വിദേശ പഴങ്ങൾക്ക് ഇവിടെ സുവർണകാലം, ആദായമുണ്ടാക്കാൻ 10 പഴവർഗങ്ങൾ
Thursday, October 3, 2024 12:43 PM IST
വിദേശ ഇനം പഴവർഗങ്ങളുടെ കൃഷിക്കും വിപണനത്തിനും അനന്ത സാധ്യതകളാണു കേരളത്തിലുള്ളത്. അതു മുന്നിൽക്കണ്ടു നിരവധി കർഷകർ പരന്പരാഗത കൃഷികളിൽ നിന്നു മാറിചിന്തിച്ചു തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ പത്തു വർഷത്തിനിടയിലുണ്ടായ ഈ മാറ്റം വഴി വിപണന സാധ്യത ഏറെയുള്ള നിരവധി പഴവർഗങ്ങൾ അവർ നാട്ടിലെത്തിക്കുകയും ചെയ്തു. ഒട്ടുമിക്ക വിദേശ പഴവർഗച്ചെടികളും കൃഷി ചെയ്യാൻ പറ്റിയ കാലാവസ്ഥയാണു കേരളത്തിലുള്ളത് എന്ന തിരിച്ചറിവിലാണ് ആ കൃഷി മാറ്റം.
ഉഷ്ണമേഖലാ പഴവർഗങ്ങളുടെ കൃഷിയിൽ കേരളത്തിലെപ്പോലെ ഭൂപ്രകൃതിയിലും കാലാവസ്ഥയിലും അനുകൂല സാഹചര്യമുള്ള മറ്റു സംസ്ഥാനങ്ങളില്ല. ഇക്കാര്യത്തിൽ കർണാടകത്തിനു മാത്രമാണു ചെറുതായെങ്കിലും വെല്ലുവിളി ഉയർത്താൻ കഴിയുന്നത്.
ആഗോളതലത്തിൽ ഇന്ത്യയുടെ പഴവർഗ ഉത്പാദനം 10-12 കോടി ടണ്‍ വരെ മാത്രമാണ്. ഇതിന്റെ മൂന്നിരട്ടിയാണു ചൈനയുടെ ഉത്പാദനം. അത് ഏകദേശം 30-35 കോടി ടണ്‍ വരും.
ലോക ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ സസ്യഭുക്കുകൾ ഉള്ളതെന്ന കാര്യം കൂടി ചേർത്തു വായിച്ചാൽ പഴങ്ങളുടെ ഉപഭോഗസാധ്യത എത്രമാത്രമുണ്ടാകുമെന്നു കണക്കു കൂട്ടാനാകും.
അത്രയ്ക്കു വിശാലമാണ് ഇന്ത്യയുടെ ആഭ്യന്തര മാർക്കറ്റ്. റംബൂട്ടാൻ, മാങ്കോസ്റ്റിൻ, ഡ്രാഗണ്‍ ഫ്രൂട്ട് എന്നീ ഇനങ്ങളുടെ ആ ഗോള കുത്തക ഇപ്പോഴും ദക്ഷിണേഷ്യൻ രാജ്യങ്ങളായ വിയറ്റ്നാം, തായ്ലൻഡ്, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങൾക്കാണ്.
രാജ്യാന്തര വിപണയിൽ നമുക്ക് മത്സരിക്കേണ്ടി വരുന്നത് ഈ രാജ്യങ്ങളോടു തന്നെ. സുസ്ഥിര വരുമാനം ഉറപ്പാക്കാവുന്നതും കേരളത്തിന്റെ കാലാവസ്ഥയിൽ സമൃദ്ധമായി വിളയുന്നതുമായ പത്തിനം പഴവർഗച്ചെടികളാണു പ്രധാനമായും വാണിജ്യകൃഷിക്കു പരിഗണിക്കാവുന്നത്.

റംബൂട്ടാൻ, മാങ്കോസ്റ്റിൻ, അവക്കാഡോ, ദുരിയാൻ, ലോംഗൻ, ഡ്രാഗണ്‍ ഫ്രൂട്ട്, പാഷൻ ഫ്രൂട്ട്, പപ്പായ, തണ്ണിമത്തൻ, പ്ലാവ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന പഴവർഗമാണ് റംബൂട്ടാൻ.
ഇതിനോടകം ചെറുതും വലുതുമായ നിരവധി തോട്ടങ്ങൾ വച്ചു പിടിപ്പിച്ചു കർഷകർ ആദായമെടുത്തു തുടങ്ങിയിട്ടുണ്ട്. ഏക്കറിന് അഞ്ചു മുതൽ ഏഴു ടണ്‍ വരെ വിളവ് ലഭിക്കുന്ന റംബൂട്ടാന് എക്കാലത്തും നല്ല ഡിമാൻഡുണ്ട്.
സീസണിൽ പോലും കിലോയ്ക്ക് 150- 200 രൂപയിൽ താഴാറില്ല. അഞ്ചിലേറെ ഇനങ്ങൾ കൃഷി ചെയ്യാറുണ്ടെങ്കിലും കേരളത്തിനു പ്രധാനമായും രണ്ടിനങ്ങളാണു യോജിച്ചത്. എൻ-18 ഉം റോങ് റിയാനും.
തെക്കൻ കേരളത്തിനും മധ്യകേരളത്തിനും തികച്ചും അനുയോജ്യമായ എൻ-18 ഏക്കറിന് 5-6 ടണ്‍ വരെ വിളവ് ലഭിക്കും. എന്നാൽ, സൂക്ഷിപ്പ്കാലം കുറവാണെന്ന പോരായ്മയുണ്ട്.
എന്നാൽ, വടക്കൻ കേരളത്തിനും വയനാട്, ഹൈറേഞ്ച് പോലെ ഉയർന്ന സ്ഥലങ്ങൾക്കും കർണാടകത്തിനും യോജിച്ച റോങ് റിയാന്‍ സൂക്ഷിപ്പു കാലം കൂടുതലുണ്ടെന്ന മേന്മയുണ്ട്.
പഴങ്ങൾ ഒരാഴ്ച വരെ കേടു കൂടാതെ സൂക്ഷിക്കാം. ചൂട് കൂടിയ ഇടങ്ങളിൽ ഇതിന് അതിജീവനശേഷി കൂടുതലാണ്. അതുകൊണ്ട് രണ്ടിനങ്ങളും കൃഷി ചെയ്യുന്നതാണ് ഉചിതം.
പരന്പരാഗതമായി 40 ഃ 40 അടി അകലത്തിലാണു റംബൂട്ടാൻ നടുന്നത്. ഏക്കറിന് 27 ചെടികൾ വരെ. പരമാവധി ഉത്പാദനം കിട്ടാൻ 6-8 വർഷം വരെ കാത്തിരിക്കണം.
5-7 ടണ്‍ വരെ വിളവും ലഭിക്കും. ആദ്യ വർഷങ്ങളിൽ കള നിയന്ത്രണത്തിനു കൂടുതൽ പണം ചെലവഴിക്കേണ്ടി വരുമെന്നതാണു ന്യൂനത. അതിനു പകരം അതിസാന്ദ്രതാ രീതി സ്വീകരിക്കുന്നതു നല്ലതാണ്.
നന്നായി പ്രൂണ്‍ ചെയ്തു നല്ലവണ്ണം സൂര്യപ്രകാശം ലഭിക്കത്തക്ക വിധം വളർത്തിയാൽ 20 ഃ 20 അടി അകലത്തിൽ ഏക്കറിൽ 100 ചെടികൾ വരെ വയ്ക്കാം. നല്ല പരിചരണം നൽകിയാൽ മൂന്നാം വർഷം 2-2.5 ടണ്‍ വിളവ് കിട്ടും. അഞ്ചാം വർഷം അത് 5 ടണ്ണായി വർധിക്കുകയും ചെയ്യും.
തൃശൂർ ചാലക്കുടിക്ക് അടുത്തുള്ള പരിയാരം, വെറ്റിലപ്പാറ, കോടശേരി പ്രദേശങ്ങൾ മാങ്കോസ്റ്റിൻ കൃഷിക്കു പ്രസിദ്ധമാണ്. മലേഷ്യയിൽ നിന്നു പതിറ്റാണ്ടുകൾക്കു മുന്‍പെത്തിയ ഈ ഇനം ഇന്നു നാട്ടുകാരുടെ പ്രധാന വരുമാനമാർഗമാണ്.

സീസണിൽ പോലും മൊത്തവില എത്ര കുറഞ്ഞാലും കിലോയ്ക്ക് 175 രൂപകിട്ടും. ദീർഘകാല വിളയായ മാങ്കോസ്റ്റിൻ പൂവിടാൻ 7-8 വർഷമെടുക്കും. മൂന്നു വർഷം പ്രായമായ തൈകൾ വയ്ക്കുക എന്നതാണ് അതിനു പരിഹാരം. അതുവഴി അ ഞ്ചാം വർഷം വിളവെടുക്കാം.
ഹൈറേഞ്ച്, വയനാട് പോലെ സമുദ്രനിരപ്പിൽ നിന്ന് 1000 അടിക്കു മേൽ ഉയരമുള്ള പ്രദേശങ്ങളാണ് മാങ്കോസ്റ്റിൻ കൃഷിക്ക് അനുയോജ്യം. മഴ കൂടുന്പോൾ താഴ്ന്ന പ്രദേശങ്ങളിലെ പഴങ്ങളിൽ രോഗങ്ങൾ കൂടുതലായി കണ്ടുവരാറുണ്ട്.
സാധാരണ 20 ഃ 20 അടി അകലത്തിലാണ് വയ്ക്കാറുള്ളതെങ്കിലും അതിസാന്ദ്രതാ കൃഷിയിൽ 15 ഃ 15 അടി മതി. എന്നാൽ, സമൃദ്ധമായി സൂര്യപ്രകാശം ലഭിക്കത്തവിധം പ്രൂണ്‍ ചെയ്തു വളർത്തണമെന്നു മാത്രം.
ഉയർന്ന സ്ഥലങ്ങളിൽ കൃഷി ചെയ്യാൻ ഏറെ അനുയോജ്യമാണ് അവക്കാഡോ. സമുദ്രനിരപ്പിൽ നിന്ന് 2000 അടിയെങ്കിലും ഉയർന്ന സ്ഥലത്താണ് ഈ ചെടി നന്നായി കായ്ക്കുന്നത്.
അതുകൊണ്ടു തന്നെ ഹൈറേഞ്ചിനും വയനാടിനും പറ്റിയ വിളയാണിത്. മൂപ്പെത്തിയ ശേഷവും ചെടിയിൽ നിൽക്കുമെന്നതാണു പ്രത്യേകത. വിളവെടുത്താലും ഒരാഴ്ച വരെ സൂക്ഷിക്കാം.
ശരാശരി 250-400 ഗ്രാം വരെ തൂക്കമുള്ള പഴത്തിനാണ് ഇന്ത്യൻ വിപണിയിൽ പ്രിയം. 20 ഃ 20 അടി അകലത്തിൽ ഒരേക്കറിൽ 100 ചെടികൾ വരെ കൃഷി ചെയ്യാം.
ഇന്ത്യയിൽ കൃഷി ചെയ്യുന്നതെല്ലാം ട്രോപ്പിക്കൽ ഇനങ്ങളാണെങ്കിലും ഹാസ് ഇനത്തിനാണ് കേരളത്തിൽ കൂടുതൽ സാധ്യത. വയനാട്ടിലും ഇടുക്കിയിലും ഹൈറേഞ്ചിലുമൊക്കെ ഹാസ് നന്നായി വിളയും.
ശരിയായ ആദായം കിട്ടാൻ എ- ടൈപ്പായ ഹാസിനൊപ്പം കുറച്ച് ബി- ടൈപ്പ് ചെടികൾ കൂടി കൃഷി ചെയ്യാൻ ശ്രദ്ധിക്കണം. അഞ്ചാം വർഷം ഒരു ചെടിയിൽ നിന്നു കുറഞ്ഞത് 50 കിലോ പഴം കിട്ടും.
പൊതുവേ അവ്ക്കാഡോയ്ക്ക് രോഗ, കീട ബാധകൾ വളരെ കൂടുതലാണ്. അതുകൊണ്ടു നല്ല നീർവാഴ്ചയുള്ള സ്ഥലങ്ങളിലും ഉയരം കൂടിയ സ്ഥലങ്ങളിലും മാത്രം കൃഷി ചെയ്യുന്നതാണ് ഉചിതം.
മണം കൊണ്ടു വെറുപ്പിക്കുന്നതും രുചികൊണ്ടു കെതിപ്പിക്കുന്നതുമായ പഴമാണു ദുരിയാൻ. ഇന്തോനേഷ്യ, മലേഷ്യ രാജ്യങ്ങളാണു ജന്മദേശം. സീസണിൽ തായ്ലൻഡിൽ സംഘടിപ്പിക്കുന്ന ദുരിയാൻ മേളകളിൽ പങ്കെടുത്തു രുചി ആസ്വദിക്കാൻ ലോകത്തിന്റെ നാനാഭാഗത്തു നിന്ന് ആയിരങ്ങളാണ് എത്തുന്നത്.
40ഃ40 അടി അകലത്തിൽ നട്ടാൽ ആറാം വർഷം കായ്ക്കും. ഇനത്തിൽ വ്യത്യാസമനുസരിച്ച് ഓരോ പഴത്തിനും 1-4 കിലോ വരെ തൂക്കമുണ്ടാകും. സീസണിൽ പോലും കിലോയ്ക്ക് 300 രൂപ വിലയുണ്ട്.
മോങ്തോങ്, മൊസാങ്കിംങ്, ബ്ലാക്ക് ത്രോണ്‍, റെഡ് ത്രോണ്‍ തുടങ്ങിയ ഇനങ്ങളാണു കേരളത്തിൽ കൃഷി ചെയ്തു വരുന്നത്. ഉയർന്ന സ്ഥലങ്ങളിൽ ലീലാ പ്ലൈ എന്ന ഇനം തികച്ചും അനുയോജ്യമാണ്.

പൂർണ വളർച്ചയെത്തിയ ഒരു മരത്തിൽ നിന്നു വർഷം 100 പഴങ്ങൾ വരെ പ്രതീക്ഷിക്കാം. വിപണിയിൽ നല്ല ഡിമാൻഡുള്ള പഴമാണ് ലോംഗൻ. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമാണ് ഈ പഴവർഗച്ചെടി.
എന്നാൽ, നല്ല ഇനങ്ങളുടെ അഭാവം പ്രശ്നമാണ്. അത്യുത്പാദന ശേഷിയുള്ള ഡയമണ്ട് റീവർ, ബ്ലാക്ക് ലീഫ് തുടങ്ങിയ ഇനങ്ങൾ കൃഷി ചെയ്താൽ വലിയ സാധ്യതയാണ് നിലവിലുള്ളത്.
തായ്ലൻഡിൽ നിന്നു വൻ തോതിൽ ഇറക്കുമതി ചെയ്യുന്ന ലോംഗൻ, ഇതിനോടകം മാർക്കറ്റിൽ ശ്രദ്ധേയ സ്ഥാനം നേടിക്കഴിഞ്ഞു. വിയറ്റ്നാമിന്റെ ചെലവിൽ നമ്മൾ വളർത്തിയെടുത്ത പഴച്ചെടിയാണ് ഡ്രാഗണ്‍ ഫ്രൂട്ട്.
അമിത ഉത്പാദനത്തെത്തുടർന്നു വില്പനയ്ക്കായി ഇന്ത്യയിൽ എത്തിച്ച പഴങ്ങളുടെ നിറവും ഭംഗിയുമാണു നാട്ടുകാരെ ആകർഷിച്ചത്. രുചികൂടി നാവിനു പിടിച്ചതോടെ അതൊന്നു പരീക്ഷിക്കാൻ നമ്മൾ തീരുമാനിക്കുകയായിരുന്നു.
അധിക കാലമാകുന്നതിനു മുന്‍പുതന്നെ അതു വിദേശ പഴങ്ങളുടെ കൂട്ടത്തിൽ പ്രമുഖസ്ഥാനം നേടുകയും ചെയ്തു. ഡ്രാഗണ്‍ ഫ്രൂട്ട് ഇനങ്ങൾ പലതുണ്ടെങ്കിലും വിപണിക്കു പ്രിയം മലേഷ്യൻ പിങ്ക് ഇനങ്ങളോടാണ്.
300-500 ഗ്രാം വരെ തൂക്കമുള്ള പഴത്തിന്റെ രുചിയും മികച്ചതാണ്. വെളുത്ത ഇനങ്ങളോട് പൊതുവേ താത്പര്യക്കുറവാണ്. മഞ്ഞ ഇനങ്ങൾക്ക് ഡിമാൻഡുണ്ടെങ്കിലും ഉത്പാദനക്ഷമത കുറവാണ്.
രണ്ടടി നീളത്തിൽ കുറയാത്ത തണ്ടുകളാണു നടേണ്ടത്. കോണ്‍ക്രീറ്റ് കാലുകൾ നാട്ടി അതിനു മുകളിൽ ടയറുകൾ സ്ഥാപിച്ചാണു സാധാരണ കൃഷി. എന്നാൽ, ചെടി നന്നായി വളർന്നു കഴിഞ്ഞാൽ പലപ്പോഴും ഈ ടയർ വളയങ്ങളിൽ ശിഖരങ്ങൾ പിടിച്ചു നിൽക്കാറില്ല.
അതിനു പകരം കാലുകൾക്കു മുകളിൽ കോണ്‍ക്രീറ്റു വളയങ്ങൾ സ്ഥാപിക്കേണ്ടി വരും. പ്രാരംഭ ചെലവുകൾക്കായി ഏക്കറിന് ഏകദേശം 7-8 ലക്ഷം രൂപ വേണ്ടി വരും. ഒരു വർഷത്തിനുള്ളിൽ പൂവിടും.
മൂന്നാം വർഷം 10 ടണ്ണിനു മുകളിൽ വിളവ് കിട്ടും. വിളവെടുപ്പിനു ശേഷം പ്രൂണിംഗ് നടത്തണം. 20 വർഷം വരെ ചെടിക്ക് ആയുസുണ്ട്. സാധാരണ നിലയിൽ മൊത്തവില കിലോയ്ക്ക് 100-150 രൂപയും ചില്ലറയ്ക്ക് 200 രൂപ വരെയും വിലയുണ്ട്.
മഴ കൂടിയ സ്ഥലങ്ങളിൽ രോഗങ്ങൾ കൂടുതലായി കണ്ടുവരാറുണ്ട്. ചൂടു കൂടിയാൽ ചെടിയുടെ തണ്ടുകൾ പൊള്ളിപ്പോകുകയും ചെയ്യും. ചിരപരിചിതമെങ്കിലും ബ്രസീലുകാരനായ പാഷൻ ഫ്രൂട്ടിന് കേരളത്തിൽ വലിയ സാധ്യതയാണുള്ളത്.
മഞ്ഞ, പർപ്പിൾ, ഉള്ള് വെളുത്ത പർപ്പിൾ ഇനങ്ങളാണു സാധാരണ കൃഷി ചെയ്യുന്നത്. ഇതിൽ പർപ്പിൾ ഇനങ്ങൾക്കാണു കൂടുതൽ ഡിമാൻഡ്. ഭക്ഷ്യ ആവശ്യത്തിനാണ് ഈ ഇനങ്ങൾ പ്രധാനമായും ഉപയോഗിക്കുന്നത്.
അല്പം പുളി രസം കലർന്ന മഞ്ഞ ഇനം പൾപ്പ് നിർമാണത്തിനാണു കൃഷി ചെയ്യുന്നത്. വയനാട്, ഇടുക്കി തുടങ്ങിയ ഉയർന്ന സ്ഥലങ്ങളിൽ ഇവ നന്നായി വിളയും. ഏക്കറിന് 5-10 ടണ്‍ വരെ ആദായം കിട്ടും.
നല്ല ആദായമുണ്ടാക്കാൻ കഴിയുന്ന മറ്റൊരു പഴവർഗ വിളയാണു പപ്പായ. നാടൻ ഇനങ്ങൾക്കൊപ്പം തയ്വാൻ റെഡ് ലേഡി ഇനമാണു നാട്ടിൽ വ്യാപകമായി കൃഷി ചെയ്യുന്നത്.
ഈ ഇനങ്ങളിൽ വൈറസ് ബാധ കണ്ടു തുടങ്ങിയതിനാൽ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇവയെ വെല്ലുന്ന ആദായം തരുന്ന ഇനമാണ് വെൽക്കം പാപ്പായ.
പ്രതിരോധ ശേഷി കൂടുതലുള്ള ഈ ഇനങ്ങളെ അങ്ങനെ വൈറസ് ബാധിക്കാറുമില്ല. നല്ല കാന്പും മധുരവുമുള്ളതിനാൽ ഉപഭോക്താക്കൾക്കു പ്രിയവുമാണ്. ഓരോ പഴത്തിനും ഒന്നര മുതൽ രണ്ടു കിലോ വരെ തൂക്കവുമുണ്ടാകും.
ഏറെക്കാലം തമിഴ്നാട് കുത്തകയാക്കി വച്ചിരുന്ന തണ്ണിമത്തൻ കേരളത്തിലും നന്നായി വിളയും. സമീപ കാലത്ത് കൂടുതൽ കർഷകർ തണ്ണി മത്തൻ കൃഷിയിൽ വ്യാപൃതരായിട്ടുണ്ട്.
വേനൽക്കാലത്ത് തീൻ മേശകളിൽ ഒഴിച്ചു കൂടാനാവാത്ത പഴമായി ഇതു മാറിയിരിക്കുന്നു. ആഭ്യന്തര വിപണിയിൽ മാത്രമല്ല ആഗോള തലത്തിലും നല്ല ഡിമാൻഡുള്ള പഴമാണിത്.
പല നിറത്തിലും വലിപ്പത്തിലും രൂപത്തിലുമുള്ള തണ്ണി മത്തൻ ഇനങ്ങളുണ്ട്. വെളുപ്പ് കലർന്ന പച്ച, കടുംപച്ച, മഞ്ഞ നിറങ്ങളിൽ കാണുന്ന ഇനങ്ങളാണ് കൂടുതലും കൃഷി ചെയ്യാറുള്ളത്.
പ്ലാവ് നാടനാണെങ്കിലും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർ കൂടുതലായും വിദേശി ഇനങ്ങളാണു നട്ടു പരിപാലിക്കുന്നത്. അതിൽ വിയറ്റ്നാം സൂപ്പർ ഏർളിയാണ് വ്യാപകം.

വലിയ മാർക്കറ്റുള്ള ഇടിച്ചക്കയ്ക്ക് അത്യുത്തമമാണു വിയറ്റ്നാം ഏർളി. മൂപ്പെത്തുന്നതിനു മുന്‍പു വിളവെടുക്കുന്ന ഇടിച്ചക്ക ഒന്നിന് ഒരു കിലോയിൽ കൂടുതൽ തൂക്കമുണ്ടാകും.
കായ്ച്ച് ആദ്യ രണ്ടു വർഷം ഇടിച്ചക്ക മാത്രം വിളവെടുക്കുന്നതാണു നല്ലത്. മരം വലുപ്പം വയ്ക്കുന്നതിന് അനുസരിച്ചു പിന്നീട് പഴച്ചക്കയും പറിച്ചെടുക്കാം. 15ഃ15 അടി അകലത്തിൽ ഏക്കറിൽ 200 തൈകൾ വരെ നട്ടു പരിപാലിക്കാം.
പഴച്ചക്കയ്ക്ക് ഏറ്റവും പറ്റിയ ഇനം ജെ-33 ആണ്. 25ഃ25 അകലത്തിലാണു നടേണ്ടത്. പ്രകാശ് ചന്ദ്ര എന്ന ഇനം ഇടിച്ചക്കയ്ക്കും പഴത്തിനും പറ്റും. എല്ലാ ഇനങ്ങളും നിശ്ചിത കാലയിളവിൽ തായ്ത്തണ്ടിൽ സൂര്യപ്രകാശം ലഭിക്കത്തക്ക വിധം പ്രൂണ്‍ ചെയ്യണമെന്നു മാത്രം.
പഴവർഗ ചെടികളിൽ ഏറെയും തനി വിളയായി കൃഷി ചെയ്യേണ്ടവയാണെങ്കിലും പാഷൻ ഫ്രൂട്ടും പപ്പായയും തണ്ണി മത്തനും ഇടവിളയായും കൃഷി ചെയ്യാം.
ഉദാഹരണത്തിനു ദീർഘകാല വിളയായ മാങ്കോസ്റ്റിൻ നട്ട് ആദ്യവർഷം തണൽ കൊടുക്കണം. അതിന് പന്തലിട്ട് പാഷൻ ഫ്രൂട്ട് നട്ടു വളർത്തിയാൽ മതി. ആറാം മാസം വിളവെടുക്കാം. തണലുമായി വരുമാനവുമായി.
ഇതിനൊപ്പം തണ്ണിമത്തനും വളർത്താം. മണ്ണിൽ പടർന്നു വളരുന്ന തണ്ണിമത്തൻ 65-ാം ദിവസം വിളവെടുക്കാം. ഏക്കറിന് 10-20 ടണ്‍ വരെ വിളവ് കിട്ടും. ഏട്ടാം മാസത്തിൽ വിളവെടുക്കാവുന്ന പപ്പായ കൂടി നട്ടാൽ വരുമാനം പലമടങ്ങാകും. ഏക്കറിന് 50 ടണ്‍ വരെ വിളവ് ലഭിക്കും.
അവ്ക്കാഡോയ്ക്ക് ഇടവിളയായി ട്രെല്ലീസ് മാതൃകയിൽ പാഷൻ ഫ്രൂട്ട് കൃഷി ചെയ്ത് അധിക വരുമാനമുണ്ടാക്കാം. റംബൂട്ടാൻ, ദുരിയാൻ, ലോംഗൻ എന്നിവയ്ക്കായി ഇടവിളയായി ആദ്യ രണ്ടുവർഷം പൈനാപ്പിൾ കൃഷി ചെയ്യാം.