അത്യാവശ്യത്തിനു മാത്രമേ തൊഴിലാളികളെ വിളിക്കാറുള്ളൂ. അല്ലാത്തപ്പോഴെല്ലാം ഇരുവരും ചേർന്നാണ് അധ്വാനം.സുഹൃത്തായ വനവകുപ്പ് ഉദ്യോഗസ്ഥൻ സി.പി. സോമൻ നൽകിയ റംബുട്ടാൻ തൈ നട്ടായിരുന്നു കൃഷിയുടെ തുടക്കമെന്ന് രാജു സി. ഗോപാൽ പറഞ്ഞു.
തൊടുപുഴ ഇടവെട്ടി സ്വദേശി ഷാജിയാണ് പഴങ്ങൾ മൊത്തമായി വാങ്ങുന്നത്. കായ്കൾ പഴുക്കും മുന്പേ വലയിട്ട് സുരക്ഷിതമാക്കും. അടുക്കും ചിട്ടയുമുള്ള ശാസ്ത്രീയമായ കൃഷി രീതിയാണ് ഇവർ സ്വീകരിച്ചിരിക്കുന്നത്.
മണ്ണിൽ പണിയെടുത്താൽ സ്വസ്ഥതയും സമാധാനവും ആരോഗ്യവും ഉറപ്പാണെന്നാണ് ഇവരുടെ വിലയിരുത്തൽ. കാർഷികവിളകളിൽ നിന്നുള്ള വരുമാനത്തിനൊപ്പം ഫാം ടൂറിസത്തിന്റെയും ഹെൽത്ത് ടൂറിസത്തിന്റെയും സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ് ഇരുവരും.
ഇതിന്റെ ഭാഗമായി മലങ്കര ജലാശയ തീരത്തുള്ള വയനക്കാവിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി നിർമിക്കുന്ന മൂന്നുനില കെട്ടിടം അവസാനഘട്ടത്തിലാണ്. നോക്കെത്താ ദൂരത്തോളമുള്ള ജലാശയ കാഴ്ചകളും പ്രകൃതിയുടെ സുന്ദര ദൃശ്യവിരുന്നും ആസ്വദിക്കാൻ കഴിയുന്ന ഇവിടെ ആയുർവേദ ചികിത്സാകേന്ദ്രം ആരംഭിക്കാനാണ് പദ്ധതി.
മകൾ ഡോ.നീതു രാജിന്റെയും ഭർത്താവും ഐടി എൻജിനിയറുമായ മിഥുന്റെയും സഹകരണത്തോടെയാണ് ഹെൽത്ത് ടൂറിസം പ്രോജക്ട് നടപ്പാക്കുന്നത്. ഇപ്പോൾ തന്നെ ധാരാളം പേർ തോട്ടം സന്ദർശിക്കാനും
തീരക്കാഴ്ചകൾ ആസ്വദിക്കാനും എത്തുന്നുണ്ട്. ഫാം ടൂറിസത്തിന്റെയും ഹെൽത്ത് ടൂറിസത്തിന്റെയും അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് ഈ ദന്പതികളുടെ ലക്ഷ്യം.
ഫോണ് :97453 12423
ജോയി കിഴക്കേൽ