പ്രതീകാത്മക ചിത്രം
ബ്രസൽസ്: യൂറോപ്പിൽ നിയമപരമായി തുടരാൻ അവകാശമില്ലാത്തവരെ പാർപ്പിക്കുന്നതിനായി റുവാണ്ടയിൽ ഓഫ്ഷോർ കേന്ദ്രം സ്ഥാപിക്കുമെന്ന് അഞ്ച് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ പ്രഖ്യാപിച്ചു.
ജർമനി, ഓസ്ട്രിയ, നെതർലാൻഡ്സ്, ഡെന്മാർക്ക്, ഗ്രീസ് എന്നീ രാജ്യങ്ങളാണ് ഈ പദ്ധതിക്കു പിന്നിൽ. യൂറോപ്പിൽനിന്നുള്ള നാടുകടത്തലിനെതിരേ നൽകിയ എല്ലാ അപ്പീലുകളും തള്ളപ്പെട്ടവരെ മൂന്നാം രാജ്യത്തേക്ക് അയക്കാൻ അനുവാദം നൽകുന്ന, യൂറോപ്യൻ യൂണിയന്റെ പുതിയ തിരിച്ചുവരവ് നിയമം പ്രയോജനപ്പെടുത്തുന്ന ആദ്യ രാജ്യങ്ങളാണിവ.
ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ, പദ്ധതി നടപ്പിലാക്കുന്നതിനായി പങ്കാളിരാജ്യമായ റുവാണ്ടയുമായി കൃത്യമായ ചർച്ചകൾ ഉടൻ ആരംഭിക്കുമെന്ന് ഈ അഞ്ചു രാജ്യങ്ങളും വ്യക്തമാക്കി.
നിയമവിരുദ്ധ കുടിയേറ്റം തടയുന്നതിനും മനുഷ്യക്കടത്തുകാരുടെ ശൃംഖല തകർക്കുന്നതിനും തങ്ങളുടെ ജനങ്ങളുടെ മേലുള്ള ഭാരം ലഘൂകരിക്കുന്നതിനും ഈ പദ്ധതി വലിയ സംഭാവനയാകുമെന്ന് അവർ അവകാശപ്പെട്ടു.
ഈ മാതൃക പരീക്ഷിക്കുന്നതിനായി അടുത്ത വർഷം ആദ്യം 100 പേരെ റുവാണ്ടയിലേക്ക് അയക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. അഭയാർഥികൾക്കും യൂറോപ്യൻ യൂണിയനിൽ ജീവിക്കാൻ നിയമപരമായ അവകാശമില്ലാത്തവർക്കുമാണ് പദ്ധതി ബാധകമാകുക.
നയതന്ത്രവൃത്തങ്ങളുടെ വിവരമനുസരിച്ച്, കുടിയേറ്റക്കാർ ഏതാനും മാസങ്ങൾ റുവാണ്ടയിലെ സ്വീകരണകേന്ദ്രത്തിൽ കഴിയുകയും തുടർന്ന് ആ രാജ്യത്തെ ജീവിതവുമായി ഇണങ്ങിച്ചേരുകയോ സ്വന്തം നാട്ടിലേക്കു മടങ്ങുകയോ ചെയ്യാം. പദ്ധതിക്കെതിരേ പ്രതിഷേധവും ഉയർന്നുകഴിഞ്ഞു.
Tags : European countries Return hubs Rwanda Germany Austria the Netherlands Denmark Greece Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash