സുവര്‍ണശോഭയുമായി ഉരുക്കു സഹോദരികള്‍
സുവര്‍ണശോഭയുമായി ഉരുക്കു സഹോദരികള്‍
Wednesday, October 16, 2019 5:09 PM IST
ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ലോക യൂണിവേഴ്‌സിറ്റി പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് വേദിയില്‍ 47 കിലോ ഗ്രാം വനിത വിഭാഗത്തില്‍ 335 കിലോ ഗ്രാം ഭാരമുയര്‍ത്തി ഒരു ഇന്ത്യന്‍ താരം സ്വര്‍ണം നേടിയപ്പോള്‍ അഭിമാനം കൊണ്ടത് കേരളമാണ്. കേരളത്തിന് ഈ അഭിമാന താരത്തെ നല്‍കിയത് ആലപ്പുഴ ജില്ലയും. ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയായ അനീറ്റ ജോസഫ് കായികലോകത്ത് രാജ്യത്തിന് തന്നെ അഭിമാനമായി മാറുമ്പോള്‍ നേട്ടങ്ങളുടെ പട്ടികയുമായി സഹോദരി അലീന ജോസഫ് തൊട്ടുപിറകെയുണ്ട്. ആലപ്പുഴ കുതിരപ്പന്തി പുത്തന്‍പറമ്പില്‍ ജോസഫ് - പുഷ്പ ദമ്പതികളുടെ മക്കളായ അനീറ്റ ജോസഫ്, അലീന ജോസഫ് എന്നിവര്‍ പവര്‍ ലിഫ്റ്റിംഗില്‍ നേട്ടങ്ങളുമായി ശ്രദ്ധേയരാകുകയാണ്. കഠിന പ്രയത്‌നത്തിന്‍േറയും നിശ്ചയദാര്‍ഢ്യത്തിന്‍േറയും പ്രതീകങ്ങളാണ് ഇരുവരും.

കഠിനപ്രയത്‌നം സമ്മാനിച്ച വിജയം

പതിനഞ്ചാം വയസില്‍ തുടങ്ങിയ പരിശീലനം അനീറ്റയ്ക്ക് സമ്മാനിച്ചത് ലോക ചാമ്പ്യന്‍പട്ടമാണ്. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ചായ സുരാജ് സുരേന്ദ്രന്റെ കീഴില്‍ കഴിഞ്ഞ നാലുവര്‍ഷമായി കഠിന പരിശീലനത്തിലാണ് ഈ വിദ്യാര്‍ഥിനി. ഓള്‍ ഇന്ത്യാ യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയതിനുപിന്നാലെയെത്തിയ ലോക യൂണിവേഴ്‌സിറ്റി പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സുവര്‍ണ നേട്ടം കൊയ്തതോടെ കായികലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി ഈ 22 കാരി മാറി. ഇതുകൂടാതെ ദേശീയ സീനിയര്‍ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിലും 417.5 കിലോ ഗ്രാം ഭാരമുയര്‍ത്തി അനീറ്റ സ്വര്‍ണം നേടി. ദേശീയ ജൂണിയര്‍ ചാമ്പ്യന്‍ഷിപ്പിലും അനീറ്റ തന്നെയായിരുന്നു ചാമ്പ്യന്‍.

ചേച്ചിയുടെ പാത പിന്തുടര്‍ന്ന്

കോളേജ് തലത്തില്‍ ചേച്ചി നേട്ടങ്ങള്‍ വാരിക്കൂട്ടുമ്പോള്‍ സ്‌കൂള്‍ തലത്തില്‍ സ്വര്‍ണം വാരിക്കൂട്ടുകയാണ് അനിയത്തി അലീന. ദേശീയ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ 2016, 17, 18 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി സ്വര്‍ണ ജേതാവാണ് അലീന. കഴിഞ്ഞ ജൂണ്‍ 21ന് ആലപ്പുഴയില്‍ നടന്ന ദേശീയ ജൂണിയര്‍ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിലും ഈ 18 കാരി ഒന്നാമതെത്തി.



മാതാപിതാക്കളും നിസാരക്കാരല്ല

രണ്ടു മക്കളില്‍ തീരുന്നില്ല ഈ കുടുംബത്തിന്റെ കായിക തിളക്കം. പിതാവ് ജോസഫും മാതാവ് പുഷ്പ ജോസഫും പവര്‍ലിഫ്റ്റിംഗില്‍ ദേശീയ ചാമ്പ്യന്‍മാരാണ്. ജിവി രാജാ അവാര്‍ഡ് ജേതാക്കളായ ഈ ദമ്പതികളാണ് തന്റെ മക്കള്‍ക്ക് പ്രചോദനവും പിന്തുണയും. മക്കള്‍ക്കായി ഒരു ചെറിയ ജിംനേഷ്യവും ഇവര്‍ വീട്ടിലൊരുക്കിയിട്ടുണ്ട്. ഏഷ്യന്‍ ഗോള്‍ഡ് മെഡലിസ്റ്റും ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചുവര്‍ഷം തുടര്‍ച്ചയായി സ്വര്‍ണ ജേതാവുമായ പുഷ്പ ഇപ്പോള്‍ ആലപ്പുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ജീവനക്കാരിയാണ്. ആലപ്പുഴ എസ്ഡി കോളജില്‍ അവസാന വര്‍ഷ പിജി വിദ്യാര്‍ഥിനിയായ അനീറ്റയും ഡിഗ്രി വിദ്യാര്‍ഥിനിയായ അലീനയും ആലപ്പി ജിമ്മിലും വീട്ടിലുമായി പരിശീലനം നടത്തുന്നു.

പഠനത്തിന്റെ അവസാന വേളയില്‍ ഒരു ജോലിക്കുവേണ്ടിയുള്ള അന്വേഷണത്തിലാണ് അനീറ്റ ഇപ്പോള്‍. കരുത്തിന്റെ നേട്ടങ്ങള്‍ക്ക് സമ്മാനമായി ഒരു സര്‍ക്കാര്‍ ജോലി കിട്ടുമെന്ന പ്രതീക്ഷയില്‍ വകുപ്പു മന്ത്രിക്ക് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് അനീറ്റ.

റെജി കലവൂര്‍