ആൻഡ്രോയ്ഡിനെ കടത്തിവെട്ടാൻ വാവെയുടെ ഹോംഗ്മെംഗ്
Saturday, June 15, 2019 3:12 PM IST
ബെയ്ജിംഗ്: ആൻഡ്രോയ്ഡിനു പകരമായി തങ്ങൾ വികസിപ്പിച്ച ഓപ്പറേറ്റിംഗ് സിസ്റ്റം- ഹോംഗ്മെംഗ് വൈകാതെ വിപണിയിലെത്തിക്കുമെന്ന് ചൈനീസ് ടെക് ഭീമൻ വാവെ. ഈ വർഷം ഒക്ടോബറിൽ ഹോംഗ്മെംഗ് അവതരിപ്പിച്ചേക്കും. ആൻഡ്രോയിഡിനേക്കാൾ 60 ശതമാനം വേഗത്തിൽ ഹോംഗ്മെംഗ് പ്രവർത്തിക്കുന്നതായി കണ്ടെത്തിയെന്നും ഒപ്പോ, വിവോ തുടങ്ങിയ സ്മാർട്ട്ഫോണ് കന്പനികളുടെ പ്രതിനിധികൾ ഇക്കാര്യം സ്ഥിരീകരിച്ചെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഹോംഗ്മെംഗിനു പ്രചാരം കൊടുക്കാനുള്ള ചൈനീസ് മാധ്യമങ്ങളുടെ ശ്രമമാണ് ഇത്തരം റിപ്പോർട്ടുകളുടെ പിന്നിലെന്ന് വിമർശകർ പറയുന്നു.
അതേസമയം, തങ്ങളുടെ ഒഎസിനു ട്രേഡ്മാർക്ക് അനുവദിച്ചുകിട്ടാനായി വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷനെ (ഡബ്ല്യുഐപിഒ) വാവേ സമീപിച്ചു. കംബോഡിയ, കാനഡ, ദക്ഷിണകൊറിയ, ന്യൂസിലൻഡ് തുടങ്ങി ഒൻപത് രാജ്യങ്ങളിലും യൂറോപ്യൻ രാജ്യങ്ങളിലും ട്രേഡ്മാർക്ക് ലഭിക്കാനാണ് വാവേ അപേക്ഷ സമർപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. അമേരിക്കയുടെ നിരോധനത്തേത്തുടർന്ന് ആൻഡ്രോയ്ഡ് ഉപയോഗത്തിലും വിലക്ക് നേരിട്ട വാവേ, തങ്ങളുടെ ഉപയോക്താക്കൾക്കായി ഒഎസ് വികസിപ്പിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.