഫലവൃക്ഷങ്ങളുടെയും മറ്റും ഒട്ടുതൈകള്‍ തയാറാക്കാന്‍ ഒരു മിസ്റ്റ് ചേമ്പര്‍ ഉണ്ടെങ്കില്‍ നന്ന്. ചെടികളുടെ തണ്ടും മറ്റും വേരുപിടിപ്പിക്കാനും ഇതു സഹായകമാണ്. ഷെഡ്ഡുകള്‍ക്ക് പിന്നിലുള്ള സ്ഥലത്ത് വെയിലത്ത് വളരുന്ന അലങ്കാരച്ചെടികളുടെ അമ്മച്ചെടികള്‍ വളര്‍ത്താം. ഇതിനു പിന്നിലായി ഫലവൃക്ഷങ്ങളുടെ മാതൃസസ്യങ്ങള്‍ വളര്‍ത്താം.

ഒരു സൂപ്പര്‍ മാര്‍ക്കറ്റിലോ ഷോപ്പിംഗ് മാളിലോ എന്നതുപോലെ വൈവിധ്യമാര്‍ന്ന വിവിധയിനം പൂച്ചെടികളുടെയും ഇലച്ചെടികളുടെയും ഫലസസ്യങ്ങളുടെയും ഔഷധസസ്യങ്ങളുടെയും അത്യാവശ്യം ഉപയോഗപ്രദമായ വനവൃക്ഷങ്ങളുടെയും വിവിധതരം പച്ചക്കറികളുടെയുമെല്ലാം തൈകള്‍ നഴ്‌സറിയില്‍ ഉണ്ടായിരിക്കണം.

നഴ്‌സറികളിലെ വൈവിധ്യം

വളര്‍ത്തുന്ന ചെടികള്‍, വില്പനരീതി തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനമാക്കി വിവിധതരം നഴ്‌സറികള്‍ നിലവിലുണ്ട്. ഫല സസ്യ നഴ്‌സറികള്‍, പച്ചക്കറിത്തൈ നഴ്‌സറി, അലങ്കാരച്ചെടി നഴ്‌സറികള്‍, ഔഷധ-സുഗന്ധ സസ്യനഴ്‌സറികള്‍, റീട്ടെയില്‍ നഴ്‌സറി, ഹോള്‍സെയില്‍ നഴ്‌സറി, സ്വകാര്യ നഴ്‌സറി, മെയില്‍ ഓര്‍ഡര്‍ നഴ്‌സറി തുടങ്ങിയവ. കൂടാതെ താത്കാലിക നഴ്‌സറി, സ്ഥിരനഴ്‌സറി എന്നിവയ്ക്കു പുറമെ ഇന്നിപ്പോള്‍ ഹൈടെക് നഴ്‌സറികളും സാധാരണയായിരിക്കുന്നു.


ന്യൂജെന്‍ ഉദ്യാനങ്ങളും നഴ്‌സറികളും

വലുതും ചെറുതുമായ ഉദ്യാനങ്ങളാണ് നഴ്‌സറികളുടെ തുടര്‍പ്രവര്‍ത്തനമേഖലകള്‍, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഉദ്യാനങ്ങളുടെ ആവശ്യം കണ്ടറിഞ്ഞാണ് നഴ്‌സറി സംരംഭകര്‍ രംഗത്തിറങ്ങേണ്ടത്. ഒരു വീടിന് അടുക്കള എങ്ങനെയാണോ അവിഭാജ്യമായിത്തീരുന്നത് അതുപോലെയാണ് നഴ്‌സറിയും ഉദ്യാനവും തമ്മിലുള്ള ചേര്‍ച്ച. രണ്ടും പരസ്പരം പൂരകം.

ഉദ്യാനമാതൃകയിലെ പരമ്പരാഗത സങ്കല്പങ്ങള്‍ക്ക് ഇന്നു പാടേ മാറ്റം വന്നിരിക്കുന്നു. രാത്രിയിലെ നിലാവെളിച്ചത്തില്‍ പാല്‍പുഞ്ചിരി പൊഴിക്കുന്ന വെളുത്ത പൂക്കള്‍ വളര്‍ത്തുന്ന ചന്ദ്രോദ്യാനം പൂമ്പാറ്റകളുടെ വിഹാരകേന്ദ്രമായ ശലഭോദ്യാനം, അംബരചുംബികളായ കെട്ടിടങ്ങളും ഭിത്തികളും അലങ്കരിക്കുന്ന വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ആതുരാലയങ്ങളിലൊരുക്കുന്ന ഹീലിംഗ് ഗാര്‍ഡന്‍, ആത്മീയ കേന്ദ്രങ്ങളിലെ മെഡിറ്റേഷന്‍ ഗാര്‍ഡന്‍, ആല്‍സ്‌ഹൈമേഴ്‌സ് ബാധിതര്‍ക്കുള്ള ഗാര്‍ഡന്‍ തുടങ്ങി നിരവധി പുതിയ ഉദ്യാനമാതൃകകള്‍ ഇന്ന് പ്രചാരത്തിലുണ്ട്. ഈ പുതുമാതൃകകള്‍ക്ക് ആവശ്യം വേണ്ടുന്ന സാമഗ്രികളും സാങ്കേതിക വിദ്യകളും പകര്‍ന്നു നല്‍കാന്‍ കഴിവുള്ളതാകണം പുതിയ കാലത്തെ നഴ്‌സറികള്‍.

സേവനങ്ങള്‍ വ്യത്യസ്ഥം

പണ്ടുകാലത്ത് വിത്തും തൈകളുമൊക്കെ വാങ്ങാന്‍ ഉദ്യാന പ്രേമികള്‍ എത്തുന്ന ഒരിടം മാത്രമായിരുന്നു നഴ്‌സറി. എന്നാല്‍, ഇന്നത്തെ നഴ്‌സറികള്‍ അതില്‍ നിന്നൊക്കെ ഏറെ മാറിയിരിക്കുന്നു. തൈകള്‍ പരിപാലിക്കുന്നതിലും അവയ്ക്കു യഥാസമയം നടത്തേണ്ട വളപ്രയോഗം ഉള്‍പ്പെടടെയുള്ള പരിചരണങ്ങള്‍ നല്‍കുന്നതിലും സസ്യസംരക്ഷണം ഉറപ്പാക്കുന്നതിലുമൊക്കെ വഴികാട്ടിയാകാന്‍ നഴ്‌സറികള്‍ക്ക് കഴിയണം.

ഹോം ഡെലിവറിക്കും സാധ്യതകള്‍

ആവശ്യാധിഷ്ടിതമായ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളാണല്ലോ ഏത് ബിസിനസ് സംരംഭത്തിന്റെയും വിജയത്തിന് ആധാരം. ഓണ്‍ലൈന്‍ വഴി ചെടികള്‍ ബുക്ക് ചെയ്യുകയും വാട്‌സാപ്പ് പോലുള്ള സാമൂഹ്യ മാധ്യമങ്ങള്‍ വഴി തങ്ങള്‍ക്കിഷ്ടപ്പെട്ട പൂച്ചെടികളും ഫലസസ്യങ്ങളും തെരഞ്ഞെടുക്കുകയും ചെയ്താല്‍ അതു കേടുകൂടാതെ ഉപഭോക്താവിന്റെ വീട്ടിലെത്തിച്ചു കൊടുക്കുന്ന ഹോം ഡെലിവറിയെക്കുറിച്ചും ആലോചിക്കാവുന്നതാണ്.

പൂന്തോട്ടവും പുല്‍ത്തകിടിയും റോക്ക് ഗാര്‍ഡനും ഒക്കെ തയാറാക്കി വീടും പരിസരവും മോടി പിടിപ്പിക്കാനാഗ്രഹിക്കുന്നവര്‍ക്കു മുന്നില്‍ ഗാര്‍ഡനിംഗ് എക്‌സ്‌പെര്‍ട്ട് എന്ന നിലയ്ക്കും നഴ്‌സറി സംരംഭകന് എത്താം. വീട് ചെറുതെങ്കിലും ഉള്ള ഇടത്ത് ചെറിയ തോതില്‍ ഒരു പുല്‍ത്തകിടിയും മിനി ലാന്‍ഡ് സ്‌കേപ്പും ഇന്‍ഡോര്‍ ഗാര്‍ഡനിംഗുമൊക്കെ ഒരുക്കാന്‍ ഉത്സുകരാണ് പുതിയ തലമുറ.

കൃഷിവകുപ്പിന്‍റെ വിവിധ കാര്‍ഷിക പരിശീലന കേന്ദ്രങ്ങള്‍, കേരള കാര്‍ഷിക സര്‍വകലാശാലയുടെ കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍, കാര്‍ഷിക കോളജുകള്‍ എന്നിവിടങ്ങളിലെല്ലാം നഴ്‌സറി നിര്‍മാണത്തിന്‍റെ ശാസ്ത്രം, ചേരുവകള്‍, സാധ്യതകള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ നിരന്തരം പരിശീലനം നല്‍കുന്നുണ്ട്.

നഴ്‌സറി സംരംഭകര്‍ക്ക് സഹായം

സസ്യനഴ്‌സറി ഒരു സ്വയംതൊഴില്‍ സംരംഭം എന്ന നിലയ്ക്ക് ആരംഭിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് വിവിധ സഹായപദ്ധതികളുമായി കൃഷിവകുപ്പിന്റെ സഹോദര സ്ഥാപനമായ സ്റ്റേറ്റ് ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ രംഗത്തുണ്ട്. ചെറുകിട നഴ്‌സറി, ഹൈ ടെക് നഴ്‌സറി എന്നിങ്ങനെ രണ്ടു വിഭാഗമായി തിരിച്ചാണ് സഹായം നല്‍കുന്നത്. ചെറുകിട നഴ്‌സറി എന്നാല്‍ ഏറ്റവും കുറഞ്ഞത് ഒരു ഹെക്ടര്‍ അതിര്‍വേലി, മാതൃസസ്യത്തോട്ടം/ന്യൂക്ലിയര്‍ ഗാര്‍ഡന്‍, ജലസേചന സംവിധാനം കൃഷി ഉപകരണങ്ങള്‍, ഫര്‍ണിച്ചര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഇതോടനുബന്ധിച്ച് ചെയ്യണം. 15 ലക്ഷം രുപയാണ് ആകെ സഹായം.

പൊതു മേഖലക്ക് 100 ശതമാനം സഹായം സ്വകാര്യമേഖലയ്ക്ക് 50 ശതമാനം വായ്പബന്ധിത സഹായം എന്നതാണ് വ്യവസ്ഥ. നഴ്‌സറി ആരംഭിക്കുന്നതു സംബന്ധിച്ചു വിശദമായ പദ്ധതിരേഖ ബന്ധപ്പെട്ട ജില്ലാ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഓഫീസ് മുഖാന്തിരം സമര്‍പ്പിക്കുകയും വേണം.

ഹൈടെക് നഴ്‌സറിയുടെ കാര്യത്തില്‍ ഒരുക്കേണ്ട സൗകര്യങ്ങള്‍ ഇവയാണ്. ശരിയായ അതിര്‍വേലി മികച്ച ഇനങ്ങളുടെ ഡയോണ്‍/മദര്‍ ബ്ലോക്ക്, റൂട്ട് സ്റ്റോക്ക് ബ്ലോക്ക് (മുളയുടെ കാര്യത്തില്‍ റൈസോം ബാങ്ക്), നെറ്റ് ഹൗസ്, ജലസേചന സൗകര്യങ്ങള്‍, കീടങ്ങള്‍ പ്രവേശിക്കാതിരിക്കാനുള്ള വല സംവിധാനവും ഫോഗിംഗ്, മിസ്റ്റിംഗ് സൗകര്യങ്ങളുമുള്ള ഹൈ-ടെക് ഗ്രീന്‍ ഹൗസ് പ്രകാശം ആവശ്യാധിഷ്ഠിതമായ നിയന്ത്രിക്കാനും സ്പ്രിങ്ക്‌ളര്‍ ജലസേചന സൗകര്യവുമുള്ള ദൃഢീകരണ പരിപാലന സൗകര്യങ്ങളുള്ള നെറ്റ് ഹൗസ്, കുറഞ്ഞത് രണ്ടു ദിവസത്തേക്കങ്കിലും ആവശ്യത്തിന് ചെടികള്‍ക്ക് നനയ്ക്കാനും ടാങ്കുകളില്‍ സംഭരിച്ചുവയ്ക്കാനും സൗകര്യങ്ങളുള്ള ജലസേചന സംവിധാനത്തോടുകൂടിയ പമ്പ് ഹൗസ്, മണ്ണ് നീരാവി ഉപയോഗിച്ച് ചൂടാക്കി കീട-രോഗവിമുക്തമാക്കാന്‍ സൗകര്യമുള്ള ബ്രോയിലറുകള്‍ തുടങ്ങിയവയാണ് ഒരുക്കേണ്ട സംവിധാനങ്ങള്‍.

ഹൈടെക് നഴ്‌സറിയില്‍ 1 മുതല്‍ 4 ഹെക്ടര്‍ വരെ സ്ഥവിസ്തൃതി പരിഗണിക്കാം ഹൈടെക് നഴ്‌സറിക്ക് 25 ലക്ഷം രൂപയാണ് പ്രോജക്ട് കോസ്റ്റ് അഥവാ പദ്ധതിച്ചെലവ്. ഇതു തന്നെ 40 ശതമാനം ആണ് സ്വകാര്യ മേഖലയ്ക്ക് 100 ശതമാനം പൊതു മേഖലയ്ക്കും സഹായം.

ഏതുവിഭാഗം നഴ്‌സറിയായാലും എസ്എച്ച്എം നല്‍കി 18 മാസത്തിനകം അക്രെഡിറ്റേഷന്‍ എടുത്തിരിക്കണം എന്നാണ് നിബന്ധന. ഇതു നാഷണല്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ ബോര്‍ഡിന്റെയോ അല്ലെങ്കില്‍ കാര്‍ഷിക സര്‍വകലാശാലയുടെയോ ആകാം. അതുകൊണ്ടുതന്നെ ഇവര്‍ മാതൃസസ്യങ്ങള്‍ തെരഞ്ഞെടുക്കുന്നത് എപ്പോഴും കാര്‍ഷിക സര്‍വകലാശാലകളില്‍ നിന്നോ അഗീകാരം ഉള്ള മറ്റ് ഏജന്‍സികളില്‍ നിന്നോ മാത്രമേ പാടുള്ളൂ എന്നും നിബന്ധനയുണ്ട്.

കാരണം രണ്ടാമത് അക്രെഡിറ്റേഷന്‍ പോകുമ്പോള്‍ ഇവരില്‍ നിന്നല്ല മാതൃസസ്യങ്ങള്‍ എടുത്തത് എങ്കില്‍ അംഗീകാരം കിട്ടാതിരിക്കാനും സാധ്യതയുണ്ട്. അതിനാല്‍ ഇക്കാര്യം ഗുണഭോക്താക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍: 0471-2330856, 0471-23308557

സുരേഷ് മുതുകുളം
പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (റിട്ട.), ഫോണ്‍: 9446306909