പ്രമേഹം: 10 സംശയങ്ങളും പരിഹാരമാര്‍ഗങ്ങളും
പ്രമേഹം: 10 സംശയങ്ങളും പരിഹാരമാര്‍ഗങ്ങളും
Wednesday, January 22, 2020 3:31 PM IST
പ്രമേഹത്തെക്കുറിച്ച് പലര്‍ക്കും നിരവധി സംശയങ്ങളാണുള്ളത്. പ്രധാനപ്പെട്ട പത്തു ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും ഇതാ...

1. പ്രമേഹരോഗികള്‍ ഇന്‍സുലിന്‍ ഉപയോഗിച്ചു തുടങ്ങിയാല്‍ നിര്‍ത്താന്‍ പറ്റാതെ വരുമോ?

ഇല്ല. ഏതു സാഹചര്യത്തിലാണ് ഇന്‍സുലിന്‍ തുടങ്ങിയത് എന്നത് വളരെ പ്രധാനമാണ്. ഉദാഹരണമായി ഗര്‍ഭാവസ്ഥയിലുള്ള പ്രമേഹത്തിനാണ് ഇന്‍സുലിന്‍ തുടങ്ങിയതെങ്കില്‍ പ്രസവശേഷം പ്രമേഹം നിയന്ത്രണത്തിലായാല്‍ ഇന്‍സുലിന്‍ നിര്‍ത്താവുന്നതാണ്. അതുപോലെതന്നെ ഏതെങ്കിലും ഗുരുതര രോഗങ്ങള്‍ (ഉദാ: ഹൃദയാഘാതം, ന്യുമോണിയ) ചികിത്സിക്കുമ്പോള്‍ ഹ്രസ്വകാലത്തേക്ക് അനിയന്ത്രിതമായ പ്രമേഹം നിയന്ത്രിക്കുവാനായി ഇന്‍സുലിന്‍ ഉപയോഗിക്കേണ്ടി വന്നേക്കാം. അതേസമയം തന്നെ ദീര്‍ഘകാലമായി ടൈപ്പ് 2 പ്രമേഹം ഉള്ള രോഗികളില്‍ ശരീരത്തില്‍ ഇന്‍സുലിന്‍ ഉല്പാദനം പൂര്‍ണ്ണമായി നിലയ്ക്കുകയും ഗുളികകള്‍ പ്രവര്‍ത്തിക്കാതെ വരികയും ചെയ്യുന്ന സാഹചര്യത്തില്‍ ആജീവനാന്തം ഇന്‍സുലിന്‍ ഉപയോഗിക്കേണ്ടിയും വരും. കുട്ടികളില്‍ ഉണ്ടാകുന്ന ടൈപ്പ്1 പ്രമേഹത്തിനും ആജീവനാന്ത ഇന്‍സുലിന്‍ ഉപയോഗിക്കണം.

2. പ്രമേഹരോഗികള്‍ക്ക് ഇന്‍സുലിനാണോ ഗുളികയാണോ നല്ലത്?

ഒറ്റവാക്കില്‍ പറയാന്‍ കഴിയില്ല. ടൈപ്പ്2 പ്രമേഹത്തില്‍ പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങള്‍ ഇന്‍സുലിന്‍ ഉല്പാദനം നിലയ്ക്കുന്നതിനു മുന്‍പുള്ള സമയം (10 മുതല്‍ 15 വര്‍ഷം) ഗുളികയില്‍ പ്രമേഹ നിയന്ത്രണം സാധ്യമാണ്. ആദ്യ ചോദ്യത്തില്‍ പറഞ്ഞ സാഹചര്യത്തിലാണ് രോഗിയെങ്കില്‍ ഇന്‍സുലിന്‍ തന്നെയാണ് ഉത്തമം. ഗുളികയാണോ ഇന്‍സുലിന്‍ ആണോ പ്രമേഹനിയന്ത്രണത്തിന് ഉത്തമം എന്നതില്‍ ഓരോ രോഗിയുടെയും പ്രായവും രോഗത്തിന്റെ പഴക്കവും അടക്കമുള്ള രോഗസാഹചര്യങ്ങള്‍ക്കനുസൃതമായാണ് തീരുമാനം എടുക്കുക. എന്തുതന്നെയായാലും പ്രമേഹം നിയന്ത്രണത്തില്‍ നിര്‍ത്തുക എന്നതിനാണ് ഊന്നല്‍.

3. പ്രമേഹരോഗത്തിന് ഒറ്റമൂലിയില്‍ വിശ്വസിക്കാമോ?

ആധുനിക വൈദ്യശാസ്ത്രം ഒറ്റമൂലിയില്‍ വിശ്വസിക്കുകയോ അത് നിര്‍ദ്ദേശിക്കുകയോ ചെയ്യുന്നില്ല. ഒറ്റമൂലി പ്രയോഗിക്കുന്നവര്‍ അത് സ്വന്തം റിസ്‌കില്‍ ചെയ്യുക.

4. പ്രമേഹരോഗികള്‍ കൂടുതല്‍ ഭക്ഷണം കഴിച്ചാല്‍ കൂടുതല്‍ ഇന്‍സുലിന്‍ കുത്തിവെച്ചാല്‍ മതിയോ? ഇന്‍സുലിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടോ?

ആഹാരനിയന്ത്രണത്തിലും വ്യായാമത്തിലും മാനസിക സംഘര്‍ഷ ലഘൂകരണത്തിലും ഊന്നിയുള്ള ജീവിതചര്യ ക്രമീകരണമാണ് പ്രമേഹനിയന്ത്രണത്തിലെ അടിസ്ഥാന ഘടകം. ഇതുകൊണ്ട് മാത്രം പ്രമേഹം നിയന്ത്രിക്കാന്‍ കഴിയാതെവരുമ്പോഴാണ് ഗുളികയോ ഇന്‍സുലിനോ വേണ്ടിവരുന്നത്. അതുകൊണ്ടുതന്നെ ഇങ്ങനെയൊരു ചിന്തയ്ക്ക് ഒരു പ്രസക്തിയും ഇല്ല. അവിചാരിതമായി ഒരു ദിവസം മധുരമോ അധിക ഭക്ഷണമോ കഴിക്കേണ്ടിവന്നാല്‍ ഇന്‍സുലിനോ ഗുളികയോ ഡോസ് കൂട്ടേണ്ടതില്ല. എന്നാല്‍ സ്ഥിരമായി ഷുഗര്‍ ലെവല്‍ കൂടി നില്‍ക്കുകയാണെങ്കില്‍ ഡോക്ടറെ സമീപിച്ച് ഡോസ് പരിഷ്‌ക്കരിക്കേണ്ടതാണ്.

5.പ്രമേഹ രോഗികളുടെ നഖ- പാദ സംരക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നു പറയുന്നത് എന്തുകൊണ്ടാണ്?

പ്രമേഹരോഗത്തിന്റെ സങ്കീര്‍ണതകളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് പാദസംബന്ധമായ പലതരം രോഗങ്ങള്‍, വിശേഷിച്ച് പാദ വ്രണങ്ങള്‍. അനിയന്ത്രിതമായ പ്രമേഹമുള്ള രോഗികളില്‍ തീരെ ചെറിയ മുറിവുകള്‍ പോലും ഗുരുതരമായ അണുബാധയ്ക്കും പാദവ്രണങ്ങള്‍ക്കും കാരണമാകാറുണ്ട്. പാദരോഗങ്ങള്‍ക്കുള്ള ചികിത്സ വളരെക്കാലം നീണ്ടുനില്‍ക്കുന്നതും ചെലവേറിയതുമാണ്. അതുകൊണ്ട് തന്നെ പാദരോഗങ്ങള്‍ക്ക് തടയിടാന്‍ ചിയായ നഖപാദ സംരക്ഷണം ആവശ്യമാണ്.

6. പ്രമേഹരോഗികളുടെ കാഴ്ചപ്രശ്‌നങ്ങള്‍ക്ക് എന്തു ചെയ്യണം?

അനിയന്ത്രിതവും വളരെക്കാലം നീണ്ടുനില്‍ക്കുന്നതുമായ പ്രമേഹമുള്ളവരില്‍ സാധാരണ കാണുന്ന ഒരു സങ്കീര്‍ണ്ണതയാണ് ഡയബറ്റിക് റെറ്റിനോപതി. കണ്ണിന്റെ റെറ്റിനയിലേക്കുള്ള രക്തക്കുഴലുകള്‍ പൊട്ടുന്നതും അവിടെ നീര്‍ക്കെട്ടുണ്ടായി പതിയെ കാഴ്ചമങ്ങുന്നതുമാണ് ഈ രോഗം. മറ്റു നേത്ര രോഗങ്ങളായ തിമിരവും ഗ്ലോക്കോമയും പ്രമേഹരോഗികളില്‍ കാണാറുണ്ട്. കൃത്യമായ ഇടവേളകളിലുള്ള നേത്ര പരിശോധന അനിവാര്യമാണ്. ഒപ്പം നല്ല രീതിയില്‍ പ്രമേഹ നിയന്ത്രണവും ഉറപ്പാക്കേണ്ടതുണ്ട്.




7. പ്രമേഹരോഗികള്‍ക്ക് മുറിവുണ്ടായാല്‍?

മുറിവുകളും പാദവ്രണങ്ങളും അകറ്റിനിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നേരത്തെ പറഞ്ഞല്ലോ. ഒരു പ്രമേഹരോഗി തനിക്കുണ്ടാകുന്ന ചെറിയ മുറിവുകള്‍പോലും പ്രാധാന്യത്തോടെ കാണുകയും തുടക്കത്തില്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ചികിത്സ സ്വീകരിച്ച് ഭേദമാക്കുകയും ചെയ്യേണ്ടതാണ്. മുറിവ് പൂര്‍ണ്ണമായും ഭേദമാകുന്നതുവരെ പാദങ്ങള്‍ക്ക് പരിപൂര്‍ണ്ണ വിശ്രമം നല്‍കുകയെന്നത് അത്യന്താപേക്ഷിതമാണ്.

8. പ്രമേഹരോഗികളുടെ അവയവങ്ങള്‍ മുറിച്ചുമാറ്റേണ്ട സാഹചര്യം വരുന്നതെപ്പോള്‍?

പ്രമേഹം മൂലമുണ്ടാകുന്ന എല്ലാ സങ്കീര്‍ണതകളുടെയും ഒരു പ്രധാന കാരണം രക്തക്കുഴലില്‍ ഉണ്ടാകുന്ന തടസമാണ്. ശ്രദ്ധിക്കേണ്ട ഒന്നാണ് ഞരമ്പുകളുടെ സ്പര്‍ശന ശേഷിക്കുറവ്. ഇതുരണ്ടും കൂടുതലായി കാണുന്നത് കാല്‍മുട്ടിനു താഴേക്കുള്ള ഭാഗങ്ങളിലാണ്. പുകവലി, മദ്യപാനം എന്നീ ദുശ്ശീലങ്ങള്‍ ഇവയുടെ തീവ്രത വര്‍ധിപ്പിക്കുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ പാദവ്രണങ്ങള്‍ ഉണ്ടാവുകയും കൃത്യമായ ചികിത്സ വൈകുകയും ചെയ്താല്‍ ഗുരുതരമായ അണുബാധ ഉണ്ടാവുകയും തുടര്‍ന്ന് പാദത്തിന്റെ ഭാഗങ്ങളില്‍ ഗാന്‍ഗ്രീന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അവസ്ഥ (രക്തയോട്ടം നിലച്ച് കറുത്ത നിറം പടരുന്ന അവസ്ഥ)ഉണ്ടാകുന്നു. ഈ അവസ്ഥയില്‍ കറുത്തുപോയ ഭാഗം മുറിച്ചുമാറ്റുക മാത്രമാണ് ചികിത്സ.

9. പ്രമേഹ രോഗികളുടെ ഹൃദയ സംരക്ഷണം എങ്ങനെ?

നീണ്ടകാലം അനിയന്ത്രിതമായി നില്‍ക്കുന്ന പ്രമേഹം ഉണ്ടെങ്കില്‍ ഹൃദയ ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടും. ക്രമേണ ധമനികള്‍ ബ്ലോക്കാകുകയും ഹൃദയാഘാതം ഉണ്ടാവുകയും ചെയ്യും. അതിനാല്‍ കൃത്യമായ പ്രമേഹ നിയന്ത്രണത്തോടൊപ്പം ചിട്ടയായ വ്യായാമവും ആഹാര നിയന്ത്രണവും പാലിച്ച് ഹൃദയസംബന്ധമായ സങ്കീര്‍ണതകള്‍ ഒഴിവാക്കണം.

10. പ്രമേഹരോഗികളുടെ കിഡ്‌നി, കരള്‍ സംരക്ഷണം എങ്ങനെ?

കിഡ്‌നി

ശരീരത്തിലെ ദ്രവ സംതുലിതാവസ്ഥ നിലനിര്‍ത്താനുള്ള പ്രധാന അവയവമാണ് കിഡ്‌നികള്‍. ഇവയുടെ അരിപ്പപോലുള്ള ഭാഗങ്ങളെയാണ് പ്രമേഹം ബാധിക്കുന്നത്. ഈ ഭാഗങ്ങളിലെ ദ്വാരങ്ങള്‍ വലുതാവുകയും പ്രോട്ടീന്‍ ചോര്‍ച്ചയുണ്ടാവുകയും ചെയ്യും. പിന്നീട് ഇത് കിഡ്‌നികളുടെ പ്രവര്‍ത്തനത്തെ താറുമാറാക്കുകയും ക്രമേണ കിഡ്‌നികളുടെ പ്രവര്‍ത്തനം നിലക്കുകയും ചെയ്യും.

കരള്‍

പ്രമേഹം മൂലം കരളിനെ ബാധിക്കുന്ന പ്രധാന രോഗമാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് (കരളില്‍ കൊഴുപ്പ് അടിയുന്ന അവസ്ഥ). മദ്യപാനം ഇല്ലാത്തവരില്‍പോലും ലിവര്‍ സിറോസിസ് ഉണ്ടാകാന്‍ ഇത് ഇടയാക്കും. ഈ രണ്ടു രോഗങ്ങളും തടയാനുള്ള മാര്‍ഗം കൃത്യമായ പ്രമേഹ നിയന്ത്രണവും ചിട്ടയായ ആഹാരവ്യായാമരീതികളും തന്നെ. കൃത്യമായ ഇടവേളകളില്‍ സെറം, ക്രിയാറ്റിനിന്‍ പോലുള്ള രക്തപരിശോധനകള്‍ നടത്തി സങ്കീര്‍ണതകള്‍ ഇല്ലായെന്ന് ഉറപ്പാക്കേണ്ടതാണ്.

ഡോ. ജി. വിജയകുമാര്‍
മാനേജിംഗ് ഡയറക്ടര്‍, മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ ആന്റ് ഡയബറ്റിക് കെയര്‍ സെന്റര്‍, കുളനട