മധുരിക്കും മധുവിധുയാത്രകള്‍
നവദമ്പതികളുടെ ജീവിതത്തിലെ ഏറ്റവും മധുരകരമായ മുഹൂര്‍ത്തങ്ങളാണ് ഹണിമൂണ്‍ യാത്രകള്‍ സമ്മാനിക്കുന്നത്. പുതിയ ജീവിതം ആരംഭിക്കുമ്പോള്‍ എപ്പോഴും യാത്രകള്‍ നല്ലതാണ്. പരസ്പരം കൂടുതല്‍ അടുത്തറിയാന്‍ ഇത് സഹായിക്കും. വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ മൂന്നു മാസങ്ങളാണ് ഹണിമൂണ്‍ കാലയളവായി അറിയപ്പെടുന്നത്.

മനോഹരമായ അനുഭവങ്ങള്‍ നല്‍കുന്ന സ്ഥലങ്ങളിലേക്കാണ് നിങ്ങളുടെ ഹണിമൂണ്‍ യാത്രയെങ്കില്‍ ജീവിതത്തില്‍ എന്നും ആ ഓര്‍മ നിലനില്‍ക്കും. അത്തരത്തില്‍ ജീവിതത്തെ പ്രണയത്തിലൂടെ നയിക്കാന്‍ കഴിയുന്ന ഓര്‍മകള്‍ സമ്മാനിക്കുന്ന സ്ഥലങ്ങള്‍ പരിചയപ്പെടാം.

പ്രണയിക്കുന്നവരുടെ നഗരമാണ് ആഗ്ര. കാരണം അവിടെയാണ് ലോകാത്ഭുതങ്ങളില്‍ ഒന്നായ പ്രണയത്തിന്റെ കൊാരം താജ്മഹല്‍ സ്ഥിതിചെയ്യുന്നത്. മുഗള്‍ രാജാക്കന്മാരുടെ ഭരണ കേന്ദ്രമായിരുന്ന ആഗ്രയില്‍ കാഴ്ചകള്‍ നിരവധിയാണ്. ആഗ്രാ കോട്ട, ചൗസത് ഖംബ, പാഞ്ച് മഹല്‍, അക്ബര്‍ ചക്രവര്‍ത്തിയുടെ ശവകുടീരം, ചീനി കാ റൗള എന്നിവയെല്ലാം ഉത്തര്‍പ്രദേശിലെ ആഗ്രയിലാണുള്ളത്.

താജ്മഹല്‍

പ്രാണ പ്രേയസി മുംതാസിന്റെ ഓര്‍മയ്ക്കായി മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ യമുനാനദിയുടെ തീരത്ത് പണികഴിപ്പിച്ച കൊട്ടാരമാണ് താജ്മഹല്‍. പ്രണയിക്കുന്നവര്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ലോകാത്ഭുതങ്ങളില്‍ ഒന്ന്. വെള്ള മാര്‍ബിളിലാണ് ഈ കൊട്ടാരം പണിതീര്‍ത്തിുള്ളത്. പല വര്‍ണത്തിലുള്ള മാര്‍ബിളുകള്‍ ഉപയോഗിച്ച് കൊട്ടാരത്തില്‍ ചിത്രപ്പണികള്‍ ചെയ്തിരിക്കുന്നു. ഷാജഹാനും മുംതാസും അന്ത്യവിശ്രമം കൊള്ളുന്നതും ഈ പ്രണയ കുടീരത്തിന് ഉള്ളില്‍ തന്നെയാണ്.

1632ല്‍ ആരംഭിച്ച താജ്മഹലിന്റെ നിര്‍മാണം പൂര്‍ത്തിയായത് 1653ലാണ്. നാല് വശങ്ങളില്‍നിന്ന് നോക്കിയാലും ഒരേപോലെ തോന്നിക്കുന്ന രീതിയിലാണ് താജ്മഹല്‍ നിര്‍മിച്ചിട്ടുള്ളത്. യമുന നദിക്ക് നേരെ അക്കരെ താജ്മഹലിന് അഭിമുഖമായി മറ്റൊരു കറുത്ത താജ്മഹല്‍ കൂടി പണിയാന്‍ ഷാജഹാന്‍ പദ്ധതിയിട്ടിരുന്നു. പക്ഷേ അത് തുടങ്ങി വയ്ക്കാന്‍ മാത്രമേ അദ്ദേഹത്തിന് സാധിച്ചുള്ളു.

നിലാവില്‍ കുളിച്ചു നില്‍ക്കുന്ന താജ്മഹല്‍ കാണാനാണ് ഏറ്റവും ഭംഗി. വെള്ളിയാഴ്ചകളില്‍ താജ്മഹലിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കില്ല.

ആഗ്രാ കോട്ട

താജ്മഹലില്‍നിന്നും രണ്ടു കിലോമീറ്റര്‍ മാത്രം അകലെയാണ് ആഗ്ര കോട്ടയുള്ളത്. ഈ കോട്ടയില്‍ ഇരുന്നാണ് മുഗള്‍ ചക്രവര്‍ത്തിമാര്‍ ഭരണം നടത്തിയിരുന്നത്. രജപുത്രരാണ് ആഗ്ര കോട്ട പണികഴിപ്പിച്ചത്. ഇവരില്‍നിന്ന് ലോദി രാജവംശം കോട്ട കരസ്ഥമാക്കി. ഒന്നാം പാനിപ്പട്ട് യുദ്ധത്തിലൂടെ മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ കോട്ട സ്വന്തമാക്കി. പിന്നീട് ബാബര്‍ മുതല്‍ ഔറംഗസേബ് വരെയുള്ള ആളുകള്‍ ഈ കോട്ട ആസ്ഥാനമാക്കിയാണ് ഭരണം നടത്തിയത്.

ഷാജഹാന്‍ ചക്രവര്‍ത്തിയുടെ കാലത്താണ് കോട്ട ഏറ്റവും കൂടുതല്‍ മോടിപിടിപ്പിച്ചത്. ചുവന്ന കല്ലുകള്‍ കൊണ്ടാണ് ആഗ്രാ കോട്ട നിര്‍മിച്ചിട്ടുള്ളത്. കോയ്ക്കു ചുറ്റും സുരക്ഷയുടെ ഭാഗമായി വലിയ കിടങ്ങുകള്‍ തീര്‍ത്തിട്ടുണ്ട്. മൂന്ന് പ്രവേശന കവാടമാണ് കോട്ടക്കുള്ളത്. ഒന്നാമത്തേത് യമുന നദിക്ക് അഭിമുഖമായാണ്. രണ്ടാമത്തേത് അമര്‍സിംഗ് ഗേറ്റ്. ഇതിലൂടെയാണ് ഇപ്പോള്‍ സന്ദര്‍ശകരെ കോട്ടയ്ക്ക് ഉള്ളിലേക്ക് പ്രവേശിപ്പിക്കുന്നത്. മൂന്നാമത്തേത് ഡല്‍ഹി ഗേറ്റാണ്. ഇത് ഇപ്പോള്‍ പൂര്‍ണമായും കരസേനയുടെ അധീനതയിലാണ്. ആഗ്രാ കോട്ടയ്ക്കുള്ളിലാണ് ജഹാംഗീര്‍ മഹല്‍, മുംതാസ് മഹല്‍, ഖാസ് മഹല്‍, മുസമന്‍ ബുര്‍ജ് തുടങ്ങിയവ ഉള്ളത്.

അക്ബറിന്റെ ശവകുടീരം

ആഗ്രയില്‍നിന്ന് 10 കിലോമീറ്റര്‍ അലെയാണ് അക്ബര്‍ ചക്രവര്‍ത്തിയുടെ ശവകുടീരം. 119 ഏക്കറുകളിലായി പരന്നുകിടക്കുകയാണ് ഈ പ്രദേശം. 1605ല്‍ അക്ബര്‍ തന്നെയാണ് ഈ കുഴിമാടത്തിന്റെ പണി തുടങ്ങിവച്ചത്. ഇത് പൂര്‍ത്തിയാക്കിയത് അദേഹത്തിന്റെ മകന്‍ ജഹാംഗീറാണ്.

ചീനി കാ റൗള

യമുനാനദിയുടെ തീരത്ത് ഇതുമതു ദൗലയുടെ സമീപമാണ് ചിനി കാ റൗള ഉള്ളത്. മിനുസമാര്‍ന്ന ചില്ലുരൂപത്തിലുള്ള കല്ലുകള്‍ കൊണ്ടാണ് ചീനി കാ റൗള പണിതിരിക്കുന്നത്.

ഫത്തേപുര്‍ സിക്രി

ഉത്തര്‍പ്രദേശിലെ ആഗ്രയ്ക്ക് സമീപമുള്ള പുരാതന നഗരമാണ് ഫത്തേപുര്‍ സിക്രി. മുഗള്‍ ചക്രവര്‍ത്തി അക്ബറാണ് ഈ നഗരത്തിന്റെ ശില്പി. ആറ് കിലോമീറ്റര്‍ നീളത്തില്‍ മൂന്ന് വശവും മതിലുകള്‍ ഉള്ളതും വലിയ ഗോപുരങ്ങളും കവാടങ്ങളും അടങ്ങുന്നതാണ് ഫത്തേപുര്‍ സിക്രി. ദിവാനി ആം, ദൗലത്ത് ഖാന, റാഞ്ച് മഹല്‍, ജോദാ ഭായി ക്ഷേത്രം, തുര്‍ക്കിഷ് സുല്‍ത്താന, ബീര്‍ബല്‍ കൊട്ടാരം, ബുലന്ദ് ദര്‍വാസ തുടങ്ങി നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്.

പാഞ്ച് മഹല്‍

അഞ്ച് നിലകളുള്ള ഒരു മുഗള്‍ നിര്‍മിതിയാണ് പാഞ്ച് മഹല്‍. അക്ബറിന്റെ മൂന്ന് പത്‌നിമാര്‍ക്കും മറ്റ് അന്തപ്പുര സ്ത്രീകള്‍ക്കുമായുള്ള വേനല്‍ക്കാല വസതിയായാണ് ഇത് പണിതത്. മുകളിലേക്കു പോകുന്തോറും വലിപ്പം കുറഞ്ഞു വരുന്ന രീതിയിലാണ് ഇതിന്റെ നിര്‍മിതി. ജോധാഭായിയുടെ രമ്യഹര്‍മ്യത്തിന് അരികിലാണ് പാഞ്ച് മഹല്‍ ഉള്ളത്.

മുഗള്‍ ഭക്ഷണം കഴിക്കാം

ആഗ്രയിലെത്തിയാല്‍ മുഗള്‍ രുചിയുള്ള ഭക്ഷണം കഴിക്കാതെ ആരും പോകാറില്ല. ബിരിയാണി, പുലാവ്, കബാബ് തുടങ്ങിയ വിഭവങ്ങള്‍ മുഗള്‍ ഭരണകാലത്ത് ഇന്ത്യയില്‍ വന്നതാണ്. മുഗളൈ എന്ന ഒരു പാചക രീതി തന്നെ ഉണ്ടായിരുന്നു. മൃദുവായ ഭക്ഷണ സാധനങ്ങള്‍ മുതല്‍ നല്ല എരിവുള്ളതും സുഗന്ധവ്യഞ്ജനത്തിന്റെ പരിമളം നിറയുന്നതുമായ വിഭവങ്ങള്‍ മുഗള്‍ പാചകകലയുടെ പ്രത്യേകതയാണ്. പനീര്‍ തൊട്ട് കുങ്കുമ പൂവ് ചേര്‍ന്ന വിലയേറിയ ഭക്ഷണം വരെ ഇതില്‍പ്പെടുന്നു. മുഗള്‍ വിഭവങ്ങള്‍ ലഭിക്കുന്ന നിരവധി റസ്റ്റോറന്റുകള്‍ ഇന്ന് ആഗ്രയിലും പരിസരത്തുമായുണ്ട്. യാത്രയില്‍ ഈ രുചികൂടി ആസ്വദിക്കാം.കിനാരി ബസാര്‍

ആഗ്രയില്‍ ഷോപ്പിംഗിന് പറ്റിയ സ്ഥലമാണ് കിനാരി ബസാര്‍. സുഗന്ധവ്യഞ്ജനങ്ങള്‍, ആഭരണങ്ങള്‍, ചെരിപ്പുകള്‍, കരകൗശല വസ്തുക്കള്‍, ഭക്ഷണശാലകള്‍ എന്നിവ എല്ലാം കിനാരി ബസാറില്‍ ലഭിക്കും. രാവിലെ 11 മുതല്‍ രാത്രി ഒന്‍പത് വരെയാണ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്.

ഡാര്‍ജിലിംഗിലെ മഞ്ഞണിഞ്ഞ മലനിരകളിലേക്ക്

കുറച്ചുകാലം മുന്‍പുവരെ ചരിത്ര പര്യവേക്ഷകര്‍ക്ക് പ്രിയപ്പെട്ട സ്ഥലമായിരുന്നു രാജസ്ഥാനിലെ ജെയ്‌സാല്‍മര്‍. പക്ഷേ ഇന്ന് ഈ പ്രദേശം അറിയപ്പെടുന്നത് ഇന്ത്യയില്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ പറ്റിയ മികച്ച സ്ഥലങ്ങളില്‍ ഒന്നായാണ്. വിശിഷ്ടമായ കോട്ടകളും മരുഭൂമിയും ഒട്ടക സഫാരിയും എല്ലാം നവദമ്പതിമാരെ ഇവിടേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. നിരവധി ബോളിവുഡ് സിനിമകള്‍ ജെയ്‌സാല്‍മറിന്റെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഇതിനു ശേഷമാണ് ഇവിടേക്ക് ഹണിമൂണ്‍ ആഘോഷിക്കാന്‍ ആളുകള്‍ കൂടുതലായും എത്തിത്തുടങ്ങിയത്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ജെയ്‌സാല്‍മര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.

ജെയ്‌സാല്‍മര്‍ കോട്ട

ജെയ്‌സാല്‍മര്‍ നഗരത്തില്‍ കുന്നിന്റെ മുകളിലാണ് ജെയ്‌സാല്‍മര്‍ കോട്ട സ്ഥിതിചെയ്യുന്നത്. 'സുവര്‍ണ കോട്ട' എന്നും ഇത് അറിയപ്പെടുന്നു. സൂര്യകിരണങ്ങള്‍ പതിക്കുന്ന സമയത്ത് കോട്ട സ്വര്‍ണനിറമായി മാറും. 1156ല്‍ രാജാ ജവാല്‍ ജയ്‌സാല്‍ ആണ് കോട്ട നിര്‍മിച്ചത്. 250 അടി പൊക്കവും 1500 അടി നീളവുമുണ്ട് ഈ കോട്ടയ്ക്ക്. 90ലധികം ചെറുകോട്ടകള്‍ ജെയ്‌സാല്‍മര്‍ കോട്ടയ്ക്കകത്തുണ്ട്. മനോഹരമായ മാളികകളും സൗധങ്ങളും അമ്പലങ്ങളും ഇതില്‍പ്പെടും. ജാലീസ്, ജറോഖാസ് എന്നിങ്ങനെയുള്ള കല്ലുകള്‍ കൊണ്ടാണ് കോട്ട നിര്‍മിച്ചിരിക്കുന്നത്.


മുഗള്‍, രജ്പുത്, ബ്രീട്ടീഷ് തുടങ്ങി വിവിധ ശക്തികള്‍ പല കാലങ്ങളായി കോട്ട ഭരിച്ചു. ഒടുവില്‍ ഇത് അവിടത്തെ ജനങ്ങള്‍ക്ക് താമസിക്കാനായി വിട്ടുനല്‍കുകയായിരുന്നു. ഏകദേശം 4000ല്‍ അധികം ആളുകള്‍ ഇപ്പോഴും കോട്ടയ്ക്കകത്ത് താമസിക്കുന്നുണ്ട് എന്നതാണ് ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത. ടൂറിസം, കച്ചവടം എന്നിവയാണ് ഇവിടുള്ളവരുടെ വരുമാന മാര്‍ഗം. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് സന്ദര്‍ശന സമയം.

താര്‍ മരുഭൂമിയിലെ ക്യാമ്പുകള്‍

ജെയ്‌സാല്‍മറിലെ മറ്റൊരു ആകര്‍ഷണമാണ് താര്‍ മരുഭൂമിയും ഇവിടുള്ള ക്യാമ്പുകളും. താര്‍ മരുഭൂമിയുടെ നടുവിലായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് സാം സാന്‍ഡ് ഡ്യൂണ്‍സ്. ഇവിടെ വലിയ ഉയരത്തിലുള്ള മണല്‍ക്കൂനകള്‍ കാണാന്‍ സാധിക്കും. ഈ മണല്‍ക്കൂനകള്‍ക്ക് ഇടയിലൂടെയുള്ള സൂര്യാസ്തമയം ഇവിടത്തെ മനോഹരമായ കാഴ്ചകളില്‍ ഒന്നാണ്. ഒട്ടകങ്ങളിലോ ജീപ്പിലോ മരുഭൂമിയിലൂടെ സഫാരി നടത്താനുള്ള സൗകര്യവും സാം സാന്‍ഡ് ഡ്യൂണ്‍സില്‍ ലഭ്യമാണ്. ജെയ്‌സാല്‍മര്‍ നഗരത്തില്‍നിന്ന് 45 കിലോമീറ്റര്‍ ദൂരെയാണ് ഈ പ്രദേശം. മരുഭൂമിയില്‍ ഏകദേശം 23 കിലോമീറ്റര്‍ ചുറ്റളവിലായി നിരവധി ക്യാമ്പുകളുണ്ട്. ഇതില്‍ താമസിച്ച് വിഭവസമൃദ്ധമായ ഭക്ഷണവും ഒപ്പം സംഗീതവും ആസ്വദിക്കാം. കാടുകളിലോ കുന്നുകളിലോ ക്യാമ്പ് ചെയ്യുന്നതില്‍നിന്നും തികച്ചും വ്യത്യസ്തമായ അനുഭവമാണ് മരുഭൂമിയിലെ ക്യാമ്പ് സമ്മാനിക്കുക. പാരാഗ്ലൈഡിംഗിനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്.

ഗാഡിസാര്‍ തടാകം

സായാഹ്നം ചെലവഴിക്കാന്‍ പറ്റിയ മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണ് ജെയ്‌സാല്‍മറിലെ ഗാഡിസാര്‍ തടാകം. മനോഹരമായ കാറ്റും പലതരം അപൂര്‍വ പക്ഷികളും എത്തുന്ന സ്ഥലംകൂടിയാണ് ഇത്. എഡി 1400ല്‍ നിര്‍മിച്ച ജല സംഭരണ കേന്ദ്രമായിരുന്നു ഗാഡിസാര്‍ തടാകം. മഹര്‍വാള്‍ ഗാഡ്‌സി സിംഗിന്റെ കാലത്താണ് ഇത് നിര്‍മിച്ചത്. തടാകത്തിന്റെ തീരത്ത് മഞ്ഞ മണല്‍ കല്ലുകള്‍ കൊണ്ട് നിര്‍മിച്ച ഗേറ്റ്‌വേ ഉണ്ട്. കമാനപാതയുടെ അരികിലായി ഒരു കൃഷ്ണ ക്ഷേത്രവും പണികഴിപ്പിച്ചിരിക്കുന്നു. ഇന്ദിരാഗാന്ധി കനാലില്‍നിന്ന് തുടര്‍ച്ചയായി ജലവിതരണം ലഭിക്കുന്നതിനാല്‍ തടാകം ഒരിക്കലും വറ്റാറില്ല. ബോട്ട് സവാരിക്കുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്. കാറ്റ്ഫിഷുകളുടെ ഒന്നിലധികം വകഭേദങ്ങളും ഗാഡിസാര്‍ തടാകത്തിലുണ്ട്.

ബഡാ ബാഗ്

വിശാലമായ ഒരു ഉദ്യാനമാണിത്. ഭാട്ടി ഭരണാധികാരികള്‍ പണിയിച്ച സ്മാരക ശിലകള്‍ ഇവിടെ ധാരാളമുണ്ട്. ഇതിലേറ്റവും പുരാതനം രാജാവ് മഹാറാവള്‍ ജൈത് സിംഗിന്റെ സ്മാരകശിലയാണ്. നഗരത്തില്‍നിന്നും ആറ് കിലോമീറ്റര്‍ ദൂരെയാണ് ബഡാ ബാഗ്. സ്മാരകങ്ങള്‍ എല്ലാം തന്നെ പണികഴിപ്പിച്ചിരിക്കുന്നത് കുടയുടെ രൂപത്തിലാണ്. ഉയര്‍ത്തിക്കെട്ടിയ തറയില്‍നിന്ന് ഉയര്‍ന്നു വരുന്ന നാല് കാലുകളില്‍ കുടയുടെ ആകൃതിയില്‍ മേല്‍ക്കൂര നിര്‍മിച്ചിരിക്കുന്നു. ഒരു രാജാവിന്റെ മരണശേഷം എവിടെയാണോ ശരീരം ദഹിപ്പിക്കുന്നത് അവിടെയാണ് സ്മാരകവും പണികഴിപ്പിക്കുന്നത്. ഇന്ന് ജെയ്‌സാല്‍മര്‍ പണത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണിത്.

പത്വന്‍ കി ഹവേലി

ജെയ്‌സാല്‍മര്‍ നഗരത്തിലെ ക്ലാസിക്കല്‍ വാസ്തുവിദ്യാ വിസ്മയമാണ് പത്വന്‍ കി ഹവേലി എന്നറിയപ്പെടുന്നത്. പത്വന്‍ താഴ്‌വരയ്ക്കടുത്തായി സ്ഥിതിചെയ്യുന്ന ഈ ഹവേലിയില്‍ അഞ്ച് വ്യത്യസ്ത കൊട്ടാരങ്ങളുണ്ട്. അഞ്ച് പത്വ സഹോദരന്മാര്‍ക്ക് വേണ്ടിയുള്ളതായിരുന്നു ഇത്. അതിഥികളെ ഉള്‍ക്കൊള്ളുന്ന ഒരു ഹവേലിയുമുണ്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അധികാരത്തിലാണ് ഇവ. മാളികയ്ക്കുള്ളില്‍ പുരാതന ഫര്‍ണിച്ചറുകള്‍ക്കായി ഒരു മ്യൂസിയവും ഷോപ്പും ഉണ്ട്. മഞ്ഞ മണല്‍ കല്ലാണ് മാളിക നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. അതിമനോഹരമായ മിറര്‍ വര്‍ക്കുകളും മനോഹരമായ പെയിന്റിംഗുകളും കൊണ്ട് ചുവരുകള്‍ അലങ്കരിച്ചിരിക്കുന്നു. ഓരോ കമാനങ്ങളുടെയും നിര്‍മാണ സവിശേഷത എടുത്തു പറയേണ്ടതാണ്.


താര്‍ ഹെറിറ്റേജ് മ്യൂസിയം

ജെയ്‌സാല്‍മര്‍ നഗരത്തിലെ പ്രധാന മാര്‍ക്കറ്റിലാണ് താര്‍ ഹെറിറ്റേജ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ലക്ഷ്മി നാരായണ്‍ ഖത്രിയായിരുന്നു ഈ മ്യൂസിയത്തിന്റെ സ്ഥാപകന്‍. പ്രസിദ്ധമായ താര്‍ മരുഭൂമിയുടെ ചരിത്രം, സംസ്‌കാരം, കല, വാസ്തുവിദ്യ എന്നിവ മ്യൂസിയത്തില്‍ അവതരിപ്പിക്കുന്നു. ദശലക്ഷം വര്‍ഷത്തിലേറെ പഴക്കമുള്ള കടല്‍ ഫോസിലുകള്‍, കടല്‍ താര്‍ മരുഭൂമിയായി മാറിയത് എങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ ഇവിടെനിന്ന് നമുക്ക് മനസിലാക്കാം. പുരാതനമായ പല ശേഷിപ്പുകളും ജെയ്‌സാല്‍മറിന്റെ രേഖകളും നാണയങ്ങളും പുരാതന കൈയെഴുത്തു പ്രതികളും ആയുധങ്ങളും ഈ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു.

ടീസ്റ്റാ നദിയിലെ റിവര്‍ റാഫ്റ്റിംഗ്

ടീസ്റ്റാ നദിയിലെ റിവര്‍ റാഫ്റ്റിംഗാണ് ഡാര്‍ജിലിംഗിലെ മറ്റൊരു പ്രത്യേകത. മഞ്ഞുമൂടിയതും തെളിഞ്ഞതുമായ വെള്ളത്തില്‍ റിവര്‍ റാഫ്റ്റിംഗ് നടത്താം. പരിചയസമ്പന്നരായ റാഫ്റ്റിംഗ് ഇന്‍സ്ട്രക്ടര്‍മാരുടെ സേവനവും ഇവിടെ ലഭ്യമാണ്. റാഫ്റ്റിംഗിന് ഇടയില്‍ മനോഹരമായ ഗ്രാമങ്ങളും വനപ്രദേശങ്ങളും വിവിധതരം ജന്തുജാലങ്ങളെയും കാണാന്‍ കഴിയും.

പത്മജ നായിഡു ഹിമാലയന്‍ സുവോളജിക്കല്‍ പാര്‍ക്ക്

ഡാര്‍ജിലിംഗ് റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് പത്മജ നായിഡു ഹിമാലയന്‍ സുവോളജിക്കല്‍ പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച മൃഗശാല പാര്‍ക്കുകളിലൊന്നാണിത്. സമുദ്രനിരപ്പില്‍നിന്നും 7000 അടി ഉയരത്തില്‍ 67.56 ഏക്കര്‍ വിസ്തൃതിയിലാണ് ഈ പാര്‍ക്ക് ഉള്ളത്. റെഡ് പാണ്ട, ടിബറ്റന്‍ വുള്‍ഫ്, ഏഷ്യാറ്റിക് ബ്ലാക്ക് ബിയര്‍, ബാര്‍ക്കിംഗ് ഡിയര്‍, നീലമഞ്ഞ മക്കാവ്, ഈസ്‌റ്റേണ്‍ പാംഗോലിന്‍, ഫെസന്റ്, ഹിമാലയന്‍ മോണല്‍, ലേഡി ആംഹെര്‍സ്റ്റ്, റോയല്‍ ബംഗാള്‍ ടൈഗര്‍, സാംബാര്‍, മാന്‍, യാക്ക്, കിഴക്കന്‍ ഹിമാലയത്തിലെ വംശനാശഭീഷണി നേരിടുന്ന മറ്റ് മൃഗങ്ങള്‍ എന്നിവയെ എല്ലാം ഈ പാര്‍ക്കില്‍ പരിപാലിക്കുന്നു. പ്രതിവര്‍ഷം മൂന്നു ലക്ഷം ആളുകളാണ് ഇവിടെ സന്ദര്‍ശകരായി എത്തുന്നത്.

ഡാര്‍ജിലിംഗ് പീസ് പഗോഡ, ബുദ്ധക്ഷേത്രം

ഡാര്‍ജിലിംഗ് ഹിമാലയന്‍ റെയില്‍വേയില്‍ നിന്ന് 2.5 കിലോമീറ്റര്‍ അകലെ ജലപഹാര്‍ കുന്നിന് സമീപമാണ് ഡാര്‍ജിലിംഗ് പീസ് പഗോഡ ബുദ്ധ സ്തൂപം ഉള്ളത്. ജാപ്പനീസ് ബുദ്ധ നിപ്പോണ്‍സന്‍ മയോഹോജി സംഘടന ലോകമെമ്പാടും നിര്‍മിച്ച 70 ലധികം പഗോഡകളില്‍ ഒന്നാണിത്. ബുദ്ധന്റെ നാല് പ്രതിമകള്‍ ഇവിടെയുണ്ട്. പഗോഡയോട് ചേര്‍ന്ന് മനോഹരമായ ഒരു ബുദ്ധക്ഷേത്രവുമുണ്ട്. നിപ്പോണ്‍സന്‍ മയോഹോജി ബുദ്ധക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നു. ജാപ്പനീസ് പരമ്പരാഗത രീതിയില്‍ നിര്‍മിച്ച രണ്ട് നിലകളുള്ള വെളുത്ത കെട്ടിടമാണിത്.

ഡാര്‍ജിലിംഗ് രുചികള്‍

ലോക പ്രശസ്തമാണ് ഡാര്‍ജിലിംഗിലെ തേയിലത്തോട്ടങ്ങള്‍. ഇന്ത്യയിലെ ഏറ്റവും ഗുണമേന്‍മയുള്ള തേയില ലഭിക്കുന്നത് ഡാര്‍ജിലിംഗിലാണ്. അതുകൊണ്ടുതന്നെ ഡാര്‍ജിലിംഗില്‍ എത്തിയാല്‍ ഒരിക്കലും ചായ ഒഴിവാക്കരുത്. മോമോസ്, നൂഡില്‍സ് സൂപ്പായ തുക്പ, ഉരുളക്കിഴങ്ങുകൊണ്ടുള്ള ആലു ദും, പരമ്പരാഗതമായ നേപ്പാളി താലി മീല്‍സ് എന്നിവയെല്ലാം ഡാര്‍ജിലിംഗില്‍ എത്തുന്നവര്‍ക്ക് ആസ്വദിക്കാന്‍ പറ്റിയ വിഭവങ്ങളാണ്.

മനീഷ് മാത്യു